നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു


വൈക്കം: നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും.

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു ബാലചന്ദ്രന്‍. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഇതില്‍ അഗ്‌നിദേവന്‍ വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2012-ല്‍ കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പാവം ഉസ്മാനിലൂടെ പി ബാലചന്ദ്രനെ തേടിയെത്തി. 1989-ല്‍ പ്രതിരൂപങ്ങള്‍ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.ശ്രീലതയാണ് ഭാര്യ, ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്