ദേശീയ നായ ദിനം (National Dog Day)

ദേശീയ നായ ദിനം (National Dog Day)

മനുഷ്യൻ ഇണക്കി വളർത്തുന്ന ഓമനമൃഗമാണ് നായ. ഇന്ന് ഓഗസ്റ്റ് 26 ദേശീയ നായ ദിനം. ചാര ചെന്നായയുടെ ഉപജാതിയും(Subspecies) സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളുമാണ്‌ നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം വിവിധയിനം നായകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ഇനങ്ങളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു. മനുഷ്യസംസ്കാരം ഉടലെടുത്തപ്പോൾ മുതൽ നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങിയിരുന്നു എന്ന് കരുതപ്പെടുന്നു.15000 വർഷം പഴക്കമുള്ള നായുടെ അസ്ഥികൂടം ജർമ്മനിയിലെ ബൊൺ-ഒബെർകാസ്സെൽ എന്ന സ്ഥലത്തു നിന്നും കുഴിച്ചെടുക്കുകയുണ്ടായി.ആ അസ്ഥികൂടം ലഭിച്ചത് ഒരു മനുഷ്യന്റെ ശവക്കല്ലറയിൽ നിന്നാണെന്നത് മനുഷ്യരും നായ്ക്കളും തമ്മിലുണ്ടായിരുന്ന പുരാതന ബന്ധത്തെ കാണിക്കുന്നു.
അടിസ്ഥാനപരമായി നായ്ക്കളുടെ ശരീരപ്രകൃതി വേട്ടയാടുന്ന മാംസഭുക്കുകളുടേതാണ്(ഇംഗ്ലീഷിൽ:Predators). അതു കൊണ്ട് തന്നെ ആക്രമണത്തിനും മാംസവും എല്ലുകളും കടിച്ചു മുറിക്കാനും പ്രാപ്തമായ ശക്തിയുള്ള താടിയെല്ലുകളും മൂർച്ചയുള്ള പല്ലുകളും നായ്ക്കൾക്കുണ്ട്. കേൾവി നായ്ക്കൾക്ക് 16 Hz വരെ താഴ്ന്ന ആവൃത്തിയുള്ള ശബ്ദവും 45 kHz വരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദവും കേൾക്കാൻ സാധിക്കും(മനുഷ്യൻ: 20Hz-20kHz). നായ്ക്കളുടെ ചെവി പലദിശകളിലേക്കും തിരിക്കാൻ സാധിക്കുന്നത് കൊണ്ട് ശബ്ദത്തിന്റെ ഉറവിടം വളരെപ്പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കൂടാതെ മനുഷ്യർക്ക് കേൾക്കാൻ കഴിയുന്നതിന്റെ നാലിരട്ടി ദൂരത്തുനിന്നുള്ള ശബ്ദം കേൾക്കാനും നായകൾക്ക് കഴിയും. ഉയർന്ന കേൾ‌വിക്ഷമതയുള്ള നായ്ക്കളുടെ ചെവി ചെന്നായ വർഗക്കാരുടെ പൊലെ ഉയർന്നു നിൽക്കുന്നതാണെന്ന് കാണാം, വീണു കിടക്കുന്നതരം ചെവിയുള്ള നായ്ക്കൾക്ക് കേൾവിശക്തി കുറവായിരിക്കും.

കാഴ്ച നായ്ക്കളുടെ കണ്ണിന്റെ വലിപ്പവും ആകൃതിയും ജനുസ്സനുസരിച്ച് വ്യത്യസ്തമാണ്. നായ്ക്കൾ വർണ്ണാന്ധതയുള്ള ജീവികളാണ്, എങ്കിലും അവയുടെ കണ്ണിന്റെ റെറ്റിനയിലെ കാഴ്ചാനാഡികളുടെ പ്രത്യേകതകൾ മൂലം അവക്ക് നന്നായി കാണാൻ സാധിക്കുന്നു. പല ജനുസ്സ് നായ്ക്കൾ‍ക്കും 2700 വരെ കാഴ്ചവട്ടം (Field of Vision) ഉണ്ട്. മറ്റ് ജനുസ്സുളെക്കാൾ കാഴ്ചശക്തി കൂടുതലുള്ള ജനുസ്സുകളെ സൈറ്റ് ഹൗൻഡ് (ഇംഗ്ലീഷിൽ Sight Hound) എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. നായ്ക്കളുടെ മൂക്കിൽ ഒരു തപാൽ സ്റ്റാമ്പിന്റെ അത്രയും സ്ഥലത്ത് ഏകദേശം 50 ലക്ഷം ഘ്രാണസം‌വേദിനീ കോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നായ്ക്കളെ വളരെ നല്ല മണം പിടിക്കലുകാർ ആക്കുന്നു. നായ്ക്കളിൽ തന്നെ ചില ജനുസ്സുകൾക്ക് മണം പിടിക്കാനുള്ള കഴിവ് മറ്റുള്ള ജനുസ്സുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും ഇത്തരം ജനുസ്സുകളെ സെന്റ് ഹൗൻഡ്(ScentHound) എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. നായ് ജനുസ്സുകളിൽ വച്ച് ഏറ്റവും കൂടുതൽ ഘ്രാണശക്തി ബ്ലഡ്ഹൗണ്ട്(BloodHound) എന്ന ജനുസ്സിനാണ്.

വളർത്തു നായ്ക്കൾ മാംസഭുക്കുകളാണോ മിശ്രഭുക്കുകളാണോ എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. കാർണിവോറ നിരയിൽ ഉൾപ്പെട്ടതു കൊണ്ട് മാത്രം നായ്ക്കൾ പൂർണ്ണമാംസഭുക്കുകളാണെന്നു പറയാൻ കഴിയില്ല. കാരണം മറ്റു പൂർണ്ണമാംസഭുക്കുകളെ പോലെ ചെറുതല്ല നായയുടെ ആന്തരാവയവങ്ങൾ. കൂടാതെ നായ്ക്കൾ അവയുടെ ശരീരപ്രവർത്തനങ്ങൾക്ക് മാംസജന്യമായ ജീവകങ്ങൾ കുറഞ്ഞ അളവിലേ ഉപയോഗിക്കുന്നുള്ളൂ. നായ്ക്കൾക്ക് പല തരത്തിലുള്ള ഭക്ഷണസാധനങ്ങൾ, പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടെ, ദഹിപ്പിക്കാനും അവയിൽ നിന്ന് ധാതുക്കളും ജീവകങ്ങളും ആഗിരണം ചെയ്യാനും കഴിയും. വളർത്തു നായ്ക്കളെ ശ്രദ്ധാപൂർ‌വമായ മാംസരഹിത ഭക്ഷണരീതിയിലൂടെയും ആരോഗ്യത്തോടെ വളർത്താൻ സാധിക്കും അവയുടെ ഭക്ഷണസാധനങ്ങളിൽ മുട്ടയും പാലും ഉൾപ്പെടുത്തിയാൽ മതിയാകും. നായ്ക്കൾ ഇടക്കിടെ പുല്ല് തിന്നാറുണ്ട്. ഇത് വയറ്റിലെ അനാവശ്യവസ്തുക്കളെ പുറത്തു കളയാനാണെന്നു വിശ്വസിക്കപ്പെടുന്നു. പുല്ല് വയറ്റിലെ വസ്തുക്കളുമായി കെട്ടിപ്പിണയുകയും ഛർദ്ദിയിലൂടെ ഈ വസ്തുക്കൾ പുറത്തു വരികയും ചെയ്യുന്നു. നായ്ക്കളിൽ ഛർദ്ദി സാധാരണമാണ്. നായ്ക്കൾ ചവയ്ക്കാതെ കടിച്ചു വിഴുങ്ങുന്ന മൃഗങ്ങളായതു കൊണ്ട് വയറ്റിലെത്തുന്ന എല്ല്, രോമങ്ങൾ എന്നിവ പുറത്തുകളയാനാണിത്.

