Entertainment (Page 55)

നാൽപത്തിയാറാം വയസ്സിൽ മേതിൽ ദേവിക ബിഗ് സ്ക്രീനിലെത്തുകയാണ്. ബിജു മേനോന്റെ നായികയായി. ‘മേപ്പടിയാൻ’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെ.ഐഎസ്ആർഒയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകിയാണ്.


ഇരുപത്തിമൂന്നു വർഷം മുൻപ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം വേണ്ടെന്നു വയ്ക്കാൻ നർത്തകി മേതിൽ ദേവികയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. കാരണം സിനിമയിലേക്കില്ല എന്ന ഉറച്ച തീരുമാനത്തിനപ്പോൾ ഒരു പതിറ്റാണ്ടോളം പ്രായമായിരുന്നു. പതിമൂന്നാം വയസ്സു മുതൽ പലവട്ടം സിനിമ ദേവികയുടെ കയ്യിൽ വലിയ അവസരങ്ങൾ വച്ചു കൊടുത്തിട്ടുണ്ട്. ‘കാബൂളിവാല’ ഉൾപ്പെടെ ഒട്ടേറെ സിനിമകളിലേക്കുള്ള ക്ഷണം വന്നപ്പോഴും അഭിനയിക്കാൻ തയ്യാറായിരുന്നില്ല.

‘കലയെ ശാസ്ത്രവുമായി കോർത്തിണക്കി ഞാൻ തന്നെ ആശയം നൽകി നടത്തുന്ന പഠനമാണിത്. ശാസ്ത്രീയനൃത്തത്തിന്റെ മേഖലയിൽ ചുവടുറപ്പിച്ച് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞില്ലേ. നൃത്തവേദിയിൽ നിന്നു ലഭിക്കുന്ന സന്തോഷത്തിലും വലുതല്ല എനിക്കു മറ്റൊന്നും. വിഷ്ണു വളരെ ഗിഫ്റ്റഡ് ആയ ചെറുപ്പക്കാരനാണ്. എന്നെ ഈ ചിത്രത്തിലേക്കെത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂർണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങൾക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാൻ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാൻ കാരണം.’ നൃത്തവേദികളിലേതിൽ നിന്ന് ഏറെ വ്യത്യാസം സിനിമാഭിനയത്തിനുണ്ടെങ്കിലും ക്യാമറയ്ക്കു മുന്നിൽ സഭാകമ്പമൊന്നും തനിക്കു തോന്നിയില്ലെന്നും ദേവിക പറയുന്നു

ചിയാൻ വിക്രമിനെ നായകനാക്കി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. കർണനായി വിക്രം അഭിനയിക്കുന്നു. ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നുണ്ട് .പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍.മലയാള സിനിമയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു കർണൻ. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തി. വിക്രത്തിന്റെ പിറന്നാൾ ദിനം പ്രത്യേക ടീസറും പുറത്തിറക്കി. ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയില്‍ കർണൻ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കി ചിത്രീകണത്തിനൊരുങ്ങുന്ന വിഡിയോ ആയിരുന്നു ടീസറിൽ ഉണ്ടായിരുന്നത്. അന്ന് ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് നിർമാതാക്കളെന്നും വെളിപ്പെടുത്തിയിരുന്നു. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബോളിവുഡിൽ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.സൂര്യപുത്ര മഹാവീർ കർണ’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.

കർണനിൽ നിന്ന് വിക്രം പിന്മാറിയെന്നും ചിത്രം സംവിധായകൻ ഉപേക്ഷിച്ചുവെന്നുമെല്ലാം റിപ്പോർട്ടുകളുണ്ടായിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ടീസറിൽ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താത്തതായിരുന്നു ഇതിന് കാരണം. എന്നാൽ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചത് വിക്രമിന്റെ ചിത്രത്തോടൊപ്പം ‘സൂര്യപുത്രൻ കർണൻ റോളിങ്സൂൺ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിമലിന്റെ പോസ്റ്റ്. നേരത്തെ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും വിക്രമും പ്രതികരിച്ചിരുന്നു.നേരത്തെ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ കോവിഡിന് ശേഷം വിക്രം കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ട് കാരണമാണ് കർണൻ വൈകിയതെന്നാണ് റിപ്പോർട്ടുകൾ.

