ആഗസ്ത് 8 ആണ് അന്താരാഷ്ട്ര പൂച്ചദിനമായി ആചരിക്കുന്നത്. പൂച്ചകളുടെ ക്ഷേമത്തിനായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. 2002 മുതലാണ് ഈ ദിനം ആചരിച്ചു വരുന്നത്. മനുഷ്യർ വളർത്തുന്ന ഒരു അരുമയായ മൃഗമാണ് പൂച്ച. എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളർത്തുന്നത്. മനുഷ്യനുമായി ഏകദേശം 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു. മനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ പൂച്ചയ്ക്ക് ശ്രവിക്കാനാകും. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകൾ അനുസരിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുവാൻ സാധിക്കും.

ലളിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനും ചില പൂച്ചകളെക്കൊണ്ട് സാധിച്ചിട്ടുണ്ട്. മാംസാഹാരപ്രിയരായ പൂച്ചക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവു കുറവാണ്. മധുരം തിരിച്ചറിയാനും ഇവക്ക് കഴിവില്ല. നാട്ടുപൂച്ചയും അതിന്റെ പരിണാമത്തിലെ ഏറ്റവും അടുത്തുള്ള വർഗ്ഗമായ കാട്ടു പൂച്ചയും 38 ക്രോമോസോമുകൾ വീതം ഉള്ളവരാണ്. പൂച്ചകൾക്കുണ്ടാകുന്ന അസുഖങ്ങളിൽ പലതിനും നിദാനമായ ജനിതകതകരാറുകൾ ഇതിനോടകം ശാസ്ത്രലോകം മനസ്സിലാക്കിക്കഴിഞ്ഞു. അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്-ഫ്രെഡെറിക്ക് കാൻസർ റിസർച്ച് ആന്റ് ഡെവലപ്മെറ്റ് സെന്ററിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കാറ്റ് ജീനോം പ്രൊജക്റ്റ്, മനുഷ്യർക്ക് ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളും പകർച്ചവ്യാധികളും, ജീനുകളുടെ പരിണാമവും എല്ലാം മനസ്സിലാക്കാൻ പൂച്ചയെ പഠനവിധേയമാക്കുന്നു. നീലക്കണ്ണുകൾ ഉള്ള എല്ലാ വെളുത്ത പൂച്ചകളും ബധിരർ ആണെന്നുള്ള ഒരു അന്ധവിശ്വാസം നിലവിലുണ്ട്. അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്. എന്നാൽ നീലക്കണ്ണുകളുള്ള അധികം പൂച്ചകൾക്കും നന്നായിത്തന്നെ ചെവി കേൾക്കാൻ സാധിക്കും. എന്നാൽ, വെള്ളനിറമുള്ള പൂച്ചകളിൽ, നീലക്കണ്ണുകൾ ഉള്ള പൂച്ചകൾക്ക് മറ്റ് നിറങ്ങൾ കണ്ണിനുള്ളവരേക്കാൾ കേൾവിശക്തി കുറയുവാനുള്ള ജനിതക വൈകല്യം ഉണ്ടാകും. പൂച്ച ജാതികളിൽ ഒന്നിനും മധുരം അറിയാനുള്ള കഴിവ് ജനിതകത്തകരാറുമൂലം ലഭിച്ചിട്ടില്ല; ഇതുകൊണ്ട്തന്നെ ഫലങ്ങൾ അടക്കമുള്ള മധുരമുള്ള ഭക്ഷണങ്ങൾ പൂച്ചകൾക്ക് പഥ്യമാകാറില്ല.
പുരാതന ഈജിപ്റ്റിലെ ജനങ്ങൾ അവിടെത്തന്നെയുള്ള ഒരു വിഭാഗം മൃഗത്തെ ഇണക്കിയെടുത്ത് വീട്ടുമൃഗങ്ങളാക്കിയതാണ് പൂച്ചകളെന്നാണ് അടുത്തകാലം വരെ വിശ്വസിച്ചിരുന്നത്. പക്ഷെ സയൻസ് എക്സ്പ്രസ് മാസികയിൽ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 2007-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതാണ് പൂച്ചകൾ എന്നാണ്. കാട്ടുപൂച്ചകളുടെ എല്ലാ ഉപവിഭാഗങ്ങൾ തമ്മിലും ഇണചേരുമെങ്കിലും നാട്ടുപൂച്ചകൾ ഫെലിസ് സില്വെസ്റ്റ്രിസ് ല്യ്ബിക എന്ന വിഭാഗത്തിൽ ഉള്ളവരിൽ മാത്രമേ ഇണ ചേരൂ എന്നും പഠനം പറയുന്നു. ഇന്നത്തെ നാട്ടുപൂച്ചയുടെ പൂർവ്വികരായ ആഫ്രിക്കൻ കാട്ട് പൂച്ച (Felis silvestris lybica) മരുഭൂമി സമാനമായ കാലാവസ്ഥയിൽ ജീവിച്ചിരുന്നവയാണ്. ഇന്നത്തെ പൂച്ചയുടെ പല സ്വഭാവഗുണങ്ങളിൽ നിന്നും അത് വ്യക്തമാകുന്നുണ്ട്. കാട്ടുപൂച്ചകൾ (Felis sylvestris) ഓസ്ട്രേലിയയും അന്റാർട്ടിക്കയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കണ്ടുവരുന്നു. എന്നാൽ ഫെറൽ പൂച്ചകൾ (feral cats) ഓസ്ട്രേലിയൻ പ്രാന്ത്രപ്രദേശങ്ങളിലാണ് കണ്ട് വരുന്നത്. വരണ്ടുണങ്ങിയ മുഖപ്രകൃതിയാണ് ഇവയ്ക്ക്. ഇവയ്ക്ക് മുഖം മണലിൽ പൂഴ്തി വച്ച് ഇരിക്കാൻ വലിയ താത്പര്യമാണ്. ജലം പരമാവധി ശരീരത്തിൽ തന്നെ സംരക്ഷിക്കാനായി ഇവയുടെ മൂത്രം കുറുകിയിരിക്കും. ഇരയെ പിടിക്കാനായി പതുങ്ങിയിരിക്കുന്ന സമയത്ത് വളരെയധികം നേരം ഒരു അനക്കവും കൂടാതെയിരിക്കാൻ ഈ പൂച്ചയ്ക്ക് കഴിയും. വടക്കേ ആഫ്രിക്കയിൽ ഇന്നത്തെ വീട്ട് പൂച്ചകളുടെ പൂർവികരുമായി ബന്ധമുള്ള ചെറിയ കാട്ടുപൂച്ചകൾ ഇന്നും കാണപ്പെടുന്നുണ്ട്. മരുഭൂമിയിൽ ജീവിച്ചവരായിരുന്നു പൂച്ചകളുടെ പൂർവ്വികർ എന്നതിനാൽ പൂച്ചകൾക്ക് ചൂടുള്ള കാലാവസ്ഥ വളരെ ഇഷ്ടമാണ്. പകൽ സമയത്ത് പൂച്ചകൾ വെയിൽ കാഞ്ഞ് കിടക്കാറുണ്ട്. 