Feature (Page 10)

alleppey fish

2010 ജൂലൈ 08 നായിരുന്നു കേരളത്തിന്റെ സംസ്ഥാന മത്സ്യമായി കരിമീനിനെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായും പ്രഖ്യാപിച്ചു. തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ (Green chromide ), തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ. കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മൽസ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ഉപ്പുവെള്ളത്തിൽ വളരുന്നതിനു കൂടുതൽ രുചിയുള്ളതായും ശുദ്ധജലത്തിൽ വേഗം വളരുന്നതായും കാണുന്നു.

പ്രത്യേകതകൾ ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കരിമീനിന്റെ വായ്‌ ചെറുതാണ്. 22 സെ.മി- 40 സെന്റിമീറ്റർ വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്.

ആഹാരം ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി , ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.

മാംസഘടന കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3 ഫാറ്റി ആസിഡിന്റെയും വിറ്റമിൻ ഡി, രൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും അതിനെ നല്ല ഭക്ഷണമാക്കുന്നു. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്.സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്. മാനസികതുലനത്തിനും പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത കുറക്കുന്നു.

വിപണിമൂല്യം കേരളത്തിൽ മത്സ്യവിഭവങ്ങളിലെ താരമാണ് കരിമീൻ വിഭവങ്ങൾ. കേരളത്തിന്റെ തനത് രുചികളിൽ പ്രമുഖമാണ് കരിമീൻ. അതുകൊണ്ട് വിനോദസഞ്ചാരരംഗത്തും ഹോട്ടൽ വ്യവസായത്തിലും കരിമീനിനു പ്രത്യേക സ്ഥാനം ഉണ്ട് കരിമീനിനു സീസൺ വെത്യാസമില്ലാതെ നല്ല വില കിട്ടുന്നു. സീസണിൽ പലപ്പോഴും ആയിരം രൂപവരെ കിലോക്ക് വില വരാറുണ്ട്.

forgiveness

ഇന്ന് ജൂലൈ 07 ലോക ക്ഷമ ദിനം. വളരെ അധികം വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ഇന്ന് ജീവിക്കുന്നത്.ഏതൊരു അറിവും നമ്മുടെ ഏത് ആവശ്യവും ഒരു വിരൽത്തുമ്പകലെ നമ്മെത്തേടിയെത്തുന്നു.ഇഷ്ടമുള്ള ഒരു ഭക്ഷണമോ,ടാക്സിയോ, മൂവി ടിക്കറ്റ്,ഒരു ബിൽ അടക്കുന്നതുപോലും വളരെ വേഗത്തിലും അനായാസകരമായും നമുക്ക് സാധിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച നമ്മുടെ ജീവിതത്തിലുണ്ടാക്കിയ അത്ഭുതപൂർവ്വമായ വളർച്ചയുടെ ഭാഗമാണ് ഇതെല്ലാം വളരെ വേഗത്തിൽ നമ്മളിലേക്ക് എത്തുന്നതിനാൽത്തന്നെ പല കാര്യങ്ങളിലും കാത്തിരിക്കുക എന്നുള്ളത് നമുക്ക് വളരെ പ്രയാസകരമാണ്.ഒരു പരിധിക്കപ്പുറം കാത്തിരിപ്പ് എന്നത് നമ്മുടെ ക്ഷമ ഇല്ലാതാക്കും,നമ്മെ ദേഷ്യത്തിലാക്കും പലപ്പോഴും നിരാശയിലേക്കും മറ്റ് മാനസിക അസ്വസ്ഥതകളിലേക്കും നയിക്കും.എന്നാൽ വളരെ അപകടം നിറഞ്ഞ ഒരു പ്രവണതയാണ് ഇത്.ക്ഷമയോട് കൂടി ഒരു കാര്യത്തെ നേരിടാനുള്ള മനുഷ്യന്റെ മനോഭാവത്തിൽ വന്ന മാറ്റം യഥാർത്ഥത്തിൽ അപകടകരമാണ് .

എന്താണ് ക്ഷമ? നമുക്ക് സമയത്ത് ചെയ്തു കിട്ടേണ്ട ഒരു കാര്യം നമ്മളിലേക്ക് വൈകി എത്തുമ്പോൾ ആ സാഹചര്യത്തിൽ നമ്മൾ എങ്ങനെ പ്രതികരിക്കുന്നു,എന്ത് സമീപനമാണ് നാം വച്ച് പുലർത്തുന്നത്,നല്ല രീതിയിൽ എങ്ങനെ നാം നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നു എന്നതിനെയാണ് ക്ഷമ എന്ന് പറയുന്നത്. ക്ഷമയോട് കൂടി ഒരു കാര്യത്തെ സമീപിക്കുമ്പോൾ കൂടുതൽ വ്യക്തതയോടും സമചിത്തതയോടും കൂടി കൂടുതൽ മികച്ച തീരുമാനങ്ങൾ എടുക്കുവാൻ നമുക്ക് സാധിക്കും.ക്ഷമ ശീലമാക്കിയ ഒരാൾ സ്വാഭാവികമായും ചിന്തിക്കാനായി കൂടുതൽ സമയം വിനിയോഗിക്കും എന്നതിനാലാണ് ഇത് സംഭവിക്കുക.

