Entertainment (Page 236)


വൈക്കം: നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും.

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു ബാലചന്ദ്രന്‍. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഇതില്‍ അഗ്‌നിദേവന്‍ വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2012-ല്‍ കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പാവം ഉസ്മാനിലൂടെ പി ബാലചന്ദ്രനെ തേടിയെത്തി. 1989-ല്‍ പ്രതിരൂപങ്ങള്‍ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.ശ്രീലതയാണ് ഭാര്യ, ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്

ചെന്നൈ: റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ഒരുങ്ങുന്നത്. നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്.ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

ഈസ്റ്റര്‍ – വിഷു റിലീസുകള്‍ ആരംഭിച്ചതോടെ തീയേറ്ററുകളില്‍ ആഘോഷമാകും. മമ്മൂട്ടി ചിത്രങ്ങളായ ദ പ്രീസ്റ്റ്, വണ്‍ എന്നിവയുള്‍പ്പെടെ തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ചിത്രങ്ങള്‍ എത്തുന്നത്.
ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങ ‘ആര്‍ക്കറിയാം’ തിയേറ്ററിലെത്തി. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ഒ.പി.എം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവുമാണ്.സണ്ണി വെയ്‌നെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി.’ ‘എട്ടുകാലി,’ ‘ഞാന്‍ സിനിമാമോഹി’ എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രിന്‍സിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ‘അനുഗ്രഹീതന്‍ ആന്റണി.’ ‘കരിങ്കുന്നം സിക്‌സസ്’ എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റേയും മിഥുന്‍ മാനുവല്‍ തോമസിന്റെ ‘അലമാര’ എന്ന ചിത്രത്തിലും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷമാണ് പ്രിന്‍സ് സ്വതന്ത്ര സംവിധായകനാവുന്നത്.നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ 4 ന് ഈസ്റ്റര്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. പ്രശസ്ത വീഡിയോ എഡിറ്റര്‍ അപ്പു.എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട് ‘ 8ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് ,നിമിഷ സജയന്‍, അനില്‍ നെടുമങ്ങാട്, ജാഫര്‍ ഇടുക്കി തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. ചാര്‍ലി എന്ന ചത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നായാട്ട്.എ.ജി.എസ് മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ നിര്‍മ്മിച്ച് കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ 9ന് തിയേറ്ററിലെത്തും.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘സ്റ്റാര്‍’.

കൊച്ചി :മോദി ഹിന്ദുവാണെന്നും അദ്ദേഹം ഒരു വിശ്വാസിയാണെന്നും പ്രധാനമന്ത്രിയുടെ ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ മാറിയിരുന്ന് ചൊറിഞ്ഞ് അഡ്ജസ്റ്റ് ചെയ്യണമെന്നും ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. “സ്വാമിയേ ശരണം അയ്യപ്പ” എന്ന പദം കേട്ടാൽ ഹൈന്ദവർ പഴയ കാര്യങ്ങളെല്ലാം ഓർക്കുമെന്നും, എല്ലാം മറന്ന് ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി. (പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?) ഈ പേടിയിൽ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത്.

ശബരിമല വിഷയം പല പാർട്ടികളും ജാഥകളിൽ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത്. കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ? പെരുമാറ്റച്ചട്ടം മത്സരാർത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ? അനാവശ്യ വിമർശനങ്ങളും, പരാതികളും എല്ലാവരും ഒഴിവാക്കുക. ജയിക്കേണ്ട സ്ഥാനാർത്ഥികൾ ഏതു പാർട്ടി ആയാലും ജയിച്ചോളും. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് കരുതുക. ഇനി സംഭവിക്കുവാൻ ഇരിക്കുന്നതും നല്ലതിന്.

“സ്വാമിയേ ശരണം അയ്യപ്പ ” എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു അഡ്ജസ്റ്റ് ചെയ്യുക. എന്നിട്ട് വേണേൽ ആരും കാണാതെ കരഞ്ഞോ. ചിലപ്പോൾ ഒരു ആശ്വാസം കിട്ടുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാ മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ?