44.5 °C (112 °F) താപനില മനുഷ്യർക്ക് അസഹനീയമായി തോന്നിത്തുടങ്ങുമെങ്കിലും 52 °C (126 °F) വരെ പൂച്ചകൾക്ക് സുഖകരമായ താപനിലയാണ്. ചൂട് പോലെ തന്നെ തണുപ്പും പൂച്ചകൾക്ക് സഹിക്കാൻ എളുപ്പമാണ്; തണുപ്പു കുറേ നേരത്തേയ്ക്ക് പാടില്ല എന്ന് മാത്രം. നോർവീജിയൻ കാട്ട് പൂച്ചയ്ക്കും മൈൻ കൂൺ എന്നയിനം പൂച്ചയ്ക്കും മറ്റ് പൂച്ചകളേക്കാളധികം രോമം കാണപ്പെടുന്നുവെങ്കിലും ഇവയ്ക്കും തണുപ്പിനെ (മഴ, മഞ്ഞ്, മൂടൽമഞ്ഞ്) പ്രതിരോധിക്കാനുള്ള ശക്തി കുറവാണ്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് പൊതുവേ പൂച്ചകൾക്ക് ഇഷ്ടമല്ല. എന്നാൽ ടർക്കിഷ് വാൻ എന്നയിനം പൂച്ചയ്ക്ക് മാത്രം വെള്ളത്തിനോട് താത്പര്യമാണ്. അബിസിനിയൻ (Abyssinians) എന്നയിനം പൂച്ചയ്ക്കും ബംഗാൾ പൂച്ചയ്ക്കും ഇതുപോലെ തന്നെ മറ്റ് പൂച്ചകൾക്കുള്ളയത്ര വെള്ളത്തിനോട് വിരോധം ഉണ്ടാകാറില്ല. വലിപ്പം പൂച്ചകൾക്ക് സാധാരണഗതിയിൽ 2.5 കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്. എന്നാൽ മൈൻ കൂൺ (Maine Coon) പോലെയുള്ള ചില ജനുസ്സുകൾക്ക് 11.3 കിലോഗ്രാമിൽക്കൂടുതൽ തൂക്കം വരെ ഉണ്ടാകും. അമിതമായി ഭക്ഷണം കഴിക്കുന്ന ചില പൂച്ചകൾക്ക് 23 കിലോഗ്രാം വരെ ഭാരം ഉണ്ടായിട്ടുള്ളതായി കണ്ടിട്ടുണ്ട്. അതുപോലെ, 1.8 കിലോഗ്രാമിൽ താഴെ ഭാരമുള്ള പൂച്ചകളും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലഭ്യമായ രേഖകളനുസരിച്ച് ഏറ്റവും ഭാരമേറിയ പൂച്ചയ്ക്ക് 21.297 കിലോഗ്രാമാണ് തൂക്കമുള്ളത്. വേഗത്തിൽ ചലിക്കുന്ന സമയത്ത് ശരീരത്തെ സന്തുലിതമായി നിർത്തുവാനുപയോഗിക്കുന്ന വാൽ പൂച്ചയുടെ നട്ടെല്ലുകളുടെ ഭാഗമാണ് . സ്വതന്ത്രമായി നിൽക്കുന്ന ക്ലാവിക്കിൽ എല്ലുകൾ, തല കടക്കാൻ മാത്രം സ്ഥലം ഉള്ള ഏതൊരിടത്തും അവയുടെ ശരീരം കടത്താൻ പൂച്ചകളെ സഹായിക്കുന്നു. വായ മാംസം കടിച്ചുമുറിക്കാൻ പാകത്തിനുള്ള പല്ലുകളാണ് പൂച്ചകൾക്കുള്ളത്. പ്രീമോളാറ് പല്ലുകളും പ്രഥമ മോളാറ് പല്ലുകളും വായയുടെ ഇരുഭാഗത്തുനിന്നുമായി കത്രിക പോലെ കൂടിച്ചേർന്ന് മാംസം കടിച്ചുമുറിക്കാനായി പൂച്ചകളെ സഹായിക്കുന്നു. മാംസം പൂർണ്ണമായും പറിച്ചെടുക്കാനായി പൂച്ചകളുടെ നാവിൽ നിറയേ മൂർച്ചയുള്ള മുകുളങ്ങളുണ്ട്. ഇവ പിറകിലോട്ട് നിൽക്കുന്ന കൊളുത്തുകൾ പോലെയാണ്. അതിൽ കെരാറ്റിൻ ഉള്ളതിനാൽ രോമങ്ങൾ വൃത്തിയാക്കാനും പൂച്ചകൾ സ്വന്തം നാക്ക് ഉപയോഗിക്കുന്നു. മ്യാവൂ എന്ന ശബ്ദം, പര്ര്ര്ര് എന്ന ശബ്ദം ഉണ്ടാക്കുക, ഹിസ്സ് ശബ്ദം ഉണ്ടാക്കുക, മുരളുക, സ്കവീക്ക് ശബ്ദം ഉണ്ടാക്കുക, ചിർപ്പ് ശബ്ദം ഉണ്ടാക്കുക, ക്ലിക്ക് ശബ്ദം ഉണ്ടാക്കുക, മുറുമുറുക്കുക തുടങ്ങിയവ ഉണ്ടാക്കാൻ ഇവയ്ക്ക് സഹായകമാകുന്നതും വായയുടെ ഈ പ്രത്യേകതകൾ തന്നെയാണ്. പൂച്ചയുടെ ചെവിയിൽ 32 വ്യത്യസ്ത പേശികളുണ്ട്.