ലോക ക്ഷമ ദിനം (Global Forgiveness Day)

forgiveness

ഇന്ന് ജൂലൈ 07 ലോക ക്ഷമ ദിനം. വളരെ അധികം വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ഇന്ന് ജീവിക്കുന്നത്.ഏതൊരു അറിവും നമ്മുടെ ഏത് ആവശ്യവും ഒരു വിരൽത്തുമ്പകലെ നമ്മെത്തേടിയെത്തുന്നു.ഇഷ്ടമുള്ള ഒരു ഭക്ഷണമോ,ടാക്സിയോ, മൂവി ടിക്കറ്റ്,ഒരു ബിൽ അടക്കുന്നതുപോലും വളരെ വേഗത്തിലും അനായാസകരമായും നമുക്ക് സാധിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച നമ്മുടെ ജീവിതത്തിലുണ്ടാക്കിയ അത്ഭുതപൂർവ്വമായ വളർച്ചയുടെ ഭാഗമാണ് ഇതെല്ലാം വളരെ വേഗത്തിൽ നമ്മളിലേക്ക് എത്തുന്നതിനാൽത്തന്നെ പല കാര്യങ്ങളിലും കാത്തിരിക്കുക എന്നുള്ളത് നമുക്ക് വളരെ പ്രയാസകരമാണ്.ഒരു പരിധിക്കപ്പുറം കാത്തിരിപ്പ് എന്നത് നമ്മുടെ ക്ഷമ ഇല്ലാതാക്കും,നമ്മെ ദേഷ്യത്തിലാക്കും പലപ്പോഴും നിരാശയിലേക്കും മറ്റ് മാനസിക അസ്വസ്ഥതകളിലേക്കും നയിക്കും.എന്നാൽ വളരെ അപകടം നിറഞ്ഞ ഒരു പ്രവണതയാണ് ഇത്.ക്ഷമയോട് കൂടി ഒരു കാര്യത്തെ നേരിടാനുള്ള മനുഷ്യന്റെ മനോഭാവത്തിൽ വന്ന മാറ്റം യഥാർത്ഥത്തിൽ അപകടകരമാണ് .

എന്താണ് ക്ഷമ? നമുക്ക് സമയത്ത് ചെയ്തു കിട്ടേണ്ട ഒരു കാര്യം നമ്മളിലേക്ക് വൈകി എത്തുമ്പോൾ ആ സാഹചര്യത്തിൽ നമ്മൾ എങ്ങനെ പ്രതികരിക്കുന്നു,എന്ത് സമീപനമാണ് നാം വച്ച് പുലർത്തുന്നത്,നല്ല രീതിയിൽ എങ്ങനെ നാം നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നു എന്നതിനെയാണ് ക്ഷമ എന്ന് പറയുന്നത്. ക്ഷമയോട് കൂടി ഒരു കാര്യത്തെ സമീപിക്കുമ്പോൾ കൂടുതൽ വ്യക്തതയോടും സമചിത്തതയോടും കൂടി കൂടുതൽ മികച്ച തീരുമാനങ്ങൾ എടുക്കുവാൻ നമുക്ക് സാധിക്കും.ക്ഷമ ശീലമാക്കിയ ഒരാൾ സ്വാഭാവികമായും ചിന്തിക്കാനായി കൂടുതൽ സമയം വിനിയോഗിക്കും എന്നതിനാലാണ് ഇത് സംഭവിക്കുക.

