അന്താരാഷ്ട്ര ചുംബന ദിനം (International Kissing Day)

Kissing

എല്ലാ വർഷവും ജൂലൈ 6 ന് അന്താരാഷ്ട്ര ചുംബന ദിനമായി ആചരിക്കുന്നു. വാലന്റൈൻസ് ദിനത്തിന് തൊട്ടു മുമ്പുള്ള ( ഫെബ്രുവരി 13) ദിവസവും ചുംബന ദിനമായി ആചരിക്കുന്നുണ്ട്. തിരുനെറ്റിയിൽ പതിക്കുന്ന അമ്മയുടെ ചുണ്ടുകളിലാണ് ഒരു ജന്മം തുടങ്ങുന്നത്. ആദ്യ ചുംബനത്തിന്റെ അനുഭൂതി അമ്മയുടെ ചുണ്ടുകളിൽ നിന്ന് നാം അറിയാതെയാണെങ്കിലും വൈദ്യുതപ്രവാഹം പോലെ നമ്മളിലേക്കു പ്രവഹിച്ചിട്ടുണ്ടാവും. എല്ലാ ജന്മങ്ങളും ചുംബനങ്ങളിലാണൊടുങ്ങുന്നത്. അവസാനയാത്രയിൽ നെറ്റിയിൽ തിളയ്ക്കുന്ന കണ്ണീരു വീണ് യാത്രയാവാൻ കഴിയുന്നവർ ഭാഗ്യവാന്മാർ. എന്തുകൊണ്ടെന്നാൽ ഒരു ജന്മം തീർത്ത കർമഫലമാണ് സ്നേഹമായി ഒരു തുള്ളി കണ്ണീരിലൂടെ വീഴുന്നത്. ഉള്ളുപോലും ഉരുകിപ്പോകുന്ന തീച്ചൂടാണ് അന്ത്യചുംബനങ്ങൾക്ക്. ഇതാണു മനുഷ്യാവസ്ഥ. ആദ്യത്തെ ചുംബനവും അവസാനത്തെ ചുംബനവും അവനവൻ അറിയുന്നില്ല. ഇത്രയും തീവ്രമായ ചുംബനങ്ങൾ പിന്നീട് ഉണ്ടാകുന്നതേയില്ല. ആത്മാവ് ആത്മാവിനെ ചുംബിക്കുന്നതാണത്. ജീവന്റെ ആദ്യവും അവസാനവും. അതുകൊണ്ടുതന്നെ നമുക്ക് പറയാം. രണ്ടു ചുംബനങ്ങൾക്കിടയിലുള്ള ഇത്തിരി സമയത്താണ് നമ്മുടെ ജീവിതമെന്ന്. പ്രസവസമയത്ത് തന്റെ കുഞ്ഞിനെ മാറോടണച്ച് നെറുകയിൽ ചുംബിക്കുന്ന അമ്മ ഒരായുഷ്ക്കാലം നീളുന്ന ചുംബനമാണു തുടങ്ങുന്നത്. പിന്നീട് കുഞ്ഞ് വളർന്നു വലുതാകുമെങ്കിലും അമ്മയുടെ മനസിൽ ആ ആദ്യ ചുംബനം തന്നെ നിലനിൽക്കും. അതുകൊണ്ടാണ് മക്കൾ എത്ര മുതിർന്നാലും അമ്മമാരുടെ മനസിൽ അവർ കുഞ്ഞായി തന്നെ അവശേഷിക്കുന്നത്.

ചുംബനം ശരീരത്തിൽ അധികമുള്ള ഊർജം കത്തിക്കുന്നു. ടെൻഷൻ കുറയ്ക്കുന്നു. ശരീരത്തിന് സുഖകരമായ ആലസ്യം നൽകുന്നു. അമിതമായ രക്തസമ്മർദം, കൊളസ്ട്രോൾ പേശികളുടെ ബലക്ഷയം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോണുകളെ ചുംബനം ത്വരിതപ്പെടുത്തുന്നു. ആർത്തവം ക്രമമാകാനും ചുംബനം ഉപയോഗപ്പെടും. ജർമനിയിലെ റിനെ ലാൻഡിൽ പെൺകുട്ടികൾക്ക് വർഷത്തിലൊരിക്കൽ അവരുടെ സുഹൃത്തുക്കളെ ചുംബിക്കുന്നതിനുള്ള അവകാശമുണ്ട്. നാല് രാത്രിയും നാല് പകലും ഈ ലൈസൻസ് നിലനിൽക്കും. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അന്ന് കമിതാക്കൾ റിനെലാൻഡിലെത്തും.

ഒരു ചുംബനം മതി നിങ്ങളെ രോഗിയാക്കാൻ. വലിയ രോഗി. എന്ന് വൈദ്യശാസ്ത്രം വിളിച്ചു പറഞ്ഞിട്ട് വർഷങ്ങളായി. ഗ്ലാൻഡുലർ ഫിവർ എന്ന അപൂർവയിനം പനി പകരുന്നത് ചുംബനത്തിലൂടെയാണ്. പനി, ഗ്രന്ഥികളുടെ നീർവീക്കം, വെളുത്ത രക്താണുക്കളുടെ അമിതമായ വർധന, തൊണ്ടവേദന, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഈ പനിക്ക് ഉണ്ടാകും. ചുംബനത്തിലൂടെ രോഗം പകരാനുള്ള സാധ്യതകൾ വളരെ മുമ്പേ തന്നെ ആരോഗ്യശാസ്ത്രം മുമ്പോട്ടു വച്ചിരുന്നു