ഇവയ്ക്ക് ഓരോ ചെവിയും സ്വതന്ത്രമായി ചലിപ്പിക്കാനാകും. ഇതുകൊണ്ട് തന്നെ ശരീരം ഒരു വശത്തേയ്ക്കും ചെവികൾ മറുവശത്തേയും ചലിപ്പിക്കാനും സാധിക്കും. മിക്ക പൂച്ചകൾക്കും മുകളിലേയ്ക്ക് ചൂണ്ടുന്നതരത്തിലുള്ള നേരെയുള്ള ചെവികളാണുള്ളത്. നായകൾക്ക് ഉള്ളതുപോലെ മടങ്ങിയചെവികൾ വളരെ അപൂർവ്വമായേ ഇവയ്ക്കുണ്ടാകാറുള്ളൂ പേടിച്ചിരിക്കുമ്പോഴും ദേഷ്യം വന്നിരിക്കുമ്പോഴും പൂച്ച തന്റെ ചെവി പിന്നിലേയ്ക്ക് തിരിച്ച് വെയ്ക്കും. കളിക്കുമ്പോഴും പിന്നിൽ നിന്നുള്ള ശബ്ദം ശ്രവിക്കേണ്ടപ്പോഴും പൂച്ച ഇതുപോലെ ചെവി പിന്നിലേയ്ക്ക് തിരിച്ച് വെയ്ക്കാറുണ്ട്. പൂച്ചയുടെ ചെവി എങ്ങനെ, ഏത് ഭാഗത്തേയ്ക്ക് തിരിഞ്ഞ് നിൽക്കുന്നു എന്നതിൽനിന്ന് പൂച്ചയുടെ വികാരം മനസ്സിലാക്കാനാകും. നൂറിൽ അധികം ശബ്ദം പൂച്ചകൾ ഉണ്ടാക്കാറുണ്ട് പട്ടികളെപ്പോലെതന്നെ പൂച്ചകളും തങ്ങളുടെ ഉപ്പൂറ്റി നിലത്തൂന്നാതെയാണ് നടക്കുക, അതായത് തങ്ങളുടെ പാദത്തിന്റെ മുൻഭാഗം (toe) മാത്രം നിലത്തുമുട്ടുന്നതരത്തിൽ. പൂച്ചകളുടെ നടത്തം വളരെ കൃത്യമായ ചുവടുവയ്പ്പുകളോടുകൂടിയാണ്. പൂച്ച തന്റെ പിൻകാലുകൾ, മുൻകാലുകൾ വച്ചയിടത്ത് തന്നെ വച്ചാണ് നടക്കുക. ഇത് പൂച്ചയ്ക്ക് നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കാനും, കാൽപ്പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. അത്ര സുഖകരമല്ലാത്ത പ്രതലങ്ങളിൽ സഞ്ചരിക്കുമ്പോൾ പിന്നിലെ കാല് മോശമായ എവിടെയെങ്കിലും വച്ച് അപകടം പറ്റാതിരിക്കാനും ഈ കൃത്യമായ ചുവടുവയ്പ്പ് പൂച്ചയെ സഹായിക്കുന്നു. പട്ടികളുൾപ്പെടെയുള്ള മിക്ക സസ്തനികളും ഒരു വശത്തെ മുൻകാൽ മുന്നോട്ട് വയ്ക്കുമ്പോൾ മറുവശത്തെ പിൻകാൽ ആണ് മുന്നോട്ട് വയ്ക്കുക. എന്നാൽ പൂച്ചകൾ മുന്നോട്ട് നീക്കുന്ന കാലുകൾ രണ്ടും ഒന്നിച്ച് തന്നെയായിരിക്കും. ഒട്ടകങ്ങൾ, ജിറാഫുകൾ, പേസേർസ് പോലെയുള്ള ചില കുതിരകൾ തുടങ്ങിയ ചുരുക്കം ചില മൃഗങ്ങൾ മാത്രമേ പൂച്ചകളുടേതു പോലെ ഇങ്ങനെ കാൽ ചലിപ്പിക്കാറുള്ളൂ. പക്ഷെ ഈ മൃഗങ്ങളുമായി പൂച്ചക്ക് ഇതിലൂടെ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പൂച്ചക്കുടുംബത്തിലുള്ള മറ്റ് മൃഗങ്ങളെപ്പോലെ (ചീറ്റപ്പുലികൾ ഒഴിച്ച്) പൂച്ചയ്ക്കും തങ്ങളുടെ നഖങ്ങൾ കാലിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കും ആവശ്യാനുസരണം നീക്കാൻ കഴിയും. വിശ്രമിക്കുന്ന അവസ്ഥയിൽ പൂച്ചയുടെ നഖങ്ങൾ അകത്തേയ്ക്ക് വലിഞ്ഞ് ത്വക്കും രോമങ്ങളും ചേർന്ന് മൂടപ്പെട്ടിരിക്കും. ഇത് തങ്ങളുടെ നഖങ്ങൾക്ക് തേയ്മാനം ഉണ്ടാകുന്നത് കുറയ്ക്കാനും നടക്കുമ്പോൾ ശബ്ദം കുറയ്ക്കാനും പൂച്ചകളെ സഹായിക്കുന്നു. മുൻകാലുകളിലെ നഖങ്ങൾ പിൻകാലുകളിൽ ഉള്ളതിനേക്കാൾ മൂർച്ച ഉള്ളവയായിരിക്കും. ഒരു കാലിലേത് മാത്രമായോ അല്ലെങ്കിൽ കൂട്ടമായോ തങ്ങളുടെ ഇഷ്ടപ്രകാരം നഖങ്ങൾ അകത്തേയ്ക്കും പുറത്തേയ്ക്കും നീക്കുന്നത് നിയന്ത്രിക്കാൻ പൂച്ചയ്ക്ക് കഴിവുണ്ട്. ഇരതേടുമ്പോഴും പ്രതിരോധം ആവശ്യമാകുമ്പോഴും മരം കയറുമ്പോഴും പുതപ്പ്, വസ്ത്രങ്ങൾ എന്നിവയടക്കമുള്ള മിനുസമുള്ള പ്രതലങ്ങളിൽ നടക്കുമ്പോഴും തങ്ങളുടെ നഖങ്ങൾ പൂച്ച പുറത്തേയ്ക്ക് നീട്ടാറുണ്ട്. ഇക്കാരണത്താൽ പരവതാനിയിലും മറ്റും നടക്കുമ്പോൾ വളഞ്ഞ് പുറത്തേയ്ക്ക് നീണ്ട് നിൽക്കുന്ന നഖങ്ങൾ നൂലിലോ മറ്റോ കുടുങ്ങുമ്പോൾ രക്ഷപെടാനുള്ള തത്രപ്പാടിൽ പൂച്ചകൾക്ക് അപകടവും സംഭവിക്കാറുണ്ട്. പൂച്ചയുടെ കാലിന്റെ മുകളിലും താഴെയുമായി പതിയെ അമർത്തി നമുക്ക് അവയുടെ നഖങ്ങൾ പുറത്തേയ്ക്ക് കൊണ്ട് വരാൻ സാധിക്കും. മിക്ക പൂച്ചകൾക്കും മുൻകാലുകളിൽ അഞ്ച് നഖങ്ങളും പിൻകാലുകളിൽ നാലോ അഞ്ചോ നഖങ്ങളും ആണ് ഉണ്ടാകുക. മനുഷ്യർക്ക് ഉണ്ടാകുന്നതുപോലെ ചിലപ്പോൾ വീട്ടുപൂച്ചകൾക്ക് അഞ്ചിലധികം നഖങ്ങൾ അപൂർവ്വമായി ഉണ്ടായി എന്ന് വരാം. മുൻകാലുകളുടെ അടിയിൽ കട്ടിയുള്ള ത്വക്കും ഉണ്ടാകാറുണ്ട് പൂച്ചകൾക്ക്. നടക്കുമ്പോൾ ഇവകൊണ്ട് പൂച്ചകൾക്ക് ഉപകാരം ഒന്നും ഇല്ലെങ്കിലും ചാടിവീഴുമ്പോൾ തെന്നൽ ഒഴിവാക്കാനായി ഇത് പൂച്ചയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. പൂച്ചകളുടെ ത്വക്ക് വളരെ അയഞ്ഞതാണ്. ഇത് പൂച്ചകളെ പിടിമുറുക്കി