Feature (Page 6)

ഇന്ന് ശ്രീരാമകൃഷ്ണ പരമഹംസൻ ചരമദിനം

കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു ജനനം. ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ (ഫെബ്രുവരി 18, 1836 – ഓഗസ്റ്റ് 16, 1886). വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു. കാളീ ദേവിയെ സ്വന്തം മാതാവായി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌. തൊണ്ടയിൽ കാൻസർ ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് 50 -ാം വയസ്സിൽ സമാധിയായി.

ഇന്ത്യൻ സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യത്തിന്‍റെ മഹത്തായ 74-ാം വാര്‍ഷികത്തിലേക്കു കടന്നു കഴിഞ്ഞു നമ്മുടെ ഇന്ത്യ. ആധിപത്യത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്ര്യം നേടിയെടുക്കുവാനായി പതിറ്റാണ്ടുകളാണ് രാജ്യം പോരാടിയത്. സ്വജീവന്‍ ബലിയര്‍പ്പിച്ചു തന്നെ ചില ധീരദേശാഭിമാനികള്‍ സമരത്തിന് ആക്കം കൂട്ടി. നീണ്ട കാലത്തെ യാതനകള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം നേടിയെടുത്ത സ്വാതന്ത്ര്യം നമ്മുടെ ജീവിതം തന്നെയാണ്. ചരിത്രം ചുരുക്കത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം വിവരിക്കുക എന്നത് തീര്‍ത്തും അസാധ്യമായ ഒന്നാണ്. എത്ര പറഞ്ഞാലും തീരാത്ത ആവേശം കൊള്ളിക്കുന്ന, ഒരുവേള കണ്ണീരിലാഴ്ത്തുന്ന കഥകളാണ് ഇവയത്രയും. 1757 ല്‍ പ്ലാസി യുദ്ധം വിജയിച്ചതു മുതലാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അതുവഴി ബ്രിട്ടീഷുകാരുടെയും ഭരണത്തിന് തുടക്കമാകുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്‍റെ കന്‍റോണ്‍മെന്‍റായ ബരാക്പൂരിലാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തുടക്കമിടുന്നത്. 1857 ല്‍ ആയിരുന്നു ഇത്. ബ്രിട്ടീഷുകാരുടെ നിയമങ്ങള്‍ക്കെതിരെ മംഗള്‍ പാണ്ഡെ എന്ന ശിപായി
പ്രതികരിച്ചതിനെ തുടര്‍ന്നായിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്. പിന്നീടിങ്ങോട്ട് സമരങ്ങള്‍ തന്നെയായിരുന്നു. ഝാന്‍സി റാണിയും താന്തിയാ തോപ്പിയും ഭഗത്സിംങും റാഷ് ബിഹാരി ബോസ്, ഖുദിറാം ബോസ്, സുഭാഷ് ചന്ദ്ര ബോസ്, മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങി ധീരന്മാരായ ദേശാഭിമാനികളുടെ രക്തത്തിന്റെ വിലയാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഝാന്‍സിയിലെ യുദ്ധവും ജാലിയന്‍ വാലാബാഗും ചൗരിചൗരാ സംഭവവും എല്ലാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടവയാണ്.
74-ാം സ്വാതന്ത്ര്യ ദിനം 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത്. ഇത് സ്വാതന്ത്ര്യത്തിന്‍റെ 74-ാം വാര്‍ഷികമാണ്. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയും രാജ്യത്തെ അഭിസംബോധന ചെയ്തും സൈനിക വിഭാഗങ്ങളുടെ പ്രകടനങ്ങളും ഒക്കെയായി ഓരോ വര്‍ഷവും ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിലാണ് സ്വാതന്ത്ര്യദിനം ചെങ്കോട്ടയില്‍ ആഘോഷിക്കുന്നത്. കൊവിഡും സ്വാതന്ത്ര്യ ദിനാഘോഷവും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ജനങ്ങളോട് വീടുകളില്‍ തന്നെയിരുന്ന് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പാടേ ഒഴിവാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ
അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ചെങ്കോ‌ട്ടയിലെ ആഘോഷം പ്രധാനമന്ത്രി ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തുന്നതോടെ ആരംഭിക്കുന്ന രാജ്യത്തെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷം പരിമിതമായാണ് ഇത്തവണ ആഘോഷിക്കുക. പതിനായിരത്തിലേറെ വരുന്ന അതിഥികളാണ് ഓരോ വര്‍ഷവും ചെങ്കോട്ടയിലെ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഇത്തവണ ഇത് 250 ആളുകളായി കുറച്ചി‌ട്ടുണ്ട്. ചടങ്ങിനെത്തുന്നവര്‍ മാസ്ക് ധരിക്കേണ്ടതും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധവുമാണ്. സാമൂഹിക അകലവും പാലിക്കണം. എല്ലാ പ്രവേശ കവാടങ്ങളിലും തെർമൽ സ്ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കീട്ടുണ്ട്. ചെങ്കോട്ടയിലും പരിസരങ്ങളിലും സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് വരുന്നുണ്ട്. കൊറോണ പോരാളികള്‍ക്ക് ആദരം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയില്‍ മുന്നില്‍ നിന്നു പോരാടുന്നവര്‍ക്ക് ഇത്തവണ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യം ആദരവ് അര്‍പ്പിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ തുടങ്ങിയവരുടെ പ്രതിനിധികളെയാണ് ആദരിക്കുക.

ഇന്ന് ലോക ഗൗളി/പല്ലി ദിനം(World Lizard Day)

ഓഗസ്റ്റ് 14 ലോക ഗൗളി/പല്ലി ദിനം. ദക്ഷിണ പൂർവേഷ്യയാണ് ഇവയുടെ സ്വദേശം. കപ്പലുകളിലൂടെ ലോകം മുഴുവൻ പടർന്നിട്ടുള്ള ഇവ അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ പകുതിയിലും ആസ്ട്രേലിയയിലും, മദ്ധ്യ, ദക്ഷിണ അമേരിക്കയിലെ മിക്ക രാജ്യങ്ങളും, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും മറ്റും കാണപ്പെടുന്നുണ്ട്. ഓന്ത്, അരണ തുടങ്ങിയവ ഇവയുടെ വിഭാഗത്തിൽ ഉൾപ്പെടുന്നു. അതിൽ ഏറ്റവും വലിപ്പമേറിയവയാണ് ഉടുമ്പുകൾ. ചുമരുകളിലെ വിള്ളലുകളിലും, ഇരുളടഞ്ഞ ഇടങ്ങളിലും പകൽസമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്ന ഇവയാണ് മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവർഗ്ഗം. ഇവ കൂടാതെ മരങ്ങളിലും പാറക്കെട്ടുകളിലും ജീവിക്കുന്നവയുമുണ്ട്. നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഈ ജീവികൾക്ക് കഴിയും. ഏഴര മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഇവയ്ക്ക് നീളമുണ്ടാകും. ഇവ നിരുപദ്രവകാരികളാണ്. ഇവയ്ക്ക് വിഷമില്ല.

