Feature (Page 5)

ദേശീയ നായ ദിനം (National Dog Day)

മനുഷ്യൻ ഇണക്കി വളർത്തുന്ന ഓമനമൃഗമാണ് നായ. ഇന്ന് ഓഗസ്റ്റ് 26 ദേശീയ നായ ദിനം. ചാര ചെന്നായയുടെ ഉപജാതിയും(Subspecies) സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളുമാണ്‌ നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം വിവിധയിനം നായകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ഇനങ്ങളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു. മനുഷ്യസംസ്കാരം ഉടലെടുത്തപ്പോൾ മുതൽ നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങിയിരുന്നു എന്ന് കരുതപ്പെടുന്നു.15000 വർഷം പഴക്കമുള്ള നായുടെ അസ്ഥികൂടം ജർമ്മനിയിലെ ബൊൺ-ഒബെർകാസ്സെൽ എന്ന സ്ഥലത്തു നിന്നും കുഴിച്ചെടുക്കുകയുണ്ടായി.ആ അസ്ഥികൂടം ലഭിച്ചത് ഒരു മനുഷ്യന്റെ ശവക്കല്ലറയിൽ നിന്നാണെന്നത് മനുഷ്യരും നായ്ക്കളും തമ്മിലുണ്ടായിരുന്ന പുരാതന ബന്ധത്തെ കാണിക്കുന്നു.
അടിസ്ഥാനപരമായി നായ്ക്കളുടെ ശരീരപ്രകൃതി വേട്ടയാടുന്ന മാംസഭുക്കുകളുടേതാണ്(ഇംഗ്ലീഷിൽ:Predators). അതു കൊണ്ട് തന്നെ ആക്രമണത്തിനും മാംസവും എല്ലുകളും കടിച്ചു മുറിക്കാനും പ്രാപ്തമായ ശക്തിയുള്ള താടിയെല്ലുകളും മൂർച്ചയുള്ള പല്ലുകളും നായ്ക്കൾക്കുണ്ട്. കേൾവി നായ്ക്കൾക്ക് 16 Hz വരെ താഴ്ന്ന ആവൃത്തിയുള്ള ശബ്ദവും 45 kHz വരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദവും കേൾക്കാൻ സാധിക്കും(മനുഷ്യൻ: 20Hz-20kHz). നായ്ക്കളുടെ ചെവി പലദിശകളിലേക്കും തിരിക്കാൻ സാധിക്കുന്നത് കൊണ്ട് ശബ്ദത്തിന്റെ ഉറവിടം വളരെപ്പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കൂടാതെ മനുഷ്യർക്ക് കേൾക്കാൻ കഴിയുന്നതിന്റെ നാലിരട്ടി ദൂരത്തുനിന്നുള്ള ശബ്ദം കേൾക്കാനും നായകൾക്ക് കഴിയും. ഉയർന്ന കേൾ‌വിക്ഷമതയുള്ള നായ്ക്കളുടെ ചെവി ചെന്നായ വർഗക്കാരുടെ പൊലെ ഉയർന്നു നിൽക്കുന്നതാണെന്ന് കാണാം, വീണു കിടക്കുന്നതരം ചെവിയുള്ള നായ്ക്കൾക്ക് കേൾവിശക്തി കുറവായിരിക്കും.

കാഴ്ച നായ്ക്കളുടെ കണ്ണിന്റെ വലിപ്പവും ആകൃതിയും ജനുസ്സനുസരിച്ച് വ്യത്യസ്തമാണ്. നായ്ക്കൾ വർണ്ണാന്ധതയുള്ള ജീവികളാണ്, എങ്കിലും അവയുടെ കണ്ണിന്റെ റെറ്റിനയിലെ കാഴ്ചാനാഡികളുടെ പ്രത്യേകതകൾ മൂലം അവക്ക് നന്നായി കാണാൻ സാധിക്കുന്നു. പല ജനുസ്സ് നായ്ക്കൾ‍ക്കും 2700 വരെ കാഴ്ചവട്ടം (Field of Vision) ഉണ്ട്. മറ്റ് ജനുസ്സുളെക്കാൾ കാഴ്ചശക്തി കൂടുതലുള്ള ജനുസ്സുകളെ സൈറ്റ് ഹൗൻഡ് (ഇംഗ്ലീഷിൽ Sight Hound) എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. നായ്ക്കളുടെ മൂക്കിൽ ഒരു തപാൽ സ്റ്റാമ്പിന്റെ അത്രയും സ്ഥലത്ത് ഏകദേശം 50 ലക്ഷം ഘ്രാണസം‌വേദിനീ കോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നായ്ക്കളെ വളരെ നല്ല മണം പിടിക്കലുകാർ ആക്കുന്നു. നായ്ക്കളിൽ തന്നെ ചില ജനുസ്സുകൾക്ക് മണം പിടിക്കാനുള്ള കഴിവ് മറ്റുള്ള ജനുസ്സുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും ഇത്തരം ജനുസ്സുകളെ സെന്റ് ഹൗൻഡ്(ScentHound) എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. നായ് ജനുസ്സുകളിൽ വച്ച് ഏറ്റവും കൂടുതൽ ഘ്രാണശക്തി ബ്ലഡ്ഹൗണ്ട്(BloodHound) എന്ന ജനുസ്സിനാണ്.

വളർത്തു നായ്ക്കൾ മാംസഭുക്കുകളാണോ മിശ്രഭുക്കുകളാണോ എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. കാർണിവോറ നിരയിൽ ഉൾപ്പെട്ടതു കൊണ്ട് മാത്രം നായ്ക്കൾ പൂർണ്ണമാംസഭുക്കുകളാണെന്നു പറയാൻ കഴിയില്ല. കാരണം മറ്റു പൂർണ്ണമാംസഭുക്കുകളെ പോലെ ചെറുതല്ല നായയുടെ ആന്തരാവയവങ്ങൾ. കൂടാതെ നായ്ക്കൾ അവയുടെ ശരീരപ്രവർത്തനങ്ങൾക്ക് മാംസജന്യമായ ജീവകങ്ങൾ കുറഞ്ഞ അളവിലേ ഉപയോഗിക്കുന്നുള്ളൂ. നായ്ക്കൾക്ക് പല തരത്തിലുള്ള ഭക്ഷണസാധനങ്ങൾ, പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടെ, ദഹിപ്പിക്കാനും അവയിൽ നിന്ന് ധാതുക്കളും ജീവകങ്ങളും ആഗിരണം ചെയ്യാനും കഴിയും. വളർത്തു നായ്ക്കളെ ശ്രദ്ധാപൂർ‌വമായ മാംസരഹിത ഭക്ഷണരീതിയിലൂടെയും ആരോഗ്യത്തോടെ വളർത്താൻ സാധിക്കും അവയുടെ ഭക്ഷണസാധനങ്ങളിൽ മുട്ടയും പാലും ഉൾപ്പെടുത്തിയാൽ മതിയാകും. നായ്ക്കൾ ഇടക്കിടെ പുല്ല് തിന്നാറുണ്ട്. ഇത് വയറ്റിലെ അനാവശ്യവസ്തുക്കളെ പുറത്തു കളയാനാണെന്നു വിശ്വസിക്കപ്പെടുന്നു. പുല്ല് വയറ്റിലെ വസ്തുക്കളുമായി കെട്ടിപ്പിണയുകയും ഛർദ്ദിയിലൂടെ ഈ വസ്തുക്കൾ പുറത്തു വരികയും ചെയ്യുന്നു. നായ്ക്കളിൽ ഛർദ്ദി സാധാരണമാണ്. നായ്ക്കൾ ചവയ്ക്കാതെ കടിച്ചു വിഴുങ്ങുന്ന മൃഗങ്ങളായതു കൊണ്ട് വയറ്റിലെത്തുന്ന എല്ല്, രോമങ്ങൾ എന്നിവ പുറത്തുകളയാനാണിത്.

അപകടകാരികളായ വസ്തുക്കൾ മനുഷ്യർ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളും നായ്ക്കൾക്ക് അപകടം വരുത്തിവെക്കാറുണ്ട്. ചോക്ലേറ്റ് (തിയോബ്രോമിൻ വിഷബാധ), ഉള്ളി, പച്ചയും ഉണങ്ങിയതുമായ മുന്തിരിങ്ങ എന്നിവ അതിൽ ചിലതാണ്. കൂടാതെ ച്യൂയിംഗ് ഗം, മധുരീക്രിതികൾ എന്നിവയും അപകടമുണ്ടാക്കുന്നു. മുന്തിരിങ്ങയിൽ നിന്നുള്ള കടുത്ത അപകടം 2000-ആമാണ്ടിൽ മാത്രമാണ് തിരിച്ചറിഞ്ഞത്. വളരെ കുറഞ്ഞ അളവിൽ പോലും ഉണങ്ങിയതോ പച്ചയോ ആയ മുന്തിരിങ്ങ ഉള്ളിൽ ചെന്നാൽ നായ്ക്കൾക്ക് കടുത്ത വൃക്ക സ്തംഭനം ഉണ്ടാകുന്നു. ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാകം ചെയ്ത എല്ലുകൾ നായ്ക്കൾക്ക് നൽകാൻ പാടുള്ളതല്ല. ചൂട് എല്ലുകളുടെ രാസഘടന മാറ്റുന്നു അതുമൂലം എല്ല് ചവക്കുമ്പോൾ അത് പിളർന്ന് ചെറിയ കഷ്ണങ്ങളാവുകയും ദഹനപ്രക്രിയക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. മനുഷ്യരുടെ പല മരുന്നുകളും നായ്ക്കൾക്ക് വിഷകരമാണ്. മദ്യം മനുഷ്യരിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ നായ്ക്കളിലും ഉണ്ടാക്കുന്നു. പല ചെടികളും നായ്ക്കൾക്ക് വിഷകരമാണ്.

നായ്ക്കൾ ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്ന മൃഗങ്ങളാണ്. ജനുസ്സനുസരിച്ച് നായ്ക്കളുടെ ബുദ്ധിശക്തിയിൽ ഏറ്റക്കുറച്ചിലുകൾ കാണാം. ബോർഡർ കോളി, പൂഡിൽ, ജർ‌മൻ ഷെപ്പേർഡ്, ഗോൾഡൻ റിട്രീവർ,ഡോബർമാൻ പിൻഷർ എന്നീ ജനുസ്സുകളാണ് നായ്ക്കളിൽ ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്നത്. ഈ ജനുസ്സുളെല്ലാം പരിശീലിപ്പിച്ചെടുക്കാൻ എളുപ്പമുള്ളവയാണ്. അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. മറ്റു പല ജനുസ്സുകൾ നിർദ്ദേശങ്ങൾ ഗ്രഹിക്കാൻ താമസിക്കുമെങ്കിലും അവയുടെ കഴിവ് മറ്റു പല മേഖലകളിലും കാഴ്ചവെക്കുന്നു ഉദാ: മണം പിടിക്കൽ, വേട്ടയാടൽ. നായ്ക്കൾ പരിസരങ്ങളോട് വളരെയധികം ഇണങ്ങിച്ചേരുന്നവയായതിനാൽ മനുഷ്യരുടെ പല സേവനങ്ങൾക്കും ഉപയോഗസജ്ജമായ നായ ജനുസ്സുകൾ തലമുറകളിലൂടെ വികസിച്ചു വന്നിട്ടുണ്ട്. ഇന്ന് പല മേഖലകളിലും നായ്ക്കൾ ഒരവിഭാജ്യഘടകമാണ്. നിയമപരിപാലനം, രക്ഷാപ്രവർത്തനം, അവലാഞ്ച് റെസ്ക്യൂ നായ, കാവൽ, കന്നുകാലി മേക്കൽ, അന്ധർക്ക് വഴികാട്ടൽ തുടങ്ങിയവ അതിൽ ചിലത് മാത്രം. എന്നിരുന്നാലും സങ്കീർണ്ണമായ കാര്യങ്ങൾ നായ്ക്കൾക്ക് പഠിക്കാൻ കഴിയുകയില്ല. അതിനാൽ അന്ധരെ സഹായിക്കുന്ന നായ്ക്കൾക്ക് അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേക പരിശീലനം നൽകുന്നു.