*എങ്ങനെ കൂടുതൽ ക്ഷമയുള്ളവരായിരിക്കാം എന്ന് നമുക്ക് പരിശോധിക്കാം. പ്രതികൂല സാഹചര്യങ്ങളോട് ശരിയായ മനോഭാവം പുലർത്തുക. നിങ്ങൾക്ക് സുഖകരമല്ലാത്ത ഒരു സാഹചര്യം ഉണ്ടാകുമ്പോളാണ് സ്വാഭാവികമായും ക്ഷമ ഇല്ലാതാകുന്നത്.എവിടെ നിങ്ങൾക്ക് സുഖകരമല്ലാത്ത സാഹചര്യം ഉണ്ടാകുന്നുവോ അവിടെ വളർച്ചയുണ്ടാകും എന്ന് മനസ്സിലാക്കുക.വിപരീത സാഹചര്യം ഉണ്ടാകുമ്പോൾ നമ്മൾ അവയെ അതിജീവിക്കാനുള്ള വഴികൾ തേടും.പ്രതികൂല സാഹചര്യങ്ങളെ പോസിറ്റീവ് ആയി മാത്രം കാണുക.ഓരോ പ്രതിസന്ധിയും ജീവിതത്തിൽ മുന്നേറുവാനുള്ള അവസരമായി കാണുക.ക്ഷമ തീർച്ചയായും നിങ്ങളുടെ വളർച്ചയിലേക്ക് നയിക്കും എന്ന സത്യം മനസ്സിലാക്കുക.

*അമിത വേഗം ഒഴിവാക്കുക. വളരെയധികം വേഗത്തിൽ സഞ്ചരിക്കാൻ ഇന്നത്തെ ലോകത്തിൽ ഒരു പരിധിവരെ നാം നിർബന്ധിതരാണ്.എന്നാൽ അമിത വേഗം നമ്മെ സ്വയം വിലയിരുത്തലുകളിൽനിന്നും,നിരീക്ഷണങ്ങളിൽനിന്നും,ശരിയായ ചിന്തകളിൽ നിന്നും അകറ്റും.നമ്മുടെ ചിന്തകളെ നല്ല രീതിയിൽ സ്വാധീനിക്കുവാൻ നമ്മുടെ വേഗത്തെ പരിധിയിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.വേഗം നമ്മുടെ പരിധിയിലായാൽ ക്ഷമയും വർദ്ധിക്കും.

*പ്രവർത്തികൾക്ക് മുൻപ് ചിന്തകൾക്ക് പ്രാധാന്യം നൽകുക. എന്തെങ്കിലും പ്രവർത്തിയിലേർപ്പെടുംമുമ്പ് അല്ലെങ്കിൽ സംസാരിക്കുന്നതിനു മുൻപ് അവയെക്കുറിച്ച് നല്ലരീതിയിൽ ചിന്തിക്കുക.ചിന്ത എന്ന പ്രവർത്തി സാവധാനം നടക്കുന്ന പ്രക്രിയ ആയതിനാൽ സ്വാഭാവികമായും നിങ്ങളുടെ ക്ഷമാ ശീലം വർദ്ധിക്കും.
*സ്വയം കാത്തിരിക്കാൻ ശീലിക്കുക. കാത്തിരിക്കുക എന്നതാണ് നമ്മെ ഏറ്റവും അസ്വസ്ഥമാക്കുന്ന കാര്യങ്ങളിൽ ഒന്ന്.നിങ്ങളെ മാനസികമായി അധികം സമ്മർദ്ദത്തിലാക്കാത്ത കാത്തിരിപ്പുകൾ ശീലിക്കുന്നത് ക്ഷമാ ശീലം വർദ്ധിപ്പിക്കും.

*മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക . ഹോട്ടലിൽ ഭക്ഷണത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ ദേഷ്യം വരുന്ന ആളാണ് നിങ്ങളെങ്കിൽ ഇനി അത്തരത്തിലുള്ള സാഹചര്യങ്ങളിൽ മനസ്സിനെ പോസിറ്റീവ് ആയി മാത്രം നിയന്ത്രിക്കാൻ ശ്രമിക്കുക.നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം.ഉദാ:അവിടെ ഇരിക്കുന്ന സമയം നിങ്ങളുടെ ഒരു സുഹൃത്തിനെ വിളിക്കാം, ഇങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം.