എന്ന് നിന്റെ മൊയ്തീൻ, ശശിയും ശകുന്തളയും എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. യുണൈറ്റഡ് ഫിലിം അവതരിപ്പിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. റിപ്പോർട്ടുകളെല്ലാം തള്ളിക്കൊണ്ട് വിക്രം നായകനായി കർണൻ ഒരുങ്ങുന്നുവെന്ന വാർത്ത ചിയാൻ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ആവേശം തീർക്കുകയാണ്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം മോഷ്ടിച്ചെന്ന ആരോപണത്തിന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ മറുപടിയുമായി രംഗത്ത്. സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത പാട്ടുകളുടെ അവകാശം ഒരിക്കലും താന്‍ അവകാശപ്പെട്ടിരുന്നില്ലെന്നാണ് സംഗീത സംവിധായകന്‍ പറയുന്നത്. ഈ പാട്ട് പ്രൊഡ്യൂസ് ചെയ്യുക മാത്രമാണ് ചെയ്തത്. സത്യജിത്തിന്റെ പേര് കമ്പോസർ ആയും തന്‍റെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടതെന്നും ഷാൻ പറയുന്നു.

യുട്യൂബിലും മറ്റ് പ്ലാറ്റ്ഫോമിലും നൽകിയിട്ടുള്ള വിവരങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തുമെന്നും ഷാൻ കൂട്ടിച്ചേർത്തു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഗാനം റിലീസ് ചെയ്തപ്പോൾ ഡിസ്‌ലൈക്കുകൾ വന്നിരുന്നു. ഇത് കാരണം പിന്നീട് യൂട്യൂബിൽ ഗാനം ശ്രദ്ധിച്ചില്ലെന്നാണ് ഷാന്‍ പറയുന്നത്. പാട്ട് പ്രൊഡ്യൂസ് ചെയ്തതും അറൈഞ്ച് ചെയ്തതും ഷാൻ റഹ്മാൻ എന്ന് ഇടുന്ന രീതി ഓഡിയോ കമ്പനികൾക്കുണ്ട്. ഗായകരുടെ പേരുകളും മറ്റും യുട്യൂബിൽ കൃത്യമായാണോ നൽകിയിരിക്കുന്നതെന്ന് നോക്കുന്നത് ചലച്ചിത്ര നിർമാതാക്കള്‍ ചെയ്യേണ്ടതാണ്.
ഇന്ന് മുതൽ ഈ പാട്ട് എവിടെയുണ്ടോ അവിടെ എല്ലായിടത്തും മാറ്റങ്ങൾ വരുത്തും. സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഷാൻ തന്‍റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ജവാൻ ബോക്സ്ഓഫീസ് തകർത്തു മുന്നേറുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ നായികയായ നയൻ‌താരയെക്കാൾ പ്രധാന്യമുള്ള വേഷം എന്നത്തിന്റെ പേരിൽ നയൻ‌താരയും സംവിധാനകൻ അറ്റ്ലീയും തമ്മിൽ അസ്വാരാസ്യങ്ങൾ നിലനിൽക്കുന്നതായി വാർത്തകൾ വന്നിരുന്നു.

ജവാൻ ഏതാണ്ട് ഷാരൂഖ്-ദീപിക ചിത്രം പോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മുൻനിര നടിയാണ് നയൻതാര പക്ഷെ അര്‍ഹിക്കുന്ന പ്രാധാന്യം ചിത്രത്തില്‍ ലഭിച്ചില്ലെന്നും ആരാധകരും പറയുന്നു. ഒരിക്കലും സിനിമാ പ്രമോഷനുകള്‍ക്ക് പോകാത്ത നടികൂടിയാണ് നയൻതാര. അതേസമയം, ജവാന്റെ ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ ഇതുവരെ 900 കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ജവാന്റെ പ്രമോഷൻ പരിപാടികളില്‍ നിന്നും നടി പതിവുപോലെ വിട്ട് നിന്നിരുന്നു.

