കേരളത്തിലെ ഒരേയൊരു പാർസി ആരാധനാലയം

parsi temple

ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുന്നെ ഒരുകൂട്ടം സാഹസികരായ പാർസി വ്യാപാരികൾ പേർഷ്യയിൽ (ഇറാൻ-ഇറാഖ്) നിന്ന് കോഴിക്കോട്ടേക്ക് കുടിയേറിപ്പാർത്തു. അതിനും നൂറ്റാണ്ടുകൾക്ക് മുന്നെ തന്നെ അവരുടെ പൂർവ്വീകർക്ക് കോഴിക്കോടുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. കാലങ്ങൾക്കു ശേഷം ഗുജറാത്തിൽ നിന്നുളള വൈഷ്ണവർ, ബനിയ, ബോറി, ജൈനർ തുടങ്ങിയ വ്യാപാര സമുദായങ്ങൾക്കൊപ്പം ഗുജറാത്തി പാർസി വ്യാപാരികളും കോഴിക്കോട്ടെത്തി. കോഴിക്കോട് താമസമുറപ്പിച്ച സോറാഷ്ട്രിയന്‍ (zoroastrian) മതവിശ്വാസികളായിരുന്ന പാർസി സമുദായക്കാർ സാമൂതിരിയുടെ അനുവാദത്തോടു കൂടെ ആരാധനക്കായി ഒരു അഗ്യാരി അഥവാ അഗ്നി മന്ദിരം (Fire Temple) പണികഴിയിപ്പിച്ചു. തലമുറകൾ കഴിഞ്ഞപ്പോൾ, ഒരുപക്ഷേ കോഴിക്കോട് പോലുള്ളൊരു നഗരത്തിൽ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ജീവിക്കാനുളള ബുദ്ധിമുട്ടുകൊണ്ടോ അല്ലെങ്കിൽ ഗുജറാത്തും മുബൈയും കേന്ദ്രീകരിച്ച് വളരുന്ന തങ്ങളുടെ സമുദായത്തിനൊപ്പം ചേരാനുള്ള ആവേശം കൊണ്ടോ, ഒട്ടുമിക്ക പാർസി കുടുംബങ്ങളും ഇവിടം വിട്ടു പോയി. ഒരിക്കൽ മുന്നൂറിലധികം പാർസി കുടുംബങ്ങളുണ്ടായിരുന്ന കേരളത്തിൽ ഇന്ന് തൃശൂരിൽ താമസിക്കുന്ന കവിന കുടുംബം, കോഴിക്കോട്ടുള്ള മാർഷൽ കുടുംബം അങ്ങനെ രണ്ട് പാർസി കുടുംബങ്ങൾ മാത്രമാണ് ഉളളത്. എന്നിരുന്നാലും ഇരുന്നൂറ് വർഷങ്ങൾക്ക് മുന്നേ അവർ പണികഴിപ്പിച്ച പാർസി അഞ്ജുമൻ ബാഗ് എന്ന അഗ്നി മന്ദിരം ഇന്നും കോഴിക്കോട് മിഠായിത്തെരുവിൽ ചെന്നാൽ കാണാം. കേരളത്തിലെ ഒരേയൊരു പാർസി ആരാധനാലയമായ ഈ അഗ്നിമന്ദിരം പരിപാലിക്കുന്നത് മാർഷൽ കുടുംബമാണ്.