Kissing

എല്ലാ വർഷവും ജൂലൈ 6 ന് അന്താരാഷ്ട്ര ചുംബന ദിനമായി ആചരിക്കുന്നു. വാലന്റൈൻസ് ദിനത്തിന് തൊട്ടു മുമ്പുള്ള ( ഫെബ്രുവരി 13) ദിവസവും ചുംബന ദിനമായി ആചരിക്കുന്നുണ്ട്. തിരുനെറ്റിയിൽ പതിക്കുന്ന അമ്മയുടെ ചുണ്ടുകളിലാണ് ഒരു ജന്മം തുടങ്ങുന്നത്. ആദ്യ ചുംബനത്തിന്റെ അനുഭൂതി അമ്മയുടെ ചുണ്ടുകളിൽ നിന്ന് നാം അറിയാതെയാണെങ്കിലും വൈദ്യുതപ്രവാഹം പോലെ നമ്മളിലേക്കു പ്രവഹിച്ചിട്ടുണ്ടാവും. എല്ലാ ജന്മങ്ങളും ചുംബനങ്ങളിലാണൊടുങ്ങുന്നത്. അവസാനയാത്രയിൽ നെറ്റിയിൽ തിളയ്ക്കുന്ന കണ്ണീരു വീണ് യാത്രയാവാൻ കഴിയുന്നവർ ഭാഗ്യവാന്മാർ. എന്തുകൊണ്ടെന്നാൽ ഒരു ജന്മം തീർത്ത കർമഫലമാണ് സ്നേഹമായി ഒരു തുള്ളി കണ്ണീരിലൂടെ വീഴുന്നത്. ഉള്ളുപോലും ഉരുകിപ്പോകുന്ന തീച്ചൂടാണ് അന്ത്യചുംബനങ്ങൾക്ക്. ഇതാണു മനുഷ്യാവസ്ഥ. ആദ്യത്തെ ചുംബനവും അവസാനത്തെ ചുംബനവും അവനവൻ അറിയുന്നില്ല. ഇത്രയും തീവ്രമായ ചുംബനങ്ങൾ പിന്നീട് ഉണ്ടാകുന്നതേയില്ല. ആത്മാവ് ആത്മാവിനെ ചുംബിക്കുന്നതാണത്. ജീവന്റെ ആദ്യവും അവസാനവും. അതുകൊണ്ടുതന്നെ നമുക്ക് പറയാം. രണ്ടു ചുംബനങ്ങൾക്കിടയിലുള്ള ഇത്തിരി സമയത്താണ് നമ്മുടെ ജീവിതമെന്ന്. പ്രസവസമയത്ത് തന്റെ കുഞ്ഞിനെ മാറോടണച്ച് നെറുകയിൽ ചുംബിക്കുന്ന അമ്മ ഒരായുഷ്ക്കാലം നീളുന്ന ചുംബനമാണു തുടങ്ങുന്നത്. പിന്നീട് കുഞ്ഞ് വളർന്നു വലുതാകുമെങ്കിലും അമ്മയുടെ മനസിൽ ആ ആദ്യ ചുംബനം തന്നെ നിലനിൽക്കും. അതുകൊണ്ടാണ് മക്കൾ എത്ര മുതിർന്നാലും അമ്മമാരുടെ മനസിൽ അവർ കുഞ്ഞായി തന്നെ അവശേഷിക്കുന്നത്.

ചുംബനം ശരീരത്തിൽ അധികമുള്ള ഊർജം കത്തിക്കുന്നു. ടെൻഷൻ കുറയ്ക്കുന്നു. ശരീരത്തിന് സുഖകരമായ ആലസ്യം നൽകുന്നു. അമിതമായ രക്തസമ്മർദം, കൊളസ്ട്രോൾ പേശികളുടെ ബലക്ഷയം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോണുകളെ ചുംബനം ത്വരിതപ്പെടുത്തുന്നു. ആർത്തവം ക്രമമാകാനും ചുംബനം ഉപയോഗപ്പെടും. ജർമനിയിലെ റിനെ ലാൻഡിൽ പെൺകുട്ടികൾക്ക് വർഷത്തിലൊരിക്കൽ അവരുടെ സുഹൃത്തുക്കളെ ചുംബിക്കുന്നതിനുള്ള അവകാശമുണ്ട്. നാല് രാത്രിയും നാല് പകലും ഈ ലൈസൻസ് നിലനിൽക്കും. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അന്ന് കമിതാക്കൾ റിനെലാൻഡിലെത്തും.

ഒരു ചുംബനം മതി നിങ്ങളെ രോഗിയാക്കാൻ. വലിയ രോഗി. എന്ന് വൈദ്യശാസ്ത്രം വിളിച്ചു പറഞ്ഞിട്ട് വർഷങ്ങളായി. ഗ്ലാൻഡുലർ ഫിവർ എന്ന അപൂർവയിനം പനി പകരുന്നത് ചുംബനത്തിലൂടെയാണ്. പനി, ഗ്രന്ഥികളുടെ നീർവീക്കം, വെളുത്ത രക്താണുക്കളുടെ അമിതമായ വർധന, തൊണ്ടവേദന, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഈ പനിക്ക് ഉണ്ടാകും. ചുംബനത്തിലൂടെ രോഗം പകരാനുള്ള സാധ്യതകൾ വളരെ മുമ്പേ തന്നെ ആരോഗ്യശാസ്ത്രം മുമ്പോട്ടു വച്ചിരുന്നു

Muhammad Basheer

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

1908 ജനുവരി 21 ന് തിരുവിതാംകൂറിലെ തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. പദ്മനാഭ പൈ പത്രാധിപരായിരുന്ന “ജയകേസരി”യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

സാഹിത്യശൈലി
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ജീവിതരേഖ
ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന് ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.
ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന ‘ബഷീറിന്റെ എടിയേ’ എന്ന പേരിൽ ഡി സി ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്.

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.ഭാർഗ്ഗവീനിലയം ,
മതിലുകൾ, ബാല്യകാലസഖി ഈ സിനിമകളെല്ലാം ബഷീറിന്റെ
നോവലുകളാണ്.

Jackfruit Day

ഇന്ന് ജൂലൈ 4 ചക്കപ്പഴ ദിനം. ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ് (സുഗന്ധം നല്‍കുന്നവ) പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. മള്‍ബറി (മോറേസി) കുടുംബക്കാരനാണ് ചക്ക. ചക്കയുടെ ശാസ്ത്രനാമം ആര്‍ട്ടോ കാര്‍പ്പസ് ഹെറ്ററോ ഫില്ലസ്. ആര്‍ട്ടോ കാര്‍പ്പസ് ഹെറ്റേറോഫില്ലസ് (Artocarpus hetcrophylluslem) എന്ന ശാസ്ത്ര നാമത്തിലാണ് ചക്ക അറിയപ്പെടുന്നത്. ജന്മദേശം ഇന്ത്യയാണ്. മറാസിയെ (Moracae) കുടുംബത്തില്‍പെട്ടതാണ്. ജാക്ക എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം പശയുള്ളത്, കായുള്ളത് എന്ന അര്‍ഥത്തില്‍ ഇതിന്റെ വൃക്ഷത്തിന് പ്ലാവ് എന്നും പേരുകിട്ടി. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് പ്ലാവ് ആദ്യമായി കണ്ടെത്തിയത്. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്. കേരളത്തില്‍ ഏകദേശം 2,80,000 പ്ലാവുകള്‍ ഉണ്ടന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 90,000ഹെക്ടര്‍ പ്രദേശങ്ങളിലായി നില്‍ക്കുന്നു. ഈ പ്ലാവുകളില്‍നിന്ന് ഏകദേശം 38.4 കോടി ചക്ക ലഭിക്കുന്നതായും സര്‍ക്കാറിന്റെ ഫാംഗൈഡ് പ്രകാരം കണക്കാക്കപ്പെടുന്നു.

ചക്കപ്പഴത്തിന്റെ ഗുണങ്ങള്‍

ചക്കപ്പഴം ഏല്ലവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ എല്ലാര്‍ക്കും ഉപയോഗിക്കാം എന്നതാണ് ചക്കപ്പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.എന്നാല്‍ ആരെയും മയക്കുന്ന രുചിയെക്കാളും നിരവധി ഗുണങ്ങളുടെ അപൂര്‍വ്വ കലറകൂടിയ ചക്ക
*ചക്കപ്പഴത്തില്‍ വൈറ്റമിന്‍ എ, സി, തയാമിന്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, സിങ്ക് എന്നിങ്ങനെ ശരീരത്തിനാവശ്യമുള്ള വിറ്റാമിനുകളെല്ലാമുണ്ട്. അതിനാല്‍ ചക്കപ്പഴം ആരോഗ്യത്തിന് നല്ലതാണ്.
*പഴുത്ത ചക്കച്ചുള തേനില്‍ മുക്കിക്കഴിച്ചാല്‍ തലച്ചോറിന്റെ ഞരമ്പുകള്‍ക്ക് ബലം കിട്ടും. വാതരോഗത്തിനും നല്ല മരുന്നാണ്.
*ബിപി കുറയാനും വിളര്‍ച്ച മാറാനും ചക്കപ്പഴം വളരെ നല്ലതാണ്. ആസ്ത്മ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ചക്ക.
*ഇതില്‍ ധാരാളം മഗ്‌നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കും. കുട്ടികള്‍ക്ക് ചക്കപ്പഴം നല്‍കുന്നത് ഏറെ പ്രയോജനപ്രദമാണ്.
*നാരടങ്ങിയ പഴമായതിനാല്‍ മലബന്ധം തടയാനും ദഹനത്തിനും ചക്കപ്പഴം നല്ലതാണ്.
*അര്‍ബുദം തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്. അര്‍ബുദ ത്തിന് കാരണമായ പോളിന്യൂട്രിയന്റുകളെ തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്.
*പച്ച ചക്കയ്ക്കും ഗുണങ്ങളേറെയാണ്. പച്ച ചക്കയില്‍ അന്നജം കുറവാണെങ്കിലും നാരും ജലാംശവും കൂടുതലാണ്. അതിനാല്‍ പെട്ടെന്ന് വിശപ്പ് മാറും. *ചക്കയില്‍ പ്രോട്ടീന്റെ അളവ് കുറവായതിനാല്‍ ചക്കപ്പുഴുക്കിനൊപ്പം മീന്‍കറിയോ, ഇറച്ചിക്കറിയോ കഴിക്കാം. *സസ്യാഹാരികള്‍ ചക്കപ്പുഴുക്കിനൊപ്പം പരിപ്പ് കറിയോ, പയറോ, കടലക്കറിയോ കഴിക്കാവുന്നതാണ്. *ചക്കപ്പഴത്തിലെ കാല്‍സ്യം*
കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിന്‍ എ പോലെയുള്ള ആന്റി ഓക്സിഡന്റുകള്‍ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിര സാധ്യത കുറയ്ക്കുന്നു. മാകുലാര്‍ ഡിഡനറേഷനില്‍ നിന്നു കണ്ണുകള്‍ക്കു സംരക്ഷണം നല്‍കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിര്‍ത്തുന്നു.

