Entertainment (Page 52)

കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമെന്ന് നടൻ കമൽഹാസൻ. ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസ മേഖലയിലും കേരളം വികസന പാതയിൽ എന്ന് കമൽഹാസൻ.ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. താൻ മലയാളത്തിൽ സംസാരിക്കില്ലെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മനസ്സിലാക്കാൻ വേണ്ടിയാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നതെന്നും അത്രമാത്രം സവിശേഷമാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കേരള മോഡൽ വികസനം രാഷ്ട്രീയമായി സ്വാധീനിച്ചതായും പറഞ്ഞു.

തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമാണ് കേരളമെന്നും കമൽഹാസൻ.ഇഎംഎസിന്റെ ദീർഘവീക്ഷണം ഉൾപ്പെടെ വികസനത്തിന് കരുത്തായി. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തത്. ഭൂപരിഷ്കരണത്തിൽ ഉൾപ്പെടെ കേരളം മാതൃകയാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ കുതിപ്പിന് എല്ലാ ആശംസകളും നേർന്നു.

സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തറിയിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന ​രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടുപിടിച്ചെന്ന് അൽഫോൺസ് കുറിക്കുന്നു.ആർക്കും ഭാ​രമാകാൻ താൻ‌ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

എന്നാൽ പോസ്റ്റ്‌ ചെയ്ത് അധികം വൈകാതെ തന്നെ അത് പിൻവലിച്ചിരിന്നു. എന്നാൽ അതിനോടകം പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.“ഞാൻ എന്റെ തിയറ്റർ, സിനിമ കരിയർ അവസാനിപ്പിക്കുക ആണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോ​ഗമാണെന്ന് കഴി‍ഞ്ഞ ദിവസം ഞാൻ സ്വയം കണ്ടെത്തി. ആർക്കും ഭാരമാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഷോർട് ഫിലിമുകളും പാട്ടുകളും ചെയ്യുന്നത് ഞാൻ തുടരും. ഒടിടി വരെ ചിലപ്പോൾ അതുചെയ്യും. സിനിമ ഉപേക്ഷിക്കുക എന്നത് എനിക്ക് ചിന്തിക്കാനാകില്ല.

പക്ഷേ വേറൊരു മാർ​ഗവുമില്ല. എനിക്ക് സാധിക്കാത്തൊരു കാര്യം വാ​ഗ്ദാനം ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ആരോ​ഗ്യം മോശമാകുമ്പോൾ, സിനിമയിലെ ഇന്റർവെൽ പഞ്ചിൽ വരുന്നത് പോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിലും സംഭവിക്കും”, എന്നാണ് അൽഫോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ സ്വയമൊരു തീരുമാനം എടുക്കാതെ വിദഗ്ധരുടെ സഹായം തേടി തിരിച്ചു വരൂ എന്നാണ് ആരാധകർ കുറിച്ചത്. 

ചിയാൻ വിക്രമിന്റെ ഏറ്റവും പുതിയ സിനിമ തങ്കലാൻറെ ഏറ്റവും പുതിയ പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടു. വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. പ്രഖ്യാപന നാൾ മുതലേ ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ചർച്ചയാവാനുള്ള പ്രധാന കാരണം വിക്രമും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതായിരുന്നു.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം പ്രത്യക്ഷപ്പെടുക. 2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നവംബര് ഒന്നിന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങും. ചിത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകൾ ഉൾപ്പെടെയുള്ള മേക്കിങ് വീഡിയോ പുറത്തിറക്കിയിരുന്നു.പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് തങ്കലാന്‍ എത്തുന്നത്. പ്രേക്ഷകരിൽ ആകാംഷ ഉണ്ടാക്കുന്ന തരം പോസ്റ്ററുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമ താരം അമല പോൾ വിവാഹിതയാകുന്നു. ദീർഘകാല സുഹൃത്തായ ജഗത് ദേശായി ആണ് വരൻ. ജഗത് ആണ് അമലയെ പ്രൊപ്പോസ് ചെയ്യുന്നതായും അവർ സമ്മതം പറയുന്നതുമായ വീഡിയോ പുറത്തു വിട്ടത്. എൻ്റെ ജിപ്സി ക്വീൻ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് വീഡിയോ. അമലയുടെ ജന്മദിനത്തിലാണ് ജഗത് അവരെ പ്രൊപ്പോസ് ചെയ്തത്. ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സ്റ്റേജിൽ ഉള്ള നർത്തകർക്കൊപ്പം ചുവടു വെച്ച ജഗത് പിന്നാലെ അമലയെ ക്ഷണിക്കുകയും മോതിരം ഉയർത്തി പ്രൊപ്പോസ് ചെയ്യുകയുമായിരുന്നു ശേഷം ഇരുവരും നൃത്ത ചുവടുകളും വെച്ചു. ജഗത് അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം. വെഡ്ഡിംഗ് ബെൽസ് എന്ന ഹാഷ് ടാഗും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. 2004 ൽ തമിഴ് സംവിധായകൻ എ.എൽ വിജയ്‌യിനെ വിവാഹം ചെയ്തെങ്കിലും 2015 ൽ ഇവർ വിവാഹമോചിതരായി.