പല്ലുകളുടെ നെറ്റി അകത്തേയ്ക്ക് കുഴിഞ്ഞതും ചെവിയുടെ ദ്വാരം ചെറുതും വട്ടത്തിലുള്ളതുമായിരിക്കും. വിരലുകൾ സാമാന്യം വിടർന്നതും സ്വതന്ത്രവുമാണ്. അകത്തെ വിരലിൽ അനക്കാനാവാത്ത ഒരു നഖമുണ്ട്. ശരീരത്തിന്റെ മുകൾഭാഗത്ത് ചെറിയ തരികൾ (granules) മാതിരി കാണപ്പെടും. മൂക്കിലാണ് ഏറ്റവും വലിയ തരികൾ കാണപ്പെടുന്നത്. ഉടലിന്റെ പിന്നിലായി ഈ തരികൾക്കൊപ്പം ട്യൂബർക്കിളുകളും (tubercles) കാണപ്പെടാറൂണ്ട്. ഇവ ചിലപ്പോൾ ഇല്ലാതെയുമിരിക്കാം. വാൽ ഉരുണ്ടതും വളരെച്ചെറിയ ശൽക്കങ്ങളാൽ മൂടപ്പെട്ടതുമാണ്. പല ഇനങ്ങളിലും വാൽ ഊർജ്ജം ശേഖരിച്ചുവയ്ക്കാനാണ് ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തിൽ തനിക്കുള്ള അധികാരം മറ്റു ഗൗളികൾക്കുമുന്നിൽ പ്രദർശിപ്പിക്കാനും ഇതുപയോഗിക്കുമത്രേ. ആൺ പല്ലികൾ വാലുയർത്തി വിറപ്പിച്ച് മറ്റുള്ള ആൺ ഗൗളികളെ അകറ്റും. അറ്റു പോയാലും വാൽ പഴയ നിലയിലേയ്ക്ക് വളർന്നെത്തും. നിറം ചാരനിറം മുതൽ പിങ്ക് വരെയാവാം. ശരീരമാസകലം ഒരേനിറമാവുകയോ പല നിറങ്ങൾ ഇടകലർന്നു കാണുകയോ ചെയ്യാം. തലയിൽ ബ്രൗൺ നിറം കലർന്നു കാണാറുണ്ട്. ഗൗളികളെ കൂട്ടിനുള്ളിൽ വളർത്താൻ സാധിക്കും. ചൂടു നൽകുന്ന ഒരു സ്രോതസ്സും മറഞ്ഞിരിക്കാൻ സാധിക്കുന്ന ഒരു ഭാഗവുമുണ്ടെങ്കിൽ പല്ലികൾക്ക് ശരീരതാപനില സംരക്ഷിക്കാൻ സാധിക്കും. വായുവിൽ ജലാംശം നൽകുന്ന സംവിധാനങ്ങളും ചെടികളും മറ്റും വെള്ളം ഗൗളികൾക്ക് ലഭിക്കാനായി നൽകാവുന്നതാണ്. പല്ലിയുമായി ബന്ധപ്പെടുത്തിയുള്ള ഭാവി ഫലപ്രവചനം കേരളത്തിൽ ഗൗളിശാസ്ത്രം എന്നറിയപ്പെടുന്നു. പല്ലിയുടെ ചിലയ്ക്കലും വീഴ്ച്ചയും മറ്റും അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യവ്യാപാരങ്ങളുടെ പരിസമാപ്തിയെപ്പറ്റി ശുഭസൂചനയോ ദുസ്സൂചനയോ നൽകുന്നു എന്ന വിശ്വാസമാണ് ഇതിനാധാരം. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പല്ലികൾ വിഷമുള്ള ജീവികളാണെന്ന അന്ധവിശ്വാസം നിലവിലുണ്ട്. ദക്ഷിണപൂർവ്വേഷ്യയിൽ, പല്ലികൾ ഭാഗ്യം കൊണ്ടുവരുന്നവരായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്ന ശബ്ദം കേൾക്കുന്നത് നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസമുണ്ട്. മറ്റു ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്നതിന് മുൻപ് സംസാരിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യം സത്യമാണ് എന്ന സൂചനയായാണ് ചിലയ്ക്കലിനെ കണക്കാക്കുന്നത്. ഒരു കാര്യത്തിനായി പുറപ്പെടുമ്പോൾ വീട്ടിന്റെ കിഴക്കേ ഭിത്തിയിലിരുന്ന് പല്ലി ചിലച്ചാൽ അത് ശുഭസൂചനയായും മറ്റു ഭിത്തികളിൽ നിന്ന് ചിലച്ചാൽ അശുഭസൂചനയായും കണക്കാക്കപ്പെടുന്നുണ്ട്. വലതു തോളിൽ പല്ലി വീണാൽ നല്ലതാണെന്നും ഇടതു തോളിലാണെങ്കിൽ ചീത്തയാണെന്നും വിശ്വാസമുണ്ട്. പഞ്ചാബിൽ ഗൗളിയെ സ്പർശിക്കുന്നത് കുഷ്ടരോഗം വരാൻ കാരണമാകും എന്ന് വിശ്വാസമുണ്ട്. യമനിലും മറ്റ് അറബ് രാജ്യങ്ങളിലും ഉറങ്ങിക്കിടക്കുന്നയാളുടെ മുഖത്തിനു കുറുകേ പല്ലി ഓടുന്നതുകൊണ്ടാണ് ത്വക്ക് രോഗങ്ങളുണ്ടാകുന്നത് എന്നൊരു വിശ്വാസമുണ്ട്.

ഇന്ന് അവയവദാന ദിനം

ആഗസ്റ്റ് 13 ലോക അവയവദാന ദിനം. അവയവ ദാനത്തിന്റെ മഹത്വവുമായി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തി വീണ്ടുമൊരു അവയവദാനദിനം കൂടി. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണെന്നാണ് കണക്ക്. മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് 8 പേരുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നത്. ഇവിടെയാണ് ലോക അവയവ ദാന ദിനത്തിന്‍റെ പ്രസക്തി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈയെടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ദിനം കൊണ്ടുദ്ദേശിക്കുന്ന പോലെ വലിയ ഒരു മാറ്റം കൊണ്ടുവരാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു അതിനുള്ള ഓര്‍മ്മപ്പെടുത്തലായാണ് ലോകം ഇന്ന് അവയവദാന ദിനമായി ആചരിക്കുന്നത്. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്‍ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവയെല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് അടുത്ത ബന്ധുക്കള്‍ തമ്മില്‍ മാത്രമാണ്. ഈ വേലികെട്ടിനപ്പുറത്തേക്ക് അവയവ ദാനം എന്ന മഹാദാനം എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധ സംഘടനകളും. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേർത്തു വച്ചു മാത്രമേ അവയവമാറ്റിവയ്ക്കൽ സാധ്യകാവുകയുള്ളൂ. അവയവമാറ്റിവയ്ക്കൽ സാധ്യമാവണമെങ്കിൽ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യൻ ഈ രീതിയിൽ പ്രകടിപ്പിച്ചാൽ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ. കേരളത്തിൽ അവയവദാനം ഇന്ന് സാധാരണമായി കഴിഞ്ഞു. അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ അതിനോടുള്ള ആളുകളുടെ മനോഭാവത്തിലും വലിയ മാറ്റമാണ് പ്രകടമാവുന്നത്. എന്നാൽ നിയമപരമായ അവയവദാനത്തെ കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ലെന്നതാണ് വാസ്തവം. അവയവ ദാനത്തിൽ ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം, സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കിൽ കണ്ണിന്റെ നേത്രപടലങ്ങൾ മാത്രമേ ദാനം ചെയ്യാനാകൂ. മസ്തിഷ്ക മരണം സംഭവിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് മറ്റ് അവയവങ്ങൾ ദാനം ചെയ്യാനാകുക. അത്തരം സാഹചര്യത്തിൽ ഹൃദയവും കരളും വൃക്കകളും പാൻക്രിയാസും ശ്വാസകോശവും ഉൾപ്പെടെയുള്ള വിലപ്പെട്ട അവയവങ്ങളെല്ലാം ദാനം ചെയ്യാം. അവയവദാന സമ്മതപത്രം സ്വബോധത്തോടെ ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ട ഒന്നാണ്. അതിനായി ഒരു സമ്മതപത്രം തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. ആ സമ്മതം നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും വേണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് മസ്തിഷ്ക മരണം സംഭവിക്കുന്ന പക്ഷം അവയവം ദാനം ചെയ്യാൻ നിങ്ങൾ തയ്യാറാണെന്ന വിവരം അവർക്ക് അറിയാൻ സാധിക്കൂ. ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ മരണാനന്തരം ദാനം ചെയ്യാൻ സാധിക്കുകയുള്ളൂ. അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുതാര്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ചിട്ടുള്ളതാണ് മൃതസഞ്ജീവനി പദ്ധതി. നിങ്ങൾ അവയവദാതാവാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ knos.org.inഎന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് അക്കാര്യം ഉറപ്പാക്കാം. അതിൽ Donor Card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്യാനുള്ള ഫോം പ്രത്യക്ഷപ്പെടും. പേര്, ജനനത്തിയതി, വയസ്സ്, രക്തഗ്രൂപ്പ് എന്നിവയ്ക്കൊപ്പം ഏതെല്ലാം അവയവങ്ങളാണ് മരണാനന്തരം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന വിവരവും കൃത്യമായി പൂരിപ്പിക്കുക. അതിനുശേഷം നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. അതിനു താഴെയായി അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട അടുത്ത ബന്ധുവിന്റെ ഫോൺ നമ്പറും അഡ്രസും രേഖപ്പെടുത്തണം. ആവശ്യമായ വിവരങ്ങൾ എല്ലാം നൽകിയ ശേഷം Confirm എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങൾക്ക് അനുസരിച്ച് ഫോട്ടോ പതിച്ച ഒരു കാർഡ് ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് പ്ലാസ്റ്റിക് കാർഡാക്കി ലാമിനേറ്റ് ചെയ്തോ അല്ലാതെയോ നിങ്ങൾക്ക് സൂക്ഷിക്കാം. നിങ്ങൾ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധനാണെന്നുള്ളതിന്റെ സാക്ഷ്യപത്രമായിരിക്കും ഈ കാർഡ്. ഇക്കാര്യം അടുത്ത ബന്ധക്കളോടും നിങ്ങൾ പങ്കുവച്ചിരിക്കണം. അവയവങ്ങൾ ആവശ്യമുള്ളവർ ഈ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കണം. യോജിക്കുന്ന അവയവം ലഭ്യമാകുമ്പോൾ സീനിയോറിട്ടി പ്രകാരം അത് ആവശ്യക്കാർക്ക് ലഭ്യമാക്കും.കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് (കെനോസ്) എന്ന വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളുമുണ്ട്. കേന്ദ്രസർക്കാറിന്റെ ഉദ്യമത്തിൽ പങ്കാളിയാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ NOTTOഎന്ന വെബ്സൈറ്റിലെ സേവനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. അതുകൊണ്ട് ഇനിയും മടിച്ചുനിൽക്കാതെ സർക്കാർ സംവിധാനത്തിലൂടെ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാനുള്ള ഉദ്യമത്തിൽ പങ്കാളികളാകുക. മരണത്തിലൂടെ ജീർണിച്ചുപോയേക്കാവുന്ന നിങ്ങളുടെ അവയവങ്ങൾ പലരിലൂടെ വീണ്ടും ജീവിക്കുന്നുവെങ്കിൽ അതിൽപരം പുണ്യം മറ്റെന്തുണ്ട്?