*ചക്കപ്പഴത്തിലെ വിറ്റാമിന്‍ ബി 6 ഹൃദയത്തിനു സംരക്ഷണം നല്‍കുന്നു. ചക്കപ്പഴത്തിലുള്ള പൊട്ടാസ്യം ശരീരത്തിലെ ഫ്ളുയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്റെ അളവു നിയന്ത്രിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികള്‍, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം. *ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ചര്‍മസംരക്ഷണത്തിനു സഹായകം. കാല്‍സ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്‌നീഷ്യം ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ കാല്‍സ്യം മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ട പിടിക്കുന്നതിനു സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കരുത്തിനും കാല്‍സ്യം ആവശ്യം. കാല്‍സ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന എല്ലു രോഗം തടയുന്നു.
ക്യാന്‍സര്‍ തടയും
പ്രതിരോധം: ചക്ക വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ്. ഇത് പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തും. സാധാരണയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളായ ചുമ, ജലദോഷം, പനി എന്നിവയില്‍ നിന്നും സംരക്ഷിക്കും.
*ഊര്‍ജം: ചക്കയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുകളും, കലോറിയും ഫ്രക്ടോസ്, സൂക്രോസ് പോലുള്ള ഷുഗറും അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം പ്രധാനം ചെയ്യും. ചക്കയില്‍ കൊളസ്ട്രോള്‍ ഘടകം അടങ്ങിയിട്ടില്ലാത്തതിനാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണിത്. *ചക്കക്കുരുവും കാന്‍സറും* ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

parsi temple

ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുന്നെ ഒരുകൂട്ടം സാഹസികരായ പാർസി വ്യാപാരികൾ പേർഷ്യയിൽ (ഇറാൻ-ഇറാഖ്) നിന്ന് കോഴിക്കോട്ടേക്ക് കുടിയേറിപ്പാർത്തു. അതിനും നൂറ്റാണ്ടുകൾക്ക് മുന്നെ തന്നെ അവരുടെ പൂർവ്വീകർക്ക് കോഴിക്കോടുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. കാലങ്ങൾക്കു ശേഷം ഗുജറാത്തിൽ നിന്നുളള വൈഷ്ണവർ, ബനിയ, ബോറി, ജൈനർ തുടങ്ങിയ വ്യാപാര സമുദായങ്ങൾക്കൊപ്പം ഗുജറാത്തി പാർസി വ്യാപാരികളും കോഴിക്കോട്ടെത്തി. കോഴിക്കോട് താമസമുറപ്പിച്ച സോറാഷ്ട്രിയന്‍ (zoroastrian) മതവിശ്വാസികളായിരുന്ന പാർസി സമുദായക്കാർ സാമൂതിരിയുടെ അനുവാദത്തോടു കൂടെ ആരാധനക്കായി ഒരു അഗ്യാരി അഥവാ അഗ്നി മന്ദിരം (Fire Temple) പണികഴിയിപ്പിച്ചു. തലമുറകൾ കഴിഞ്ഞപ്പോൾ, ഒരുപക്ഷേ കോഴിക്കോട് പോലുള്ളൊരു നഗരത്തിൽ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ജീവിക്കാനുളള ബുദ്ധിമുട്ടുകൊണ്ടോ അല്ലെങ്കിൽ ഗുജറാത്തും മുബൈയും കേന്ദ്രീകരിച്ച് വളരുന്ന തങ്ങളുടെ സമുദായത്തിനൊപ്പം ചേരാനുള്ള ആവേശം കൊണ്ടോ, ഒട്ടുമിക്ക പാർസി കുടുംബങ്ങളും ഇവിടം വിട്ടു പോയി. ഒരിക്കൽ മുന്നൂറിലധികം പാർസി കുടുംബങ്ങളുണ്ടായിരുന്ന കേരളത്തിൽ ഇന്ന് തൃശൂരിൽ താമസിക്കുന്ന കവിന കുടുംബം, കോഴിക്കോട്ടുള്ള മാർഷൽ കുടുംബം അങ്ങനെ രണ്ട് പാർസി കുടുംബങ്ങൾ മാത്രമാണ് ഉളളത്. എന്നിരുന്നാലും ഇരുന്നൂറ് വർഷങ്ങൾക്ക് മുന്നേ അവർ പണികഴിപ്പിച്ച പാർസി അഞ്ജുമൻ ബാഗ് എന്ന അഗ്നി മന്ദിരം ഇന്നും കോഴിക്കോട് മിഠായിത്തെരുവിൽ ചെന്നാൽ കാണാം. കേരളത്തിലെ ഒരേയൊരു പാർസി ആരാധനാലയമായ ഈ അഗ്നിമന്ദിരം പരിപാലിക്കുന്നത് മാർഷൽ കുടുംബമാണ്.

venus

ഈയത്തെ ഉരുക്കാന്‍ പോന്ന താപനിലയുള്ള അന്തരീക്ഷവും, സള്‍ഫ്യൂരിക് ആസിഡിന്‍റെ മേഘങ്ങള്‍ക്കൊണ്ട് ആവൃതമായ ആകാശവുമുള്ള ഈ ഗ്രഹം ഭൂമിയുടെ ദൌര്‍ഭാഗ്യമുള്ള ഇരട്ട എന്നും അറിയപ്പെടുന്നു.

ശുക്രഗ്രഹത്തെപ്പറ്റിയാണു നമ്മള്‍ പറഞ്ഞ് വന്നത്. സൂര്യനില്‍ നിന്ന് രണ്ടാമത്തെ ഈ ഗ്രഹത്തില്‍ ജീവനുണ്ടാവുക അസാധ്യം. പക്ഷെ ഇപ്പോള്‍ വരുന്ന തെളിവുകള്‍ അനുസരിച്ച് നമ്മുടെ സൗര്യയുധത്തില്‍ ജീവന്‍ ആദ്യം ഉണ്ടാകാന്‍ സാധ്യത കല്‍പ്പിക്കുന്നത് ഇതേ ശുക്രനില്‍
ആണ്.

നമ്മുടെ ഭൂമിയില്‍ ജീവന്‍റെ ആദ്യ മുകുളങ്ങള്‍ ഉണ്ടാകുന്ന സമയത്ത് അങ്ങ് ശുക്രനില്‍ ജീവനു ആവശ്യമായ നല്ല കാലാവസ്ഥയും 6600 അടി താഴ്ചയുള്ള സമുദ്രങ്ങളും ഉണ്ടായിരുന്നു.

പകല്‍ സമയം നല്ല മഴ ലഭിക്കുന്ന ഇടങ്ങളും ഉള്ള നമ്മുടെ ഉഷ്ണമേഖലയിലെ താപനിലയുള്ള ഒരു മനോഹര ഗ്രഹമായിരുന്നു ശുക്രന്‍.

ഏകദേശം 3 ബില്യൺ വര്‍ഷം മുമ്പ് ഉടലെടുത്ത ഈ സമുദ്രം ഒരു 750
മില്ലിയണ്‍ വര്‍ഷം മുമ്പ് വരെ അവിടെ നില നിന്നിരുന്നു. ഇത്ര ദീര്‍ഘമായ കാലം ജീവന്‍ ഉണ്ടാകാനും നില നില്‍ക്കാനും മതിയായ കാലമാണ്.

പക്ഷെ ഇന്ന് ശുക്രനിലെ താപനില 462 ഡിഗ്രി C ആണ്. ഒരു ജീവനും ഒരിക്കലും നിലനില്‍ക്കാന്‍ ഒരിക്കലും സാധ്യമല്ലാത്ത അന്തരീക്ഷവും.

Giraffe

ജിറാഫ് തന്‍റെ ജനിച്ചു വീഴുന്ന കുഞ്ഞിനോട് കാണിയ്ക്കുന്നത് കണ്ടാല്‍ നമ്മള്‍ ഒട്ടൊന്നു അമ്പരപ്പെടും.

കുഞ്ഞു ജിറാഫ് ഭൂമിയിലേക്കു വരുന്നതു തന്നെ പത്തടി ഉയരത്തില്‍ നിന്ന് താഴോട്ട് വീണിട്ടാണ്. ആ വീഴ്ച്ചയില്‍ തന്നെ ഈ ലോകത്തിന്‍റെ പരുപരുത്ത യാഥാർത്ഥ്യങ്ങൾ ആ പാവം കുഞ്ഞിനു മനസ്സിലായിപ്പൊകും. വീഴ്ച്ച കഴിഞ്ഞാലുടനെ കുറച്ചു സെക്കന്‍റുകള്‍ അവന്‍ ചുരുണ്ട് കൂടി ഉരുളും.

പ്രസവിച്ച് കഴിഞ്ഞയുടനെ അമ്മ ജിറാഫ് തല താഴ്ത്തി കുഞ്ഞിന്‍റെ സ്ഥിതി പരിശോധിക്കും. അതിനു ശേഷം അതു തിരിഞ്ഞ് കുഞ്ഞിനു നേരേ നില്‍ക്കും. ഏകദേശം ഒരു മിനുറ്റ് കാത്ത് നിന്ന ശേഷം അമ്മ നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം ചെയ്യും, അത് തന്‍റെ കുഞ്ഞിനെ മുന്‍ കാല്‍ ഉയര്‍ത്തി ഒന്നു തൊഴിക്കും. കുഞ്ഞ് ജിറാഫ് എഴുന്നേറ്റ് നില്‍ക്കുന്ന വരെ അമ്മ അതിനെ തൊഴിക്കും.

കുഞ്ഞ് കഷ്ടപ്പെട്ട് എഴുന്നേറ്റു കഴിയുമ്പോള്‍ അമ്മ അതിനെ വീണ്ടും ചവിട്ടി താഴെയിടും. എങ്ങനെയാണു താന്‍ എഴുന്നേറ്റതെന്നു കുഞ്ഞ് മറക്കാതിരിക്കാനാണ് അമ്മ അങ്ങനെ ചെയ്യുന്നത്.

വനാന്തരീക്ഷത്തില്‍ തന്‍റെ കുഞ്ഞു കടുവയ്ക്കും സിംഹത്തിനും പുലിക്കുമൊന്നൂം ഇരയാകാതിരിക്കണമെങ്കില്‍ എത്രയും പെട്ടന്ന് എഴുന്നേറ്റ് കൂട്ടത്തില്‍ നടക്കണമെന്നു അമ്മയ്ക്കു നന്നായറിയാം. അത് കൊണ്ടാണ് നമ്മള്‍ക്ക് ക്രൂരമെന്നു തോന്നുമെങ്കിലും അതു തന്‍റെ പൊന്നോമനയെ തൊഴിക്കുന്നത്.

മനുഷ്യന്‍റെ ഇതുവരെയുള്ള ശാസ്ത്ര വിജ്ഞാനം വെച്ചിട്ട് ഈ പ്രപഞ്ചത്തില്‍ ജീവന്‍ കണ്ടെത്തിയിട്ടുള്ളതു ഭൂമിയില്‍ മാത്രമാണ്. വേറേ ഗ്രഹങ്ങളില്‍ സാധ്യതയുണ്ടെങ്കിലും അവ കണ്ടെത്തി സ്ഥിതീകരിക്കാന്‍ മനുഷ്യനു കഴിഞ്ഞിട്ടില്ല.

പക്ഷെ ഈ ഭൂമിയില്‍ തന്നെ ജീവന്‍ ഉണ്ടാകാനോ നിലനില്‍ക്കാനോ പറ്റാത്ത ഒരു സ്ഥലം ഉണ്ട്. ഒരു സൂക്ഷ്മജീവിക്കുപോലും ജീവിക്കാന്‍ അസാധ്യമായ ആ സ്ഥലം സ്ഥിതി ചെയ്യുന്നതു ദല്ലോല്‍ എന്ന സ്ഥലത്താണ്.

ദല്ലോല്‍ എത്യോപ്പിയയിലാണു സ്ഥിതി ചെയ്യുന്നതു. അവിടുത്തെ ജിയൊ-തെര്‍മ്മല്‍ ഫീല്‍ഡുകളിലാണു ഒരു തരത്തിലുള്ള ജീവനുകളും നിലനില്‍ക്കാത്തത്.

ദല്ലോല്‍ എന്ന പേരു മുമ്പ് കേട്ടിട്ടുണ്ടോ? ഈ ഭൂമിയില്‍ ഏറ്റവും ചൂട് കൂടിയ സ്ഥമാണത്. അവിടുത്തെ ശരാശരി ചൂട് 34.4⁰ C ആണ്, ചൂടുകാലത്ത് അതു 46.7⁰ C വരെ ഉയരാം. കൂടാതെ ഇതു സ്ഥിതി ചെയ്യുന്നതു സമുദ്ര നിരപ്പില്‍ നിന്നു 125 മീറ്റര്‍ താഴെയാണ്. അതുകൂടാതെ അവിടെ അഗ്നിപര്‍വതങ്ങളും ജിയൊ-തെര്‍മ്മല്‍ ഫീല്‍ഡുകളും ഉണ്ട്.

