നടി കങ്കണ റണൗട് രാവണ ദഹനം നടത്തും. 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു വനിത ഇത് ചെയ്യുന്നത്. ദസറയോടനുബന്ധിച്ച് ചെങ്കോട്ടയിൽ വെച്ച് ചൊവ്വാഴ്ച നടക്കുന്ന ലവ് കുശ് രാംലീലയിൽ രാവണ ദഹനം നടത്തുന്ന ആദ്യ വനിത എന്ന വിശേഷണം ഇനി കങ്കണ റണൗട്ടിന് സ്വന്തമാവും. ദസറയുടെ അവസാന ദിവസമാണ് രാവണ ദഹനം നടക്കുക.
കങ്കണ അവരുടെ ഔദ്യോഗിക സമൂഹ മാധ്യമങ്ങൾ വഴിയാണ് ഈ നേട്ടത്തെ പറ്റി പരസ്യപ്പെടുത്തിയത്. എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം എന്നാണ് വിഡിയോക്കൊപ്പം കങ്കണ എഴുതിയത്.
വനിതാ സംവരണ ബില്ലിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഡൽഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അർജുൻ സിംഗ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ചടങ്ങിന് മുൻവർഷങ്ങളിൽ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരായിരുന്നു വിശിഷ്ഠാതിഥികൾ. അജയ് ദേവ്ഗണും ജോൺ എബ്രഹാമും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.