ഇന്ന് ലോക ഗജ ദിനം

ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.ആനകളെ സംരക്ഷിക്കാനും മികച്ച സുരക്ഷ ഉറപ്പാക്കാനും അവര്‍ക്കായും ഒരു ദിവസം. ആനപ്രേമികളായ മലയാളികള്‍ മറക്കാന്‍ സാധ്യതയില്ലാത്ത ഒരു ദിവസമാണ് ഇന്ന്, തലയെടുപ്പോടെ ഉയര്‍ന്നും സ്‌നേഹത്തോടെ പതുങ്ങിയും ഒപ്പം ക്രൗര്യത്തോടെ ഇടഞ്ഞും തന്‍റെ വിവിധ ഭാവങ്ങളില്‍ മനുഷ്യര്‍ക്കൊപ്പമുണ്ട് ആനകള്‍.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മലയാളിയുടെ ഗൃഹാതുരതയുടെ പ്രൗഢമായ കാഴ്ചയാണ്. എത്രകണ്ടാലും മതിവരാത്ത ആനച്ചന്തത്തിന്‍റെ കാഴ്ച.

അഞ്ചു മൈല്‍ അകലെനിന്നുപോലും ആനകള്‍ക്ക് തങ്ങളുടെ ചിന്നംവിളി വഴി പരസ്പരം ആശയവിനിമയം നടത്താനാകും. കാലിനടിയിലുള്ള സെന്‍സേഴ്സ് വഴി മറ്റ് ആനകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ കിലോമീറ്ററുകള്‍. .അകലെനിന്നുപോലും പിടിച്ചെടുക്കാനും പരസ്പരം ആശയവിനിമയം നടത്തുവാനും കഴിയും . സൂര്യതാപത്തില്‍നിന്നും രക്ഷനേടാന്‍ ആനകള്‍ ശരീരംമുഴുവന്‍ മണ്ണും ചെളിയും വാരിപ്പൂശാറുണ്ട്. പ്രതിദിനം ശരാശരി 100ഓളം ആനകളെ കൊമ്പിനുവേണ്ടി കൊന്നൊടുക്കുന്നു. പൂച്ചകളെപ്പോലെ ആനകളും മുരളാറുണ്ട്. ജന്തുക്കളില്‍ ഏറ്റവുമധികം ഘ്രാണശക്തിയുള്ളവയാണ് ആനകള്‍. ആനകളുടെ ശരാശരി ആയുസ്സ് 50-70 വര്‍ഷമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായമേറിയ ആനയെന്ന റെക്കോഡ് തായ്വാനീസ് മൃഗശാലയില്‍ ജീവിച്ചിരുന്ന ലിന്‍ വാങ് എന്ന ആനയ്ക്കാണ്. 86 വയസ്സുവരെ ഈ ആന ജീവിച്ചിരുന്നു. വളരെയധികം വികസിച്ച മസ്തിഷ്ക്കമാണ് ആനകളുടേത്. മനുഷ്യന്‍റെ തലച്ചോറിനെക്കാള്‍ 3-4 ഇരട്ടി വലുപ്പമുണ്ട് ആനകളുടേതിന്. ആനയുടെ ചര്‍മ്മത്തിന് ഒരു ഇഞ്ച് ഘനമുണ്ട്. ആനയ്ക്കും വികാരങ്ങളുണ്ട്. അവ കരയും ചിരിക്കും കളിച്ച്‌ രസിക്കും. ദിവസം നാലു മണിക്കൂറോളം ഉറങ്ങുന്ന ആന ചിലപ്പോള്‍ കൂര്‍ക്കം വലിക്കുകയുംചെയ്യും. 50 വയസ്സുവരെ ആനകള്‍ പ്രസവിക്കും, 22 മാസമാണ് ഗര്‍ഭകാലം. ആനകള്‍ക്ക് വളരെയധികം ഭയമുള്ള ജീവികളാണ് തേനീച്ചകള്‍.

കാട്ടുജീവിയായ ആനയെ നാട്ടുകാരാക്കിയ മനുഷ്യന്‍, കാടിന്‍റെ സമ്പത്തിനെ മനുഷ്യ സമ്പത്താക്കി പ്രൗഡികാട്ടാനാണ് പലപ്പോഴും ശ്രമിക്കുന്നത്. പലപ്പോഴും ഇത് വന്‍ ദുരന്തത്തില്‍ കലാശിക്കാറുമുണ്ട്. ആനക്കൊമ്പ് വേട്ടയും ആവാസ വ്യവസ്ഥയുടെ നാശത്തിനും പുറമെ പീഡനങ്ങള്‍ മൂലവും വംശനാശ ഭീഷണി നേരിടുകയാണ് ഭൂമുഖത്തെ ആനകള്‍. കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന്‍ നഷ്ടമാക്കുന്നത് വന്യ ജീവിയെന്ന പരിഗണ പോലും നല്‍കാതെയുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്. വര്‍ഷാവര്‍ഷം ലോകത്തെ ആനകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത്.ആഫ്രിക്കന്‍, ഏഷ്യന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തില്‍ അപകടകരമായ കുറവാണ് ഓരോ വര്‍ഷവും കാണിക്കുന്നത്. വലിപ്പത്തില്‍ ഭീമനാണെങ്കിലും പ്രാചീന കാലംമുതല്‍ മനുഷ്യന്‍റെ വരുതിക്ക് വഴങ്ങി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ജീവി വര്‍ഗ്ഗമാണ് ആനകള്‍. കാട്ടില്‍ വാരിക്കുഴികളും കെണികളുമൊരുക്കി നാട്ടിലെത്തിച്ച്‌ മെരുക്കിയെടുക്കുന്ന ആനകളെ, ജീവിതാവസാനം വരെ കൂച്ചുവിലങ്ങുകളാല്‍ ബന്ധിക്കുന്നിടത്ത് തീരുന്നതല്ല ഉപദ്രവങ്ങള്‍. ഭാരം വലിക്കാനും വിശ്രമമില്ലാതെ ഉത്സവ പറമ്പുകളിലെ പൊരിവെയിലില്‍ കാഴ്ച്ചവസ്തുവാകാനും മടികാണിച്ചാല്‍ മര്‍ദ്ദനമുള്‍പ്പെടെ ഏറ്റുവാങ്ങേണ്ടിവരും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അഞ്ഞൂറ്റിയന്‍പത് നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്. മനുഷ്യരുടെ സാമ്രാജ്യത്തില്‍ കടക്കാതെ വനത്തിനുള്ളില്‍ കഴിയുന്ന ആനകള്‍ക്കും പീഡനങ്ങളില്‍ നിന്ന് രക്ഷയില്ലാത്ത കാലമാണ്. വേട്ടയും വനവിരുദ്ധ പ്രവര്‍ത്തനങ്ങളും മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ ഇരുനൂറോളം കാട്ടാനകളാണ് ചരിഞ്ഞത്. ഇതില്‍ എന്‍പത്തിരണ്ട് എണ്ണം ഇലക്‌ട്രിക് ഷോക്കേറ്റും, പന്ത്രണ്ട് ആനകള്‍ നായാട്ടുകാരുടെ ഇരയായും അറുപതെണ്ണം സ്‌ഫോടക വസ്തുക്കള്‍ കഴിച്ചുമാണ് ചരിഞ്ഞത്. നമ്മുടെ നാട്ടില്‍ തന്നെ ട്രെയിന്‍ തട്ടി മരണമടയുന്ന കാട്ടാനകളുടെ വാര്‍ത്ത ഒരു തുടര്‍ക്കഥയാണ്. കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും അനവധി കാട്ടാനകളാണ് ചരിയുന്നത്. നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആനക്കമ്പത്തിനു പുറകിലെ പൊള്ളിക്കുന്ന മുറിവുകള്‍ ഇപ്പോള്‍ നമ്മള്‍ കാണാറുണ്ട്. നാട്ടാനകളെ പീഡിപ്പിക്കുന്ന നിരവധി തെളിവുകള്‍ മലയാളിയുടെ ആനക്കമ്പത്തിന്‍റെ ഉള്ളുതുറന്നു കാട്ടുന്നവയാണ്. ആനകള്‍ നാട്ടിലിറങ്ങിയാല്‍ ജനങ്ങള്‍ ഉപദ്രവിക്കാതെ അവയെ വനത്തില്‍ തിരികെ അയക്കാനുള്ള സംവിധാനങ്ങള്‍ നമുക്കില്ല. ആനപ്രേമികളെന്ന് മേനി നടിക്കുന്ന മലയാളികള്‍, അവയും ഭൂമിയിലെ ജീവിവര്‍ഗ്ഗമാണെന്ന തിരിച്ചറിവു നേടുന്നിടത്ത് മാത്രമെ പീഡനങ്ങള്‍ക്ക് അവസാനമാകൂ..