ജീവിത കാലം ജനുസ്സനുസരിച്ച് നായയുടെ ജീവിതകാലം വ്യത്യാസപ്പെട്ടിരിക്കുന്നു. ശരാശരി 10 മുതൽ 12 വർഷം വരെയാണ് നായ്ക്കളുടെ ആയുസ്സ്. പല ജനുസ്സുകളും ഉദാ: ബുൾ ഡോഗ്,ഗ്രേറ്റ് ഡേൻ,മാസ്റ്റിഫ് കുറച്ചു കാലം മാത്രമേ ജീവിക്കാറുള്ളൂ 6 മുതൽ 7 കൊല്ലം വരെ. ആയുസ്സ് കൂടിയ ജനുസ്സുകളായ പൂഡിൽ‍,ബോർഡർ ടെറിയർ,ഡാഷ്ഹണ്ട് എന്നിവക്ക് 14 മുതൽ 15 വർഷം വരെ ആയുസ്സുണ്ട്. സങ്കരവർഗ്ഗ നായകൾ പൊതുവേ തനത് ജനുസ്സുകളേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു. നായ്ക്കൾക്ക് പലതരം അസുഖങ്ങൾ വരാറുണ്ട്. മിക്ക രോഗങ്ങളും നായ്ക്കളിൽ മാത്രം കാണുന്നവയാണെങ്കിലും ചിലത് മനുഷ്യരിലേക്കും പടർന്നുപിടിക്കാറുണ്ട്. നായ്ക്കൾക്ക് വരുന്ന അസുഖങ്ങളിൽ നായ്ക്കൾക്കും മനുഷ്യർക്കും ഒരു പോലെ മാരകമായതാണ് പേവിഷബാധ(Rabies) അല്ലെങ്കിൽ ജലഭയം(Hydrophobia). പേവിഷബാധമൂലം സസ്തനികളിൽ എൻസെഫലിറ്റിസ് അതായത് തലച്ചോർ വലുതാവുന്ന അവസ്ഥയുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ പേവിഷബാധ തടയാൻ കഴിയൂ. നായ്ക്കൾക്ക് വരുന്ന മറ്റു രണ്ട് മാരകരോഗങ്ങളാണ് പാർ‌വൊ, ഡിസ്റ്റംബർ എന്നിവ. ഇവക്കും ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്. ഇവ കൂടാതെ പരമ്പരാഗതമായി വരുന്ന രോഗങ്ങളും നായ്ക്കളിൽ കാണാറുണ്ട്. കൂടാതെ മനുഷ്യരിൽ കാണപ്പെടുന്നത് പോലെ ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, കാൻസർ മുതലായവയും നായ്ക്കളിൽ കാണപ്പെടാറുണ്ട്.

നായകൾ വളരെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്നവയാണ്. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കൾ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്. മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാൽ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കൾ സന്തോഷം കണ്ടെത്തുന്നു. മനുഷ്യരുമായുള്ള ഈ ഒത്തിണക്കം പണ്ട് കാലത്ത് നായ്ക്കളെ ഉപയോഗിച്ച് ഫലപ്രദമായ വേട്ടകൾ നടത്താൻ സഹായിച്ചിരുന്നു. നായ്ക്കൾ സമൂഹജീവികളായതു മൂലം കൂട്ടത്തിലെ നേതാവിനോടുള്ള വിശ്വസ്തതയും കരുതലും ഉടമസ്ഥനോട് കാണിക്കുന്നു, ഇത് ജന്മനാലുള്ള വാസനയാണ്. എങ്കിലും മനുഷ്യരുടെ കാഴ്ചപ്പാടിൽ ഈ സ്വഭാവവിശേഷങ്ങൾ സ്നേഹത്തിനോടും സൗഹൃദത്തിനോടും അടുത്തു നിൽക്കുന്നു. പല നായ് വളർത്തുകാരും ഒരു കുടുംബാംഗം എന്ന നിലയ്ക്കാണ് നായ്ക്കളെ കാണുന്നത്. നായ്ക്കളെ മനുഷ്യർ പലതരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു, ജോലി ചെയ്യുന്ന നായ്ക്കളായി പല ജനുസ്സുകളേയും ഉപയോഗിക്കുന്നുണ്ട്.എങ്കിലും നായ്ക്കൾ ഇന്ന് പ്രധാനമായും മനുഷ്യർക്ക് കൂട്ടിനായാണ് വളർത്തപ്പെടുന്നത്. പല ദേശങ്ങളിലും നായയുടെ ഇറച്ചി ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട് ഉദാ: ചൈന,കൊറിയ,ഹോങ് കോങ് ഭാരതത്തിലെ മിസോറം,നാഗാലാ‌‍ൻഡ് എന്നീ സംസ്ഥാനങ്ങളിലും നായ ഇറച്ചി ഭക്ഷിക്കാറുണ്ട്. ഒട്ടുമിക്ക സ്ഥലങ്ങളിലും നായ് ഇറച്ചി തിന്നുന്നത് മോശമായി കണക്കാക്കി സാമൂഹികമായി വിലക്കിയിരിക്കുന്നു.

ഇന്ന് ചട്ടമ്പി സ്വാമികളുടെ ജന്മദിനം

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമികൾ. അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നു. ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര നായർ കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവി . അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോട് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പുജാരിയായ ബ്രാഹ്മണനായിരുന്നു. സംബന്ധം രീതിയിലെ വിവാഹമായതിനാൽ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തതും, ഉയർന്ന ജാതിയിൽ നിന്നുമായതിനാൽ മക്കൾക്ക് തൊട്ടു തീണ്ടാൻ പാടില്ലാത്തതുമായ പിതാവ് തന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു മാനസികാവസ്ഥ കുട്ടിക്കാലം മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു. സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളൊക്കെയും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വന്തം ഭവനത്തിലെ തന്നെ അനുഭവവും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടു്. വളരെ ദരിദ്ര കുടുംബ സാഹചര്യമായതിനാൽ സ്വാമിക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാനുള്ള മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. അയൽവീടുകളിലെ കുട്ടികളുടെ സഹായത്തോടെ സ്വാമി അക്ഷരാഭ്യാസം നടത്തി. സംസ്കൃതത്തിലേയും തമിഴിലേയും മലയാളത്തിലേയും പ്രാഥമിക പാഠങ്ങൾ ഹൃദിസ്ഥമാക്കി. കുറച്ചു കാലത്തിനുശേഷം വടിവീശ്വരം വേലുപ്പിള്ള ആശാനിൽനിന്നു കണക്കും വായനയും പഠിച്ചു. വീടിനു സമീപമുള്ള കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞനു പഠിക്കാനുള്ള താല്പര്യം തിരിച്ചറിഞ്ഞ് അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു. പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. ‘ചട്ടമ്പി’ എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും ‘ചട്ടമ്പി’ എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി. പഠിത്തം അധികം നാൾ തുടരാൻ കുഞ്ഞന് കഴിഞ്ഞില്ല. വീട്ടിലെ ദാരിദ്ര്യം കാരണം പഠിത്തം നിർത്തേണ്ടി വരികയും മാതാവിനും സഹോദരങ്ങൾക്കും ചിലവിനു വേണ്ട വക കണ്ടെത്താൻ ജോലി ആവശ്യമായി വന്നു. ഒരു ജോലിയോടും പുച്ഛമോ വെറുപ്പോ ഉണ്ടായിരുന്നില്ല. സർ ടി. മാധവറാവു ദിവാനായിരുന്നകാലത്തു് സെക്രട്ടറിയറ്റ് നിർമ്മാണത്തിനു് ഇഷ്ടികയും മണലും മണ്ണും മറ്റും ചുമക്കുന്ന ചുമട്ടുകാരനായി. അതിനുശേഷം കൊല്ലൂർ മഠക്കാരുടെ കണക്കുകൾ എഴുതുന്ന ജോലി ചെയ്തു. ഒരു വക്കീൽ ഗുമസ്തനായും കുറച്ചു നാൾ ജോലി നോക്കി. പിന്നീട് നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി കുറേക്കാലം കൂടി. മതം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങിയ പലതിലും അവനുള്ള താല്പര്യം അറിയാനിടയായ തദ്ദേശസവാസികൾ തങ്ങളുടെ സംശയങ്ങൾ തീർക്കാൻ ആ യുവാവിനെ സമീപിച്ചു തുടങ്ങി. നീണ്ട താടി, മുടങ്ങാത്ത യോഗപരിശീലനം, ധ്യാനം, ലളിതജീവിതം എല്ലാം ജനങ്ങൾ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അവർ അവിടെ കുഞ്ഞൻപിള്ള സ്വാമി എന്നറിയപ്പെട്ടു. പല എഴുത്തുകാരും വളരെ ദരിദ്രകുടുംബങ്ങളിൽ നിന്നു വന്നവരായിരുന്നു. അവർക്കെല്ലാം എന്നും ജോലി കിട്ടിയെന്നുവരില്ല. അതു മനസ്സിലാക്കിയ കുഞ്ഞൻപിള്ള തനിക്കു കിട്ടുന്നതിൽ ഒരു പങ്ക് ഒന്നും കിട്ടാത്തവർക്കു വീതിച്ചുകൊടുത്തു . ആ യുവാവിന് എല്ലാവരോടും ഒരേപോലെ സ്നേഹമായിരുന്നു. പിന്നീടു ജോലി ഭൂതപ്പാണ്ടിയിലേക്കു മാറ്റി. ഈ പ്രദേശം ദക്ഷിണേന്ത്യൻ തത്ത്വശാസ്ത്രം, സംസ്കാരം, ശാസ്ത്രങ്ങൾ ഇവയുടെ തട്ടകമാണ് . മതം, തത്ത്വശാസ്ത്രം, ചരിത്രം, വൈദ്യം ഇവയെ സംബന്ധിച്ചു തമിഴിലുള്ള ചില പഴയ കൈയെഴുത്തു പ്രതികളും താളിയോലകളും പരിശോധിക്കാനുള്ള സുവർണ്ണാവസരം കിട്ടി. എന്നാൽ ഏറെ താമസിയാതെ ജോലിവേണ്ടെന്നുവച്ച്‌ തിരുവനന്തപുരത്തിനു മടങ്ങി. സെക്രട്ടറിയറ്റിലേക്ക് ഗുമസ്തന്മാരെ നിയമിക്കാൻ ദിവാൻ സർ ടി. മാധവറാവു നടത്തിയ പരീക്ഷ ജയിച്ച് അവിടെ കണക്കപ്പിള്ളയായി. എന്നാൽ കുഞ്ഞൻപിള്ള സർക്കാർ ജീവനക്കാരനായി അധികനാൾ തുടർന്നില്ല. സർക്കാർ ജീവനം ഉപേക്ഷിച്ച കുഞ്ഞൻ പിള്ള, രാമൻപിള്ള ആശാന്റെ നേതൃത്വത്തിലുള്ള ‘ജ്ഞാന പ്രജാഗരം’ എന്ന സാംസ്കാരിക സംഘത്തിലെ സജീവ അംഗമായി. പണ്ഡിതന്മാരുമായും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുമായും ബന്ധപ്പെടാനും തന്റെ അറിവ് വിപുലമാക്കാനും അങ്ങനെ അദ്ദേഹത്തിന് അവസരം കിട്ടി. ജീവിതത്തിനിടയ്ക്ക് ആ ജ്ഞാനഭിക്ഷു വേദങ്ങൾ, തർക്കം, വ്യാകരണം, കാവ്യമീമാംസ, മന്ത്രശാസ്ത്രം എല്ലാം പഠിച്ചു. കുഞ്ഞൻപിള്ളയുടെ ഓർമ്മ ശക്തി അപാരമായിരുന്നു. കല്ലടക്കുറിച്ചിയിൽ വച്ച്‌ തന്റെ കഴിവുകളും അറിവുകളും വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. സമയം കിട്ടുമ്പോഴെല്ലാം പ്രാചീന ശൈവസിദ്ധാന്ത ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചുകൊണ്ടിരുന്നു. അവിടുത്തെ അലൗകികവും ശാന്തവുമായ അന്തരീക്ഷം, പരിണത പ്രജനരായ ആചാര്യന്മാർ പകർന്നു നൽകിയ ശ്രദ്ധയും സ്നേഹവും, അനവസാനമായ ജ്ഞാനദാഹം, ഒക്കെയാണ് ആ യുവാവിനെ വിദ്യധിരാജനായി ഉയർത്തിയത് . തന്റെ കൃതികളായ പ്രാചീന മലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയവ രചിക്കാനുള്ള കഴിവും പ്രചോദനവും കുഞ്ഞൻപിള്ളയ്ക്കു കൈവന്നത് കല്ലടക്കുറിച്ചിയിലെ ഗുരുകുലത്തിൽ പിന്നിട്ട ദിവസങ്ങളിൽ നിന്നായിരുന്നു. അദ്ദേഹം അവിടെ 4 മുതൽ 6 വർഷം വരെ ജീവിച്ചു. കല്ലടക്കുറിച്ചിയിലെ കാലമാണ് അദ്ദേഹത്തിന്റെ ഭാവി മഹത്ത്വത്തിന് അടിസ്ഥാനമിട്ടത്.

