ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലമായ പൊന്നോണത്തിൻ്റെ വരവറിയിച്ച് ഇന്ന് അത്തം.
ചാണകമുറ്റത്ത് പൂക്കളം തീര്‍ത്ത് ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങുന്ന ദിനം. ഇനി പത്ത് നാള്‍ കാത്തിരിപ്പിൻ്റെ കാലം.
ലോകത്തിൻ്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. നാട്ടിന്‍പുറങ്ങളും വേലിപ്പടര്‍പ്പുകളും നാട്ടിടവഴികളുമെല്ലാം മലയാളിയുടെ മനസ്സില്‍ നിന്ന് മാഞ്ഞു തുടങ്ങിയതാണ്. ഇത്തവണ ഓണത്തിന് അത്തപ്പൂക്കളമൊരുക്കണമെങ്കില്‍ റോഡുകളായി രൂപാന്തരം പ്രാപിച്ച ഓര്‍മ്മകളുടെ ഇടവഴികളിലൂടെ പൂക്കള്‍ തേടി ഒരുപാട് അലയേണ്ടി വരും മലയാളിക്ക്. കൊവിഡ് പശ്ചാത്തലത്തില്‍ അന്യനാട്ടില്‍ നിന്നുള്ള പൂക്കള്‍ വേണ്ടെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പൂക്കളമൊരുക്കാന്‍ നാടന്‍ പൂക്കള്‍ തിരയേണ്ടി വരും. നഗര പരിധിയില്‍ താമസിക്കുന്നവരെ പൂക്കളം ഇത്തവണ ചെറുതായെങ്കിലും ഒന്ന് വലച്ചേക്കും. എന്ത് തന്നെയായാലും തനിമ നഷ്ടപ്പെട്ട മലയാളത്തിന് ഈ ഓണം പഴമയിലേക്കുളള ഒരു തിരിച്ചുപോക്കായേക്കും. പൂവിളികളും പാട്ടുകളുമായി നഗരമെന്നോ നാട്ടുപുറമെന്നോ വ്യത്യാസമില്ലാതെ കുരുന്നുകള്‍ പൂക്കള്‍ തേടിയിറങ്ങും. തുമ്പ, തെച്ചി, മുക്കുറ്റി, മന്ദാരം, വേലിയില്‍ പടര്‍ന്ന് നില്‍ക്കുന്ന ഓടാപ്പൂ, കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന ശംഖുപുഷ്പവും ഓര്‍മ്മ മാത്രമായിട്ട് വര്‍ഷങ്ങളായി. ഓണക്കാലത്ത് തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും പൂക്കള്‍ എത്താന്‍ തുടങ്ങിയതോടെ ഇവയെല്ലാം നമ്മള്‍ മറന്നു. ഡാലിയയും ജമന്തിയും ചെത്തിയുമെല്ലാം ഓണപ്പൂക്കളം തീര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ കൊവിഡ് സാധ്യത വര്‍ധിക്കുന്ന സാഹചര്യമുള്ളതിനാല്‍ പൂക്കളമൊരുക്കാന്‍ അതതു പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇത്തവണ പൂക്കള്‍ എത്തുന്നത് കുറയും. അതോടെ പറമ്പിലെ പൂത്ത് നില്‍ക്കുന്ന ചെമ്പരത്തിയും നമ്പ്യാര്‍വട്ടവും ഓണക്കാലത്ത് മാത്രം തലയുയര്‍ത്തി നില്‍ക്കുന്ന കൃഷ്ണ കിരീടവും ഇനി അത്തം മുതല്‍ മലയാളികളുടെ വീട്ട് മുറ്റത്തെ കളങ്ങളില്‍ നിറയും. അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് ഐതിഹ്യം. ഒരിക്കൽ തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ ജനങ്ങൾക്കു സാധിക്കാതെ വന്നു. തുടര്‍ന്ന് ഓരോ വീടുകളുടെയും മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു. ഇതാണ് അത്തപ്പൂക്കളത്തിന് പിന്നിലെ ഐതീഹ്യം അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിലാണ് പൂക്കളത്തിൽ മറ്റ് പൂക്കൾ ഉപയോഗിക്കുന്നത്. അത്തം നാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. കൂടാതെ, ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ പത്താം നാള്‍ പത്ത് നിര പൂ ഉപയോഗിച്ച് അത്തപ്പൂക്കളം തയ്യാറാക്കുന്നു. ഓണം എന്ന പേരുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഓണത്തെ വിളവെടുപ്പ്, വ്യാപാരോത്സവം എന്നൊക്കെയും അറിയപ്പെടുന്നുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ഓണം ആഘോഷിച്ചിരുന്നുവെന്നാണ് ചരിത്രം. മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഇതിന് ശേഷം ശ്രാവണമാസത്തിൽ (ചിങ്ങം) കച്ചവടം പുനരാരംഭിക്കുന്നു. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം. ചില സ്ഥലങ്ങളിൽ അത്തം മുതൽ തിരുവോണം വരെ 10 ദിവസം പൂക്കളമൊരുക്കും. ഉത്രാടം നാൾ വരെ പൂക്കളമൊരുക്കി തിരുവോണത്തിനു തൃക്കാക്കരയപ്പനെ വരവേൽക്കുന്ന പതിവാണു മറ്റു ചില സ്ഥലങ്ങളിൽ. പൂക്കളത്തിനു തുമ്പപ്പൂവ് നിർബന്ധം. ചെമ്പരത്തി, ചെത്തി, അരളി, നീലക്കൊങ്ങിണി, മല്ലിക, മന്ദാരം, കദളി, കൃഷ്ണകിരീടം തുടങ്ങിയവയാണു നാടൻ പൂക്കൾ. അരളി, വാടാമല്ലി, എന്നിവയും വീടുകളിലെ പൂക്കളത്തിന് ഉപയോഗിക്കുന്നുണ്ട്. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാമത്തെ ദിവസം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കു ന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്. തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.
2020-08-22

