പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആടുജീവിതം എത്തുന്നു; ട്രെയിലർ പുറത്ത്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അധികൃതർ. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമായാണ് ആടുജീവിതം വരുന്നതെന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം.

2018 ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 14 നാണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.