മലയാള സിനിമയിൽ നിന്ന് താൻ ഇടവേളയെടുക്കാൻ ഉണ്ടായ കാരണം ഇതാണ്; തുറന്നു പറഞ്ഞ് നിമിഷ സജയൻ

മലയാള സിനിമയിൽ നിന്ന് താൻ ഇടവേളയെടുക്കാൻ ഉണ്ടായ കാരണം തുറന്നു പറഞ്ഞ് നടി നിമിഷ സജയൻ. താൻ മലയാളത്തിൽ സിനിമകൾ ചെയ്യാത്തത് ഇവിടെ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കാത്തതിനാലാണെന്ന് നിമിഷ പറഞ്ഞു. എന്നാൽ മറ്റ് ഭാഷകളിൽ അത് സംഭവിക്കുന്നുണ്ട്. ഭാഷയല്ല, കഥാപാത്രമാണ് പ്രധാനമെന്നും നിമിഷ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിമിഷയുടെ പ്രതികരണം.

ഇപ്പോഴും മലയാളത്തിൽ ഗൗരവ്വമുളള, നന്നായി എഴുതപ്പെട്ട കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും താൻ ചെയ്യും. ജിഗർതണ്ടയിലെ കഥാപാത്രം വ്യത്യസ്തവും ലൗഡുമായിരുന്നില്ലേ. സത്യം എന്തെന്നാൽ കേരളത്തിന് പുറത്തു നിന്നും എനിക്ക് അങ്ങനെയുള്ള വേഷങ്ങൾ ലഭിക്കുന്നുണ്ട്. പക്ഷെ ഇവിടെ അതുപോലെയുള്ള കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണ്. എന്നെ അറിയാത്തൊരു സംവിധായകനാണ് ജിഗർതണ്ടയിൽ തനിക്ക് ഫൺ ആയിട്ടുള്ളൊരു കഥാപാത്രം നൽകിയത്. പക്ഷെ ഇവിടെയുള്ളവർക്ക് എന്നെ അറിയാം, എന്നിട്ടും എനിക്ക് അത്തരത്തിലുള്ള കഥാപാത്രം ലഭിക്കുന്നില്ല. അതുകൊണ്ടാണ് മലയാളത്തിൽ നിന്നും ഇടവേളയെടുത്തതെന്ന് താരം ചൂണ്ടിക്കാട്ടി.

ചിയർഫുൾ ആയുള്ള കഥാപാത്രങ്ങളുള്ള തിരക്കഥ വായിക്കുമ്പോൾ തനിക്ക് അവയ്ക്ക് ആഴമില്ലെന്ന് തോന്നാറുണ്ട്. പക്ഷെ അതിനർത്ഥം താൻ ഫൺ ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല എന്നതല്ല. ഒരു തെക്കൻ തല്ലു കേസിലെ വാസന്തി ഫൺ ആയിട്ടുള്ള കഥാപാത്രമായിരുന്നു. ലാൽ ജോസ് സാറിന്റെ 41 ലും അത്തരത്തിലൊരു വേഷമായിരുന്നു. പക്ഷെ എന്തുകൊണ്ടോ എല്ലായിപ്പോഴും അത്തരം കഥാപാത്രങ്ങൾക്ക് ആഴമുള്ളതായി തനിക്ക് തോന്നിയിട്ടില്ല. അതിനാൽ തനിക്ക് ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷൻ നഷ്ടപ്പെടുമെന്ന് തോന്നും. നായാട്ടും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും പോലുള്ള സിനിമകൾ ചെയ്യുമ്പോൾ തനിക്ക് ഒരു കലാകാരിയെന്ന നിലയിൽ സംതൃപ്തി അനുഭവപ്പെടാറുണ്ട്. താൻ ഇല്ലാത്ത കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് തനിക്ക് സംതൃപ്തി ലഭിക്കുന്നത്. മാലിക്കും നായാട്ടും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും ചെയ്തത് ഒരേ വർഷമാണ്. അതിൽ താൻ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അവയെല്ലാം ബോൾഡ് ആയിരുന്നു. പക്ഷെ ആ ബോൾഡ്നെസിലെല്ലാം വ്യത്യസ്തയും ഉണ്ടായിരുന്നുവെന്നും നിമിഷ കൂട്ടിച്ചേർത്തു.