വച്ചിരിക്കുന്ന ശത്രുക്കളുടെ ബന്ധനത്തിൽ നിന്ന് മെയ്‌വഴക്കത്തോടെ തിരിഞ്ഞ് പ്രത്യാക്രമിക്കാൻ പൂച്ചകളെ സഹായിക്കുന്നു. ത്വക്കിന്റെ പ്രത്യേകത കുത്തിവയ്പ്പ് നടത്തേണ്ടുന്ന അവസരങ്ങളിൽ വളരെ സഹായകരമാണ്. കഴുത്തിനു പിന്നിലുള്ള പൂച്ചയുടെ അയഞ്ഞ ത്വക്കാണ് തള്ളപ്പൂച്ച തങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുമ്പോൾ കടിച്ച് പിടിക്കാൻ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും. ആക്രമണകാരിയായ പൂച്ചയെ അടക്കിനിർത്താൻ ഈ പ്രത്യേകത ഉപയോഗിക്കാവുന്നതാണ്. പക്ഷെ വലിയ പൂച്ചകൾക്ക് കുഞ്ഞ് പൂച്ചകളേക്കാൾ ഭാരം കൂടുതൽ ഉള്ളതിനാൽ, മനുഷ്യർക്ക് പൂച്ചകളെ എടുക്കാൻ ഈ ത്വക്കിൽ പിടിച്ച് ഉയർത്തുന്നതിനുപകരം പൃഷ്ഠത്തിന്റെ ഭാഗത്ത് ഒരു കൈയ്യും മുൻകാലുകളുടേയും നെഞ്ചിന്റേയും ഇടയിൽ മറ്റേതും വച്ച് ഉയർത്തുന്നതാകും ഉചിതം. കൊച്ച് കുട്ടികളെപ്പോലെ പൂച്ച അപ്പോൾ തന്റെ തലയും മുൻകാലുകളും തന്നെ എടുക്കുന്ന മനുഷ്യന്റെ തോളിലും പിൻകാലുകളും പൃഷ്ഠവും ഈ വ്യക്തിയുടെ കയ്യിലെന്ന രീതിയിലും ആയി സുഖകരമായി കിടക്കും. മനുഷ്യനേക്കാൾ പകൽക്കാഴ്ച കുറവാണെങ്കിലും രാത്രിയിലുള്ള കാഴ്ച മനുഷ്യനേക്കാൾ വളരെയധികം മികച്ചതാണ്. മറ്റുമൃഗങ്ങളേക്കാൾ കൂടുതൽ നേരം ഉറങ്ങിയാണ് പൂച്ചകൾ തങ്ങളുടെ ഊർജ്ജം സംരക്ഷിക്കുന്നത്. പ്രായമാകും തോറുമാണ് ഇവ ഉറങ്ങാൻ കൂടുതൽ താത്പര്യം കാണിക്കുന്നത്. 13-14 മണിക്കൂർ ആണ് ശരാശരി ഉറക്കസമയമെങ്കിലും ദൈർഘ്യം 12 മുതൽ 16 മണിക്കൂറ് വരെ വ്യത്യാസപ്പെട്ട് കാണാറുണ്ട്. ഒരു ദിവസം ഇരുപത് മണിക്കൂർ വരെ ചില പൂച്ചകൾ ഉറങ്ങാറുണ്ട്. വളരെ കുറച്ച് സമയത്തേയ്ക്ക് ഉറങ്ങാനുള്ള പൂച്ചയുടെ കഴിവിനെ പൂച്ചയുറക്കം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വളരെക്കുറച്ച് സമയം മനുഷ്യർ ഉറങ്ങുമ്പോൾ അതിനെ പൂച്ചയുറക്കം എന്ന് വിശേഷിപ്പിക്കാറുണ്ട്. പൂച്ചകൾ വൈകുന്നേരവും അതിരാവിലേയുമാണ് കൂടുതലായി ഊർജ്ജ്വസ്വലരായി കാണപ്പെടാറുള്ളത്.ശൗര്യം അവയുടെ സഹവാസവും ജാതിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നവ മെലിഞ്ഞതും കൂടുതൽ ചുറുചുറുക്കുള്ളവയുമാണെങ്കിൽ മറ്റുള്ളവ വണ്ണമുള്ളതും എന്നാൽ ഊർജ്ജസ്വലത കുറവുള്ളവയുമാണ്.

