കുഞ്ചാക്കോ ബോബനെതിരെ നിയമ നടപടിയുമായി രാഹുല്‍ ഈശ്വര്‍

case

സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമ നടപടിയുമായി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു എന്നാരോപിച്ചാണ് രാഹുലിന്റെ പരാതി.

മുൻപ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വാദം പറയാൻ മുപ്പത് സെക്കന്റ് തരൂ, എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

‘വെറും മുപ്പത് സെക്കന്റ് അല്ലേ കൊടുക്കൂ’ എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനും അലൻസിയറും ഉൾപ്പെടുന്ന രംഗത്തിൽ സൈജു കുറുപ്പ് മറുപടിയും പറയുന്നുണ്ട് . ഈ സംഭാഷണത്തിന് എതിരെയാണ് രാഹുല്‍ ഈശ്വര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

ഐപിസി സെക്ഷന്‍ 499, 500 എന്നിവ അടിസ്‌ഥാനപ്പെടുത്തി കേസെടുക്കണമെന്ന് ഇന്ന് തന്നെ പരാതി നൽകുമെന്ന് രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു. അതേസമയം, ഇപ്പോൾ തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌ത്‌ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ഉൾപ്പെടുത്തിയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.