pention

അഞ്ച് ക്ഷേമപെന്‍ഷനുകളാണ് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ വകുപ്പ് വഴി നല്‍കുന്നത്. വാര്‍ധക്യകാല പെന്‍ഷന്‍, വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള പെന്‍ഷന്‍,വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിങ്ങനെയാണ് അത്.
വാര്‍ധക്യ പെന്‍ഷന്‍ വഴി അര്‍ഹരായവര്‍ക്ക് പ്രതിമാസം 1,200 രൂപയാണ് പെന്‍ഷനായി ലഭിക്കുക. വാര്‍ഷവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്, അറുപത് വയസ് പൂര്‍ത്തിയാകണം, സംസ്ഥാനത്ത് മൂന്ന് വര്‍ഷം സ്ഥിരമായി താമസിക്കുന്നവരാകണം ഇത്രയുമാണ് വ്യവസ്ഥകള്‍. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, പ്രായം തെളിയിക്കുന്ന രേഖ, സ്ഥിരതാമസം, തിരിച്ചറിയല്‍, വരുമാനം എന്നിവ തെളിയിക്കുന്നതിനായുള്ള രേഖകളും നല്‍കണം. അപേക്ഷ നല്‍കുന്ന തീയതി മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. ആണ്‍മക്കളുടെ സംരക്ഷണം ഇല്ലെങ്കിലും പെന്‍ഷന്‍ അനുവദിക്കും.
വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള പെന്‍ഷന്‍ 1200 രൂപയാണ്. അപേക്ഷയുടെ രണ്ട് പകര്‍പ്പും, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്, വിവാഹമോചിതയാണെങ്കില്‍ അതിന്റെ രേഖ, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ രേഖ തുടങ്ങിയവയുമായാണ് അപേക്ഷിക്കേണ്ടത്.ഭര്‍ത്താവിനെ കാണാതായി ഏഴ് വര്‍ഷം കഴിഞ്ഞവര്‍ക്കും , 20 വയസില്‍ കൂടുതലുള്ള ആണ്‍മക്കള്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കും.
വികലാംഗ പെന്‍ഷനും 1200 രൂപയാണ് ലഭിക്കുന്നത്. അംഗവൈകല്യം സംഭവിച്ചവര്‍, ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. അസ്ഥിവൈകല്യം നാല്‍പത് ശതമാനവും, അന്ധരായവര്‍ക്ക് ലെന്‍സ് ഉപയോഗിച്ചാലും കാഴ്ചശക്തി 6/60 അഥവാ 20/200 സ്‌നെല്ലനില്‍ അധികമാകരുത്. ബധിരര്‍ക്ക് കേള്‍വിശേഷി 90 ഡെസിബെലില്‍ കുറഞ്ഞവര്‍ക്കാണ് അര്‍ഹത. ഐക്യു ലെവല്‍ അന്‍പതില്‍ താഴെയുള്ള മാനസിക വൈകല്യമുള്ളവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പകര്‍പ്പുകള്‍, സ്ഥിരതാമസം തെളിയിക്കുന്ന രേഖ, അംഗപരിമിതി തെളിയിക്കുന്ന രേഖ, വരുമാനം തെളിയിക്കാന്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുസരിച്ച് പ്രതിമാസം 1200 രൂപ ലഭിക്കും. അറുപത് വയസ് പൂര്‍ത്തിയായതും, ക്ഷേമനിധിയില്‍ അംഗത്വവുമുള്ള കര്‍ഷകന് പെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കും. പത്ത് വര്‍ഷം കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം കര്‍ഷകത്തൊഴിലാളി േക്ഷമനിധി ബോര്‍ഡില്‍നിന്നുള്ള വിടുതല്‍ സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്ന രേഖ, ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമെന്നു തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്. അന്വേഷണ റിപ്പോര്‍ട്ടില്‍ അപേക്ഷകരുടെ പേര്, വയസ്സ്, കുടുംബവരുമാനം, കുട്ടികളുടെ വിവരങ്ങള്‍, ഭാര്യ/ഭര്‍ത്താവിന്റെ വിവരങ്ങള്‍, ഭൂവുടമയുടെ േപര് എന്നിവ ഉണ്ടായിരിക്കണം.
അവിവാഹിതകള്‍ക്കുള്ള പെന്‍ഷനും പ്രതിമാസം 1200 രൂപയാണ് ലഭിക്കുന്നത്. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാനത്ത് സ്ഥിരതാമസക്കാരിയായ അന്‍പത് വയസ് പൂര്‍ത്തിയായവര്‍ക്ക് പെന്‍ഷന് അപേക്ഷിക്കാം. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖയും വരുമാനവും പ്രായവും, അവിവാഹിതയാണെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അവിവാഹിതരായ അമ്മമാര്‍ക്കും ഈ പെന്‍ഷന്‍ ലഭിക്കും.

ലോക സിംഹ ദിനം

ഓഗസ്റ്റ് 10 ലോക സിംഹ ദിനമായി ആചരിക്കുന്നു. ചെറിയ കുട്ടികൾക്ക് വരെ പരിചിതനാണ് സിംഹം . ചിത്രകഥകളിലും മറ്റും കാട് ഇതിവൃത്തമാകുന്ന എല്ലാ കഥകളിലും കാട്ടിലെ രാജാവ് സിംഹമാണ് എന്നതാണ് അതിന് കാരണം . ‘പാന്തറ ലിയോ’ ആണ് ശാസ്ത്രീയ നാമം . ആൺ സിംഹങ്ങക്ക് നാലടിയിലധികം ഉയരവും 275 കിലോ വരെ ഭാരവും ഉണ്ടാകും . കടുവ കഴിഞ്ഞാൽ ഏറ്റവും വലിയ മാർജാരനാണ് സിംഹം . സിംഹത്തിന് 8 ഉപവിഭാഗങ്ങളുണ്ട് . ആൺ സിംഹങ്ങൾക്ക് ഇടതൂർന്ന നീളമുളള ഭംഗിയുളള സടയുണ്ടാകും പെൺ സിംഹത്തിന് സടയുണ്ടാകില്ല . വാലിന്റെ അറ്റത്ത് കുറച്ച് ഭാഗം രോമങ്ങളുണ്ടാകും . ആരേയും കൂസാത്ത ഭാവവും , തീഷ്ണതയുളള കണ്ണുകളും , തലയുയർത്തിയുളള നിൽപ്പും ഒരു പ്രത്യേക ഭംഗി തന്നെ നൽകുന്നു സിംഹത്തിന് . രാജാവാകാൻ എന്ത്കൊണ്ടും യോഗ്യനാണ് സിംഹം . കൂട്ടമായാണ് സഞ്ചാരം . അനേകം പെൺ സിംഹങ്ങളും കുഞ്ഞുങ്ങളും പ്രായപൂർത്തിയാകാത്ത ആൺ സിംഹങ്ങളും അടങ്ങിയതാണ് ‘പ്രൈഡ് ‘ എന്ന് വിളിക്കപ്പെടുന്ന സിംഹകൂട്ടം. സംഘത്തിനെ ഒരു ലക്ഷണമൊത്ത ആൺ സിംഹമാണ് നയിക്കുക . മറ്റു ശത്രുക്കളിൽ നിന്ന് സിംഹികളേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്ന കടമ ആൺ സിംഹത്തിനാണ് . ചിലപ്പോൾ അപൂർവ്വമായി ഒന്നിലധികം ആൺ സിംഹങ്ങൾ നയിക്കുന്ന പ്രൈഡുകളും കാണാറുണ്ട് . ഇര തേടുന്നത് അധികവും പെൺസിംഹങ്ങളാണ് സീബ്ര , കാട്ടുപോത്ത് , മാൻ , പന്നി എന്നിവയാണ് മുഖ്യാഹാരം . എന്നാൽ ആഹാര ലഭ്യത കുറവുളള സന്ദർഭത്തിൽ ജിറാഫ് , ആന , കാണ്ടാമൃഗം തുടങ്ങിയ വമ്പൻമാരെയും ഇരയാക്കാറുണ്ട്. ഏതൊരു ജീവിയെപ്പോലെയും തന്റെ ആവാസ വ്യവസ്ഥ സിംഹത്തിനും പ്രധാനമാണ് . തങ്ങളുടെ സാമ്രാജ്യം സംരക്ഷിക്കുന്നതിൽ സദാ ജാഗരൂകരാണ് ആൺ സിംഹം. മൂത്രമൊഴിച്ചാണ് അതിർത്തികൾ നിശ്ചയിക്കുന്നത് . ശത്രു ആ വരകടന്നാൽ പിന്നെ ഘോര യുദ്ധമാണ് ഉണ്ടാകുക . സാധാരണ പ്രൈഡുകളായാണ് സഞ്ചാരമെങ്കിലും ചില സന്ദർഭങ്ങളിൽ 2 ആൺ സിംഹങ്ങളോ അല്ലെങ്കിൽ രണ്ടിൽ കൂടുതൽ ആൺ സിംഹങ്ങളോ ഒന്നിച്ച് സഞ്ചരിക്കാറുണ്ട് . ആ സമയത്ത് ഏറ്റവും വലിയ പോക്കിരികൾ ഇവയായിരിക്കും . സിംഹത്തിന്റെ ഏറ്റവും മുഖ്യശത്രു ഹയിന(കഴുതപ്പുലി ) യാണ് . അതിന്റെ കാരണം സിംഹങ്ങൾ വേട്ടയാടിപ്പിടിച്ച ഇരയെ കൂട്ടമായിയെത്തുന്ന ഹയിന തട്ടിയെടുക്കും .. എന്നാൽ ആൺ സിംഹത്തെ ഭയമാണ് എത്ര വലിയ ഹയിനക്കൂട്ടത്തിനും . ശക്തിയേറിയ താടിയെല്ലും മൂർച്ചയേറിയ പല്ലുകളും നഖങ്ങളും ഉപയോഗിച്ചാണ് വേട്ടയാടൽ . കുറച്ച് സമയത്തേക്ക് മാത്രമേ സ്പീഡിൽ ഓടാൻ കഴിയൂ എന്നതിനാൽ ഇരയുടെ അടുത്തേക്ക് പതിയെ പതുങ്ങിച്ചെന്ന് അടുത്തെത്തിയാൽ കുതിക്കുകയും ചെയ്യുന്നതാണ് സിംഹത്തിന്റെ ശൈലി . ഇരയുടെ കഴുത്തിന് കടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് സിംഹം ചെയ്യാറ് . 18 വർഷം വരെയാണ് ആയുസ്സ് . കിട്ടിയ ഭക്ഷണത്തിന്റെ കാൽ ഭാഗവും ആൺ സിംഹത്തിന് അവകാശപ്പെട്ടതാണ് . പെൺസിംഹങ്ങൾക്ക് അതിൽ ഒരു പരാതിയും ഉണ്ടാകില്ല കാരണം തങ്ങളുടെ സംരക്ഷണം ആൺ സിംഹത്തിൽ ഭദ്രമാകുമെന്ന് അവർക്കറിയാം …. വലിയ ജീവിയായ ജിറാഫിനേയും , ആനയേയും , ഹിപ്പോയേയും , കാണ്ടാമൃഗത്തേയും അനായാസം കീഴ്പ്പെടുത്തുന്ന സിംഹം തന്നെയാണ് കാട്ടിലെ രാജാവ് . വേട്ടയാടലും ആവാസവ്യവസ്ഥയിലെ വ്യതിചലനവും മൂലം ഭൂലോകത്തിൽ നിന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്നതിനാൽ സംരക്ഷണ വിഭാഗത്തിലാണ് സിംഹം ഇപ്പോഴുളളത് .. ഇന്ത്യയിൽ ഗുജറാത്തിൽ ഗിർവനങ്ങളിലാണ് കൂടുതലായി സിംഹങ്ങളുളളത്.

ഗാന്ധിജി ബ്രിട്ടനോട് ഇന്ത്യ വിടാൻ ആഹ്വാനം

ഇന്ന് ഓഗസ്റ്റ് 09 ക്വിറ്റ് ഇന്ത്യ ദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ബഹുജന പ്രക്ഷോഭമാണ് ക്വിറ്റിന്ത്യാ സമരം. ഓഗസ്റ്റ് വിപ്ലവം എന്നും ഇതിനു പേരുണ്ട്. 1942 മാര്‍ച്ച് ആദ്യം ഗാന്ധിജി ‘ഹരിജന്‍’ വാരികയിലെഴുതിയ ലേഖനത്തില്‍ ബ്രിട്ടനോട് ഇന്ത്യ വിടാൻ ആഹ്വാനം ചെയ്തതോടെ ക്വിറ്റിന്ത്യാ സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി എന്ന് പറയാം. 1942 ഓഗസ്റ്റ് 7, 8 തീയതികളില്‍ ബോംബെയിലെ മലബാര്‍ ഹില്ലില്‍ ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു. മൗലാനാ ആസാദിന്റെ അധ്യക്ഷതയില്‍ നടന്ന ഈ യോഗത്തില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാനാവശ്യപ്പെടുന്ന ‘ക്വിറ്റ് ഇന്ത്യാ’ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിക്കുകയും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പിന്താങ്ങുകയും ചെയ്തു. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്ന അര്‍ഥത്തില്‍ ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യവുമായി സമരത്തിനു ഗാന്ധിജി ആഹ്വാനം നല്‍കി. സമര പ്രഖ്യാപനം വന്ന ഓഗസ്റ്റ് 8 അര്‍ധരാത്രിയ്ക്ക് മുമ്പ് തന്നെ ഗാന്ധിജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയെല്ലാം ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റുചെയ്തു തുറുങ്കിലടച്ചു. 1942 ഓഗസ്റ്റ് 9 മുതല്‍ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി. ജനങ്ങള്‍ സമരം ഏറ്റെടുത്തു.”പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക (ഡു ഓര്‍ ഡൈ) എന്ന ഗാന്ധിജിയുടെ ആഹ്വാനം ജനകോടികളെ ആവേശം കൊള്ളിച്ചു. പൊലീസും പട്ടാളവും രാജ്യത്താകെ ഭീകരമര്‍ദ്ദനം അഴിച്ചുവിട്ടു. വെടിവയ്പും കണ്ണീര്‍വാതക പ്രയോഗവും മിക്കയിടത്തും നടത്തി. വിമാനത്തില്‍ നിന്നുള്ള വെടിവയ്പുകളുമുണ്ടായി. സഹികെട്ട ജനങ്ങള്‍ റയില്‍വേകള്‍ നശിപ്പിച്ചു, വണ്ടികള്‍ ആക്രമിച്ചു, സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചു, ഗവണ്‍മെന്റ് സ്വത്തുക്കള്‍ നശിപ്പിച്ചു, ടെലിഫോണ്‍ കമ്പികള്‍ മുറിച്ചു, പാലങ്ങള്‍ പൊളിച്ചു, ഹര്‍ത്താലുകളും പ്രകടനങ്ങളും പൊതുയോഗങ്ങളും സാധാരണമായി. ജനങ്ങള്‍ എല്ലാ സമരമാര്‍ഗങ്ങളും ഉപയോഗിച്ചു. വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും തെരുവിലിറങ്ങി. പല സ്ഥലങ്ങളിലായി പൊലീസും പട്ടാളവും ചേര്‍ന്നു 538 പ്രാവശ്യം വെടിവച്ചു. വെടിവയ്പില്‍ മാത്രം 940 പേര്‍ മരിച്ചു. രാജ്യത്തൊട്ടാകെ ഏകദേശം 25000 ല്‍ അധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 60,000 ലേറെ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
ഇന്ത്യാക്കാരുടെ ഐക്യവും പോരാട്ടവീര്യവും ബ്രിട്ടീഷ് ഭരണകൂടത്തിനെ ബോധ്യപ്പെടുത്താന്‍ ഈ സമരം ഉപകരിച്ചു എന്നത് സത്യമാണ്. മൂന്നു വര്‍ഷത്തിനകം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിക്കപ്പെട്ടതും ക്വിറ്റിന്ത്യാ സമരത്തിന്റെ ഫലമായിട്ടായിരുന്നു.

