Entertainment (Page 54)

ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.

മഹാദേവ് ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് ന‌ടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഒക്ടോബർ 6 ന് ഇഡിക്ക് മുൻപായി ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈനിന്റെ വാതുവെപ്പ് കേസിൽ രൺബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ഗായകരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും വിജയാഘോഷത്തിലും താരം പങ്കെടുത്തതിനെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നുണ്ട്. 112 കോടി രൂപ ഹവാല വഴി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് എത്തിച്ചതായാണ് ഇ ഡി ശേഖരിച്ച തെളിവുകളിൽ പറയുന്നത്.

ടൈഗർ ഷ്രോഫ്, സണ്ണി ലിയോണി, നേഹ കക്കർ, അതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിംഗ് എന്നിവരാണ് ഏജൻസിയുടെ നിരീക്ഷണത്തിലുള്ള മറ്റ് താരങ്ങൾ.

കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ് ഫുട്ബോൾ തുടങ്ങിയ ലൈവ് ഗെയിമുകളിൽ അനധികൃത വാതുവയ്പ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോം ആണ് മഹാദേവ് ഓൺലൈൻ ബുക്കിങ് അപ്ലിക്കേഷൻ.

രജനികാന്തിന്റെ ‘തലൈവർ 170’യിൽ മലയാളത്തിന്റെ മഞ്ജു വാര്യർ. താരത്തിനെ സ്വാ​ഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാം ചിത്രമാണ്. മുൻപ് സിനിമയിലെ മറ്റ് താരങ്ങളായ ദുഷാര വിജയൻ, റിതിക സിങ് എന്നിവരെ ലൈക്ക പരിചയപ്പെടുത്തിയിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി തുടങ്ങിയവർ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ഇവരുടെ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനികാന്തും സംഘവും തലൈവർ 170യുടെ ചിത്രീകരണത്തിനായി ചൊവ്വാഴ്ച മുതൽ കേരളത്തിലുണ്ടാകും . ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം

ലോകം ചർച്ച ചെയ്ത ടൈറ്റൻ ദുരന്തം സിനിമയാകുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേയ്ക്ക് പോയ വിനോദസഞ്ചാര പേടകം ‘ടൈറ്റൻ’ അപകടത്തിൽപ്പെടുകയായിരുന്നു. ദുരന്തം ജെയിംസ് കാമറൂൺ സിനിമയ്ക്ക് പ്രമേയമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സംവിധായകൻ നിരസിക്കുകയായിരുന്നു.

ടൈറ്റൻ ദുരന്തം സിനിമയാകുന്നതായി അറിയിച്ചിരിക്കുകയാണ് പ്രമുഖ ഹോളിവുഡ് നിർമ്മാണ കമ്പനിയായ മൈൻഡ്റിയോട്ട്. ‘സാൽവേജ്ഡ്’ എന്നാണ് പേര്. ഇ ബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമാതാവ്. ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ദുരന്തത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആദരവായിരിക്കും ചിത്രമെന്ന് ജോനാഥൻ കേസി പറഞ്ഞു. സത്യമാണ് വലുതെന്നും ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുമെന്നാണ് പുതിയ വിവരം. ലോഞ്ചിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്ത് വിട്ട് പതിനാല് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും വ്യൂവേഴ്‌സിന്റെ എണ്ണം കൂടുകയാണ്.

പികെ രാംദാസിന്റെ ആരാണ് സ്റ്റീഫന്‍ നെടുംപള്ളി എന്ന ആവേശം നിറയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്. ലോഞ്ചിങ് വീഡിയോയില്‍ ആ ചോദ്യം ഒരിക്കല്‍ കൂടെ ഊന്നി ചോദിച്ചുകൊണ്ട്. അതിനുള്ള ഉത്തരം തിരഞ്ഞുകൊണ്ടുമാണ് 2 മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ലോഞ്ചിങ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്. വീഡിയോയുടെ അവസാനമാണ് അബ്രഹാം ഖുറേഷി അബ്രഹാം എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി.

ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്.. മുരളീഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.ലൂസിഫറിനേക്കാള്‍ ഗംഭീരമായിരിക്കും എമ്പുരാന്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’ ബോക്സ് ഓഫീസിൽ കുതിപ്പിനൊരുങ്ങുകയാണ്. റിലീസ് ചെയ്ത് രണ്ടാം ​ദിവസം പിന്നിട്ടപ്പോൾ ആദ്യ ദിനത്തേക്കാൾ കൂടുതൽ കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. വലിയ പ്രൊമോഷൻ പരിപാടികളും ആഘോഷങ്ങളുമൊന്നുമില്ലാതെ റിലീസ് ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധനേടുന്നത്. ആദ്യ ദിവസം കഴിഞ്ഞതോടെ കേരളത്തിലെ തിയേറ്ററുകളിൽ കണ്ണൂർ സ്ക്വാ‍ഡിന്റെ ഷോകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.

വ്യാഴാഴ്ച്ച ദിവസം റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നു. ഇതോടെ 5.15 കോടിയാണ് ചിത്രം ഇന്നലെ വരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ആ​ഗോളതലത്തിൽ 12.1 കോടിയും കണ്ണൂർ സ്ക്വാഡിന് നേടാനായിട്ടുണ്ട്.

വിശാൽ നായകനായ ടൈം ട്രാവൽ ചിത്രം മാർക്ക് ആന്റണിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് നടൻ വിശാൽ. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ ചെന്നപ്പോഴുണ്ടായ ദുരനുഭവമാണ് നടൻ പങ്കുവെച്ചത്. ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു എന്നാണ് നടൻ പറയുന്നത്. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിശാലിന്റെ അഴിമതി ആരോപണം.


ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിട്ടുണ്ട്.മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാ​ഗ് ചെയ്തുകൊണ്ടാണ് വിശാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ അധ്വാനിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിലെ നീരസവും വിശാൽ പങ്കുവെച്ചു.
വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ശരിയല്ല. അത് അം​ഗീകരിക്കാനാകില്ലഎന്നും വിശാൽ അഭിപ്രായപ്പെടുന്നു. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിൽ സംഭവികച്ചതായും മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നൽകുന്നതിനായി 2 ഇടപാടുകൾ നടത്തിയ വിവരങ്ങളും താൻ പങ്കുവെച്ചു. സ്ക്രീനിങിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവും വിശാൽ നൽകി.മൂന്ന് ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനൊന്ന് ആദ്യമാണെന്നും വിശാല്‍ വെളിപ്പെടുത്തി. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും ഇത് മറ്റെല്ലാ നിര്‍മ്മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.തന്റെ കരിയറിലെ ആദ്യ സംഭവമായതിനാൽ ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
അത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുവനായിരുന്നു വിശാൽ തന്റെ വീഡിയോ സന്ദേശം പരസ്യപ്പെടുത്തിയത്. ഇത് ചെയ്യുന്നത് തനിക്ക് വേണ്ടിയല്ലെന്നും , ഭാവിയിലെ നിർമാതാക്കൾക്ക് വേണ്ടിയാണെന്നും എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് ‘, വിശാൽ കുറിച്ചത് .


താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷമെന്നും വിശാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നതെന്നും നടൻ വ്യക്തമാക്കി. ബോളിവുഡിന്റെ കാര്യം തനിക്കറിയില്ലെന്നും തെന്നിന്ത്യൻ സിനിമയിൽ ഇങ്ങനെയൊന്നില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.
ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണിയിൽ വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. സുനിൽ, ഋതു വർമ, അഭിനയ, കെ ശെൽവരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴൽഗൾ രവി, റെഡിൻ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. . അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം. മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമായിട്ടാണ് എത്തിയത്. പഴയ കാലത്തേയ്‍ക്ക് ഫോണ്‍ കോള്‍ വഴി ടൈം ട്രാവല്‍ നടത്തുന്ന രസകരമായ ഒരു കഥയാണ് മാര്‍ക്ക് ആന്റണി പറഞ്ഞത്.

. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുകയും ചെയ്‍തു.മാർക്ക് ആന്റണി കേരളത്തിൽ വലിയ സ്വീകാര്യത തന്നെയാണ് നേടുന്നത്. മാർക്ക് ആന്റണിയിലൂടെ ഇതാദ്യമായിട്ടാണ് നടൻ വിശാലിന് 100 കോടി ക്ലബില്‍ ഇടം നേടാനാകുന്നത്. തമിഴകത്ത് എക്കാലവും ബോക്സ് ഓഫീസ് കളക്ഷനുകള്‍ റെക്കോര്‍ഡുകള്‍ സൃഷ്‍ടിക്കാറുണ്ട്. തമിഴകത്തെ മുൻനിര നായകൻമാരെല്ലാം 100 കോടി ക്ലബില്‍ എത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വിശാലിന് മാര്‍ക്ക് ആന്റണിയുടെ കളക്ഷൻ റെക്കോര്‍ഡ് ഒരു അടയാളപ്പെടുത്തല്‍ കൂടിയാകുന്നു.

മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഗായകൻ എംജി ശ്രീകുമാർ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം ആരംഭിക്കുന്ന സിനിമയിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് ഒന്നിക്കുക എന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ‘ഹരം’ എന്നായിരിക്കും സിനിമയുടെ പേരെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

ശങ്കർ, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984ൽ പുറത്തിറങ്ങിയ ‘പൂച്ചക്കൊരു മൂക്കുത്തി’യാണ് പ്രിയദർശന്റെ ആദ്യ ചിത്രം. 45 സിനിമകളാണ് ഇതുവരെ ഈ ‘സൂപ്പർ കോംബോ’യിൽ പിറന്നിട്ടുള്ളത്. ‘അക്കരെ അക്കരെ അക്കരെ’യിലെ ദാസനും ‘മിഥുന’ത്തിലെ സേതുമാധവനും ‘തേന്മാവിൻ കൊമ്പത്തി’ലെ മാണിക്യനും ‘ചിത്ര’ത്തിലെ വിഷ്ണുവും ‘ചന്ദ്രലേഖ’യിലെ അപ്പുക്കുട്ടൻ നായരുമൊന്നും ഇന്നോളം മലയാളി പ്രേക്ഷരുടെ ആസ്വാദന ഹൃദയത്തെ വിട്ടുപോകാത്തവരാണ്. പ്രിയദർശൻ തെലുങ്കിൽ ഒരുക്കിയ ‘ഗന്ധീവ’ത്തിൽ മോഹൻലാൽ അതിഥി താരമായി. ‘നമ്പർ 20 മദ്രാസ് മെയിൽ’, ‘ടി പി ബാലഗോപാലൻ എം എ’ എന്നീ മോഹൻലാൽ ചിത്രങ്ങളിൽ പ്രിയൻ അതിഥി വേഷം അവതരിപ്പിച്ചു.

2021ൽ ചിത്രത്തിന്റെ പ്രൊമോഷനിടെ ‘ബറോസ്’ പൂർത്തിയാക്കിയാൽ മോഹൻലാലിനൊപ്പം സ്പോർട്സ് ഡ്രാമ ഒരുക്കുമെന്ന് പ്രിയദർശൻ അറിയിച്ചിരുന്നു. അതേ ചിത്രമാകും ‘ഹരം’ എന്നാണ് സൂചന.മോഹൻലാൽ-പ്രിയൻ കൂട്ടുകെട്ടിന്റെ സിനിമകളിലെ ഹിറ്റ് ഗാനങ്ങളിൽ പലതും ആലപിച്ചത് എം ജി ശ്രീകുമാറാണ്. ഒപ്പം പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ഒരു മരുഭൂമി കഥ എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയതും എംജി ശ്രീകുമാറായിരുന്നു. മൂവരും വീണ്ടും ഒന്നിക്കുന്നു എന്നത് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്

                                    . 

അടുത്ത വർഷത്തേക്കുള്ള ഓസ്കാറിനുള്ള ഇന്ത്യൻ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018 എവരിവൺ ഈസ് എ ഹീറോ’ തിരഞ്ഞെടുത്ത. വിദേശഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലേക്കാണ് 2018നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അടുത്ത വർഷം മാർച്ചിലാണ് ഓസ്കാർ പുരസ്തകാര വിതരണം. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റായ ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ്. കഴിഞ്ഞ ദിവസം സിനിമയിലെ പ്രകടനത്തിന് നടൻ ടൊവീനോ തോമസ് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് സ്വന്തമാക്കി.


ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാള ചിത്രമാണ് 2018. മോഹൻലാലിന്റെ ഗുരു, ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട് എന്നീ സിനിമകൾക്ക് ശേഷം ഓസ്കാറിലേക്കെത്തുന്ന നാലാമത്തെ ചിത്രമാണ് 2018. കാലവസ്ഥ വ്യതിയാനം തുടങ്ങിയ ലോകം നേരിടുന്ന പ്രശ്നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദ്ദാഹരണമാണ് 2018 സിനിമയെന്ന് എഫ്എഫ്ഐ പറഞ്ഞു. കഴിഞ്ഞ വർഷം ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ വേദിയിലെത്തിയത്.


കേരള ബോക്സ്ഓഫീസിൽ പല റെക്കോർഡും തിരുത്തിക്കുറിച്ചാണ് 2018 ഇനി ഓസ്കാറിലേക്കും പ്രവേശിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോർഡും 2018 സ്വന്തമാക്കിയിരുന്നു. റിലീസായി 24 ദിവസം കൊണ്ട് 2018 80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരുകൻ നേടിയ 78.5 കോടി കളക്ഷൻ 2018 പിന്നിട്ടിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.


വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് “2018 Every One is A Hero” നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ ‘മെഴുക് പ്രതിമയായ’ ആദ്യത്തെ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. ഭാഷ വ്യത്യാസമില്ലാതെ സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമായിരുന്നു ബാഹുബലി. പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി വൻ വിജയമായിരുന്നു. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമെത്തിയത്.
ബാഹുബലി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പ്രഭാസിന്റെ കഥാപത്രം ചർച്ചയാണ്. ചിത്രത്തിനോടുളള ആദര സൂചകമായ ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയം ബാഹുബലിയായുളള പ്രഭാസിന്റെ മെഴുക് പ്രതിമ 2017ൽ സ്ഥാപിച്ചിരുന്നു. ഈ പ്രതിമ വളരെയധികം വൈറലായിരുന്നു. ഇപ്പോള്‍ താരത്തിന്‍റെ മറ്റൊരു പ്രതിമയാണ് ചര്‍ച്ചയാകുന്നത്.

ഈയിടെ കര്‍ണാടകയിലെ മൈസൂരില്‍ സ്ഥാപിച്ച പ്രഭാസിന്‍റെ മെഴുകു പ്രതിമയാണ് വിവാദത്തിന് തിരികൊളുത്തിയത്.തെലുങ്ക് താരം എന്നതില്‍ നിന്ന് പ്രഭാസിനെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് എത്തിച്ച ബാഹുബലിയിലെ ഗെറ്റപ്പിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വേഷവിധാനങ്ങളല്ലാതെ പ്രഭാസ് ആണ് ഇതെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും പ്രതിമയില്‍ ഇല്ലെന്നാണ് താരത്തിന്‍റെ ആരാധകർ അടക്കം ഉയർത്തുന്ന വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും കനത്തതോടെ ബാഹുബലി നിര്‍മ്മാതാവ് ഷോബു യാർലഗദ്ധ തന്നെ രംഗത്തെത്തി. കോപ്പിറൈറ്റ് ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവിന്‍റെ സോഷ്യല്‍ മീഡിയയിലെ വിശദീകരണം. മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് യാർലഗദ്ദ ട്വീറ്റ് ചെയ്തു.” തങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്തത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും എന്നായിരുന്നു അദ്ദേഹം എക്സില്‍ കുറിച്ചത് . ബാഹുബലി ഫ്രാഞ്ചൈസിലെ കഥാപാത്രങ്ങള്‍, കഥ, മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കോപ്പിറൈറ്റ് നിര്‍മ്മാതാവില്‍ നിക്ഷിപ്തമാണ്. തങ്ങളുടെ അനുമതി കൂടാതെ ഈ ഘടകങ്ങള്‍ വാണിജ്യപരമായി ഉപയോ​ഗിക്കുന്നത് നിര്‍മ്മാതാവിന് നിയമപരമായി ചോദ്യം ചെയ്യാവുന്നതുമാണ്.ബാഹുബലിയുടെ കോസ്റ്റ്യൂമിലുള്ളതാണെങ്കിലും പ്രഭാസുമായി വിദൂരസാമ്യം പോലുമില്ലാത്തതാണ് പ്രതിമയെന്നാണ് കണ്ടെത്തല്‍. നടന്‍ രാംചരണിനെപ്പോലുണ്ടെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ബാഹുബലിയിലെ ഏതോ ഭടനാണെന്നാണ് പ്രതിമ കണ്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് മറ്റൊരു യൂസര്‍ കുറിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറെപ്പോലുണ്ടെന്നായിരുന്നു ഒരാളുടെ കമന്‍റ്..

ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ പ്രതിമകള്‍ അതത് വ്യക്തികളുടെ സാദൃശ്യം ഇല്ലാത്തതിന്‍റെ പേരില്‍ പലപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത് തെലുങ്ക് താരം പ്രഭാസ് ആണെന്ന് മാത്രം. തെലുങ്ക് നടന്റെ പ്രതിമ കർണാടകയിൽ സ്ഥാപിച്ചതിൽ സന്തോഷമുണ്ട്. അനുമതി ആവശ്യമില്ല. അവരുടെ സ്നേഹത്തിൽ സന്തോഷിക്കൂ.” എന്നായിരുന്നു ഒരു ആരാധകന്‍ പ്രതികരിച്ചത്. തുസാഡ്‍സ് മ്യൂസിയത്തിലെ പ്രഭാസിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നത് ഏറെ ശ്രേധിക്കപ്പെട്ട ഒന്നാണ്. എന്നാല്‍ ഇത് നിയമപരമായി ആവശ്യമായ അനുമതി വാങ്ങിയ ശേഷം നിര്‍മ്മിച്ച ഒന്നായിരുന്നു.

അതേസമയം സലാര്‍ ആണ് പ്രഭാസിന്‍റെ അടുത്ത റിലീസ്. ബാഹുബലിക്ക് ശേഷം കാര്യമായ വിജയങ്ങളില്ലാത്ത പ്രഭാസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ ചിത്രം. കെജിഎഫ് സംവിധായകനാണ് പിന്നില്‍ എന്നത് പ്രഭാസ് ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്ന ഒന്നാണ്.അതേസമയം വിമർശനം കനക്കുമ്പോഴും കർണാടകയുടെ നടപടിയെ പ്രശംസിച്ചുകൊണ്ടും നിരവധിപേരാണ് രംഗത്തെഴുന്നത്.