അപകടകാരികളായ വസ്തുക്കൾ മനുഷ്യർ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളും നായ്ക്കൾക്ക് അപകടം വരുത്തിവെക്കാറുണ്ട്. ചോക്ലേറ്റ് (തിയോബ്രോമിൻ വിഷബാധ), ഉള്ളി, പച്ചയും ഉണങ്ങിയതുമായ മുന്തിരിങ്ങ എന്നിവ അതിൽ ചിലതാണ്. കൂടാതെ ച്യൂയിംഗ് ഗം, മധുരീക്രിതികൾ എന്നിവയും അപകടമുണ്ടാക്കുന്നു. മുന്തിരിങ്ങയിൽ നിന്നുള്ള കടുത്ത അപകടം 2000-ആമാണ്ടിൽ മാത്രമാണ് തിരിച്ചറിഞ്ഞത്. വളരെ കുറഞ്ഞ അളവിൽ പോലും ഉണങ്ങിയതോ പച്ചയോ ആയ മുന്തിരിങ്ങ ഉള്ളിൽ ചെന്നാൽ നായ്ക്കൾക്ക് കടുത്ത വൃക്ക സ്തംഭനം ഉണ്ടാകുന്നു. ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാകം ചെയ്ത എല്ലുകൾ നായ്ക്കൾക്ക് നൽകാൻ പാടുള്ളതല്ല. ചൂട് എല്ലുകളുടെ രാസഘടന മാറ്റുന്നു അതുമൂലം എല്ല് ചവക്കുമ്പോൾ അത് പിളർന്ന് ചെറിയ കഷ്ണങ്ങളാവുകയും ദഹനപ്രക്രിയക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. മനുഷ്യരുടെ പല മരുന്നുകളും നായ്ക്കൾക്ക് വിഷകരമാണ്. മദ്യം മനുഷ്യരിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ നായ്ക്കളിലും ഉണ്ടാക്കുന്നു. പല ചെടികളും നായ്ക്കൾക്ക് വിഷകരമാണ്.

നായ്ക്കൾ ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്ന മൃഗങ്ങളാണ്. ജനുസ്സനുസരിച്ച് നായ്ക്കളുടെ ബുദ്ധിശക്തിയിൽ ഏറ്റക്കുറച്ചിലുകൾ കാണാം. ബോർഡർ കോളി, പൂഡിൽ, ജർ‌മൻ ഷെപ്പേർഡ്, ഗോൾഡൻ റിട്രീവർ,ഡോബർമാൻ പിൻഷർ എന്നീ ജനുസ്സുകളാണ് നായ്ക്കളിൽ ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്നത്. ഈ ജനുസ്സുളെല്ലാം പരിശീലിപ്പിച്ചെടുക്കാൻ എളുപ്പമുള്ളവയാണ്. അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. മറ്റു പല ജനുസ്സുകൾ നിർദ്ദേശങ്ങൾ ഗ്രഹിക്കാൻ താമസിക്കുമെങ്കിലും അവയുടെ കഴിവ് മറ്റു പല മേഖലകളിലും കാഴ്ചവെക്കുന്നു ഉദാ: മണം പിടിക്കൽ, വേട്ടയാടൽ. നായ്ക്കൾ പരിസരങ്ങളോട് വളരെയധികം ഇണങ്ങിച്ചേരുന്നവയായതിനാൽ മനുഷ്യരുടെ പല സേവനങ്ങൾക്കും ഉപയോഗസജ്ജമായ നായ ജനുസ്സുകൾ തലമുറകളിലൂടെ വികസിച്ചു വന്നിട്ടുണ്ട്. ഇന്ന് പല മേഖലകളിലും നായ്ക്കൾ ഒരവിഭാജ്യഘടകമാണ്. നിയമപരിപാലനം, രക്ഷാപ്രവർത്തനം, അവലാഞ്ച് റെസ്ക്യൂ നായ, കാവൽ, കന്നുകാലി മേക്കൽ, അന്ധർക്ക് വഴികാട്ടൽ തുടങ്ങിയവ അതിൽ ചിലത് മാത്രം. എന്നിരുന്നാലും സങ്കീർണ്ണമായ കാര്യങ്ങൾ നായ്ക്കൾക്ക് പഠിക്കാൻ കഴിയുകയില്ല. അതിനാൽ അന്ധരെ സഹായിക്കുന്ന നായ്ക്കൾക്ക് അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേക പരിശീലനം നൽകുന്നു.