വെള്ളം ഇല്ലാതെ നമ്മള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. കൃഷിക്കും വ്യവസായത്തിനും ഇതു കൂടിയേതീരു. പക്ഷേ അതിനേക്കാള്‍ അധികമായി, കുടിക്കാന്‍ വെള്ളം കിട്ടിയില്ലെങ്കില്‍ നമ്മള്‍ക്ക് ജീവിക്കാനാകില്ല. നമ്മുടെ ശരീരത്തിനു വെള്ളമില്ലാതെ മൂന്നു ദിവസത്തില്‍ കൂടുതല്‍ ജീവിക്കാന്‍ കഴിയില്ല. ഗവേഷകര്‍ വായുവില്‍ നിന്ന് ജലം വലിച്ചെടുക്കാന്‍ കഴിയുന്ന വസ്തു ഉണ്ടാക്കിയിരിക്കുന്നു. ഇതു വരണ്ടയിടങ്ങളില്‍ കഴിയുന്നവരുടെ ദാഹം അകറ്റുവാന്‍ ഉപയോഗിക്കാമെന്നു കരുതുന്നു.

ഈ പുതിയ വസ്തുക്കള്‍ മെറ്റല്‍ ഓര്‍ഗാനിക്ക് ഫ്രേംവര്‍ക്ക് അല്ലെങ്കില്‍ എം.ഓ.എഫ് എന്ന ഗണത്തില്‍പ്പെടുന്നവയാണ്. അതിന്‍റെ പേരു തന്നെ അതെന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നെതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതു ലോഹകണങ്ങളുടെ ഒരു ചെറിയ കൂട്ടമാണ്. കാര്‍ബണിന്‍റെ കോമ്പൌണ്ട് കൊണ്ടുള്ള ഒരു ചങ്ങല ഈ ചെറുകൂട്ടങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഒരു കോലായി വര്‍ത്തിക്കുന്നു. ഈ കോമ്പൌണ്ടുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതു ഒരു തേനീച്ചക്കൂട് പോലെയുള്ള ഒരു ഘടനയായി മാറുന്നു.

ഈ ഘടനകളില്‍ ചിലതിനു വെള്ളം ആഗീരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ വസ്തുക്കള്‍ വായുവില്‍ നിന്ന് വളരെയേറെ ജലം ആഗീരണം ചെയ്യും ജലത്തിന്‍റെ കണികകള്‍ (H2O) ഈ പുതിയ എം.ഓ.എഫ് നുള്ളില്‍ക്കൂടി കടന്നു പോകാന്‍ കഴിയുന്ന ശരിയായ വലിപ്പവും ആകൃതിയുമാണ്. കൂടാതെ അതിന്‍റെ ഉള്ളിലുള്ള വൈദ്യുതി കണങ്ങള്‍ ജലത്തെ ആകര്‍ഷിക്കുകയും ചെയ്യുന്നു.

എല്ലാ എം.ഓ.എഫുകളും ഇതിനുപയോഗിക്കാന്‍ പറ്റില്ല, ചിലത് ജലത്തെ നന്നായി ആഗീരണം ചെയ്യുകയും ശക്തിയായി ചേര്‍ത്തു വെക്കുന്നു. പിന്നീട് ഇതില്‍ നിന്ന് ജലത്തെ പുറത്തെടുക്കാന്‍ നല്ല ശക്തി തന്നെ ഉപയോഗിക്കണം. അതിനാല്‍ തന്നെ എം.ഓ.എഫ്. തിരഞ്ഞെടുക്കുമ്പോള്‍ അത്ര ശക്തിയായി ജലത്തെ പിടിച്ചു വെയ്ക്കാത്തതു തന്നെ തിരഞ്ഞെടുക്കണം. അതാണ് ഇപ്പോള്‍ ഈ ശാസ്ത്രജ്ഞര്‍ ചെയ്തതും.

ഈര്‍പ്പം കുറവുള്ള അന്തരീക്ഷത്തില്‍ നിന്ന് ജലം ആഗീരണം ചെയ്യുക വളരെ ശ്രമകരമാണ്. പക്ഷേ ഇവര്‍ ഉപയോഗിച്ച പുതിയ എം.ഓ.എഫ് അവര്‍ മരുഭൂ സമാനമായ അന്തരീക്ഷത്തില്‍ പരീക്ഷിക്കുകയും, 10 ശതമാനത്തില്‍ താഴെ ഈര്‍പ്പമുള്ള വായുവില്‍ നിന്ന്, ഒരു കിലോ എം.ഓ.എഫ് ഉപയോഗിച്ചപ്പോള്‍ അവര്‍ക്ക് 0.7 ലിറ്റര്‍ വെള്ളം ആഗീരണം ചെയ്യാന്‍ സാധിച്ചു.
ഇത് ഭാവിയില്‍ വരണ്ട പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.