onam

  1. അത്തം : ഓണാഘോഷം തുടങ്ങുന്നത് ചിങ്ങ മാസത്തിലെ അത്തം നാളിലാണ്. മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര തിരിക്കുന്ന ദിവസമാണ് അത്തം നാൾ എന്നാണ് വിശ്വാസം. അന്ന് ഇടുന്ന പൂക്കളം മഞ്ഞ നിറമുള്ള പൂക്കള്‍ കൊണ്ടുള്ള ചെറിയ പൂക്കളമാണ്.
  2. ചിത്തിര : രണ്ടാം നാൾ മുതൽ മഞ്ഞ കൂടാതെ രണ്ടു വ്യത്യസ്ത നിറങ്ങളെക്കൂടി പൂക്കളത്തിൽ ചേർക്കുന്നു. അന്ന് മുതൽ ആളുകൾ ഓണത്തിനു വേണ്ടിയുള്ള വീട്ടു സാധനങ്ങൾ ഒരുക്കി തുടങ്ങുന്നു
  3. ചോതി : ചോതി നാളിൽ നാല് മുതൽ അഞ്ചു വരെ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു.ഓണ കോടിയും ആഭരണങ്ങളും വാങ്ങുന്ന ദിനം.
  4. വിശാഖം : നാലാം നാളായ വിശാഖം നാളിനെ വളരെ മംഗളകരമായാണ് കണക്കാക്കുന്നത്. പഴയ കാലത്ത് കൊയ്ത്തു വിപണി തുറക്കുന്നത് ഈ ദിവസത്തിലാണ്.
  5. അനിഴം : അഞ്ചാം നാളായ അനിഴം നാളിലാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് മുന്നോടിയായുള്ള വള്ളം കളികൾ തുടങ്ങുന്നത് .
  6. തൃക്കേട്ട : അഞ്ചു മുതൽ ആറു വരെ പൂക്കൾ ഉപയോഗിച്ചാണ് ഈ ദിവസം പൂക്കളം തീർക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വസിക്കുന്നവർ സ്വന്തം തറവാട്ടിലേക്ക് യാത്ര തിരിച്ചിരുന്നതും ഈ നാളിലാണ്.
  7. മൂലം : ഓണ സദ്യയും പുലികളി പോലുള്ള വിനോദ പരിപാടികളും തുടങ്ങുന്നത് ഈ ദിവസത്തിലാണ്. പ്രധാന അമ്പലങ്ങളിൽ എല്ലാം ഈ ദിവസം മുതൽ സദ്യ നല്കി തുടങ്ങുന്നു.
  8. പൂരാടം മഹാബലിയുടെയും വമനനന്‍റേയും സങ്കല്പ രൂപങ്ങൾ വീടിനു ചുറ്റും പ്രദക്ഷിണമായി കൊണ്ട് വന്നു അത്തപ്പൂക്കളത്തിന്‍റെ നടുവിൽ വച്ച് അതിൽ അരിമാവ് കൊണ്ട് ലായനി ഉണ്ടാക്കി അതിൽപുരട്ടുന്നു ഇത് കൊച്ചു കുട്ടികൾ ആണ് ചെയ്യുന്നത്. ഈ രൂപം ഓണത്തപ്പൻ എന്നറിയപ്പെടുന്നു.
  9. ഉത്രാടം : ഒൻപതാം നാളാണ് ഉത്രാട ദിനം. ഓണത്തിന്‍റെ അവസാന ഘട്ട ഒരുക്കത്തിനായി ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. ഉത്രാട ദിനത്തെ ഒന്നാം ഓണം എന്നും പറയപ്പെടുന്നു. അന്ന് മിക്ക ഭവനങ്ങളിലും ചെറിയ രീതിയിലുള്ള സദ്യ ഒരുക്കുന്നു.
  10. തിരുവോണം : അത്തം തുടങ്ങി പത്താം നാൾ ആണ് തിരുവോണം. തിരുവോണപ്പുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്‍റെ സങ്കൽപ്പരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.
ലോക അടുക്കളത്തോട്ട ദിനം

ആഗസ്റ്റ് മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക അടുക്കളത്തോട്ട ദിനമായി ആചരിച്ചു വരുന്നു. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനുള്ള സ്രോതസാണ് പച്ചക്കറികള്‍
നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക് പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. സമീകൃത ഭക്ഷണമായി, പ്രതിദിനം, പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ. നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനു പിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്. അവസാന ഇടം അടുക്കളയുടെ ഭാഗം തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും. വിശ്രമ സമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം; വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്‍റെ വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്‌കര്‍ഷ ഇല്ലെങ്കിലും, കഴിയുന്നതും ചതുരത്തെക്കാള്‍ ദീര്‍ഘചതുരാകൃതിയാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്‍ന്ന്, 5 സെന്‍റ് സ്ഥലം മതി. നടീൽ നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്‍റെ ഒരുവശത്ത് നടാം. അമരപ്പയര്‍ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണില്‍ ഒരു ഭാഗം വിത്ത് വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടത്തിലെ ബണ്ടുകളില്‍ നടാം.Ø മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടാം. വിതച്ചതിനുശേഷം, മേല്‍മണ്ണുകൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത്, ഉറുമ്പുശല്യം ഒഴിവാക്കും. വിതച്ച് 30 ദിവസം കഴിഞ്ഞ് (തക്കാളിക്ക്) 40-45 ദിവസം കഴിഞ്ഞ് വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് 30-45 സെ.മീ. അകലത്തിലും, സവാളക്ക് 10 സെ.മീ. അകലത്തില്‍ വരമ്പിന്‍റെ ഇരുവശത്തും നടാം. നട്ട ഉടന്‍ തന്നെ നന്നായി നനക്കണം. തുടര്‍ന്ന് മൂന്നാം ദിവസവും ആദ്യഘട്ടത്തില്‍ തൈകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. പിന്നീട് നാല് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. തോട്ടത്തിന്‍റെ നടപ്പാതയ്ക്ക് ചുറ്റിനും, മധ്യഭാഗത്തെ നടപ്പാതയിലും ചെറുചെടികളായ മല്ലി, ചീര, പുതിന, ഉലുവ എന്നിവ നടാം.അടുക്കളത്തോട്ടത്തിന്‍റെ സാമ്പത്തികലാഭം തോട്ടക്കാര്‍ ആദ്യം സ്വന്തം കുടുംബങ്ങള്‍ക്കായി, പച്ചക്കറികള്‍ തയാറാക്കുന്നു. വില്‍ക്കുകയോ, പകരം നല്‍കുകയോ വഴി അധികമുള്ളത് കാശാക്കുകയും ചെയ്യുന്നു. വരുമാനം ഉണ്ടാക്കല്‍ തന്നെ പ്രധാന ഉദ്ദേശം. ഒപ്പം രാസവളമില്ലാത്ത. പോഷകഗുണമുള്ള പച്ചക്കറി ലഭ്യമാകുകയും ചെയ്യും. ഇവ പരസ്പര പൂരകങ്ങളാണ്. അടുക്കളത്തോട്ടത്തില്‍ നിന്നുള്ള സാമ്പത്തികലാഭം ഇവയാണ്.

ഇന്ന് അത്തം.

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലമായ പൊന്നോണത്തിൻ്റെ വരവറിയിച്ച് ഇന്ന് അത്തം.
ചാണകമുറ്റത്ത് പൂക്കളം തീര്‍ത്ത് ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങുന്ന ദിനം. ഇനി പത്ത് നാള്‍ കാത്തിരിപ്പിൻ്റെ കാലം.
ലോകത്തിൻ്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. നാട്ടിന്‍പുറങ്ങളും വേലിപ്പടര്‍പ്പുകളും നാട്ടിടവഴികളുമെല്ലാം മലയാളിയുടെ മനസ്സില്‍ നിന്ന് മാഞ്ഞു തുടങ്ങിയതാണ്. ഇത്തവണ ഓണത്തിന് അത്തപ്പൂക്കളമൊരുക്കണമെങ്കില്‍ റോഡുകളായി രൂപാന്തരം പ്രാപിച്ച ഓര്‍മ്മകളുടെ ഇടവഴികളിലൂടെ പൂക്കള്‍ തേടി ഒരുപാട് അലയേണ്ടി വരും മലയാളിക്ക്. കൊവിഡ് പശ്ചാത്തലത്തില്‍ അന്യനാട്ടില്‍ നിന്നുള്ള പൂക്കള്‍ വേണ്ടെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പൂക്കളമൊരുക്കാന്‍ നാടന്‍ പൂക്കള്‍ തിരയേണ്ടി വരും. നഗര പരിധിയില്‍ താമസിക്കുന്നവരെ പൂക്കളം ഇത്തവണ ചെറുതായെങ്കിലും ഒന്ന് വലച്ചേക്കും. എന്ത് തന്നെയായാലും തനിമ നഷ്ടപ്പെട്ട മലയാളത്തിന് ഈ ഓണം പഴമയിലേക്കുളള ഒരു തിരിച്ചുപോക്കായേക്കും. പൂവിളികളും പാട്ടുകളുമായി നഗരമെന്നോ നാട്ടുപുറമെന്നോ വ്യത്യാസമില്ലാതെ കുരുന്നുകള്‍ പൂക്കള്‍ തേടിയിറങ്ങും. തുമ്പ, തെച്ചി, മുക്കുറ്റി, മന്ദാരം, വേലിയില്‍ പടര്‍ന്ന് നില്‍ക്കുന്ന ഓടാപ്പൂ, കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന ശംഖുപുഷ്പവും ഓര്‍മ്മ മാത്രമായിട്ട് വര്‍ഷങ്ങളായി. ഓണക്കാലത്ത് തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും പൂക്കള്‍ എത്താന്‍ തുടങ്ങിയതോടെ ഇവയെല്ലാം നമ്മള്‍ മറന്നു. ഡാലിയയും ജമന്തിയും ചെത്തിയുമെല്ലാം ഓണപ്പൂക്കളം തീര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ കൊവിഡ് സാധ്യത വര്‍ധിക്കുന്ന സാഹചര്യമുള്ളതിനാല്‍ പൂക്കളമൊരുക്കാന്‍ അതതു പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇത്തവണ പൂക്കള്‍ എത്തുന്നത് കുറയും. അതോടെ പറമ്പിലെ പൂത്ത് നില്‍ക്കുന്ന ചെമ്പരത്തിയും നമ്പ്യാര്‍വട്ടവും ഓണക്കാലത്ത് മാത്രം തലയുയര്‍ത്തി നില്‍ക്കുന്ന കൃഷ്ണ കിരീടവും ഇനി അത്തം മുതല്‍ മലയാളികളുടെ വീട്ട് മുറ്റത്തെ കളങ്ങളില്‍ നിറയും. അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് ഐതിഹ്യം. ഒരിക്കൽ തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ ജനങ്ങൾക്കു സാധിക്കാതെ വന്നു. തുടര്‍ന്ന് ഓരോ വീടുകളുടെയും മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു. ഇതാണ് അത്തപ്പൂക്കളത്തിന് പിന്നിലെ ഐതീഹ്യം അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിലാണ് പൂക്കളത്തിൽ മറ്റ് പൂക്കൾ ഉപയോഗിക്കുന്നത്. അത്തം നാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. കൂടാതെ, ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ പത്താം നാള്‍ പത്ത് നിര പൂ ഉപയോഗിച്ച് അത്തപ്പൂക്കളം തയ്യാറാക്കുന്നു. ഓണം എന്ന പേരുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഓണത്തെ വിളവെടുപ്പ്, വ്യാപാരോത്സവം എന്നൊക്കെയും അറിയപ്പെടുന്നുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ഓണം ആഘോഷിച്ചിരുന്നുവെന്നാണ് ചരിത്രം. മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഇതിന് ശേഷം ശ്രാവണമാസത്തിൽ (ചിങ്ങം) കച്ചവടം പുനരാരംഭിക്കുന്നു. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം. ചില സ്ഥലങ്ങളിൽ അത്തം മുതൽ തിരുവോണം വരെ 10 ദിവസം പൂക്കളമൊരുക്കും. ഉത്രാടം നാൾ വരെ പൂക്കളമൊരുക്കി തിരുവോണത്തിനു തൃക്കാക്കരയപ്പനെ വരവേൽക്കുന്ന പതിവാണു മറ്റു ചില സ്ഥലങ്ങളിൽ. പൂക്കളത്തിനു തുമ്പപ്പൂവ് നിർബന്ധം. ചെമ്പരത്തി, ചെത്തി, അരളി, നീലക്കൊങ്ങിണി, മല്ലിക, മന്ദാരം, കദളി, കൃഷ്ണകിരീടം തുടങ്ങിയവയാണു നാടൻ പൂക്കൾ. അരളി, വാടാമല്ലി, എന്നിവയും വീടുകളിലെ പൂക്കളത്തിന് ഉപയോഗിക്കുന്നുണ്ട്. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാമത്തെ ദിവസം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കു ന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്. തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.

"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" : സഹോദരൻ അയ്യപ്പൻ ജന്മദിനം

കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ (21 ഓഗസ്റ്റ് 1889 – 6 മാർച്ച് 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു.
ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി. ശ്രീ നാരായണഗുരുവിന്റെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്”, എന്ന് അദ്ദേഹം ഭേദഗതി വരുത്തി. കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. ഗാന്ധിജിയുടെ ആദർശങ്ങളോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യമുള്ളയാളായിരുന്നു അയ്യപ്പൻ. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന അയ്യപ്പനിൽ മിശ്രഭോജനം എന്ന വിപ്ലവകരമായ കാര്യം ചെയ്യാൻ, അതിനും ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന റഷ്യൻവിപ്ലവത്തിന്റെ ആദ്യഘട്ടവും ഒരു കാരണമായിരിക്കാം. 1920കൾ മുതൽ ദേശീയമായി പടർന്നു പന്തലിച്ച അംബേദ്കർ പ്രസ്ഥാനത്തോട് ഐക്യപ്പെട്ട കേരളീയനാണ് സഹോദരൻ അയ്യപ്പൻ. അതുപോലെ ബുദ്ധമത ചിന്തയെ കേരളത്തിൽ നവീകരിച്ചു കൊണ്ടുവരുന്നതിന് അദ്ദേഹം മുൻകയ്യെടുത്തു. എറണാകുളത്ത് വൈപ്പിൻ ദ്വീപിലെ ചെറായിയിൽ കു‌മ്പളത്ത് പറമ്പിൽ എന്ന പുരാതന കുടുംബത്തിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി 1889 ഓഗസ്റ്റ് 22-ന് അയ്യപ്പൻ ജനിച്ചു. കൊച്ചാവു-ഉണ്ണൂലി ദമ്പതികളുടെ ഒമ്പതു മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു അയ്യപ്പൻ. അയ്യപ്പന് രണ്ടുവയസ്സുള്ളപ്പോൾത്തന്നെ പിതാവ് അകാലചരമമടഞ്ഞു. പിന്നീട് അയ്യപ്പൻ, ജ്യേഷ്ഠനായ അച്ച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ് വളർന്നത്. പ്രചോദനമായിരുന്ന ജ്യേഷ്ഠൻ അയ്യപ്പന്റെ വളർച്ചയിൽ വളരെ വലിയ പങ്കു വഹിച്ചു. അനുസരണശീലവും കൃത്യനിഷ്ഠയും ആ പ്രകൃതത്തിൽ കലർന്നിരുന്നു. അതുകൊണ്ടു എല്ലാവർക്കും ആ ബാലനെ വളരെയധികം ഇഷ്ടമായിരുന്നു. ചെറായിയിൽ കണ്ണുആശാന്റെ കളരിയിൽ ആദ്യം ചേർന്നു. അവിടെ വെച്ച് നിലത്തെഴുത്ത് പഠിച്ചുതീർത്തതിനുശേഷം ചെറായിയിൽ തന്നെയുള്ള കൊച്ചുപിള്ള ആശാന്റെ കളരിയിൽ ചേർന്ന് ഔഷധിവർഗവും അമരകോശവും പഠിച്ചു. ചെറായിയിൽ അച്യുതൻ വൈദ്യരുടെ ഉത്സാഹത്തിൽ തുടങ്ങിയ വിദ്യാലയത്തിൽ ഒരു വർഷത്തെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പറവൂർ ഇംഗ്ലീഷ് ഹൈസ്കൂളിൽ അയ്യപ്പന്റെ താൽപര്യപ്രകാരം ഇംഗ്ലീഷ് പഠിക്കാനായി ചേർന്നു. ഹൈസ്കൂളിൽ ചരിത്രവും സംസ്കൃതവുമാണ് ഐഛികമായി എടുത്തു പഠിച്ചത്. പറവൂരിലെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജാതിചിന്തയുടെ നീച ലക്ഷണങ്ങൾ അയ്യപ്പൻ കണ്ടു തുടങ്ങിയിരുന്നു. പറവൂരിലേക്കു പോകുന്നവഴി നായന്മാർക്ക് അയ്യപ്പനും മറ്റു താഴ്ന്ന ജാതിയിലെക്കുട്ടികളും വഴി മാറിക്കൊടുക്കേണ്ടിവന്നിരുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. തർക്കശാസ്ത്രം, സംസ്കൃതം, മലയാളം എന്നീ വിഷയങ്ങളാണ് ഐഛികമായി തിരഞ്ഞെടുത്തത്. കോളേജിനു തന്നെ അടുത്തുള്ള ഒരു വീട്ടിലാണ് അയ്യപ്പൻ താമസിച്ചിരുന്നത്. ഈ സമയത്താണ് അയ്യപ്പനിൽ പുസ്തകപാരായണശീലം വളർച്ച പ്രാപിക്കുന്നത്. കോഴിക്കോട്ടെ പഠനത്തിനുശേഷം മദ്രാസിൽ മെഡിക്കൽ കോളേജിൽ ചേരണമെന്നതായിരുന്നു അയ്യപ്പന്റെ ആഗ്രഹമെങ്കിലും അതിനുവേണ്ടി വരുന്ന കനത്തതുക സമാഹരിക്കാൻ യാതൊരു വഴിയും കാണാത്തതുകൊണ്ട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ തത്ത്വശാസ്ത്രം ഐഛികമായി എടുത്ത് ബിരുദപഠനത്തിനു ചേരുകയായിരുന്നു. ഇവിടെ കൃത്യസമയത്ത് ഫീസ് നൽകാനാവാഞ്ഞതുകൊണ്ട് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പഠനം പൂർത്തിയാക്കാതെ തിരികെ സ്വദേശത്തേക്കു മടങ്ങി. കോളേജിൽ വെച്ചാണ് അയ്യപ്പൻ ശ്രീനാരായണഗുരുവിനെ ആദ്യമായി കാണുന്നത്, എന്നാൽ അദ്ദേഹത്തെ നേരിട്ടു കണ്ടു സംസാരിക്കാൻ അയ്യപ്പനു കഴിഞ്ഞിരുന്നില്ല. ചെറായിയിൽ വെച്ച് ശ്രീനാരായണഗുരുവുമായി സംസാരിക്കുകയും, അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ആലുവ അദ്വൈതാശ്രമത്തിൽ ചെന്ന് ഗുരുവിനെ നേരിട്ടു കാണുകയും ചെയ്തു. പിന്നീട് ഗുരുവിന്റെ പ്രേരണയും സഹായവും കൊണ്ട് അയ്യപ്പൻ പഠനം തുടർന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത് ബി.എ.ക്ക് ചേർന്നു. തിരുവനന്തപുരത്തെ പഠനജീവിതത്തിനിടയിലാണ് കുമാരനാശാനുമായി അടുക്കുന്നത്. ഇവർ തമ്മിൽ ഒരു സൗഹൃദത്തിനുപരിയായ ബന്ധം രൂപപ്പെട്ടു വന്നു. ബി.എ. ബിരുദം പാസ്സായശേഷം നാട്ടിലെത്തിയ അയ്യപ്പന് ചെറായിയിൽ തന്നെയുള്ള യൂണിയൻ സ്കൂളിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. മാസം നാൽപതു രൂപയായിരുന്നു ശമ്പളം. വളരെ മികച്ചൊരു അദ്ധ്യാപകനായിരുന്നു അയ്യപ്പൻ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇക്കാലത്ത് നാട്ടുകാർ അദ്ദേഹത്തെ അയ്യപ്പൻ മാസ്റ്റർ എന്നു വിളിച്ചുപോന്നു, അദ്ധ്യാപനത്തിലെന്നപോലെ പൊതുകാര്യങ്ങളിലും അദ്ദേഹം സജീവമായി ഇടപെടാൻ തുടങ്ങി. പിന്നീട് ഒരു തവണകൂടി അദ്ദേഹം അദ്ധ്യാപകവേഷം അണിഞ്ഞിട്ടുണ്ട്. വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് നിയമപഠനം നടത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായി. പഠനചിലവിനായി എന്തെങ്കിലും ജോലി അന്വേഷിക്കേണ്ടതായി വന്നു. തിരുവനന്തപുരത്ത് വിദ്യാഭ്യാസവകുപ്പിൽ അദ്ധ്യാപകജോലിക്കായി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. അവസാനം കുമാരനാശാന്റെ ശുപാർശയിൽ തിരുവിതാംകൂർ ദിവാനായിരുന്ന എം. കൃഷ്ണൻനായർ അയ്യപ്പന് ചാല സ്കൂളിൽ അദ്ധ്യാപകനായി ജോലി നിയമനം നൽകി. 60 രൂപയായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റ മാസശമ്പളം. ജോലിയോടൊപ്പം പഠനവും തുടർന്നുകൊണ്ടുപോയെങ്കിലും, അദ്ധ്യാപകവൃത്തിയോടുള്ള ആത്മാർത്ഥതകാരണം പഠനം തൃപ്തികരമായി മുന്നോട്ടുകൊണ്ടു പോകാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ തന്നെ സാമുദായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രസംഗം, ലേഖനങ്ങൾ, എസ്.എൻ.ഡി.പി. യോഗപ്രവർത്തനം എന്നിവയായിരുന്നു പ്രധാനം. ഇതിനിടയ്ക്ക് കുറേ കവിതകൾ എഴുതി. ഇക്കാലത്താണ് മഹാകവി കുമാരനാശാനുമായി സഹവാസമുണ്ടായത്. സാമുദായിക പരിഷ്കരണം ലക്ഷ്യമാക്കി കവിതകൾ രചിക്കാൻ അയ്യപ്പന് കുമാരനാശാൻ ശക്തമായി പ്രേരണ നൽകി. ബി.എ പാസ്സായ ശേഷം ‘അയ്യപ്പൻ ബി.എ’ എന്ന് പരക്കെ അറിയപ്പെട്ടു. സമുദായത്തിൽ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം പ്രവർത്തനരംഗത്തിറങ്ങി. സമൂഹത്തിൽ അർബുദം പോലെ പടർന്നിരിക്കുന്ന ജാതിവിവേചനം ഉൻമൂലനം ചെയ്യുന്നതിനെക്കുറിച്ച് അയ്യപ്പൻ ഗാഢമായി ചിന്തിച്ചിരുന്നു. ഇതേ ചോദ്യം അദ്ദേഹം ശ്രീനാരായണഗുരുവിനോടും ചോദിക്കുകയുണ്ടായി. ജാതിക്കെതിരായി പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ, മറിച്ച് നമ്മുടെ അനുയായികളുടെ മനസ്സിൽ നിന്നു തന്നെ അതു നീക്കം ചെയ്യാൻ വേണ്ടതു പ്രവർത്തിക്കേണ്ടതുണ്ടെന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശം അയ്യപ്പന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ചെറായിയിൽ 1917 മേയ് 29-ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്താൻ അയ്യപ്പനും സുഹൃത്തുക്കളും തീരുമാനിച്ചു. സ്നേഹിതനായ കെ.കെ. അച്യുതൻ മാസ്റ്റർക്കു പരിചയമുള്ള വള്ളോൻ, ചാത്തൻ എന്നീ അധഃകൃതവിദ്യാർത്ഥികളെ മിശ്രഭോജനത്തിൽ പങ്കെടുപ്പിക്കാമെന്നു തീരുമാനിച്ചു, പന്ത്രണ്ടുപേർ ഒപ്പു വെച്ച ഒരു നോട്ടീസ് പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു സമ്മേളനം നടത്തിയശേഷം തയ്യാറാക്കിയ ഭക്ഷണം ഈ വിദ്യാർത്ഥികളുടെ കൂടെ ഇരുന്ന് അയ്യപ്പനും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചു. മിശ്രഭോജനം, ചെറായിയിലെ സാമുദായികജീവിതത്തിൽ പുതിയ ശക്തിവിശേഷങ്ങൾക്കു കാരണമായി. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു. പ്രതീക്ഷിച്ചതിനേക്കാളും ഭയങ്കരമായിരുന്നു പ്രതികരണം. അയ്യപ്പന്റെ ജാതിനശീകരണപ്രസ്ഥാ‍നം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിർപ്പിനെ നേരിടേണ്ടിവന്നു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാനവർദ്ധിനിസഭയിൽ നിന്ന് പുറത്താക്കി. അവർക്ക് സമുദായഭ്രഷ്ട് കല്പിച്ചു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ പല വീട്ടിലും കയറ്റാതായി. വിജ്ഞാനവർദ്ധിനി സഭയുടെ നേതാക്കൾ അയ്യപ്പനെ നാടുകടത്തണം എന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. തീണ്ടൽ മുതലായ കാര്യങ്ങളിൽ അയ്യപ്പൻ നടത്തുന്ന പുരോഗനമപരമായ കാര്യങ്ങളെ പിന്തുണക്കാനാണ് രാജാവ് നിവേദകസംഘത്തോട് പറഞ്ഞത്, കൂടാതെ തന്നെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ അയ്യപ്പൻ മുഖാന്തരം അറിയിച്ചാൽ മതിയെന്നും ഉത്തരവിട്ടു. ശ്രീനാരായണഗുരു മിശ്രഭോജനത്തിന് അനുകൂലിയല്ല എന്ന് വരുത്തി തീർക്കാനായി യാഥാസ്ഥിതികരായ ചിലർ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോൾ അയ്യപ്പൻ സംശയനിവർത്തിക്കായി ഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തു ( “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല”).ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ ചെറായിലും പരിസരപ്രദേശത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു. 1917-ൽ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു.മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ‘സഹോദര പ്രസ്ഥാനം’ വഴി അയ്യപ്പൻ കേരളത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരനയ്യപ്പൻ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്. ചെറായി രാമവർമ്മ സ്കൂളിൽ കുറേ നാൾ അദ്ധ്യാപകനായിരുന്നു. കിട്ടുന്ന ശമ്പളം പൊതുപ്രവർത്തനത്തിനുപയോഗിച്ചു. വളരെപെട്ടെന്നു തന്നെ സഹോദരസംഘത്തിന്റെ ശാഖകൾ രാജ്യത്തിന്റെ പലഭാഗത്തും തുടങ്ങുകയുണ്ടായി. എല്ലായിടത്തും, മിശ്രഭോജനവും, ജാതിവിരുദ്ധപ്രസംഗങ്ങളും സംഘടിപ്പിക്കുന്നതിനായി അയ്യപ്പൻ ഓടി നടന്നു.അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ എല്ലായിടത്തും വൻജനക്കൂട്ടം തന്നെ തടിച്ചുകൂടുമായിരുന്നു. മിക്കയിടങ്ങളിലും, സവർണ്ണപ്രമാണികളിൽ നിന്നും എതിർപ്പുകളും, മർദ്ദനങ്ങൾ തന്നെയും നേരിടേണ്ടി വന്നു. തന്നെ എതിർക്കുന്നവരെ കാര്യം പറഞ്ഞു മനസ്സിലാക്കി അനുയായിയാക്കുന്ന ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1919-ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘ പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം. കേൾക്കുന്ന സമയത്തുമാത്രമേ പ്രസംഗങ്ങൾക്ക് ആളുകളുടെ ഇടയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളുവെന്നും സാവധാനത്തിൽ അത് കെട്ടടങ്ങുമെന്നും അയ്യപ്പനറിയാമായിരുന്നു. വ്യക്തികളുടെ ചിന്തയിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് പ്രസിദ്ധീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് പത്രം തുടങ്ങാനായി അയ്യപ്പനെ പ്രേരിപ്പിച്ചത്. സാമ്പത്തികമായി കഠിനയാതനകൾ സഹിച്ചുകൊണ്ടാണ് ‘സഹോദരൻ’ പത്രം ഓരോ ആഴ്ച്ചയും പ്രസിദ്ധീകരിച്ചത്. 1917-ൽ (1093 കന്നിമാസത്തിൽ) മാസിക എന്ന നിലയിൽ സഹോദരന്റെ ആദ്യ ലക്കം പുറത്തിറങ്ങി. അയ്യപ്പൻ തന്നെയായിരുന്നു പത്രാധിപർ. പറവൂർ എസ്.പി. പ്രസ്സിൽ അച്ചടിച്ച് പള്ളിപ്പുറത്തു നിന്നുമാണ് ഈ മാസികയുടെ പ്രഥമ ലക്കങ്ങൾ പ്രസിദ്ധീകൃതമായത്. ഈ രാജ്യത്തെ സാമൂഹിക ജീവിതത്തിലും ചിന്താമണ്ഡലത്തിലും ഈ പത്രം നൽകിയ സംഭാ‍വന അമൂല്യമാണ്. ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരൻ അയ്യപ്പൻ പ്രവർത്തിച്ചിരുന്നു. മാർക്സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങൾ ആദ്യം മനസ്സിലാക്കുന്നത് സഹോദരൻ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്. കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം. ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയും അദ്ദേഹമായിരുന്നു. 1928-ൽ ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു. ശ്രീനാരായണ സേവികാ സമാജം മന്ത്രിസ്ഥാനത്തു നിന്നും ഒഴിഞ്ഞതിനുശേഷം, ശ്രീനാരായണ ധർമ്മത്തിനു വ്യാപ്തി നൽകാനായി അദ്ദേഹം ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചു. ആസൂത്രണശേഷിയും, ആദർശസ്നേഹവും ഉള്ള ഉദ്യോഗത്തിൽ നിന്നു വിരമിച്ച തന്റെ സഹധർമ്മിണിയെ ആണ് ഇതിന്റെ ചുമതലകൾ അദ്ദേഹം ഏൽപ്പിച്ചത്. ആലുവായ്ക്കടുത്ത് തോട്ടുംമുഖത്തുള്ള വാല്മീകിക്കുന്നാണ് സമാജത്തിന്റെ ആസ്ഥാനമായി അദ്ദേഹം തിരഞ്ഞെടുത്തത്. ശാന്തിമന്ദിരം എന്ന പേരിൽ അശരണരും, അംഗഭംഗം സംഭവിച്ചവരുമായ വനിതകൾക്കുള്ള അഭയകേന്ദ്രവും, അനാഥകുട്ടികളെ ആശ്രയം നൽകി വളർത്താൻ ആനന്ദഭവനവും ഇവിടെ ഉണ്ടായിരുന്നു. ശ്രീനാരായണസേവികാസമാജം 1964 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1965-ൽ സമാജം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാഷ്ട്രീയജീവിതത്തിലും അദ്ദേഹം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ ഉത്തരവാദിത്തഭരണവും പ്രായപൂർത്തി വോട്ടവകാശവും വ്യക്തിസ്വാതന്ത്ര്യവും സ്ഥാപിക്കുന്നതിനു വേണ്ടി അക്ഷീണയത്നം ചെയ്ത നേതാക്കന്മാരിലൊരാളാണ് അദ്ദേഹം. ആദ്യ തിരഞ്ഞെടുപ്പിൽ ഈഴവമണ്ഡലങ്ങളിൽ നിന്നു മാറി പൊതുനിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. വിജയം ഉറപ്പായിരുന്ന ഈഴവമണ്ഡലങ്ങളിൽ നിൽക്കാതെ, തന്റെ ആശയങ്ങൾ പൊതുജനങ്ങൾക്ക് എത്രത്തോളം സ്വീകാര്യമായിട്ടുണ്ട് എന്ന് നേരിട്ടറിയാൻ പൊതുനിയോജകമണ്ഡലത്തിൽ നിന്നു മത്സരിക്കാനാണ് അയ്യപ്പൻ തീരുമാനിച്ചത്. പക്ഷെ പരാജയപ്പെടുകയാണുണ്ടായത് 1928-ൽ നടന്ന തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് അയ്യപ്പൻ മത്സരിച്ചത്. അദ്ദേഹത്തെ എതിർക്കാൻ ആരുംതന്നെ മുന്നോട്ടുവന്നില്ല. അത്രയ്ക്ക് ജനപ്രീതി അദ്ദേഹം സമ്പാദിച്ചിരുന്നു. 1931-ലെ തിരഞ്ഞെടുപ്പിലും അതേ മണ്ഡലത്തിൽ നിന്നു തന്നെയാണ് മത്സരിച്ചു വിജയിച്ചത്, അത്തവണയും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി നിയമസഭയിൽ ഏറെക്കാലം അദ്ദേഹം അംഗമായിരുന്നു. എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കു വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി പ്രസിഡന്റായും കൊച്ചിയിൽ ഉത്തരവാദിത്തഭരണം വന്ന ശേഷം ജനകീയ മന്ത്രിസഭയിൽ 2 പ്രാവശ്യം അംഗമായും അദ്ദേഹം തന്റെ വ്യക്തിപ്രഭാവം പ്രകടമാക്കി. തിരു-കൊച്ചിയിലെ ആദ്യ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. ഇടയ്ക്കു വച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചു. 1940 ലെ നിയമസഭാ കാലത്ത് അയ്യപ്പൻ ഡെപ്യൂട്ടി പ്രസിഡണ്ടായി, അക്കാലത്തിനടുത്ത് കൊച്ചി മഹാരാജാവ് അയ്യപ്പന് വീരശൃംഖല നൽകി ബഹുമാനിച്ചു. ഇത് 1962-ൽ ചൈനീസ് ആക്രമണമുണ്ടായ ഘട്ടത്തിൽ സർക്കാരിന്റെ യുദ്ധഫണ്ടിലേക്ക് സംഭാവനചെയ്തു. നിയമസഭാംഗമായിരുന്ന കാലത്ത് അദ്ദേഹം അവതരിപ്പിച്ച മൂന്നു ബില്ലുകൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നവയായിരുന്നു. മരുമക്കത്തായം തീയ്യബിൽ, മക്കത്തായം തീയ്യബിൽ, സിവിൽ മാര്യേജ് ബിൽ എന്നിവയായിരുന്നു ആ പ്രധാന നിയമശുപാർശകൾ. കൊച്ചിയിലും തിരുവിതാംകൂറിലും തീയ്യന്മാർക്കിടയിൽ മരുമക്കത്തായ സമ്പ്രദായം ആണ് നിലവിലിരുന്നത്. എന്നാൽ അതു മാറി സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ സ്വത്തവകാശം അനുവദിക്കുന്നതിനവേണ്ടിയായിരുന്നു അയ്യപ്പൻ മരുമക്കത്തായം തീയ്യബിൽ അവതരിപ്പിച്ചത്. ബിൽ ഉടനടി തൻ നിയമമാവുകയായിരുന്നു അയ്യപ്പൻ പൊതുപ്രവർത്തനം തുടങ്ങുന്ന കാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധി ഒരു അനിഷേധ്യ നേതാവായി മാറിക്കഴിഞ്ഞിരുന്നു. ഗാന്ധിജിയുടെ നിലപാടുകൾ ബ്രാഹ്മണരുടെ യജമാനത്തത്തേയും, സവർണരുടെ മേൽക്കോയ്മയേയും കൂടുതൽ ഉറപ്പിക്കുമെന്ന് അയ്യപ്പൻ കരുതിയിരുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ അയ്യപ്പനും ബഹുമാനം തോന്നുകയും ചെയ്തു. ഗാന്ധിസത്തേയും, ഗാന്ധിയേയും രണ്ടായി കാണാനാണ് അയ്യപ്പൻ ശ്രമിച്ചത്. ചുരുക്കത്തിൽ അയ്യപ്പൻ ഗാന്ധിസത്തെ എതിർക്കുകയും, ഗാന്ധിയെ ബഹുമാനിക്കുകയും ചെയ്തു.റഷ്യൻ വിപ്ലവത്തിന്റെ ആദ്യഘട്ടത്തിനു ഏതാനും മാസങ്ങൾക്കു ശേഷമാണ് അയ്യപ്പൻ ചെറായിയിൽ മിശ്രഭോജനം നടത്തുന്നത്. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ഒരു വ്യക്തിയായിരുന്നു അയ്യപ്പൻ. താൻ ജീവിക്കുന്ന സമൂഹം ജീർണ്ണിച്ചതാണെന്നും, അതിനെ അടിമുടി ഉടച്ചുവാർക്കേണ്ടതുണ്ടെന്നും ഉള്ള ഒരു ചിന്ത അയ്യപ്പന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. അക്കാലത്ത് അയ്യപ്പൻ എഴുതിയ ഈഴവോൽബോധനം എന്ന കവിതയിൽ റഷ്യൻവിപ്ലവത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടായിരുന്നു. റഷ്യൻ ജനത രചിച്ച ചരിത്രത്തെക്കുറിച്ച് തന്റെ പ്രസംഗങ്ങളിൽ അയ്യപ്പൻ ആവേശപൂർവ്വം എടുത്തുപറയുമായിരുന്നു, ലെനിൻ ആയിരുന്നു അക്കാലത്ത് അയ്യപ്പന്റെ വീരപുരുഷൻ. കേരളത്തിലെ ജനങ്ങൾ റഷ്യയെക്കുറിച്ചും,ലെനിനെക്കുറിച്ചും, റഷ്യൻവിപ്ലവത്തെപ്പറ്റിയുമെല്ലാം ആദ്യമായി അറിയുന്നത് അയ്യപ്പന്റെ സഹോദരൻ എന്ന പത്രത്തിലൂടെയായിരുന്നു. പൊതുജീവിതം പോലെ തന്നെ ആദർശസുരഭിലമായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. ഇ.കെ.അയ്യാക്കുട്ടി ജഡ്ജിയുടെ മകൾ പാർവ്വതി ആയിരുന്നു അദ്ദേഹത്തിന്റെ പത്നി. 1930-ൽ അവർ വിവാഹിതരായി. ഐഷയും സുഗതനുമാണ് അദ്ദേഹത്തിന്റെ മക്കൾ. അയ്യപ്പൻ പച്ചക്കറി കൃഷിയിൽ അതീവ തല്പരനായിരുന്നു. ഒടുവിലത്തെ 15 വർഷത്തോളം സജീവമായ പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ച് വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം വിനിയോഗിച്ചു. മരണം വരെ അദ്ദേഹം കേരളകൗമുദിയിൽ ‘ആഴ്ച്ചക്കുറിപ്പുകൾ’ എന്ന പംക്തിയിൽ കുറിപ്പുകളെഴുതിയിരുന്നു. 1968 മാർച്ച് 6-ന് ഹൃദ്രോഗബാധിതനായി അദ്ദേഹം അന്തരിച്ചു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' : ഇന്ന് ശ്രീനാരായണ ഗുരു ജന്മദിനം

സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ആയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം. (1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.
കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. ഏകദേശം ഏട്ടാം നൂറ്റാണ്ടു മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, അന്തരാളർ, ജാതിമാത്രർ, അമ്പലവാസികൾ, സങ്കരവർണ്ണക്കാർ, ശൂദ്രർ എന്നിവർ സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു.

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ദേശീയ പാതയിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കു മാറി ഉള്ള ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു കൊല്ലവർഷം 1032 ചിങ്ങമാസം നാണു ജനിച്ചത്. ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം 28ന്. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു , തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. ചെറുപ്പത്തിലേ കാർഷികവൃത്തിയിൽ നാണു തത്പ്പരനായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേപടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി. മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അറിവ് നേടി. കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.
അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു. 22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു. സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. 1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ. സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. “ ജാതിഭേദം മതദ്വേഷം – ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത് ”

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ ദിനമാണ് ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കുന്നത്.ലൂയി ടെഗ്വരെ എന്ന ഫ്രഞ്ച്കാരനെയാണ് ഫോട്ടോഗ്രഫിയുടെ പിതാവായി കാണുന്നത്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫോട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും പറയാനുണ്ട്. സമാധാനത്തിന്റെയും യുദ്ധത്തിന്റെയും സന്തോഷത്തിന്റെയും കഥകള്‍ പറഞ്ഞ ഫോട്ടോകള്‍ പിന്നീട് ലോകത്താകമാനം വലിയ ചര്‍ച്ചകള്‍ക്ക് വരെ വഴി തെളിച്ചിട്ടുണ്ട്. ക്യാമറയുടെ കണ്ടുപിടുത്തം മനുഷ്യപുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മനുഷ്യന്റെ പല നേട്ടങ്ങള്‍ക്കും ക്യാമറ ഒരു നിര്‍ണായക സ്വാധീന ശക്തിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. AD 1015ല്‍ അറബ് പണ്ഡിതനായ ഇബ്ന്‍ – അല്‍ – ഹെയ്തം (Ibn-Al- Hytham) ആണ് സൂചിക്കുഴി ക്യാമറ (pin hole camera) ആശയം ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തിന്റെ വ്യക്തത ഏറുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഇതിനെ തുടര്‍ന്ന് നിരവധി പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നു. ഇത് പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും വഴി തെളിച്ചു. ക്യാമറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പായിരുന്നു 1837ല്‍ ഡാഗുറെയുടെ കണ്ടുപിടുത്തം. സില്‍വര്‍ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റില്‍ ഒരു വസ്തുവിന്റെ പ്രതിബിംബം കൃത്യമായി മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പിക്കുന്നതിനും പിന്നീട് കറിയുപ്പ് ലായനിയില്‍ കഴുകി പ്രതിബിംബം പ്ലേറ്റില്‍ സ്ഥിരമായി ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. ഇത് ഫോട്ടോഗ്രഫിയെ കൂടുതല്‍ ജനകീയമാക്കി മാറ്റി. 1826ല്‍ ജോസഫ് നീസ് ഫോര്‍ നീപ്‌സ് ക്യാമറയില്‍ വീഴുന്ന പ്രതിബിംബത്തിന്റെ ചിത്രം പകര്‍ത്തി. ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഏറ്റവും വഴിത്തിരിവായിരുന്നു ഇത്. ജനാലയില്‍ നിന്നുള്ള കാഴ്ചയാണ് ചരിത്രത്തിലെ ആദ്യത്തെ ഫൊട്ടോ. ടാര്‍ പുരട്ടിയ പ്യൂട്ടര്‍ പ്ലേറ്റിലൂടെ പകര്‍ത്തിയ ഈ ചിത്രം എടുക്കാന്‍ എട്ടുമണിക്കൂറാണ് വേണ്ടി വന്നത്.

ക്യാമറയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ കാലഘട്ടമാണ് 21-ാം നൂറ്റാണ്ട്. 1991 ആദ്യ ഡിജിറ്റല്‍ കാമറ കൊഡാക് നിര്‍മിച്ചുവെങ്കിലും, തങ്ങളുടെ വലിയ വിപണിയായ ഫിലിം നിര്‍മാണ കമ്പനി തകരുമോ എന്ന ആശങ്കയില്‍ അവര്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പുറത്തു വിട്ടില്ല. പിന്നീട് നിക്കോണ്‍ ,കാനന്‍ ,ഫ്യൂജി ഉള്‍പ്പടെയുള്ള കമ്പനികള്‍ വന്‍ പരീക്ഷണങ്ങള്‍ നടത്തുകയും ഇന്നത്തെ നിലയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രചാരത്തില്‍ ആകുകയും ചെയ്തു ഫിലിമുകളെ മാറ്റി നിര്‍ത്തി പ്രതിബിംബങ്ങളെ ഡിജിറ്റല്‍ കാര്‍ഡുകളില്‍ സൂക്ഷിക്കുന്ന രീതിയ്ക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. എടുക്കുന്നതിനുള്ള സമയ ലാഭം എന്നതിനുപരി ചിലവും വളരെ കുറവാണിതിന്. ഇന്ന് ലോകത്തെ ആകമാനം നീരീക്ഷിക്കുന്ന മൂന്നാം കണ്ണായി ക്യാമറകള്‍ മാറിയിരിക്കുന്നു. ഡിജിറ്റല്‍ യുഗം ഫോട്ടോയും ക്യാമറയുമൊക്കെ നമ്മുടെ ദൈനം ദിന ജീവിതത്തിലെ ഘടകങ്ങളായി മാറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞു പോയ നിമിഷങ്ങളെ ഓര്‍ത്തെടുക്കാനും അവയെ കരുതലോടെ സൂക്ഷിക്കാനും ഫോട്ടോയോളം മികവുറ്റതൊന്നും ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല….

subhash chandra bose

സുഭാസ് ചന്ദ്ര ബോസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു സുപ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു. പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ ‍ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഒറീസ്സയിലെ കട്ടക്കാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മസ്ഥലം. കട്ടക്ക് അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു. അച്ഛൻ ജാനകിനാഥ് ബോസ്, ഒരു പ്രശസ്ത വക്കീലായിരുന്നു.അമ്മ പ്രഭാവതി. ഈ ദമ്പതികളുടെ ആറാമത്തെ മകനായിരുന്നു സുഭാഷ് . പുത്രസൗഭാഗ്യം കൊണ്ട് സമ്പന്നരായിരുന്നു ജാനകീനാഥും, പ്രഭാവതിയും, അതുകൊണ്ടു തന്നെ മറ്റു കുട്ടികളെപ്പോലെ സുഭാഷിനും വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല. പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. സുഭാഷ് ചെറുപ്പത്തിൽ ഒരിക്കലും ഇംഗ്ലീഷ് ഭാഷ സംസാരിച്ചിരുന്നില്ല. ബ്രീട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസരീതിയിൽ കുട്ടിയായിരുന്ന സുഭാഷ് സംതൃപ്തനല്ലായിരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ നിന്നകന്നു നിൽക്കുന്ന ഈ വിദ്യാഭ്യാസസംസ്കാരം സുഭാഷിന് ദഹിച്ചില്ല. കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലാണ് സുഭാഷ് ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നത്. കോളേജ് വിദ്യാഭ്യാസത്തിനോടൊപ്പം കോളേജിനു പുറത്തു നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളെ സുഭാഷ് കൗതുകപൂർവ്വം നിരീക്ഷിച്ചിരുന്നു. കേംബ്രിഡ്‌ജ് സർവ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1920 – ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയർന്ന മാർക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കാ‍ൻ വേണ്ടി അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിച്ചു പോകാൻ ബോസിനു കഴിഞ്ഞില്ല. അതിനാൽ അദ്ദേഹം കൽക്കട്ടയിലേക്ക് പോയി, അവിടെ ചിത്തരഞ്ജൻ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴിൽ പ്രവർത്തിക്കാനാരംഭിച്ചു.

രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും, സൈനികവും, നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക് സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ കൽക്കട്ടയിലെ ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു. 1941 ജനുവരി 19 ന് തന്റെ അനന്തരവനായ ശിശിർ .കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനും, സോവിയറ്റ്‌ യൂണിയനും കടന്ന് ജർമ്മനിയിലെത്തി. വേഷം മാറിയാണ് ബോസ് സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീൻ എന്ന പേരിൽ പത്താൻ വംശജനായ ഇൻഷുറൻസ് ഏജന്റിന്റെ വേഷത്തിൽ അഫ്‌ഗാനിസ്ഥാനിൽ എത്തി. അവിടെ നിന്നും കൌണ്ട് ഒർലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി. അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു.

യൂറോപ്പിലെ ജർമ്മൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്. ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘പ്രത്യേക ഭാരത വകുപ്പ്’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം ‘(Free India Centre)’ അദ്ദേഹം സ്ഥാപിച്ചു. ആത്മാർഥതയും, ദേശസ്നേഹവും, അർപ്പണമനോഭാവവുമുള്ള കുറച്ചു അനുയായികളെയും ബോസിനു അവിടെ കിട്ടി, എ.സി.നമ്പ്യാർ‍, എൻ.ജി.ഗണപതി, അബീദ് ഹസ്സന്, എം.ആർ.വ്യാസ്, ഗിരിജാ മുഖർജി, തുടങ്ങിയവർ. നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനു തുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനു ജർമ്മനിയിൽ ലഭിച്ചിരുന്നു. സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ‍ ഇന്ത്യ സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയായിരുന്നു, ആസാദ് ഹിന്ദ് റേഡിയോ വഴി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങൾ നടത്തുക ഇന്ത്യൻ രാഷ്ട്രീയം, സംസ്കാരം, കല, തത്ത്വശാസ്ത്രം, സാമ്പത്തികം, തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ‘ആസാദ് ഹിന്ദ് ദിനപത്രം’ ഇംഗ്ലീഷിലും, മറ്റു യൂറോപ്യൻ ഭാഷകളിലും അച്ചടിച്ച് വിതരണം ചെയ്യുക. ജർമ്മൻ അധിനിവേശപ്രദേശങ്ങളിലെ ഇന്ത്യാക്കാരെ സംഘടിപ്പിക്കുക . സ്വതന്ത്രഭാരതകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാക്കുക. ഇന്ത്യൻ ലീജിയൺ എന്ന ഇന്ത്യൻ ദേശീയസേനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക. സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തിൽ രൂപവത്കരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവർണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. ബർലിനിലെ സ്വതന്ത്രഭാരതകേന്ദ്രമായിരുന്നു മഹാകവി ടാഗോർ രചിച്ച ‘ജനഗണമന..’ എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്. നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അത് വഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ എന്നു കരുതപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന്റെ പദ്ധതികൾ നടപ്പിൽ വന്നില്ല. ഹിറ്റ്‌ലറുടെ പല പ്രവർത്തികളോടും ബോസിന് യോജിക്കാൻ സാധിച്ചില്ല, പ്രത്യേകിച്ചും ജൂതന്മാരോടുള്ള സമീപനവും, ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് നേരെയുള്ള നാസികളുടെ ശത്രുതാപരമായ സമീപനവും, പിന്നെ സോവിയറ്റ് യൂണിയനു നേരേയുള്ള നാസി ആക്രമണവും. ഹിറ്റ്‌ലറിന്റെ പ്രവർത്തികളെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഹിറ്റ്‌ലർക്കും നാസികൾക്കും അത്ര താല്പര്യവുമില്ലായിരുന്നു. അദ്ദേഹം ജർമ്മനി വിട്ടു പൂർവേഷ്യയിലേക്കു പോകുവാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്, ശാന്തസമുദ്ര മേഖലയിലെ സ്ഥിതിഗതികൾ പെട്ടെന്നു മാറി, ജപ്പാൻ അച്ചുതണ്ടുരാഷ്ട്രങ്ങളുടെ ഭാഗം ചേർന്ന് ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും എതിരേ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിൽ പ്രവേശിച്ച ജപ്പാൻ സേന സിംഗപ്പൂർ ദ്വീപ് നിഷ്പ്രയാസം കീഴടക്കി. അതിനുശേഷം ജപ്പാൻ സൈന്യം ബർമ്മയിലേക്കും കടന്നു, 1942 മാർച്ച് മാസത്തിൽ ബ്രിട്ടീഷുകാർ റംഗൂൺ വിട്ടൊഴിഞ്ഞു പോയി. പൂർവ്വേഷ്യയിൽ നിന്നും ഒരു വിമോചനസേനയെ ഇന്ത്യയിലേക്കു നയിക്കാനുള്ള സാധ്യത സുഭാസ് ചന്ദ്ര ബോസിന്റെ മനസ്സിൽ തെളിഞ്ഞു. ഇക്കാരണങ്ങളാൽ ബോസ് നാസി ജർമ്മനി വിടാൻ തീരുമാനിച്ചു. 1943ൽ അദ്ദേഹം ജർമ്മനി വിട്ടുപോയി, ജപ്പാനിലാണ് ചെന്നെത്തിയത്. യു -180 എന്ന ജർമ്മൻ അന്തർവാഹിനിയിലാണ് അദ്ദേഹം പോയത്. കേപ്പ് ഓഫ് ഗുഡ് ഹോപ് വഴിയായിരുന്നു യാത്ര. ഇടക്കു വച്ച് ഐ – 29 എന്ന ജാപ്പനീസ് മുങ്ങിക്കപ്പലിൽ യാത്ര തുടർന്നു. 1943 മെയ് 6നു സുമാത്രയുടെ തീരത്തുള്ള സാബാങ്ങ് എന്ന ചെറുദ്വീപിലാണ് ബോസ് ചെന്നെത്തിയത്, അവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ ജപ്പാൻ സൈന്യത്തിലെ കേണൽ യാമമോട്ടോയും എത്തിയിരുന്നു. മേയ് 12നു അദ്ദേഹം ടോക്കിയോയിൽ എത്തിച്ചേർന്നു. അവിടെ ഒരുമാസം താമസിച്ച അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി ജനറൽ ടോജോയുമായി ഭാരത-ജപ്പാൻ ബന്ധങ്ങളെപ്പറ്റിയും, നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി ചർച്ചചെയ്ത് ഒരു പരസ്പരധാരണയിൽ എത്തിച്ചേർന്നു. റാഷ്‌ബിഹാരി ബോസ്, അബീദ് ഹസ്സന്‍, കേണൽ യാമമോട്ടോ എന്നിവരോടൊപ്പം 1943 ജൂൺ 23നു നേതാജി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.
1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) രൂപവത്കരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു. ഐ.എൻ.എയുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. ക്യാപ്റ്റൻ ലക്ഷ്മി, എൻ. രാഘവന്‍, എ.സി.എൻ നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകരമേനോൻ, വക്കം അബ്ദുൾഖാദർ, എൻ.പി. നായർ തുടങ്ങി കുറെ മലയാളികൾ. പോരാട്ടത്തിനിടെ യുദ്ധഭൂമിയിൽ മരിച്ചുവീണവരും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്. വക്കം ഖാദര്‍, ടി.പി. കുമാരൻ നായർ തുടങ്ങിയവർ തൂക്കിലേറ്റപ്പെട്ടു. മിസ്സിസ് പി.കെ. പൊതുവാൾ‍, നാരായണി അമ്മാൾ തുടങ്ങിയ കേരളീയ വനിതകളും ഐ.എൻ.എയിലുണ്ടായിരുന്നു. ഐ.എൻ.എയുടെ വനിതാവിഭാഗമായിരുന്ന ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. 1943-ൽ നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു. 1943 ഒക്ടോബർ 21-നു രാവിലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ ഒരു വിശേഷാൽ പൊതുയോഗം സിംഗപ്പൂരിലെ കാഥേഹാളിൽ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താൽക്കാലിക സ്വതന്ത്രഭാരത സർക്കാരിന്റെ രൂപവത്കരണം നേതാജി പ്രഖ്യാപിച്ചു. അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. ഒക്ടോബർ 22-നു വനിതകളുടെ സേനാവിഭാഗമായ ഝാൻസിറാണി റെജിമെന്റ് നേതാജി ഉദ്ഘാടനം ചെയ്തു. അടുത്തദിവസങ്ങളിൽ സ്വതന്ത്രഭാരത സർക്കാരിന്റെ മന്ത്രിസഭയോഗങ്ങളിൽ വച്ച് അമേരിക്കൻ ശക്തികൾക്കെതിരെ സ്വതന്ത്രഭാരത സർക്കാർ യുദ്ധം പ്രഖ്യാപിച്ചു. ജപ്പാന്റെ കൈവശമായിരുന്ന ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപസമൂഹങ്ങൾ സ്വതന്ത്രഭാരത സർക്കാരിനു കൈമാറുന്നതാണെന്നും മേലാൽ പിടിച്ചെടുക്കുന്ന ഏതു ഭാരതപ്രദേശവും ആസാദ് ഹിന്ദ് സർക്കാരിന് വിട്ടുകൊടുക്കുന്നതാണെന്നും ജാപ്പനീസ് പ്രധാനമന്ത്രി ജനറൽ ടോജോകൂടുതൽ പഠനങ്ങൾ ആവശ്യമാണ് പ്രസ്താവിച്ചു. 1943 ഡിസംബർ 29-‍ തീയതി ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപസമൂഹങ്ങൾ ഏറ്റെടുക്കാൻ നേതാജി ആൻഡമാനിലെത്തി. ആൻഡമാൻ ദ്വീപിന് ‘ഷഹീദ്’ ദ്വീപെന്നും, നിക്കോബാർ ദ്വീപിന് ‘സ്വരാജ്’ ദ്വീപെന്നും നേതാജി പുനർനാമകരണം ചെയ്തു. മേജർ ജനറൽ ലോകനാഥനെ ഷഹീദ് സ്വരാജ് ദ്വീപസമൂഹത്തിന്റെ ആദ്യത്തെ ഭരണാധികാരിയായി നേതാജി നിയമിച്ചു. ജപ്പാന്റെ സഹായത്തോടെ 1944-ൽ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപവത്കരിക്കപ്പെട്ടു. താൽക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുകയും ചെയ്തു.