ജീവിത കാലം ജനുസ്സനുസരിച്ച് നായയുടെ ജീവിതകാലം വ്യത്യാസപ്പെട്ടിരിക്കുന്നു. ശരാശരി 10 മുതൽ 12 വർഷം വരെയാണ് നായ്ക്കളുടെ ആയുസ്സ്. പല ജനുസ്സുകളും ഉദാ: ബുൾ ഡോഗ്,ഗ്രേറ്റ് ഡേൻ,മാസ്റ്റിഫ് കുറച്ചു കാലം മാത്രമേ ജീവിക്കാറുള്ളൂ 6 മുതൽ 7 കൊല്ലം വരെ. ആയുസ്സ് കൂടിയ ജനുസ്സുകളായ പൂഡിൽ‍,ബോർഡർ ടെറിയർ,ഡാഷ്ഹണ്ട് എന്നിവക്ക് 14 മുതൽ 15 വർഷം വരെ ആയുസ്സുണ്ട്. സങ്കരവർഗ്ഗ നായകൾ പൊതുവേ തനത് ജനുസ്സുകളേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു. നായ്ക്കൾക്ക് പലതരം അസുഖങ്ങൾ വരാറുണ്ട്. മിക്ക രോഗങ്ങളും നായ്ക്കളിൽ മാത്രം കാണുന്നവയാണെങ്കിലും ചിലത് മനുഷ്യരിലേക്കും പടർന്നുപിടിക്കാറുണ്ട്. നായ്ക്കൾക്ക് വരുന്ന അസുഖങ്ങളിൽ നായ്ക്കൾക്കും മനുഷ്യർക്കും ഒരു പോലെ മാരകമായതാണ് പേവിഷബാധ(Rabies) അല്ലെങ്കിൽ ജലഭയം(Hydrophobia). പേവിഷബാധമൂലം സസ്തനികളിൽ എൻസെഫലിറ്റിസ് അതായത് തലച്ചോർ വലുതാവുന്ന അവസ്ഥയുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ പേവിഷബാധ തടയാൻ കഴിയൂ. നായ്ക്കൾക്ക് വരുന്ന മറ്റു രണ്ട് മാരകരോഗങ്ങളാണ് പാർ‌വൊ, ഡിസ്റ്റംബർ എന്നിവ. ഇവക്കും ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്. ഇവ കൂടാതെ പരമ്പരാഗതമായി വരുന്ന രോഗങ്ങളും നായ്ക്കളിൽ കാണാറുണ്ട്. കൂടാതെ മനുഷ്യരിൽ കാണപ്പെടുന്നത് പോലെ ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, കാൻസർ മുതലായവയും നായ്ക്കളിൽ കാണപ്പെടാറുണ്ട്.

നായകൾ വളരെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്നവയാണ്. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കൾ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്. മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാൽ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കൾ സന്തോഷം കണ്ടെത്തുന്നു. മനുഷ്യരുമായുള്ള ഈ ഒത്തിണക്കം പണ്ട് കാലത്ത് നായ്ക്കളെ ഉപയോഗിച്ച് ഫലപ്രദമായ വേട്ടകൾ നടത്താൻ സഹായിച്ചിരുന്നു. നായ്ക്കൾ സമൂഹജീവികളായതു മൂലം കൂട്ടത്തിലെ നേതാവിനോടുള്ള വിശ്വസ്തതയും കരുതലും ഉടമസ്ഥനോട് കാണിക്കുന്നു, ഇത് ജന്മനാലുള്ള വാസനയാണ്. എങ്കിലും മനുഷ്യരുടെ കാഴ്ചപ്പാടിൽ ഈ സ്വഭാവവിശേഷങ്ങൾ സ്നേഹത്തിനോടും സൗഹൃദത്തിനോടും അടുത്തു നിൽക്കുന്നു. പല നായ് വളർത്തുകാരും ഒരു കുടുംബാംഗം എന്ന നിലയ്ക്കാണ് നായ്ക്കളെ കാണുന്നത്. നായ്ക്കളെ മനുഷ്യർ പലതരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു, ജോലി ചെയ്യുന്ന നായ്ക്കളായി പല ജനുസ്സുകളേയും ഉപയോഗിക്കുന്നുണ്ട്.എങ്കിലും നായ്ക്കൾ ഇന്ന് പ്രധാനമായും മനുഷ്യർക്ക് കൂട്ടിനായാണ് വളർത്തപ്പെടുന്നത്. പല ദേശങ്ങളിലും നായയുടെ ഇറച്ചി ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട് ഉദാ: ചൈന,കൊറിയ,ഹോങ് കോങ് ഭാരതത്തിലെ മിസോറം,നാഗാലാ‌‍ൻഡ് എന്നീ സംസ്ഥാനങ്ങളിലും നായ ഇറച്ചി ഭക്ഷിക്കാറുണ്ട്. ഒട്ടുമിക്ക സ്ഥലങ്ങളിലും നായ് ഇറച്ചി തിന്നുന്നത് മോശമായി കണക്കാക്കി സാമൂഹികമായി വിലക്കിയിരിക്കുന്നു.