പിന്നീട് ഗായകനും മുംബയ് സ്വദേശിയുമായ ഭവ്നിന്ദർ സിംഗുമായി അമല ലിവിംഗ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.എന്നാൽ തന്റെ അനുമതി ഇല്ലാതെ ഭവ്നിന്ദർ സാമ്പത്തിക ക്രമക്കേടു നടത്തി എന്ന വിശദീകരണവുമായി അമല രംഗത്തു വന്നിരുന്നു. ജഗത്തിന്റെയും അമലയുടെയും വിവാഹ വാർത്തയ്ക്ക് പിന്നാലെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതിൽ അമലയുടെ മുൻ വിവാഹത്തെയും ബന്ധങ്ങളെയും പറ്റി വിമര്ശനമുയരുന്നുണ്ട്.

ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ‘സൂരറൈ പോട്ര്‌’ൻറെ സംവിധായക സുധ കൊങ്കരയുടെ അടുത്ത ചിത്രത്തിലും നടൻ സൂര്യ നായകനാകുന്നു. താത്കാലികമായി സൂര്യ43 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആണ് തുടങ്ങിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിൻറെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂര സുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ്.

ഇതേ ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൂര്യയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമാണ്. സംഗീത സംവിധായകൻ ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സംഗീതസംവിധായകനെന്ന നിലയിൽ ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമയെന്ന വലിയ പ്രത്യേകത സുധയുടെ സംവിധാന ചിത്രത്തിനുണ്ട്.

സൂര്യ-സുധ കൊങ്കര-ജിവി പ്രകാശ് കൂട്ടുകെട്ടിൽ ഒരു സിനിമ എത്തുന്നു എന്ന വാർത്ത പ്രേക്ഷകരിൽ പ്രതീക്ഷ കൂട്ടുന്നുണ്ട്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിന് മുന്നേ ആരാധകർ ആവേശത്തിലാണ്. വിജയ് വർമ്മയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുൽഖർ ചിത്രത്തിന്റെ ടീസർ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടാണ് താൻ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന വിവരം അറിയിച്ചിരിക്കുന്നത്.

അഭിനേതാക്കളായ ആർ മാധവന്റെയും കേ കേ മേനോന്റെയും വരാനിരിക്കുന്ന വെബ് സീരീസ് “ദി റെയിൽവേ മെൻ” നവംബർ 18 ന് നെറ്റ്ഫ്ലിക്സിൽ അരങ്ങേറ്റം കുറിക്കും. ആദ്യമായി ചലച്ചിത്ര നിർമ്മാതാവായ ശിവ് റാവയിൽ സംവിധാനം ചെയ്ത ഈ ഷോ നിർമ്മിക്കുന്നത് യാഷ് രാജ് ഫിലിംസിന്റെ ഡിജിറ്റൽ വിഭാഗമായ വൈആർഎഫ് എന്റർടെയ്ൻമെന്റാണ്. ദിവ്യേന്ദു, ബാബിൽ ഖാൻ എന്നിവരും പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ 1984-ലെ ഭോപ്പാൽ വാതക ചോർച്ചയുടെ പശ്ചാത്തലത്തിൽ, യഥാർത്ഥ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് “ദി റെയിൽവേ മെൻ” ഒരുക്കിയിരിക്കുന്നത്. “ധൈര്യത്തിന്റെ ആവേശകരമായ വിവരണവും മാനവികതയ്ക്കുള്ള സല്യൂട്ട്” എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.വരാനിരിക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരകളിലൊന്നാണ് റെയിൽവേ മെൻ.