1944 ജനുവരിയിലാണ് ബർമ്മയിൽ നിന്നു ഇന്ത്യൻ അതിർത്തി ലംഘിച്ചുള്ള ഒരാക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചത്, സഖ്യകക്ഷികൾ ബർമ്മ തിരിച്ചുപിടിക്കുന്നത് തടയാൻ വേണ്ടിയായിരുന്നു ഇത്. അരാക്കൻ പർവ്വതപ്രദേശത്തുകൂടി കിഴക്കൻ ബംഗാളിന്റെ കവാടമായ ചിറ്റഗോംഗിനെ ലക്ഷ്യമാക്കി ഒരു മുന്നേറ്റം നടത്തുക, ബ്രിട്ടീഷുകാർ ചിറ്റഗോംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സാവധാനം ഇംഫാലും കോഹിമയും പിടിച്ചെടുക്കുക, ഇതായിരുന്നു യുദ്ധതന്ത്രം. ഐ.എൻ.എയിലെ സുഭാസ് റെജിമെന്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു. ഐ.എൻ.എ – ജപ്പാൻ സംയുക്തസേനകൾ ചിറ്റഗോംഗ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി, അരാക്കൻ പ്രദേശത്ത് വച്ച് ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടി. ബ്രിട്ടീഷ് സേനയെ പിന്നോക്കം പായിച്ചു കൊണ്ട് ബഹുദൂരം മുന്നേറുകയും ചെയ്തു. മാർച്ച് മാസത്തിൽ ഐ.എൻ.എ ഘടകങ്ങൾ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു. മാർച്ച് മധ്യത്തോടെ ഐ.എൻ.എ – ജപ്പാൻ സേനകൾ ഇംഫാൽ ആക്രമണം ആരംഭിച്ചു. ഈ യുദ്ധത്തിൽ ലഫ്.കേണൽ എം.ഇസഡ്.കിയാനിയുടെ നേതൃത്വത്തിൽ ഐ.എൻ.എയുടെ ഒന്നാം ഡിവിഷൻ ജപ്പാൻ സേനയോടൊപ്പം മുന്നേറി. യുദ്ധമേഖലയുടെ വടക്കേയറ്റത്ത്, ഏപ്രിൽ ആദ്യവാരം ഐ.എൻ.എ-ജപ്പാൻ സംയുക്തസേന കൊഹിമയിൽ പ്രവേശിച്ചു ഏപ്രിൽ അവസാനത്തോടെ ഇംഫാലിനെ വളഞ്ഞു, ഇംഫാലിന് ഏകദേശം 15 കിലോമീറ്റർ അടുത്തെത്തിയിരുന്നു അവർ അപ്പോൾ. പക്ഷേ സൈന്യത്തിന്റെ മുന്നേറ്റം പെട്ടെന്നു നിലച്ചു, ഭാഗ്യം ബ്രിട്ടീഷ് സേനയുടെ ഭാഗത്തായിരുന്നു. പല കാരണങ്ങളുണ്ടായിരുന്നു ഇതിന്. രൂക്ഷമായ കാലവർഷം പതിവിനു വിപരീതമായി ഒരു മാസം മുമ്പേ വന്നു. പിന്നെ ആഫ്രിക്കയിലെ യുദ്ധം ബ്രിട്ടന് അനുകൂലമായിത്തീർന്നതിനാൽ അവിടെയുണ്ടായിരുന്ന വിമാനസേനവിഭാഗം ഇന്ത്യയിലേക്ക് തിരിച്ചുവിടപ്പെട്ടു. ഇതിനെ ചെറുക്കാൻ ജപ്പാൻ വിമാനസേന സമരമേഖലയിൽ ഇല്ലാതെ പോയി. ശാന്തസമുദ്രത്തിലെ അമേരിക്കൻ മുന്നേറ്റം നേരിടാനായി വിമാനങ്ങളെല്ലാം ജപ്പാൻ പിൻവലിച്ചതായിരുന്നു കാരണം. ഗത്യന്തരമില്ലാതെ പൊതു പിന്മാറ്റത്തിന് ഉത്തരവുണ്ടായി, മനസ്സില്ലാമനസ്സോടെ സേനകൾ പിന്മാറ്റം ആരംഭിച്ചു. ജനറൽ ടോജോ 1944 സെപ്തംബറിൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു. ജനറൽ കെയ്‌സോ ജപ്പാ‍ന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. ഇതിനിടെ ജപ്പാൻ സർക്കാരിൽ വീണ്ടും മാറ്റമുണ്ടായി ജനറൽ കെയ്‌സോ രാജിവച്ചു, അഡ്‌മിറൽ സുസുക്കി പ്രധാനമന്ത്രിയായി. ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി, ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി. റംഗൂൺ മേഖലയിൽ അന്തിമമായ സമരത്തിന് നേതാജി ആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് കാണുന്നത്, പക്ഷേ സൈനികോപദേഷ്ടാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയും എതിർപ്പിനെ തുടർന്ന് ആ തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു, റംഗൂണിൽ നിന്നു ഒഴിഞ്ഞുപോകാനും തീരുമാനിച്ചു. അങ്ങനെ ആസാദ് ഹിന്ദ് സർക്കാർബർമ്മയിൽ നിന്നും പിന്മാറി. 1945 മെയ് 7-നു ജർമ്മനി നിരുപാധികം സഖ്യശക്തികൾക്കു കീഴടങ്ങി. ഓഗസ്റ്റ് 6-നു ഹിരോഷിമാ നഗരത്തിലും, ഓഗസ്റ്റ് 9-നു നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചു, ഇതോടെ ജപ്പാൻ കീഴടങ്ങാൻ തീരുമാനിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

1945 ഓഗസ്റ്റ് 18-ന് സുഭാഷ് ചന്ദ്ര ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻ‌മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു. സുബ്രഹ്മണ്യൻ സ്വാമിയുടെ വെളിപ്പെടുത്തൽ സോവിയറ്റ് യൂണിയനിൽ വച്ച് ജോസഫ് സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് നേതാജിയുടെ മരണം സംഭവിച്ചതെന്നും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ഒന്നും ചെയ്തില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തൽ നടത്തിയത്. വിമാനാപകടത്തിൽ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, നേതാജി, റഷ്യൻ അധീനതയിലായിരുന്ന ചൈനയിലെ മഞ്ചൂരിയയിലേക്ക് രക്ഷപ്പെട്ടെന്നും സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ സൈബീരിയയിലെ യാകുത്സുക് ജയിലിലടച്ച് 1953ൽ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചോ കൊല്ലുകയോ ചെയ്തെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 1985 വരെ ഉത്തർ‌പ്രദേശിലെ അയോധ്യക്കു സമീപം രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്ന്യാസി, ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു. സന്ന്യാസിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ മുഖർജി കമ്മീഷൻ, ‘ശക്തമായ തെളിവുകളുടെ’ അഭാവത്തിൽ ഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഗുംനാമി ബാബയുടെ പല്ലിന്റെ ഡി.എൻ.എ ഘടനയും, നേതാജിയുടെ പിൻമുറക്കാരുടെ പല്ലിന്റെ ജനിതക ഘടനയും തമ്മിൽ പൊരുത്തമില്ലെന്നു ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരുന്നു. ഈ സന്ന്യാസിയുടെ ജീവിതവും ചെയ്തികളും ഇന്നും ദുരൂഹമായി തുടരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം നടത്തിയ അന്വേഷണത്തിൽ സന്ന്യാസി ബോസ് തന്നെയായിരുന്നു എന്ന് അനുമാനിക്കത്തക്ക തെളിവുകൾ ലഭിച്ചിരുന്നു. കൈയക്ഷരവിദഗ്ദ്ധനായ ഡോ. ബി. ലാൽ നടത്തിയ പരിശോധനയിൽ സന്ന്യാസിയുടേയും ബോസിന്റേയും കൈയക്ഷരം ഒന്നുതന്നെയാണെന്ന് തെളിഞ്ഞിരുന്നു. 1991-ൽ ഭാരത സർക്കാർ ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു. എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു പാടില്ല എന്ന് കോടതിയിൽ ഒരു പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവണ്മെന്റ് പുരസ്കാരം പിൻ‌വലിക്കുകയും ചെയ്തു. ബോസിന്റെ മരണത്തെ സ്ഥിരീകരിക്കാൻ ഗവണ്മെന്റ് സ്വീകരിച്ച ഒരു തന്ത്രമായി നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നു

chingam 1

മലയാളികൾ പുതുവർഷ പിറവിയായി ആഘോഷിക്കുന്ന ദിനമാണ് ചിങ്ങം ഒന്ന്. ദുരന്തത്തിന്റെ കോവിഡ് മുഖത്തുനിന്ന് പ്രത്യാശയിലേക്കു വിരൽചൂണ്ടുന്ന ഇക്കൊല്ലത്തെ കർഷകദിനം ഓഗസ്റ്റ് 17-നാണ്. കാലവർഷം കഴിഞ്ഞ് മാനംതെളിഞ്ഞ് കാർഷികമായ പുരോഗതി പ്രതീക്ഷിക്കുന്ന മാസംകൂടിയാണ് ചിങ്ങം. കളളകർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളിലേക്കാണ് ഓരോ മലയാളിയും കൺ തുറക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണർത്തുന്നതാണ് പൊന്നിൻ ചിങ്ങം. കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. ചിങ്ങ മാസത്തിലാണ് കേരളീയരുടെ ഉത്സവമായ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളാണ് കേരളീയർ ഓണമായി ആഘോഷിക്കുന്നത്. ചിങ്ങം പിറന്നാൽ പിന്നെ എങ്ങും പൂക്കൾ കൊണ്ട് നിറയും. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ തുടങ്ങി എണ്ണമറ്റ പൂക്കൾ ചുറ്റും പൂത്തുനിറഞ്ഞു നിൽക്കും. ചിങ്ങത്തിലെ അത്തം പിറന്നു കഴിഞ്ഞാൽ ഓണപൂക്കളം മുറ്റത്ത് നിറയും. അത്തം പത്തിനാണ് തിരുവോണം.