എങ്കിൽ “സ്വാമിയെ ശരണം അയ്യപ്പ ” എന്ന് കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുന്നതിന്റെ ലോജിക് എന്ത് ? ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്‍ക്ക് അയ്യപ്പ സ്വാമി. അയ്യപ്പ ദര്‍ശനത്തിന് മുമ്പ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള്‍ പോകുന്നത്. മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും. വിവാദം ഉണ്ടാക്കുന്നവരും, പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത് എന്നും അദ്ദേഹം പറയുന്നു.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ വടക്കേ ഇന്ത്യയിലെ വിതരണ അവകാശം പെന്‍മൂവിസിന് വിറ്റുപോയതായി വാര്‍ത്ത. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, സാറ്റലൈറ്റ് അവകാശങ്ങളാണ് ജയന്തിലാലിന്റെ പെന്‍മൂവീസ് സ്വന്തമാക്കിയത്.തുക എത്രെയന്ന് വ്യക്തമാക്കിയിട്ടില്ല.പത്ത് ഭാഷകളിലാകും സിനിമ എത്തുക.സിനിമയില്‍ ജൂനിയര്‍ എന്‍ടിആര്‍്, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ദുല്‍ഖര്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്ത് വിടും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയെഴുതുന്നത്. സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചി്ത്രത്തില്‍ ഡയാന പെന്റിയാണ് നായിക. സാനിയ ഇയപ്പന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന പുതിയ ചിത്രം ജോജിയുടെ ആദ്യ ടീസര്‍ പുറത്തെത്തി. ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വഴി ഏപ്രില്‍ ഏഴിനാണ് ചിത്രം എത്തുക.ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ നിര്‍മ്മാണം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും തന്നെയാണ്.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്‌സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. സൗണ്ട് ഡിസൈന് ഗണേഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബെന്നി കട്ടപ്പന. ഡിഐ പ്രൊഡ്യൂസര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷര് ഹംസ. ചമയം റോണക്‌സ് സേവ്യര്‍. സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. ഡിസൈന്‍ യെല്ലോടീത്ത്‌സ്. ഡിഐ കളറിസ്റ്റ് രമേഷ് സി പി. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍,അലിസ്റ്റര് അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജഗള.മുരളീ റാം, ശ്രീദേവ് കപൂര്‍ എന്നിവര്‍ ചേര്‍ന്ന് ചരന നിര്‍വഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഫേസ്ബുക്ക് പേജിലൂടെയാണ് ജഗള എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടത്. മലബാര്‍ ലഹള കാലത്ത് ഏറനാട്ടില്‍ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘര്‍ഷങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് ജഗള എന്ന ചിത്രത്തിന്റെ പ്രമേയം. നവാഗതനായ മുരളീറാമാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെറീന മൈക്കിളാണ് കുഞ്ഞാത്തു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിറ്റോ ഡേവിഡ്, അപ്പുണ്ണി ശശി, കണ്ണന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഗോഡ്‌സില്ല v/s കോംഗ് എന്ന ഹോളിവുഡ് ചിത്രം എത്തുന്നു. സിനിമയിലൂടെ നമുക്ക് മുന്നിലെത്തുന്നത് രണ്ട് പ്രബല ശക്തികളുടെ പോരാട്ടമാണ്. രണ്ടുപേരുടെയും ആരാധകര്‍ക്ക് ഒരു പോലെതന്നെ ആസ്വദിക്കാവുന്ന ഒരു സിനിമയാണിത്. ഗോഡ്സില്ലയില്‍ നിന്നും കിങ് കോങ്ങിനെ സുരക്ഷക്കായി ഡോ. ഐലിന്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള മനുഷ്യനിര്‍മ്മിത സ്‌കള്‍ ഐലന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോ. ഐലിന്‍ തന്നെയാണ് ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കാരണം അത്രത്തോളം ഭീകരനാണ് ഗോഡ്സില്ല. അതിനിടെ അപെക് എന്ന ടെക് ഭീമന്‍ കമ്പനിയുടെ ലാബുകളും ഓഫീസുകളും എല്ലാം ഗോഡ്‌സില്ല തകര്‍ക്കുന്നു.
ഈ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് സംഭവിക്കുന്നു. ഗോഡ്സില്ലയെ എങ്ങനെയും തകര്‍ക്കുന്നതിനായി ഡോ. ഐലിന്റെ സഹായത്തോടെ കിങ് കോങ്ങിനെ പുറത്തു കൊണ്ടു വരുന്നു. പിന്നീട് ഈ എതിരാളികള്‍ തമ്മിലുള്ള പോരാട്ടമാണ്. ഇതാണ് സിനിമയുടെ ഇതിവൃത്തം. ആദം വിങാര്‍ട്ടിലാണ് സിനിമയുടെ സംവിധാനം.

case

സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമ നടപടിയുമായി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു എന്നാരോപിച്ചാണ് രാഹുലിന്റെ പരാതി.

മുൻപ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വാദം പറയാൻ മുപ്പത് സെക്കന്റ് തരൂ, എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

‘വെറും മുപ്പത് സെക്കന്റ് അല്ലേ കൊടുക്കൂ’ എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനും അലൻസിയറും ഉൾപ്പെടുന്ന രംഗത്തിൽ സൈജു കുറുപ്പ് മറുപടിയും പറയുന്നുണ്ട് . ഈ സംഭാഷണത്തിന് എതിരെയാണ് രാഹുല്‍ ഈശ്വര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

ഐപിസി സെക്ഷന്‍ 499, 500 എന്നിവ അടിസ്‌ഥാനപ്പെടുത്തി കേസെടുക്കണമെന്ന് ഇന്ന് തന്നെ പരാതി നൽകുമെന്ന് രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു. അതേസമയം, ഇപ്പോൾ തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌ത്‌ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ഉൾപ്പെടുത്തിയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.