നാല് ഭാഗങ്ങളുള്ള മിനി-സീരീസിൽ ആർ മാധവൻ, കേ കേ മേനോൻ, ദിവ്യേന്ദു, ബാബിൽ ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ഡേറ്റ് അനൗൺസ്‌മെന്റ് ടീസറും റിലീസ് തീയതിയും പുറത്ത് വന്നിരിക്കുകയാണ്. ദി റെയിൽവേ മെൻ ഭോപ്പാൽ വാതക ചോർച്ചയെ അടിസ്ഥാനമാക്കിയുള്ള പരമ്പരയാണ്. ഇതിൽ ഇതുവരെ ആരും അധികം വാഴ്ത്തപ്പെടാതെ പോയ ദുരന്ത ദിനത്തിലെ ഇന്ത്യയിലെ റെയിൽവേ ഉദ്യോഗസ്ഥരെ പറ്റിയാണ് പ്രതിപാദിക്കുന്നത്.തീയതി പ്രഖ്യാപിച്ച് പുറത്തു വിട്ട വീഡിയോയിൽ ആണ് ഷോയിലെ പ്രധാന കഥാപാത്രങ്ങളെ അനാവരണം ചെയ്തത്.

സ്റ്റൈൽ മന്നൻ രജനി കാന്ത് സിനിമയിൽ അമിതാഭ് ബച്ചനും അഭിനയിക്കുന്നു. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ടേക്ക് പറയാൻ ഒരുങ്ങുന്നത്. ഇതിന് മുൻപ് 1991 ൽ റിലീസ് ആയ ഹം എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തലൈവർ 170 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. ജയിലർ സിനിമയുടെ വൻ വിജയത്തിന് ശേഷമാണ് പുതിയ ചിത്രത്തിനെ കുറിച്ച് രജനി കാന്ത് സൂചിപ്പിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിലെ പ്രമുഖ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രമാകും ഇപ്പോൾ തലൈവർ 170 എന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഷൂട്ടിങ്ങിനിടയിൽ എടുത്ത ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് അമിതാഭ് ബച്ചനുമൊത്തു അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷം രജനി കാന്ത് എക്സിൽ പങ്കുവെച്ചിരിക്കുന്നത്.

33 വർഷങ്ങൾക്കുശേഷമാണ് രജനിയും അമിതാഭ് ബച്ചനും ഒരുമിക്കുന്നത്. “ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക്കയുടെ “തലൈവർ 170″ എന്ന ചിത്രത്തിൽ എന്റെ ഗുരു, പ്രതിഭാസം, ശ്രീ അമിതാഭ് ബച്ചനൊപ്പം ഞാൻ 33 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രവർത്തിക്കുന്നു. എന്റെ ഹൃദയം സന്തോഷത്താൽ മിടിക്കുന്നു!” എന്നാണ് ചിത്രത്തിന് അടികുറിപ്പായി രജനി കുറിച്ചത്. തെലുങ്കിൽ പ്രഭാസ് നായകനാവുന്ന പ്രോജക്റ്റ് കെയിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവും.

മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധ് ആണ് തലൈവർ 170-യുടെ സംഗീതസംവിധാനം.ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലോകേഷ് കനഗരാജാണ് രജനികാന്തിന്റെ 171-ാം ചിത്രമായ തലൈവർ 171 സംവിധാനം ചെയ്യുക.

വൈശാഖും മമ്മൂട്ടിയും ഒരിക്കൽ കൂടി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ടർബോ എന്ന് പേരിട്ടിരിക്കുന്ന പുതിയ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുക വൈശാഖ്. പോക്കിരിരാജ,മധുര രാജ എന്നീ സിനിമകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ആണ് പുറത്തു വിട്ടിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇറങ്ങാൻ പോകുന്ന അഞ്ചാമത്തെ ചിത്രമാണിത്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. വൈശാഖ് സിനിമകളിൽ മമ്മൂട്ടി കഥാപാത്രങ്ങളുടെ സരസമായ അഭിനയവും തമാശകളും ശ്രദ്ധേയമാണ്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.എന്നാൽ സാങ്കേതിക വിദഗ്ധരുടെ വിവരങ്ങൾ പുറത്തുവിട്ടു. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.

വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് കൈകാര്യം ചെയ്യും. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ:ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത് (മമ്മൂട്ടി), മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ (മമ്മൂട്ടി), പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്. ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്ണു സുഗതൻ.

നടി കങ്കണ റണൗട് രാവണ ദഹനം നടത്തും. 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു വനിത ഇത് ചെയ്യുന്നത്. ദസറയോടനുബന്ധിച്ച് ചെങ്കോട്ടയിൽ വെച്ച് ചൊവ്വാഴ്ച നടക്കുന്ന ലവ് കുശ് രാംലീലയിൽ രാവണ ദഹനം നടത്തുന്ന ആദ്യ വനിത എന്ന വിശേഷണം ഇനി കങ്കണ റണൗട്ടിന് സ്വന്തമാവും. ദസറയുടെ അവസാന ദിവസമാണ് രാവണ ദഹനം നടക്കുക.

കങ്കണ അവരുടെ ഔദ്യോഗിക സമൂഹ മാധ്യമങ്ങൾ വഴിയാണ് ഈ നേട്ടത്തെ പറ്റി പരസ്യപ്പെടുത്തിയത്. എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം എന്നാണ് വിഡിയോക്കൊപ്പം കങ്കണ എഴുതിയത്.

വനിതാ സംവരണ ബില്ലിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഡൽഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അർജുൻ സിംഗ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ചടങ്ങിന് മുൻവർഷങ്ങളിൽ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരായിരുന്നു വിശിഷ്ഠാതിഥികൾ. അജയ് ദേവ്ഗണും ജോൺ എബ്രഹാമും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.

കമൽഹാസന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ‘നായകൻ’ വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിലേക്ക് തിരിച്ചു വരുന്നു. സിനിമ റിലീസ് ആയി 36 വർഷം കഴിഞ്ഞു.ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ച സിനിമ നവംബർ 3 തീയേറ്ററുകളിൽ റീറിലീസ് ചെയ്യുന്നതാണ്. സിനിമയുടെ ശബ്ദ വിന്യാസത്തിലും നിറത്തിലും പുതിയ കാലത്തിന് അനുസരിച്ച് മാറ്റം വരുത്തിയാകും പുറത്തിറങ്ങുക എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. 

രാജ്യമാകെ 280 തീയേറ്ററുകൾ ആണ് നായകൻറെ തിരിച്ചു വരവിന് ആയി തയ്യാറായിരിക്കുന്നത്, അതിൽ തമിഴ് നാട്ടിൽ മാത്രം 120 തീയേറ്ററുകളും 60 തീയേറ്ററുകൾ കേരളത്തിലുമുണ്ട്.1987 ൽ മണിരത്നത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രത്തിൽ കമൽഹാസൻ, വേലു നായ്കർ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. 35 മത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ 3 അവാർഡുകൾ ചിത്രം നേടിയിരുന്നു. 

ഈ ചിത്രത്തിലെ അഭിനയത്തിന് പിന്നീട് മികച്ച നടനുള്ള ദേശീയ അവാർഡ് വരെ കമൽ ഹാസൻ നേടിയിരുന്നു.മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം പി.സി. ശ്രീറാമിനും കലാസംവിധായകനുള്ള പുരസ്കാരം തോട്ടാധരണിക്കും ചിത്രം നേടിക്കൊടുത്തു. 

ശരണ്യ പൊൻവണ്ണൻ, ജനകരാജ്, ഡൽഹി ഗണേഷ്, നാസർ, നിഴൽകൾ രവി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.ഇളയരാജയാണ് സംഗീതം ചെയ്ത നായകൻ 1988-ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക സമർപ്പണം കൂടിയായിരുന്നു, എന്നാൽ അന്തിമ നോമിനികളിൽ ഇത് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടില്ല.