Entertainment (Page 51)

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. കലാഭവൻ മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ കമ്മ്യൂണിസ്റ്റുകാരനായ കലാഭവൻ മണിയെ അവഗണിച്ചു. മുൻ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. ആഹാരത്തിന് പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി.

തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ല. 22 സിനിമകളോളം കേരളീയത്തിൽ പ്രദർശിപ്പിച്ചു. അതിൽ ഒന്നുപോലും മണിയുടേതില്ലെന്നും വിനയൻ കുറ്റപ്പെടുത്തി. മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങൾ സംവിധാനം ചെയ്തത് താനാണെന്നും പറഞ്ഞു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകൾ. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരൻമാർ പ്രതികരിക്കണമെന്നും വിനയൻ പറഞ്ഞു.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ നൌഷദ് സഫ്രോണ്‍ സംവിധാനം ചെയ്ത പൊറാട്ട് നാടകം എന്ന ചിത്രം കോടതി വിലക്കി. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. പകര്‍പ്പവകാശ ലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്‍റെ റിലീസ് കോടതി തടഞ്ഞത്.

എഴുത്തുകാരന്‍ വിവിയന്‍ രാധാകൃഷ്ണന്‍, നിര്‍മ്മാതാവ് അഖില്‍ ദേവ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. ശുഭം എന്ന പേരില്‍ സിനിമയാക്കാന്‍ വേണ്ടി വിവിയന്‍ രാധാകൃഷ്ണന്‍ എഴുതിയ തിരക്കഥയാണ് പൊറാട്ട് നാടകമാക്കി മാറ്റിയത് എന്നാണ് കോടതി കണ്ടെത്തിയത്.സുനീഷ് വരനാടാണ് പൊറാട്ട് നാടകത്തിന്‍റെ തിരക്കഥകൃത്ത്.

തങ്ങളുടെ കൈയ്യിലുള്ള തിരക്കഥ ചിത്രീകരിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞ ശേഷമാണ് ഇത് സിനിമയാക്കിയ കാര്യം അറിഞ്ഞത് എന്നാണ് പരാതിക്കാര്‍ പറയുന്നത്. 2018 ല്‍ ഈ തിരക്കഥയുടെ അവകാശം നിര്‍മ്മാതാവായ അഖില്‍ ദേവ് വാങ്ങിയിരുന്നു.വിജയന്‍ പള്ളിക്കരയും, ഗായത്രി വിജയനുമാണ് നിർമാതാക്കൾ. അതേ സമയം പൊറാട്ട് നാടകത്തിലെ നായകനായ സൈജു കുറുപ്പിന് തിരക്കഥ വായിക്കാന്‍ നല്‍കിയിരുന്നെന്നും സൈജു കുറുപ്പാണ് ഇതിന് പിന്നില്‍ എന്നും ആരോപിച്ച് അഖില്‍ ദേവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

മനുഷ്യത്വമില്ലാത്ത രീതിയിൽ സിനിമ മേഖലയിൽ ഈയിടെയായി ഇത്തരം കേസുകൾ നിരവധിയുണ്ട് , എന്ത് ചെയ്യണെമന്നറിയാതെയും, ഭീഷണികളും കാരണം ആരും ഇതു പുറത്തു പറയാറില്ല , ഇത്തരത്തിൽ സ്വാർത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തിൽ പേരെടുത്ത് നിൽക്കുന്നവരെ ഒറ്റപ്പെടുത്തുക- എന്നാണ് അഖില്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരിക്കുന്നത്.

താരനിരയിലുള്ളവരെ പറ്റി കഥകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ പേജുകൾ ഇന്ന് സജീവമാണ്. വൈറലാകാനായി തെറ്റായ അടികുറിപ്പുകളും തെറ്റിദ്ധാരണകളും പരത്തുന്നവരാണ് മിക്ക പേജുകളും. ഇതിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മമ്ത മോഹൻദാസ്. തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തക്ക് എതിരായാണ് മമ്ത പ്രതികരിക്കുന്നത്. ‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’ എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത പ്രചരിച്ചിരുന്നത്.

ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു പ്രചരണം. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ താരം തന്നെ ഓൺലൈൻ പേജിനു താഴെ കമന്റുമായി എത്തുകയായിരുന്നു. ‘ശരി. ഇനി പറയൂ നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.’ എന്നായിരുന്നു മംമ്‌തയുടെ മറുപടി. തുടർന്ന് താരത്തിന്റെ കംമെന്റിനെ പിന്തുണച് ഒരുപാട് പേർ എത്തിയതോടെ അക്കൗണ്ട് താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

ഒരാഴ്ച നീണ്ടു നിന്ന കേരളീയത്തിന് ഇന്ന് സമാപനം. വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. ആഘോഷങ്ങൾ ഒരു വശത്തു പൊടി പൊടിക്കുമ്പോഴും വിമർശനങ്ങൾ മറു വശത്തു നീണ്ടു നിവർന്നു തന്നെ കിടക്കുകയാണ്. സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും. ചെലവിന്റെ ആദ്യകണക്ക് 27 കോടിയാണ്. അന്തിമകണക്ക് വരമ്പോൾ ഇത് കുതിച്ചുയരുമെന്നുറപ്പാണെന്ന് പ്രതിപക്ഷം. അസമയത്തെ ധൂർത്തെന്നാണ് ആക്ഷേപ സ്വരം. പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ.

റിവ്യൂ ബോംബിങ്ങിൽ അന്വേഷണം തുടങ്ങി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കൂടുതൽ റിവ്യൂ അക്കൗണ്ടുകൾ പരിശോധിക്കുന്നുത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിലാണ് അന്വേഷണം. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി.ഒൻപതു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

നിർമാതാക്കളുടെ സംഘടന അക്രഡിറ്റേഷൻ നൽകുന്നവരെ മാത്രമെ സിനിമ പ്രമോഷനിൽ സഹകരിപ്പിക്കൂ എന്നും റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്നും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറഞ്ഞു.മികവും അംഗീകാരവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അക്രഡിറ്റേഷൻ നൽകും. വാർത്താസമ്മേളനങ്ങളിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങുകാരെയും നിയന്ത്രിക്കും. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

ഏറെ ആരാധകറുള്ള തെന്നിന്ത്യൻ താരമാണ് രജനികാന്ത്. ഒരുപോലെ എല്ലാ കാലഘട്ടത്തിലെയും ജനങ്ങൾ ഇഷ്ടപ്പെടുന്നു. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുരിയിലെ വസതിക്ക് സമീപമായാണ് ക്ഷേത്ര പുരോഗമതി നടക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്.

എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോയാണ് ഭാരം. ഈ പ്രതിമക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്.

രജനിയുടെ ആരാധകരില്‍ ഒരാള്‍ നിർമിച്ച ഈ ക്ഷേത്രത്തിൽ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. അതെ സമയം ജയ് ഭീം സിനിമയുടെ സംവിധായകനായ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമായ ‘തലൈവര്‍ 170’ ന്റെ പണിപ്പുരയിലാണ് രജനികാന്ത് ഇപ്പോൾ. തിരുവനന്തപുരത്താണ് ചിത്രീകരണം.

നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിമായാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രം വിളിച്ചു കൊണ്ട് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വച്ചാണ് വിവാഹം നടന്നത്. ഒരു ലക്ഷ്വറി വില്ലയുടെ മാനേജറായ ഗോവ സ്വദേശി ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

പരസ്പരം കോംപ്ലിമെന്‍ഡ് ചെയ്യുന്ന ലാവന്‍ഡര്‍ നിറത്തിലുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് അണിഞ്ഞത്. ഇരുവരും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

വയലൻസ് ചിത്രങ്ങളോടാണ് പുതിയ തലമുറ പ്രാധാന്യം നൽകുന്നതെന്ന് സംവിധായകൻ കമൽ. തല വെട്ടുക, ചോര കാണുക എന്നീ തലങ്ങളിലോട്ട് നായകസങ്കൽപ്പങ്ങൾ മാറിയെന്നും,പുതിയ തലമുറ ഇത്തരം മനോഭാവത്തിലേക്ക് മാറുന്നത് ഗുണകരമല്ലന്നും കമൽ പറഞ്ഞു. നിയമസഭയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘സ്‌മൃതി സന്ധ്യ’യിൽ എൺപതുകളിലെ ‘മലയാള സിനിമ’ എന്ന വിഷയത്തിൽ നിർമാതാവ് സുരേഷ് കുമാർ, നടൻ മണിയൻപിള്ള രാജു എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു കമൽ.