*എങ്ങനെ കൂടുതൽ ക്ഷമയുള്ളവരായിരിക്കാം എന്ന് നമുക്ക് പരിശോധിക്കാം. പ്രതികൂല സാഹചര്യങ്ങളോട് ശരിയായ മനോഭാവം പുലർത്തുക. നിങ്ങൾക്ക് സുഖകരമല്ലാത്ത ഒരു സാഹചര്യം ഉണ്ടാകുമ്പോളാണ് സ്വാഭാവികമായും ക്ഷമ ഇല്ലാതാകുന്നത്.എവിടെ നിങ്ങൾക്ക് സുഖകരമല്ലാത്ത സാഹചര്യം ഉണ്ടാകുന്നുവോ അവിടെ വളർച്ചയുണ്ടാകും എന്ന് മനസ്സിലാക്കുക.വിപരീത സാഹചര്യം ഉണ്ടാകുമ്പോൾ നമ്മൾ അവയെ അതിജീവിക്കാനുള്ള വഴികൾ തേടും.പ്രതികൂല സാഹചര്യങ്ങളെ പോസിറ്റീവ് ആയി മാത്രം കാണുക.ഓരോ പ്രതിസന്ധിയും ജീവിതത്തിൽ മുന്നേറുവാനുള്ള അവസരമായി കാണുക.ക്ഷമ തീർച്ചയായും നിങ്ങളുടെ വളർച്ചയിലേക്ക് നയിക്കും എന്ന സത്യം മനസ്സിലാക്കുക.

*അമിത വേഗം ഒഴിവാക്കുക. വളരെയധികം വേഗത്തിൽ സഞ്ചരിക്കാൻ ഇന്നത്തെ ലോകത്തിൽ ഒരു പരിധിവരെ നാം നിർബന്ധിതരാണ്.എന്നാൽ അമിത വേഗം നമ്മെ സ്വയം വിലയിരുത്തലുകളിൽനിന്നും,നിരീക്ഷണങ്ങളിൽനിന്നും,ശരിയായ ചിന്തകളിൽ നിന്നും അകറ്റും.നമ്മുടെ ചിന്തകളെ നല്ല രീതിയിൽ സ്വാധീനിക്കുവാൻ നമ്മുടെ വേഗത്തെ പരിധിയിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.വേഗം നമ്മുടെ പരിധിയിലായാൽ ക്ഷമയും വർദ്ധിക്കും.

*പ്രവർത്തികൾക്ക് മുൻപ് ചിന്തകൾക്ക് പ്രാധാന്യം നൽകുക. എന്തെങ്കിലും പ്രവർത്തിയിലേർപ്പെടുംമുമ്പ് അല്ലെങ്കിൽ സംസാരിക്കുന്നതിനു മുൻപ് അവയെക്കുറിച്ച് നല്ലരീതിയിൽ ചിന്തിക്കുക.ചിന്ത എന്ന പ്രവർത്തി സാവധാനം നടക്കുന്ന പ്രക്രിയ ആയതിനാൽ സ്വാഭാവികമായും നിങ്ങളുടെ ക്ഷമാ ശീലം വർദ്ധിക്കും.
*സ്വയം കാത്തിരിക്കാൻ ശീലിക്കുക. കാത്തിരിക്കുക എന്നതാണ് നമ്മെ ഏറ്റവും അസ്വസ്ഥമാക്കുന്ന കാര്യങ്ങളിൽ ഒന്ന്.നിങ്ങളെ മാനസികമായി അധികം സമ്മർദ്ദത്തിലാക്കാത്ത കാത്തിരിപ്പുകൾ ശീലിക്കുന്നത് ക്ഷമാ ശീലം വർദ്ധിപ്പിക്കും.

*മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക . ഹോട്ടലിൽ ഭക്ഷണത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ ദേഷ്യം വരുന്ന ആളാണ് നിങ്ങളെങ്കിൽ ഇനി അത്തരത്തിലുള്ള സാഹചര്യങ്ങളിൽ മനസ്സിനെ പോസിറ്റീവ് ആയി മാത്രം നിയന്ത്രിക്കാൻ ശ്രമിക്കുക.നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം.ഉദാ:അവിടെ ഇരിക്കുന്ന സമയം നിങ്ങളുടെ ഒരു സുഹൃത്തിനെ വിളിക്കാം, ഇങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം.