മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് നവതി

മലയാള സിനിമയുടെ കാരണവർ എന്ന ചോദ്യത്തിന് മടിക്കാതെ പറയുന്ന പേരാണ് മലയാളത്തിന്റെ സ്വന്തം മാധവൻ നായർ. മാധവൻ നായർ എന്ന പേര് മലയാളിക്ക് അത്ര സുപരിചിതമല്ല എന്നാൽ മധു എന്ന പേര് മലയാളിക്ക് അറിയും ആ പേര് ഒരു വികാരം കൂടിയാണ്. മലയാളത്തിലെ പ്രിയപ്പെട്ട മധു ഇന്ന് നവതി ആഘോഷിക്കുകയാണ്. 90 ലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഇത്രയും വർഷത്തെ സിനിമ ജീവിതത്തിൽ മധു എന്ന നടൻ മലയാള സിനിമക്ക് നൽകിയിട്ടുള്ള സംഭാവന നിരവധിയാണ്. 400 ൽ കൂടുതൽ സിനിമകൾ ഇത്രയും വർഷങ്ങൾക്കിടയിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. നായകനായും, വില്ലനായും, സഹോദരനേയും അച്ഛനായും അഭിനയിച്ചു ഫലിപ്പിക്കാത്ത കഥാപാത്രങ്ങളില്ല. നടൻ എന്നതിലുപരി സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മലയാള സിനിമയിലെ അതികായനാണ് മധു എന്ന അതുല്യ പ്രതിഭ. ചെമ്മീൻ എന്ന സിനിമ ഇപ്പോഴും ഓരോ മലയാളിക്കും അഭിമാനമാണ്. ചിത്രത്തിലെ പരീക്കുട്ടിയെ ഇന്നും മലയാളിക്ക് മറക്കാൻ സാധിക്കില്ല. ജെ സി ഡാനിയൽ അവാർഡ്, പത്മ ശ്രീ പുരസ്ക്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും മധു എന്ന നടനെ തേടി എത്തിയിട്ടുണ്ട്.

1933ൽ തിരുവന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്തമകനായിട്ടാണ് മധു എന്ന കലാകാരന്റെ ജനനം. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്തു സജീവമായിരുന്ന മധു അധ്യാപകനായി ജോലി നോക്കിയിരുന്നു. അപ്പോഴും അഭിനയ മോഹം മനസ്സിൽ കൊണ്ട് നടന്നിരുന്ന അദ്ദേഹം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തെരഞ്ഞെടുക്കപ്പെട്ടു. അഭിനയത്തോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് അദ്ദേഹം ജോലി രാജി വച്ച് ഡൽഹിയിൽ പോവുന്നത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അഡ്മിഷൻ കിട്ടുന്ന ആദ്യ മലയാളി എന്ന പേരും അദ്ദേഹത്തിന് സ്വന്തം. പഠനം പൂർത്തിയാക്കി നാടകത്തിൽ സജീവമാകുകയായിരുന്നു ലക്ഷ്യമെങ്കിലും നിയോഗം മറ്റൊന്നായിരുന്നു. ആദ്യം അഭിനയിച്ച ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയത് നിണമണിഞ്ഞ കാൽപ്പാടുകൾ ആയിരുന്നു. നയകനായ പ്രേം നസീറിനെ വെല്ലുന്ന പ്രകടനത്തിലൂടെ മലയാളിയുടെ മനസിൽ അദ്ദേഹം കയറിപറ്റി. താമസിയാതെ മലയാള സിനിമയിൽ തന്റേതായ ഒരിടവും അദ്ദേഹം കണ്ടെത്തി.

ചെമ്മീൻ എന്ന സിനിമ അദ്ദേഹത്തിനെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി പിന്നീട് ഭാർഗവി നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേധം, തുലാഭാരം, ആഭിജാത്യം, സ്വയം വരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. 1963 മുതൽ 2023 വരെയുള്ള മലയാള സിനിമയുടെ കാലഘട്ടം നോക്കുമ്പോൾ മധു എന്ന അതുല്യ പ്രതിഭയുടെ സ്ഥാനം മലയാള സിനിമയുടെ നെറുകയിൽ തന്നെയാണ്. 90 ലേക്ക് കാലെടുത്തു വയ്ക്കുന്ന മലയാള സിനിമയുടെ കാരണവർക്ക് തനിനിറത്തിന്റെ ഒരായിരം ജന്മദിനാശംസകൾ.