എന്നാൽ അറ്റ്ലീയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് നയൻ‌താര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ്‌ ഇട്ടിരുന്നു. ഇതോടുകൂടി പുറത്തുവന്ന അഭ്യൂഹങ്ങൾക്ക് മധുരമായി മറുപടി നൽകിയിരിക്കുകയാണ് നയൻ‌താര. അറ്റ്ലീയും നടിയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നാണ് വെളിവായിരിക്കുന്നത്. ഏതായാലും ജവാൻ 1000 കോടിക്ക് അടുത്തെത്തിയിരിക്കുകയാണ്. ഇതോടെ 1000 കോടി ലിസ്റ്റിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് സംവിധായാകൻ എന്ന നേട്ടം അറ്റ്ലീക്ക് സ്വന്തമാവും.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് ഷാരൂഖ് ചിത്രം ജവാൻ തീയേറ്ററുകളിൽ എത്തുന്നത്. അന്ന് മുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് ചിത്രം. വെറും 12 ദിവസം കൊണ്ടാണ് ചിത്രം 883. 68 കോടി കളക്ഷനുമായി 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ ചിത്രം 900 കോടി കടന്ന് 1000 കൊടിയിലേക്കടുക്കുകയാണ്. ചിത്രം ഈ ആഴ്ച തന്നെ 1000 കോടി കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമെന്ന പ്രേത്യേകത കൂടി ജവാനുണ്ട്. ഇന്ത്യയിൽ മാത്രമല്ല അന്തർദേശീയതലത്തിലും ചിത്രം റെക്കോർഡുകൾ ഭേദിച്ചതായാണ് റിപ്പോർട്ട്.

ഷാരൂഖ് ഖാൻ ഗൗരി ഖാൻ പ്രൊഡക്ഷൻ house ആയ റെഡ് ചില്ലീസ് എന്റർടൈമെന്റ് അവരുടെ എക്സ് അക്കൗണ്ടിൽ ‘ഇങ്ങനെയാണ് കിംഗ് ഖാൻ ബോക്സ് ഓഫീസ് ഭരിച്ചത്; എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം അന്തർദേശീയ തലത്തിൽ 900 കോടി കടന്നു എന്ന വാർത്ത പങ്കുവച്ചത്. ഇതിനിടെ ജവാന്‍ സിനിമ ഓസ്കറിന് അയയ്ക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പവടുത്തലുമായി സംവിധായകൻ അറ്റ്‍ലി രംഗത്തെത്തിയിരുന്നു. ജവാന്‍ ആഗോളതലത്തിലുള്ള അവാര്‍ഡ് വേദികളില്‍ എത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇത് സംബന്ധിച്ച് ഷാറുഖുമായി സംസാരിക്കുമെന്നും അറ്റ്‍ലി പറഞ്ഞു.

ചിത്രം നേരെത്തെ പൈറസി വെബ്സൈറ്റുകളിൽ ചോർന്നിരുന്നുവെങ്കിലും ഉത്തരേന്ത്യയിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. വമ്പിച്ച കളക്ഷനൊപ്പം വിവാദങ്ങളും ചിത്രത്തിനുണ്ട്. നായികാ കഥാപത്രത്തിൽ നയൻതാരയ്ക്ക് അതൃപ്തിയെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായ ജവാനിൽ സംതൃപ്‌തിയല്ല എന്നും ഇനി ഉടനെ ഒരു ബോളിവുഡ് ചിത്രത്തിലേക്കില്ല എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. അതിഥി വേഷം കൈകാര്യം ചെയ്യുന്ന ദീപിക പദുക്കോണിന് നായിക നയൻ താരയെക്കാൾ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലുള്ളത്. താരത്തിന്റെ റോൾ വെട്ടിക്കുറച്ചതിൽ സംവിധയകനോട് അതൃപ്തിയുണ്ടെന്നും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻസിനെ ഒതുക്കി കളഞ്ഞു എന്നുമൊക്കെയാണ് അതൃപ്‌തിയുടെ കാരണങ്ങളായി പുറത്തുവരുന്ന വാർത്തകൾ .

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ നിന്നും താരം വിട്ടുനിന്നതും ഈ വിവാദങ്ങൾകൊണ്ടാകാം എന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ആഴ്ച മുംബൈയിൽ നടന്ന ആഘോഷ പരിപാടികളിലും നയൻസ് പങ്കെടുത്തിരുന്നില്ല. ഷാരൂഖ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ വിജയ് സേതുപതി, പ്രിയ മണി, യോഗി ബാബു തുടങ്ങിയവർ മറ്റു കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് . റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ്‌ വർമ്മയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ കാരണവർ എന്ന ചോദ്യത്തിന് മടിക്കാതെ പറയുന്ന പേരാണ് മലയാളത്തിന്റെ സ്വന്തം മാധവൻ നായർ. മാധവൻ നായർ എന്ന പേര് മലയാളിക്ക് അത്ര സുപരിചിതമല്ല എന്നാൽ മധു എന്ന പേര് മലയാളിക്ക് അറിയും ആ പേര് ഒരു വികാരം കൂടിയാണ്. മലയാളത്തിലെ പ്രിയപ്പെട്ട മധു ഇന്ന് നവതി ആഘോഷിക്കുകയാണ്. 90 ലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഇത്രയും വർഷത്തെ സിനിമ ജീവിതത്തിൽ മധു എന്ന നടൻ മലയാള സിനിമക്ക് നൽകിയിട്ടുള്ള സംഭാവന നിരവധിയാണ്. 400 ൽ കൂടുതൽ സിനിമകൾ ഇത്രയും വർഷങ്ങൾക്കിടയിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. നായകനായും, വില്ലനായും, സഹോദരനേയും അച്ഛനായും അഭിനയിച്ചു ഫലിപ്പിക്കാത്ത കഥാപാത്രങ്ങളില്ല. നടൻ എന്നതിലുപരി സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മലയാള സിനിമയിലെ അതികായനാണ് മധു എന്ന അതുല്യ പ്രതിഭ. ചെമ്മീൻ എന്ന സിനിമ ഇപ്പോഴും ഓരോ മലയാളിക്കും അഭിമാനമാണ്. ചിത്രത്തിലെ പരീക്കുട്ടിയെ ഇന്നും മലയാളിക്ക് മറക്കാൻ സാധിക്കില്ല. ജെ സി ഡാനിയൽ അവാർഡ്, പത്മ ശ്രീ പുരസ്ക്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും മധു എന്ന നടനെ തേടി എത്തിയിട്ടുണ്ട്.

1933ൽ തിരുവന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്തമകനായിട്ടാണ് മധു എന്ന കലാകാരന്റെ ജനനം. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്തു സജീവമായിരുന്ന മധു അധ്യാപകനായി ജോലി നോക്കിയിരുന്നു. അപ്പോഴും അഭിനയ മോഹം മനസ്സിൽ കൊണ്ട് നടന്നിരുന്ന അദ്ദേഹം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തെരഞ്ഞെടുക്കപ്പെട്ടു. അഭിനയത്തോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് അദ്ദേഹം ജോലി രാജി വച്ച് ഡൽഹിയിൽ പോവുന്നത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അഡ്മിഷൻ കിട്ടുന്ന ആദ്യ മലയാളി എന്ന പേരും അദ്ദേഹത്തിന് സ്വന്തം. പഠനം പൂർത്തിയാക്കി നാടകത്തിൽ സജീവമാകുകയായിരുന്നു ലക്ഷ്യമെങ്കിലും നിയോഗം മറ്റൊന്നായിരുന്നു. ആദ്യം അഭിനയിച്ച ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയത് നിണമണിഞ്ഞ കാൽപ്പാടുകൾ ആയിരുന്നു. നയകനായ പ്രേം നസീറിനെ വെല്ലുന്ന പ്രകടനത്തിലൂടെ മലയാളിയുടെ മനസിൽ അദ്ദേഹം കയറിപറ്റി. താമസിയാതെ മലയാള സിനിമയിൽ തന്റേതായ ഒരിടവും അദ്ദേഹം കണ്ടെത്തി.

ചെമ്മീൻ എന്ന സിനിമ അദ്ദേഹത്തിനെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി പിന്നീട് ഭാർഗവി നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേധം, തുലാഭാരം, ആഭിജാത്യം, സ്വയം വരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. 1963 മുതൽ 2023 വരെയുള്ള മലയാള സിനിമയുടെ കാലഘട്ടം നോക്കുമ്പോൾ മധു എന്ന അതുല്യ പ്രതിഭയുടെ സ്ഥാനം മലയാള സിനിമയുടെ നെറുകയിൽ തന്നെയാണ്. 90 ലേക്ക് കാലെടുത്തു വയ്ക്കുന്ന മലയാള സിനിമയുടെ കാരണവർക്ക് തനിനിറത്തിന്റെ ഒരായിരം ജന്മദിനാശംസകൾ.

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ ഈയടുത്തയാണ് ആത്മഹത്യ ചെയ്തത്. മകൾ മീരയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിജയ് ആന്റണി. ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു മീരയെന്നും മകൾക്കൊപ്പം താനും മരിചു എന്നുമാണ് വിജയ് ആന്റണി പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് വിജയ് ആന്റണി ഈ കാര്യം പറഞ്ഞത്. മതമോ ജാതിയോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ പകയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ട്. അവൾക്കൊപ്പം ഞാനും മരിച്ചു എന്നായിരുന്നു ഹൃദയ ഭേദകമായ കുറിപ്പിൽ അദ്ദേഹം പറഞ്ഞത്. ഞാൻ ഇപ്പോൾ കൂടുതൽ സമയം അവളോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. മക്കളോടുള്ള ബഹുമാനാർദ്ധം ഞാൻ എന്ത് നല്ല പ്രവർത്തി ആരംഭിച്ചാലും അത് തുടങ്ങുന്നത് അവളാണ് എന്ന് ഞാൻ വിശ്വസിക്കുന്നതായും വിജയ് ആന്റണി കുറിപ്പിലൂടെ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിജയ് ആന്റണിയുടെ മകൾ മീരയെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 16 വയസുകാരിയായ മീര പ്ലസ്ടു വിദ്യാർഥിനിയാണ്. മാനസിക സമ്മർദ്ദം മീരയെ അലട്ടിയിരുന്നതായും കുട്ടി അതിനുള്ള ചികിത്സയിലായിരുന്നതായും പറയപ്പെടുന്നു. മാനസിക സമ്മർദ്ദമാണ് മീരയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. എന്തായാലും പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹാസ്യ കഥാപാത്രങ്ങളിലൂടെയും ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൂടെയും ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനാണ് വിനായകൻ. അടുത്തിടെ പുറത്തിറങ്ങിയ നെൽസൺ, സൂപ്പർ സ്റ്റാർ രജനീ കാന്ത് ചിത്രം ജയിലറിലെ വർമ്മൻ എന്ന പ്രതിനായക കഥാപാത്രത്തിലൂടെ വിനായകന് ലഭിച്ചത് വൻ സ്വീകാര്യതയാണ്.  

വെള്ളിത്തിര, ബാച്ചിലർ പാർട്ടി, ആട് ഒരു ഭീകര ജീവിയാണ്, ഛോട്ടാ മുബൈ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അരങ്ങു തകർത്ത വിനായകൻ കമ്മട്ടിപ്പാദത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സിനിമ സംഗീത രംഗത്തും വിനായകൻ താരമാണ്.  

കമ്മട്ടിപ്പാടത്തിലെ കേൾവിക്കാരെ പിടിച്ചിരുത്തിയ ”ഞാനെരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛ” എന്ന മനോഹര ഗാനം, കേരളക്കരയിൽ തരംഗമായ ഫഹദ് ഫാസിൽ ചിത്രം ട്രാൻസിന്റെ ടൈറ്റിൽ ട്രാക്ക് എന്നിവയാണ് വിനായകൻ എന്ന സംഗീത സംവിധയകന്റെ സംഭാവനകൾ.  

ജയിലറിലെ വില്ലന് ശേഷം ആസിഫ് അലി ചിത്രം കാസർഗോൾഡിൽ പോലീസ് വേഷത്തിൽ എത്തുകയാണ് താരം. സണ്ണി വെയിൻ, മാളവിക ശ്രീനാഥ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധാനം മൃദുൽ നായരാണ്.  

മുഖരി എന്റർടൈമെന്റ്സും യൂഡ്ലീം ഫിലിംസുമായി സഹകരിച്ച് സരിഗമയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ധിഖ്, ശ്രീരഞ്ജിനി നായർ, ദീപക് പറമ്പോൾ തുടങ്ങി മറ്റ് പ്രമുഖ താര നിര അണിനിരക്കുന്ന ചിത്രത്തിൽ സ്വർണ്ണ കടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അലക്സ് എന്ന പോലീസ് കഥാപാത്രമായാണ് വിനായകനെത്തുന്നത്.

സിനിമ കാണാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. ഫ്രീ ആയി ഇരിക്കുമ്പോൾ അല്ലെങ്കിൽ അവധി ദിനങ്ങളിളെല്ലാം കുടുംബവും അല്ലെങ്കിൽ ഫ്രണ്ട്സും ആയി ഒരു സിനിമക്ക് ഒക്കെ പോവാൻ പ്ലാനിടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാലോ കുടുംബവും ഒത്തു ഒരു സിനിമ കാണാൻ ചെന്നാൽ പോക്കറ്റ് കീറും എന്നുള്ളതാണ് വാസ്തവം. ഓൺലൈൻ ടിക്കറ്റ് ബൂകിങ് പ്ലാറ്റ് ഫോമുകൾ ഈടാക്കുന്ന തുകകൂടി ചേർത്താൽ കുടുംബവും ഒന്നിച്ചൊരു സിനിമ എന്ന ചിന്തയൊക്കെ എട്ടായി മടക്കി പോക്കറ്റിൽ വയ്ക്കാൻ തോന്നും. സാധാരണക്കാരെ സംബന്തിച്ച് സിനിമ കാണുക എന്നത് ഒരു സാമ്പത്തിക ബാധ്യതയാണെന്ന് തന്നെ പറയാം.

എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ സിനിമ പ്രേമികൾക്കുള്ള ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. സിനിമ കാണാൻ വെറും 99 രൂപ മുടക്കിയാൽ മതി. വർഷത്തിലൊരിക്കൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകർക്ക് തിയ്യേറ്ററുകളിൽ പ്രേവേശനം അനുവദിക്കുന്ന ഒരു ക്യാമ്പയിൻ കഴിഞ്ഞ വര്ഷം ആരംഭിച്ചിരുന്നു. മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. ദേശിയ സിനിമ ദിനം എന്ന പേരിൽ ഈ വർഷവും ആ ഓഫർ വരുന്നുണ്ട്. ഈ ഓഫർ പ്രകാരം ഒക്ടോബര് 13 നു രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളിൽ 99 രൂപക്ക് സിനിമ കാണാം. മൾട്ടി പ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ, ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, സിറ്റിപ്രൈഡ്‌, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം, വേവ്, എം2 കെ, ഡിലൈറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഈ ഓഫർ ലഭ്യമാവുക.

കോവിഡ് പ്രതിസന്ധി സിനിമ മേഖലയെയും ബാധിച്ചിരുന്നു. ഓടിടി പ്ലാറ്റ് ഫോമുകൾ തിയേറ്ററുകളെ പ്രതിസന്ധിയിലും ആക്കിയിരുന്നു. ആ ഒരു സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ചലച്ചിത്ര വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെ ദേശിയ ചലച്ചിത്ര ദിനം ആവിഷ്ക്കരിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ സ്ഥിതിയല്ല ഇപ്പോൾ തിയ്യേറ്റർ വ്യവസായം മികച്ച രീതിയിലാണ് മുന്നോട്ട് പോവുന്നത്. ജയിലർ, ജവാൻ, ഓ എം ജി 2, ആർ ഡി എക്സ് ഏറ്റവും പുതിയതായി മാർക്ക് ആന്റണി തുടങ്ങിയ ചിത്രങ്ങൾ തിയ്യേറ്ററിൽ തകർത്തുമുന്നേറുകയാണ്. കഴിഞ്ഞ വർഷം ഏകദേശം 65 ലക്ഷം ടിക്കറ്റുകളാണ് ഈ ഓഫർ ദിനത്തിൽ വിറ്റുപോയത്. ഈ വർഷം ആ റെക്കോഡ് തകർക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇതിന്റെ സംഘാടകർ.

ജവാന്‍ സിനിമ ഓസ്കറിന് അയയ്ക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പവടുത്തി സംവിധായകൻ അറ്റ്‍ലി. ആഗോള ബോക്സ്ഓഫിസില്‍ ചിത്രം ആയിരം കോടി ക്ലബ്ബിലേക്ക് എത്താൻ പോകുന്ന വേളയിലാണ് അറ്റ്‌ലിയുടെ പ്രതികരണം. ജവാന്‍ ആഗോളതലത്തിലുള്ള അവാര്‍ഡ് വേദികളില്‍ എത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇത് സംബന്ധിച്ച് ഷാറുഖുമായി സംസാരിക്കുമെന്നും അറ്റ്‍ലി പറഞ്ഞു.

ജവാൻ ഓസ്കാർ പോലുള്ള വേദികളിൽ എത്തിക്കാൻ ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘‘തീര്‍ച്ചയായും ‘ജവാൻ’ അവിടെ എത്തണം. എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അത് നടക്കും. ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരോരുത്തരും ഓസ്കര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ദേശീയ പുരസ്കാരം ഇതെല്ലാം മുന്നിൽ കണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്കറിലേക്ക് ജവാന്‍ എത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. ഈ അഭിമുഖം ഷാറുഖ് സർ കാണുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ ഷാറുഖ് സാറിനോടും ചോദിക്കും, സര്‍ നമുക്ക് ചിത്രം ഓസ്കറിന് കൊണ്ടു പോയാലോയെന്ന്? എന്നാണ് അറ്റ്ലീ പറഞ്ഞത്.

ചിത്രമെന്തായാലും സകല റെക്കോഡുകളും തകർത്ത് ബോക്സ്ഓഫീസിൽ മുന്നേറുകയാണ്. ഇനിയും കുറച്ചു ദിവസത്തിനുള്ളിൽ ജവാൻ 1000 കോടി ക്ലബ്ബിൽ കയറും എന്നാണ് പ്രതീക്ഷിക്കുന്നത്.