ചിയാൻ വിക്രമിനെ നായകനാക്കി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. കർണനായി വിക്രം അഭിനയിക്കുന്നു. ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നുണ്ട് .പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍.മലയാള സിനിമയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു കർണൻ. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തി. വിക്രത്തിന്റെ പിറന്നാൾ ദിനം പ്രത്യേക ടീസറും പുറത്തിറക്കി. ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയില്‍ കർണൻ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കി ചിത്രീകണത്തിനൊരുങ്ങുന്ന വിഡിയോ ആയിരുന്നു ടീസറിൽ ഉണ്ടായിരുന്നത്. അന്ന് ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് നിർമാതാക്കളെന്നും വെളിപ്പെടുത്തിയിരുന്നു. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബോളിവുഡിൽ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.സൂര്യപുത്ര മഹാവീർ കർണ’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.
കർണനിൽ നിന്ന് വിക്രം പിന്മാറിയെന്നും ചിത്രം സംവിധായകൻ ഉപേക്ഷിച്ചുവെന്നുമെല്ലാം റിപ്പോർട്ടുകളുണ്ടായിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ടീസറിൽ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താത്തതായിരുന്നു ഇതിന് കാരണം. എന്നാൽ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചത് വിക്രമിന്റെ ചിത്രത്തോടൊപ്പം ‘സൂര്യപുത്രൻ കർണൻ റോളിങ്സൂൺ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിമലിന്റെ പോസ്റ്റ്. നേരത്തെ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും വിക്രമും പ്രതികരിച്ചിരുന്നു.നേരത്തെ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ കോവിഡിന് ശേഷം വിക്രം കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ട് കാരണമാണ് കർണൻ വൈകിയതെന്നാണ് റിപ്പോർട്ടുകൾ.
എന്ന് നിന്റെ മൊയ്തീൻ, ശശിയും ശകുന്തളയും എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. യുണൈറ്റഡ് ഫിലിം അവതരിപ്പിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. റിപ്പോർട്ടുകളെല്ലാം തള്ളിക്കൊണ്ട് വിക്രം നായകനായി കർണൻ ഒരുങ്ങുന്നുവെന്ന വാർത്ത ചിയാൻ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ആവേശം തീർക്കുകയാണ്.