ഇന്ന് ലോക ആദിവാസി ദിനം

ആദിവാസി സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കി 1994 ഓഗസ്റ്റ് 9 മുതല്‍ എല്ലാ വര്‍ഷവും അന്തരാഷ്ട്ര ആദിവാസിദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ തീരുമാനിച്ചു. പുറം ലോകത്തിന്‍റെ കാപട്യങ്ങള്‍ക്കും കൃത്രിമത്വത്തിനും അപ്പുറം ദൂരെ പ്രകൃതിയുടെ മടിത്തട്ടില്‍ ജീവജാലങ്ങളുമായി താദാത്മ്യം പ്രാപിച്ചു കഴിയുന്ന ഒരു കൂട്ടരുണ്ട്, ആദിവാസികള്‍. മാറുന്ന കാലത്തിനൊത്ത് ആദിവാസികളുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആദിവാസികള്‍ 70 രാജ്യങ്ങളിലായി വസിക്കുന്നു. ഇവരുടെ സാമൂഹികവും പുരോഗമനപരവുമായ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് അടുത്ത കാലത്താണ്. പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം യുദ്ധങ്ങളും പകര്‍ച്ചവ്യാധികളും, കുടിയൊഴിപ്പിക്കലുകളും ലോകത്ത് ആദിവാസി ജനസംഖ്യയില്‍ ഗണ്യമായ കുറവു വരുത്തി. ആദിവാസിയുടെ മനുഷ്യാവകാശം, വിദ്യാഭ്യാസം, ചുറ്റുപാടുകള്‍, വികസനം, ആരോഗ്യം എന്നിവയാണ് ഐക്യരാഷ്ട്രസഭ മുഖ്യമായും ശ്രദ്ധിക്കുന്നത്. നവീന സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കായി തടികളും, ഊര്‍ജ്ജവും, ഭൂമിയും കൂടുതല്‍ വേണ്ടിവന്നപ്പോള്‍ തങ്ങളിലേക്കുതന്നെ ചുരുങ്ങിയ സമൂഹമാണ് ആദിവാസികളെന്ന് വിവിധ ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ ഭൂമിയുടെ ആദ്യ മനുഷ്യാവകാശികളുടെ പിന്‍ഗാമികളായ ഇന്നത്തെ ആദിവാസികള്‍ ലോകത്തിന് നല്‍കിയ കലാ സാംസ്കാരിക സംഭാവനകള്‍ ഏറെയാണ്. ഇനിയും ആദിവാസികള്‍ക്ക് ലോകത്തിന് വളരെയെറെ നല്‍കാനുണ്ട്. ഇവര്‍ക്കായി ഐക്യരാഷ്ട്രസഭയില്‍ ഒരു സ്ഥിരം ഫോറം രൂപീകരിച്ചിട്ടുണ്ട്. പതിനാറംഗ ഫോറത്തില്‍ ഏഴ് ആദിവാസി വിദഗ്‌ദ്ധരും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര പ്രാതിനിധ്യത്തിലൂടെ ആദിവാസികള്‍ അവരുടേതായ അവകാശങ്ങളും മണ്ണും സംരക്ഷിക്കുമെന്ന് കരുതാം. വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ്‌ ആദിവാസി. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികൾ വസിക്കുന്നു. ആഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത്. ഭാരതത്തിൽ ആദിവാസികൾക്കുള്ള നിർവ്വചനം- ‘’വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ‘’ എന്നാണ്‌. പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഭാരതത്തിൽ 461 ആദിവാസി വിഭാഗങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽതന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്‌. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്‌. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് മധ്യപ്രദേശിലും‌, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്‌‌. കേരളത്തിലെ ആദിവാസികൾ കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്‌. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ്‌ നിഗമനം. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം.

ഇന്ന് അന്താരാഷ്ട്ര പൂച്ച ദിനം

ആഗസ്ത് 8 ആണ് അന്താരാഷ്ട്ര പൂച്ചദിനമായി ആചരിക്കുന്നത്. പൂച്ചകളുടെ ക്ഷേമത്തിനായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. 2002 മുതലാണ് ഈ ദിനം ആചരിച്ചു വരുന്നത്. മനുഷ്യർ വളർത്തുന്ന ഒരു അരുമയായ മൃഗമാണ്‌ പൂച്ച. എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളർത്തുന്നത്. മനുഷ്യനുമായി ഏകദേശം 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു. മനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ പൂച്ചയ്ക്ക് ശ്രവിക്കാനാകും. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകൾ അനുസരിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുവാൻ സാധിക്കും.

ലളിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനും ചില പൂച്ചകളെക്കൊണ്ട് സാധിച്ചിട്ടുണ്ട്. മാംസാഹാരപ്രിയരായ പൂച്ചക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവു കുറവാണ്. മധുരം തിരിച്ചറിയാനും ഇവക്ക് കഴിവില്ല. നാട്ടുപൂച്ചയും അതിന്റെ പരിണാമത്തിലെ ഏറ്റവും അടുത്തുള്ള വർഗ്ഗമായ കാട്ടു പൂച്ചയും 38 ക്രോമോസോമുകൾ വീതം ഉള്ളവരാണ്. പൂച്ചകൾക്കുണ്ടാകുന്ന അസുഖങ്ങളിൽ പലതിനും നിദാനമായ ജനിതകതകരാറുകൾ ഇതിനോടകം ശാസ്ത്രലോകം മനസ്സിലാക്കിക്കഴിഞ്ഞു. അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്-ഫ്രെഡെറിക്ക് കാൻസർ റിസർച്ച് ആന്റ് ഡെവലപ്മെറ്റ് സെന്ററിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കാറ്റ് ജീനോം പ്രൊജക്റ്റ്, മനുഷ്യർക്ക് ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളും പകർച്ചവ്യാധികളും, ജീനുകളുടെ പരിണാമവും എല്ലാം മനസ്സിലാക്കാൻ പൂച്ചയെ പഠനവിധേയമാക്കുന്നു. നീലക്കണ്ണുകൾ ഉള്ള എല്ലാ വെളുത്ത പൂച്ചകളും ബധിരർ ആണെന്നുള്ള ഒരു അന്ധവിശ്വാസം നിലവിലുണ്ട്. അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്. എന്നാൽ നീലക്കണ്ണുകളുള്ള അധികം പൂച്ചകൾക്കും നന്നായിത്തന്നെ ചെവി കേൾക്കാൻ സാധിക്കും. എന്നാൽ, വെള്ളനിറമുള്ള പൂച്ചകളിൽ, നീലക്കണ്ണുകൾ ഉള്ള പൂച്ചകൾക്ക് മറ്റ് നിറങ്ങൾ കണ്ണിനുള്ളവരേക്കാൾ കേൾവിശക്തി കുറയുവാനുള്ള ജനിതക വൈകല്യം ഉണ്ടാകും. പൂ‍ച്ച ജാതികളിൽ ഒന്നിനും മധുരം അറിയാനുള്ള കഴിവ് ജനിതകത്തകരാറുമൂലം ലഭിച്ചിട്ടില്ല; ഇതുകൊണ്ട്തന്നെ ഫലങ്ങൾ അടക്കമുള്ള മധുരമുള്ള ഭക്ഷണങ്ങൾ പൂച്ചകൾക്ക് പഥ്യമാകാറില്ല.
പുരാതന ഈജിപ്റ്റിലെ ജനങ്ങൾ അവിടെത്തന്നെയുള്ള ഒരു വിഭാഗം മൃഗത്തെ ഇണക്കിയെടുത്ത് വീട്ടുമൃഗങ്ങളാക്കിയതാണ് പൂച്ചകളെന്നാണ് അടുത്തകാലം വരെ വിശ്വസിച്ചിരുന്നത്. പക്ഷെ സയൻസ് എക്സ്പ്രസ് മാസികയിൽ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 2007-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതാണ് പൂച്ചകൾ എന്നാണ്. കാട്ടുപൂച്ചകളുടെ എല്ലാ ഉപവിഭാഗങ്ങൾ തമ്മിലും ഇണചേരുമെങ്കിലും നാട്ടുപൂച്ചകൾ ഫെലിസ് സില്വെസ്റ്റ്രിസ് ല്യ്ബിക എന്ന വിഭാഗത്തിൽ ഉള്ളവരിൽ മാത്രമേ ഇണ ചേരൂ എന്നും പഠനം പറയുന്നു. ഇന്നത്തെ നാട്ടുപൂച്ചയുടെ പൂർവ്വികരായ ആഫ്രിക്കൻ കാട്ട് പൂച്ച (Felis silvestris lybica) മരുഭൂമി സമാനമായ കാലാവസ്ഥയിൽ ജീവിച്ചിരുന്നവയാണ്. ഇന്നത്തെ പൂച്ചയുടെ പല സ്വഭാവഗുണങ്ങളിൽ നിന്നും അത് വ്യക്തമാകുന്നുണ്ട്. കാട്ടുപൂച്ചകൾ (Felis sylvestris) ഓസ്ട്രേലിയയും അന്റാർട്ടിക്കയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കണ്ടുവരുന്നു. എന്നാൽ ഫെറൽ പൂച്ചകൾ (feral cats) ഓസ്ട്രേലിയൻ പ്രാന്ത്രപ്രദേശങ്ങളിലാണ് കണ്ട് വരുന്നത്. വരണ്ടുണങ്ങിയ മുഖപ്രകൃതിയാണ് ഇവയ്ക്ക്. ഇവയ്ക്ക് മുഖം മണലിൽ പൂഴ്തി വച്ച് ഇരിക്കാൻ വലിയ താത്പര്യമാണ്. ജലം പരമാവധി ശരീരത്തിൽ തന്നെ സംരക്ഷിക്കാനായി ഇവയുടെ മൂത്രം കുറുകിയിരിക്കും. ഇരയെ പിടിക്കാനായി പതുങ്ങിയിരിക്കുന്ന സമയത്ത് വളരെയധികം നേരം ഒരു അനക്കവും കൂടാതെയിരിക്കാൻ ഈ പൂച്ചയ്ക്ക് കഴിയും. വടക്കേ ആഫ്രിക്കയിൽ ഇന്നത്തെ വീട്ട് പൂച്ചകളുടെ പൂർവികരുമായി ബന്ധമുള്ള ചെറിയ കാട്ടുപൂച്ചകൾ ഇന്നും കാണപ്പെടുന്നുണ്ട്. മരുഭൂമിയിൽ ജീവിച്ചവരായിരുന്നു പൂച്ചകളുടെ പൂർവ്വികർ എന്നതിനാൽ പൂച്ചകൾക്ക് ചൂടുള്ള കാലാവസ്ഥ വളരെ ഇഷ്ടമാണ്. പകൽ സമയത്ത് പൂച്ചകൾ വെയിൽ കാഞ്ഞ് കിടക്കാറുണ്ട്. 44.5 °C (112 °F) താപനില മനുഷ്യർക്ക് അസഹനീയമായി തോന്നിത്തുടങ്ങുമെങ്കിലും 52 °C (126 °F) വരെ പൂച്ചകൾക്ക് സുഖകരമായ താപനിലയാണ്. ചൂട് പോലെ തന്നെ തണുപ്പും പൂച്ചകൾക്ക് സഹിക്കാൻ എളുപ്പമാണ്; തണുപ്പു കുറേ നേരത്തേയ്ക്ക് പാടില്ല എന്ന് മാത്രം. നോർവീജിയൻ കാട്ട് പൂച്ചയ്ക്കും മൈൻ കൂൺ എന്നയിനം പൂച്ചയ്ക്കും മറ്റ് പൂച്ചകളേക്കാളധികം രോമം കാണപ്പെടുന്നുവെങ്കിലും ഇവയ്ക്കും തണുപ്പിനെ (മഴ, മഞ്ഞ്, മൂടൽമഞ്ഞ്) പ്രതിരോധിക്കാനുള്ള ശക്തി കുറവാണ്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് പൊതുവേ പൂച്ചകൾക്ക് ഇഷ്ടമല്ല. എന്നാൽ ടർക്കിഷ് വാൻ എന്നയിനം പൂച്ചയ്ക്ക് മാത്രം വെള്ളത്തിനോട് താത്പര്യമാണ്. അബിസിനിയൻ (Abyssinians) എന്നയിനം പൂച്ചയ്ക്കും ബംഗാൾ പൂച്ചയ്ക്കും ഇതുപോലെ തന്നെ മറ്റ് പൂച്ചകൾക്കുള്ളയത്ര വെള്ളത്തിനോട് വിരോധം ഉണ്ടാകാറില്ല. വലിപ്പം പൂച്ചകൾക്ക് സാധാരണഗതിയിൽ 2.5 കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്. എന്നാൽ മൈൻ കൂൺ (Maine Coon) പോലെയുള്ള ചില ജനുസ്സുകൾക്ക് 11.3 കിലോഗ്രാമിൽക്കൂടുതൽ തൂക്കം വരെ ഉണ്ടാകും. അമിതമായി ഭക്ഷണം കഴിക്കുന്ന ചില പൂച്ചകൾക്ക് 23 കിലോഗ്രാം വരെ ഭാരം ഉണ്ടായിട്ടുള്ളതായി കണ്ടിട്ടുണ്ട്. അതുപോലെ, 1.8 കിലോഗ്രാമിൽ താഴെ ഭാരമുള്ള പൂച്ചകളും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലഭ്യമായ രേഖകളനുസരിച്ച് ഏറ്റവും ഭാരമേറിയ പൂച്ചയ്ക്ക് 21.297 കിലോഗ്രാമാണ് തൂക്കമുള്ളത്. വേഗത്തിൽ ചലിക്കുന്ന സമയത്ത് ശരീരത്തെ സന്തുലിതമായി നിർത്തുവാനുപയോഗിക്കുന്ന വാൽ പൂച്ചയുടെ നട്ടെല്ലുകളുടെ ഭാഗമാണ് . സ്വതന്ത്രമായി നിൽക്കുന്ന ക്ലാവിക്കിൽ എല്ലുകൾ, തല കടക്കാൻ മാത്രം സ്ഥലം ഉള്ള ഏതൊരിടത്തും അവയുടെ ശരീരം കടത്താൻ പൂച്ചകളെ സഹായിക്കുന്നു. വായ മാംസം കടിച്ചുമുറിക്കാൻ പാകത്തിനുള്ള പല്ലുകളാണ് പൂച്ചകൾക്കുള്ളത്. പ്രീമോളാറ് പല്ലുകളും പ്രഥമ മോളാറ് പല്ലുകളും വായയുടെ ഇരുഭാഗത്തുനിന്നുമായി കത്രിക പോലെ കൂടിച്ചേർന്ന് മാംസം കടിച്ചുമുറിക്കാനായി പൂച്ചകളെ സഹായിക്കുന്നു. മാംസം പൂർണ്ണമായും പറിച്ചെടുക്കാനായി പൂച്ചകളുടെ നാവിൽ നിറയേ മൂർച്ചയുള്ള മുകുളങ്ങളുണ്ട്. ഇവ പിറകിലോട്ട് നിൽക്കുന്ന കൊളുത്തുകൾ പോലെയാണ്. അതിൽ കെരാറ്റിൻ ഉള്ളതിനാൽ രോമങ്ങൾ വൃത്തിയാക്കാനും പൂച്ചകൾ സ്വന്തം നാക്ക് ഉപയോഗിക്കുന്നു. മ്യാവൂ എന്ന ശബ്ദം, പര്ര്ര്ര് എന്ന ശബ്ദം ഉണ്ടാക്കുക, ഹിസ്സ് ശബ്ദം ഉണ്ടാക്കുക, മുരളുക, സ്കവീക്ക് ശബ്ദം ഉണ്ടാക്കുക, ചിർപ്പ് ശബ്ദം ഉണ്ടാക്കുക, ക്ലിക്ക് ശബ്ദം ഉണ്ടാക്കുക, മുറുമുറുക്കുക തുടങ്ങിയവ ഉണ്ടാക്കാൻ ഇവയ്ക്ക് സഹായകമാകുന്നതും വായയുടെ ഈ പ്രത്യേകതകൾ തന്നെയാണ്. പൂച്ചയുടെ ചെവിയിൽ 32 വ്യത്യസ്ത പേശികളുണ്ട്.ഇവയ്ക്ക് ഓരോ ചെവിയും സ്വതന്ത്രമായി ചലിപ്പിക്കാനാകും. ഇതുകൊണ്ട് തന്നെ ശരീരം ഒരു വശത്തേയ്ക്കും ചെവികൾ മറുവശത്തേയും ചലിപ്പിക്കാനും സാധിക്കും. മിക്ക പൂച്ചകൾക്കും മുകളിലേയ്ക്ക് ചൂണ്ടുന്നതരത്തിലുള്ള നേരെയുള്ള ചെവികളാണുള്ളത്. നായകൾക്ക് ഉള്ളതുപോലെ മടങ്ങിയചെവികൾ വളരെ അപൂർവ്വമായേ ഇവയ്ക്കുണ്ടാകാറുള്ളൂ പേടിച്ചിരിക്കുമ്പോഴും ദേഷ്യം വന്നിരിക്കുമ്പോഴും പൂച്ച തന്റെ ചെവി പിന്നിലേയ്ക്ക് തിരിച്ച് വെയ്ക്കും. കളിക്കുമ്പോഴും പിന്നിൽ നിന്നുള്ള ശബ്ദം ശ്രവിക്കേണ്ടപ്പോഴും പൂച്ച ഇതുപോലെ ചെവി പിന്നിലേയ്ക്ക് തിരിച്ച് വെയ്ക്കാറുണ്ട്. പൂച്ചയുടെ ചെവി എങ്ങനെ, ഏത് ഭാഗത്തേയ്ക്ക് തിരിഞ്ഞ് നിൽക്കുന്നു എന്നതിൽനിന്ന് പൂച്ചയുടെ വികാരം മനസ്സിലാക്കാനാകും. നൂറിൽ അധികം ശബ്ദം പൂച്ചകൾ ഉണ്ടാക്കാറുണ്ട് പട്ടികളെപ്പോലെതന്നെ പൂച്ചകളും തങ്ങളുടെ ഉപ്പൂറ്റി നിലത്തൂന്നാതെയാണ് നടക്കുക, അതായത് തങ്ങളുടെ പാദത്തിന്റെ മുൻ‌ഭാഗം (toe) മാത്രം നിലത്തുമുട്ടുന്നതരത്തിൽ. പൂച്ചകളുടെ നടത്തം വളരെ കൃത്യമായ ചുവടുവയ്പ്പുകളോടുകൂടിയാണ്. പൂച്ച തന്റെ പിൻ‌കാലുകൾ, മുൻ‌കാലുകൾ വച്ചയിടത്ത് തന്നെ വച്ചാണ് നടക്കുക. ഇത് പൂച്ചയ്ക്ക് നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കാനും, കാൽപ്പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. അത്ര സുഖകരമല്ലാത്ത പ്രതലങ്ങളിൽ സഞ്ചരിക്കുമ്പോൾ പിന്നിലെ കാല് മോശമായ എവിടെയെങ്കിലും വച്ച് അപകടം പറ്റാതിരിക്കാനും ഈ കൃത്യമായ ചുവടുവയ്പ്പ് പൂച്ചയെ സഹായിക്കുന്നു. പട്ടികളുൾപ്പെടെയുള്ള മിക്ക സസ്തനികളും ഒരു വശത്തെ മുൻകാൽ മുന്നോട്ട് വയ്ക്കുമ്പോൾ മറുവശത്തെ പിൻ‌കാൽ ആണ് മുന്നോട്ട് വയ്ക്കുക. എന്നാൽ പൂച്ചകൾ മുന്നോട്ട് നീക്കുന്ന കാലുകൾ രണ്ടും ഒന്നിച്ച് തന്നെയായിരിക്കും. ഒട്ടകങ്ങൾ, ജിറാഫുകൾ, പേസേർസ് പോലെയുള്ള ചില കുതിരകൾ തുടങ്ങിയ ചുരുക്കം ചില മൃഗങ്ങൾ മാത്രമേ പൂച്ചകളുടേതു പോലെ ഇങ്ങനെ കാൽ ചലിപ്പിക്കാറുള്ളൂ. പക്ഷെ ഈ മൃഗങ്ങളുമായി പൂച്ചക്ക് ഇതിലൂടെ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പൂച്ചക്കുടും‌ബത്തിലുള്ള മറ്റ് മൃഗങ്ങളെപ്പോലെ (ചീറ്റപ്പുലികൾ ഒഴിച്ച്) പൂച്ചയ്ക്കും തങ്ങളുടെ നഖങ്ങൾ കാലിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കും ആവശ്യാനുസരണം നീക്കാൻ കഴിയും. വിശ്രമിക്കുന്ന അവസ്ഥയിൽ പൂച്ചയുടെ നഖങ്ങൾ അകത്തേയ്ക്ക് വലിഞ്ഞ് ത്വക്കും രോമങ്ങളും ചേർന്ന് മൂടപ്പെട്ടിരിക്കും. ഇത് തങ്ങളുടെ നഖങ്ങൾക്ക് തേയ്മാനം ഉണ്ടാകുന്നത് കുറയ്ക്കാനും നടക്കുമ്പോൾ ശബ്ദം കുറയ്ക്കാനും പൂച്ചകളെ സഹായിക്കുന്നു. മുൻ‌കാലുകളിലെ നഖങ്ങൾ പിൻ‌കാലുകളിൽ ഉള്ളതിനേക്കാൾ മൂർച്ച ഉള്ളവയായിരിക്കും. ഒരു കാലിലേത് മാത്രമായോ അല്ലെങ്കിൽ കൂട്ടമായോ തങ്ങളുടെ ഇഷ്ടപ്രകാരം നഖങ്ങൾ അകത്തേയ്ക്കും പുറത്തേയ്ക്കും നീക്കുന്നത് നിയന്ത്രിക്കാൻ പൂച്ചയ്ക്ക് കഴിവുണ്ട്. ഇരതേടുമ്പോഴും പ്രതിരോധം ആവശ്യമാകുമ്പോഴും മരം കയറുമ്പോഴും പുതപ്പ്, വസ്ത്രങ്ങൾ എന്നിവയടക്കമുള്ള ‍മിനുസമുള്ള പ്രതലങ്ങളിൽ നടക്കുമ്പോഴും തങ്ങളുടെ നഖങ്ങൾ പൂച്ച പുറത്തേയ്ക്ക് നീട്ടാറുണ്ട്. ഇക്കാരണത്താൽ പരവതാനിയിലും മറ്റും നടക്കുമ്പോൾ വളഞ്ഞ് പുറത്തേയ്ക്ക് നീണ്ട് നിൽക്കുന്ന നഖങ്ങൾ നൂലിലോ മറ്റോ കുടുങ്ങുമ്പോൾ രക്ഷപെടാനുള്ള തത്രപ്പാടിൽ പൂച്ചകൾക്ക് അപകടവും സംഭവിക്കാറുണ്ട്. പൂച്ചയുടെ കാലിന്റെ മുകളിലും താഴെയുമായി പതിയെ അമർത്തി നമുക്ക് അവയുടെ നഖങ്ങൾ പുറത്തേയ്ക്ക് കൊണ്ട് വരാൻ സാധിക്കും. മിക്ക പൂച്ചകൾക്കും മുൻ‌കാലുകളിൽ അഞ്ച് നഖങ്ങളും പിൻ‌കാലുകളിൽ നാലോ അഞ്ചോ നഖങ്ങളും ആണ് ഉണ്ടാകുക. മനുഷ്യർക്ക് ഉണ്ടാകുന്നതുപോലെ ചിലപ്പോൾ വീട്ടുപൂച്ചകൾക്ക് അഞ്ചിലധികം നഖങ്ങൾ അപൂർവ്വമായി ഉണ്ടായി എന്ന് വരാം. മുൻ‌കാലുകളുടെ അടിയിൽ കട്ടിയുള്ള ത്വക്കും ഉണ്ടാകാറുണ്ട് പൂച്ചകൾക്ക്. നടക്കുമ്പോൾ ഇവകൊണ്ട് പൂച്ചകൾക്ക് ഉപകാരം ഒന്നും ഇല്ലെങ്കിലും ചാടിവീഴുമ്പോൾ തെന്നൽ ഒഴിവാക്കാനായി ഇത് പൂച്ചയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. പൂച്ചകളുടെ ത്വക്ക് വളരെ അയഞ്ഞതാണ്. ഇത് പൂച്ചകളെ പിടിമുറുക്കി വച്ചിരിക്കുന്ന ശത്രുക്കളുടെ ബന്ധനത്തിൽ നിന്ന് മെയ്‌വഴക്കത്തോടെ തിരിഞ്ഞ് പ്രത്യാക്രമിക്കാൻ പൂച്ചകളെ സഹായിക്കുന്നു. ത്വക്കിന്റെ പ്രത്യേകത കുത്തിവയ്പ്പ് നടത്തേണ്ടുന്ന അവസരങ്ങളിൽ വളരെ സഹായകരമാണ്. കഴുത്തിനു പിന്നിലുള്ള പൂച്ചയുടെ അയഞ്ഞ ത്വക്കാണ് തള്ളപ്പൂച്ച തങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുമ്പോൾ കടിച്ച് പിടിക്കാൻ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും. ആക്രമണകാരിയായ പൂച്ചയെ അടക്കിനിർത്താൻ ഈ പ്രത്യേകത ഉപയോഗിക്കാവുന്നതാണ്. പക്ഷെ വലിയ പൂച്ചകൾക്ക് കുഞ്ഞ് പൂച്ചകളേക്കാൾ ഭാരം കൂടുതൽ ഉള്ളതിനാൽ, മനുഷ്യർക്ക് പൂച്ചകളെ എടുക്കാൻ ഈ ത്വക്കിൽ പിടിച്ച് ഉയർത്തുന്നതിനുപകരം പൃഷ്ഠത്തിന്റെ ഭാഗത്ത് ഒരു കൈയ്യും മുൻ‌കാലുകളുടേയും നെഞ്ചിന്റേയും ഇടയിൽ മറ്റേതും വച്ച് ഉയർത്തുന്നതാകും ഉചിതം. കൊച്ച് കുട്ടികളെപ്പോലെ പൂച്ച അപ്പോൾ തന്റെ തലയും മുൻ‌കാലുകളും തന്നെ എടുക്കുന്ന മനുഷ്യന്റെ തോളിലും പിൻ‌കാലുകളും പൃഷ്ഠവും ഈ വ്യക്തിയുടെ കയ്യിലെന്ന രീതിയിലും ആയി സുഖകരമായി കിടക്കും. മനുഷ്യനേക്കാൾ പകൽക്കാഴ്ച കുറവാണെങ്കിലും രാത്രിയിലുള്ള കാഴ്ച ‍മനുഷ്യനേക്കാൾ വളരെയധികം മികച്ചതാണ്. മറ്റുമൃഗങ്ങളേക്കാൾ കൂടുതൽ നേരം ഉറങ്ങിയാണ് പൂച്ചകൾ തങ്ങളുടെ ഊർജ്ജം സംരക്ഷിക്കുന്നത്. പ്രായമാകും തോറുമാണ് ഇവ ഉറങ്ങാൻ കൂടുതൽ താത്പര്യം കാണിക്കുന്നത്. 13-14 മണിക്കൂർ ആണ് ശരാശരി ഉറക്കസമയമെങ്കിലും ദൈർഘ്യം 12 മുതൽ 16 മണിക്കൂറ് വരെ വ്യത്യാസപ്പെട്ട് കാണാറുണ്ട്. ഒരു ദിവസം ഇരുപത് മണിക്കൂർ വരെ ചില പൂച്ചകൾ ഉറങ്ങാറുണ്ട്. വളരെ കുറച്ച് സമയത്തേയ്ക്ക് ഉറങ്ങാനുള്ള പൂച്ചയുടെ കഴിവിനെ പൂച്ചയുറക്കം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വളരെക്കുറച്ച് സമയം മനുഷ്യർ ഉറങ്ങുമ്പോൾ അതിനെ പൂച്ചയുറക്കം എന്ന് വിശേഷിപ്പിക്കാറുണ്ട്. പൂച്ചകൾ വൈകുന്നേരവും അതിരാവിലേയുമാണ് കൂടുതലായി ഊർജ്ജ്വസ്വലരായി കാണപ്പെടാറുള്ളത്.ശൗര്യം അവയുടെ സഹവാസവും ജാതിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നവ മെലിഞ്ഞതും കൂടുതൽ ചുറുചുറുക്കുള്ളവയുമാണെങ്കിൽ മറ്റുള്ളവ വണ്ണമുള്ളതും എന്നാൽ ഊർജ്ജസ്വലത കുറവുള്ളവയുമാണ്.