‘എല്ലാത്തിനെയും നിഗ്രഹിക്കുക. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്‍പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജനികാന്തും വിജയ്‌യും മമ്മൂട്ടിയുമടക്കം അങ്ങനെയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. വയലന്‍സിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളര്‍ന്നു വരുന്നുണ്ട്.
എത്രമാത്രം അത് സമൂഹത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടാണ് ഈ തലമുറ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ഇത്തരം മനോഭാവം സമൂഹത്തിന് ഗുണകരമല്ല. എഴുപതുകള്‍ തൊട്ട് എല്ലാ കാലത്തും ന്യൂ ജനറേഷന്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ 25 വര്‍ഷങ്ങള്‍ കഴിയുമ്പോഴും സിനിമയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്.’ കമൽ കൂട്ടി ചേർത്തു.

കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ പതിയുന്ന ചില ചിത്രങ്ങളുണ്ട്. അത്തരം ചിത്രങ്ങളിൽ മുൻ നിരയിൽ നിക്കുന്ന ഒന്ന് തന്നെയാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനത്തിൽ, 1993 ൽ പുറത്തിറങ്ങി. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാലും സുരേഷ് ഗോപിയും നിറഞ്ഞാടിയപ്പോൾ നാഗവല്ലിയായി അസാധ്യ പ്രകടനം കാഴ്ചവച്ച് ശോഭനയും ഒപ്പം കൂടി. ഇതര ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടെങ്കിലും മലയാളത്തിനോളം ആ സിനിമകൾക്ക് വലുതാകാൻ പറ്റിയില്ല എന്നതാണ് വാസ്തവം.


കേരളീയം 2023നോട് അനുബന്ധിച്ചു, കാലങ്ങൾക്ക് ശേഷം നകുലനും ഗംഗയും തീയറ്റുറുകളിൽ എത്തിയപ്പോൾ ഇരു കയ്യും നീട്ടി സ്വീകരിച്ചത് വൻ പ്രേക്ഷകരാണ്. ഇന്നത്തെ യുവതലമുറയ്ക്ക് തിയറ്റർ എക്സ്പീരിയൻസ് മിസ്സായ ചിത്രം വീണ്ടും കണ്ടതിലെ ആകാംക്ഷ സോഷ്യൽ മീഡിയയിൽ അലതല്ലുകയാണ്. ഇന്നലെ 7. 30 മണിക്കായിരുന്നു ഷോ. എന്നാൽ 3.30മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മോഹന്‍ലാലിന്റെ ഇന്‍ട്രോയില്‍ ആര്‍പ്പ് വിളികളുമായാണ് ആരാധകര്‍ എത്തിയത്.

443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂർ നേരത്തെ പ്രദർശനം തുടങ്ങി. നിരവധി പേർ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേ സമയം പുറത്തും ആയിരത്തിലധികം പേർ കാത്തുനിന്നു. തിരക്ക് മൂലം മൂന്ന് അധിക പ്രദർശനങ്ങൾ കൂടി നടത്താനുള്ള തീരുമാനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശ പ്രകാരം ചലച്ചിത്ര അക്കാദമി സ്വീകരിച്ചു. ഇതനുസരിച് 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടർന്ന് കൈരളിയിലുമായി ഷോ നടന്നു.

കേരളീയത്തിന് ആശംസ നേർന്നു കൊണ്ട് മമ്മൂട്ടിയും മോഹൻലാലും കേരളീയം വേദിയിലെത്തി. മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയം എന്ന് മമ്മൂട്ടി. കേരള ചരിത്രത്തിലെ മഹാ സംഭവമായി മാറട്ടെ എന്നും ആശംസിച്ചു.

കേരളീയം കേരളത്തിന്റെ മാത്രം വികാരമല്ല. ലോക സാഹോദര്യത്തിന്റെ വികാരമായി മാറും. നമ്മൾ ലോകത്തിനു തന്നെ മാതൃകയാക്കും. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വലിയൊരു ഉദാഹരണമായി കേരളം മാറട്ടെ എന്നും മമ്മൂട്ടി പറഞ്ഞു.


മലയാളിയായതിൽ അഭിമാനമാണെന്ന് മോഹൻലാൽ പറഞ്ഞു. തിരുവന്തപുരത്തോളം പരിചിത നഗരം വേറെ ഇല്ലെന്നും. ഇതെന്റെ നഗരമാണെന്നും പറഞ്ഞു. അടുത്ത വർഷത്തെ കേരളീയം പരിപാടിയുെട പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ കേരളീയം പരിപാടിയുെട ബ്രാൻഡ് അംബാസിടർമാരായ മമ്മൂട്ടി, ശോഭന, കമൽ ഹാസൻ എന്നിവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു.