Entertainment (Page 98)

ചരിത്ര സിനിമകള്‍ ഇനി ചെയ്യുന്നില്ലെന്നും യഥാര്‍ഥ ചരിത്രം സിനിമയാക്കുന്നത് അപകടകരമാണെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല. അഭിനയിക്കുന്നതിന് പകരം അഭിനേതാക്കള്‍ പെരുമാറുന്നത് കാണാനാണ് ഇഷ്ടം. ഞാന്‍ ആളുകളെ രസിപ്പിക്കാന്‍ വേണ്ടി മാത്രം സിനിമ എടുക്കുന്നയാളാണ്. എനിക്ക് അതാണ് ഇഷ്ടം.. ഇടയ്ക്ക് കാഞ്ചീവരം ഒക്കെ ചെയ്യുന്നത് നമ്മുടെ ആഗ്രഹം തീര്‍ക്കാന്‍ വേണ്ടിയാണ്. പണ്ട് ആളുകള്‍ അഭിനയിക്കും. ഇന്ന് പെരുമാറുകയാണ് ചെയ്യുന്നത്. ആള്‍ക്കാര്‍ക്ക് പെരുമാറുന്നത് കാണാനാണ് ഇഷ്ടം. പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഇല്ലെങ്കിലും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മലയാള സിനിമകള്‍ മികച്ചതാണ്. 96 സിനിമകള്‍ 40 വര്‍ഷം കൊണ്ട് ചെയ്തു. ഒ.ടി.ടി കാരണം മലയാളം സിനിമ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്നു. ബാഹുബലിയും ആര്‍. ആര്‍. ആറും ഇല്ലെങ്കിലും നല്ല ഉള്ളടക്കം ഉള്ള സിനിമകള്‍ മലയാളത്തിലുണ്ട്. സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ വഴി മിക്ക മേഖലകളും വിമര്‍ശനം നേരിടുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളെ നമ്മള്‍ ബഹുമാനിക്കണം. ഇവരെ എടാ, പോടാ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല. മനഃപൂര്‍വം ആരെയും ഉപദ്രവിക്കരുത്. ഒരു വ്യക്തിയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും’ അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളില്‍ യുവ താരങ്ങളുടെ പ്രതികരണങ്ങളെ കുറിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും മമ്മൂട്ടി പറഞ്ഞു.

ഇപ്പോഴത്തെ യുവ നായക നടന്മാര്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ‘പുതിയ ആള്‍ക്കാരല്ലേ? സോഷ്യല്‍ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആള്‍ക്കാരല്ലേ. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിട്ടുള്ളവരായിരിക്കും അവര്‍. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നത്. സ്വാഭാവികം’, എന്നായിരുന്നു ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി. ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

1921: പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ അഭിപ്രായപ്പെട്ടു.

‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതായും സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്.

നേരത്തേ കണ്ടെത്തി മതിയായ ചികിത്സ നല്‍കിയാല്‍ മറ്റേത് രോഗത്തേയും പോലെ കാന്‍സറിനെയും അതിജീവിക്കാമെന്ന് നടി മംമ്ത മോഹന്‍ദാസിന്റെ കുറിപ്പ്. ലോക കാന്‍സര്‍ ദിനത്തില്‍ തന്നോടുള്ള ചെറിയ ഓര്‍മപ്പെടുത്തലാണിതെന്നും മംമ്ത ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

കാന്‍സര്‍ എന്നത് യഥാര്‍ഥമാണെന്നും എന്നാല്‍ നിങ്ങള്‍ വേണമെന്നു വിചാരിച്ചാല്‍ അതിനെ താത്കാലികമാക്കാം. അവനവനോട് അല്‍പം അനുകമ്പയുള്ളവരാകൂ എന്നും ഭാരത്തെ ലഘൂകരിക്കൂ എന്നും മംമ്ത കുറിക്കുന്നു. മംമ്ത മോഹന്‍ദാസും കാന്‍സറിനെ അതിജീവിച്ചതിനെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവെക്കാറുണ്ട്.

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ് താന്‍ എന്നും മംമ്ത ഈയിടെ പറഞ്ഞിരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്.

സംസ്ഥാനത്ത് മദ്യവിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്.

‘മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്’ മുരളി ഗോപി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് മദ്യവിലയില്‍ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായാണ് മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനം. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക.

മാളികപ്പുറം സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പിലാക്കുമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

കാന്‍സര്‍ രോഗ നിര്‍ണയ ചികിത്സാ പദ്ധതികള്‍, 15 വയസിന് താഴെയുള്ള നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, മുതിര്‍ന്ന പൗരന്മാര്‍ക്ക് കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ കാര്‍ഡ്, റേഡിയേഷന്‍ തെറാപ്പിക്ക് 50 ശതമാനം ഇളവ്, റോബോട്ടിക് ഓങ്കോസര്‍ജറി, ഓര്‍ത്തോ ഓങ്കോസര്‍ജറി ഉള്‍പ്പെടെയുള്ള അര്‍ബുദ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ എന്നിവയാണ് മാളികപ്പുറം ടീം നല്‍കുന്നത്.

മുതിര്‍ന്നവര്‍ക്കുള്ള പദ്ധതി പ്രഖ്യാപനം നടന്‍ ഉണ്ണി മുകുന്ദനും കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതി പ്രഖ്യാപനം ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥും ചേര്‍ന്ന് നിര്‍വഹിക്കും. സിനിമ 100 കോടി ക്ലബ്ബിലെത്തിയതിന് പിന്നാലെയാണ് മാളികപ്പുറം ടീമില്‍ നിന്നും പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

സിനിമാ നിരൂപണങ്ങള്‍ ഒരിക്കലും വ്യക്തിഹത്യയാകരുതെന്നും വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നുവെന്നും നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ നിലവില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ പ്രചരാണാര്‍ത്ഥം ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ വിമര്‍ശനം പരിഹസിക്കലായി മാറരുത്. ചില സിനിമകള്‍ പ്രേക്ഷകര്‍ കാണുന്നതിന് മുമ്ബ് തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയരും. അതൊരിക്കലും പരിഹാസത്തിന്റെ രൂപത്തിലാവരുത് എന്നതാണ് അഭിപ്രായമെന്നും മമ്മൂട്ടി വ്യക്തമാക്കി.

ഇന്നത്തെ കാലത്ത് മലയാള സിനിമയില്‍ വരുന്ന നല്ല മാറ്റങ്ങള്‍ക്ക് കാരണം സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകരാണ്. തന്റെ ചിത്രങ്ങള്‍ ഫാന്‍സ് മാത്രമല്ല കാണുന്നതെന്നും സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും കാണുന്നതുകൊണ്ടാണ് ചിത്രങ്ങള്‍ വിജയിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഫെബ്രുവരി ഒമ്ബതിനാണ് ക്രിസ്റ്റഫറിന്റെ റിലീസ്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഐമാക്‌സ് തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

തമിഴിനു പുറമേ ഹിന്ദിയിലും മണിരത്‌നത്തിന്റെ ചിത്രം ഐമാക്‌സില്‍ കാണാനാകും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ട് വന്ന പ്രതികരണങ്ങള്‍.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ആഗോള കളക്ഷനില്‍ 100 കോടി നേടി ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. റിലീസ് ചെയ്ത് നാല്‍പതാം ദിവസമാണ് മാളികപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയായി ഇതോടെ മാളികപ്പുറം.

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’-ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരില്‍ നിന്നും വന്‍ സ്വീകരണമാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്. സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ചെന്നൈ: മാദ്ധ്യമങ്ങള്‍, സമൂഹ മാദ്ധ്യമ സ്ഥാപനങ്ങള്‍, കമ്ബനികള്‍ തുടങ്ങിയവര്‍ തന്റെ ഫോട്ടോകള്‍, ശബ്ദം, പേര്, കാരിക്കേച്ചര്‍ എന്നിവ അനുമതി കൂടാതെ ഉപയോഗിക്കരുതെന്ന് നടന്‍ രജനീകാന്ത്. മുന്നറിയിപ്പ് ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും രജനീകാന്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

അതേസമയം, അനുവാദമില്ലാതെ ഒരു സ്വകാര്യ കമ്ബനി തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് പരസ്യം നിര്‍മ്മിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു അറിയിപ്പുമായി അഭിഭാഷകന്‍ മുഖേന താരം രംഗത്തുവന്നിരിക്കുന്നത്.

തമിഴ്, മലയാളം. തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായി 160 ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനിടയില്‍ രജനീകാന്ത് ഒരു വാണിജ്യ പരസ്യത്തിലും അഭിനയിച്ചിട്ടില്ല. തമിഴ്നാട് സര്‍ക്കാരിനായി മൂന്ന് പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും പ്രതിഫലവും വാങ്ങിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു ടിഎംടി ബാര്‍ കമ്ബനി അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നിര്‍മ്മിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം പ്രവര്‍ത്തികള്‍ വിലക്കിക്കൊണ്ട് നിയമപരമായ മുന്നറിയിപ്പുമായി താരം മുന്നോട്ട് വന്നിരിക്കുന്നത്.