Entertainment (Page 226)

മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോ ഓണത്തിന് തീയേറ്ററുകളിലെത്തും. കല്‍ക്കിക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ പുതുമുഖം ഗോപിക ഉദയനാണ് നായിക. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

തിരുവനന്തപുരം: ആണ്‍കുട്ടികളുള്ള വീട്ടിലെ സ്ത്രീധന തുലാസ് പിടിച്ചെടുക്കുകയാണ് വേണ്ടതെന്ന് ചലച്ചിത്രതാരം സലീം കുമാര്‍ പറഞ്ഞു. ഡി വൈ എഫ് ഐ സംഘടിപ്പിച്ച യുവജന ജാഗ്രത സദസില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍.

സലിം കുമാറിന്റെ വാക്കുകള്‍

മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താല്‍ മാത്രമേ സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍ ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. ആ തുലാസ് പിടിച്ചെടുക്കുകയാണ് വേണ്ടത്. എനിക്ക് രണ്ട് ആണ്‍മക്കളാണ്. ഞാന്‍ മേടിച്ചു വച്ച സ്ത്രീധന തുലാസ് ഇന്ന് ഒഴിവാക്കുകയാണ്.
ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. പ്രതിഷേധമാകുന്ന ആ വെള്ളത്തെ തളം കെട്ടി നിര്‍ത്തി തിരിച്ചുവിടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. യുവജന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ പ്രശ്‌നം ഏറ്റെടുക്കുന്നതു കാണുമ്പോള്‍ സന്തോഷമാണ്.

കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ പറയുന്ന ചിത്രം കലാമണ്ഡലം ഹൈദരാലി റിലീസ് ചെയ്തു. നീസ്ട്രീമിലൂടെ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് കിരണ്‍ ജി നാഥാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും വരുന്ന ഹൈദര്‍ എന്ന കുട്ടി പിന്നീട് ലോകപ്രശസ്തനായ കലാമണ്ഡലം ഹൈദരാലിയായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഹൈന്ദവര്‍ക്ക് മേധാവിത്വത്തമുണ്ടായിരുന്ന കഥകളി രംഗത്ത് ആദ്യമെത്തിയ മുസ്ലിമാണ് അദ്ദേഹം. വേധാസ് ക്രിയേഷന്റെ ബാനറില്‍ വിനീഷ് മോഹനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്‍ജി പണിക്കരാണ് ചിത്രത്തില്‍ ഹൈദരലിയുടെ വേഷമിടുന്നത്. അശോകന്‍, ടി. ജി രവിന്ദ്രനാഥന്‍, പാരിസ് ലക്ഷ്മി, മീര നായര്‍, നിഖില്‍ രഞ്ജി പണിക്കര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കനത്ത സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിച്ച് സിനിമാതീയേറ്ററുകള്‍. രണ്ടാം തരംഗത്തോട് അനുബന്ധിച്ച് വന്ന പൂട്ടിയിടലില്‍ ഒന്നാം ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയതോടെയാണ് തീയേറ്റര്‍ ഉടമകള്‍ നട്ടം തിരിയുന്നത്. വൈദ്യുതി ചാര്‍ജില്‍ ഇളവ് നല്‍കിയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതികളില്‍ യാതൊരു ആനുകൂല്യവും നല്‍കിയിരുന്നില്ല.

ചലച്ചിത്ര അക്കാദമിക്കും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഒരു വര്‍ഷം നിശ്ചിതതുക തീയേറ്ററുകള്‍ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇവയിലൊന്നും യാതൊരു ഇളവുകളുമില്ല. വിജയ് ചിത്രവും പ്രീസ്റ്റും തരക്കേടില്ലാതെ ഓടിയത് ഒഴിച്ചാല്‍ മറ്റ് ചിത്രങ്ങള്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 45,000 രൂപ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ അറുപതിനായിരം രൂപയാണ് ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നതെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു.

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആരാധകർക്ക് ആശംസകൾ അറിയിച്ചത്. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: മലയാള സിനിമാറിലീസുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒ.ടി.ടി പ്ലാറ്റ് ഫോം തുറക്കുന്നു. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. അഞ്ച് കോടിയോളം ചിലവുള്ള പദ്ധതി റിപ്പോര്‍ട്ട് കെ.എസ്.എഫ്.ഡി.സി നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും.

സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതിനായി സിനിമകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വില കൊടുത്ത് വാങ്ങുന്ന നിലവിലെ രീതിക്കു പകരം പ്രദര്‍ശനത്തിന്റെ വരുമാനം നിശ്ചിത ശതമാനം കണക്കാക്കി പങ്കുവയ്ക്കുന്ന രീതിയാവും സര്‍ക്കാര്‍ ഒ.ടി.ടി യില്‍.

കൊവിഡ് ലോക്ക് ഡൗണ്‍ വന്നപ്പോഴാണ് തിയേറ്ററുകള്‍ക്ക് ബദലായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തുറന്നത്. ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് ഒ.ടി.ടി യില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം.

ന്യൂഡല്‍ഹി : രാജ്യത്ത് സിനിമാവ്യാജപതിപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ നല്‍കി. ഇത് സംബന്ധിച്ച കേന്ദ്രം കരട് ബില്‍ തയ്യാറാക്കി കഴിഞ്ഞു.ഇതോടൊപ്പം സിനിമാനയങ്ങള്‍ സമഗ്രമായി പരിഷ്‌ക്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സിനിമപ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്.

എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് നിയമപ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിലിടപെടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. വ്യാജപതിപ്പിറക്കിയതായി പരാതി ലഭിച്ചാല്‍ സെന്‌സര്‌ബോര്‍ഡ് അനുമതി നല്കിയ സിനിമകള്‍ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.കരട് ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടി. ജൂലൈ രണ്ടിനുള്ളില് അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം നല്കിയിരിത്തുന്നത്.

ദേവരാഗത്തിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലഭിനയിക്കുന്ന ചിത്രം ഒറ്റിന്റെ പോസ്റ്റര്‍ പങ്ക് വച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. അരവിന്ദ് സ്വാമിയുടെ ജന്മദിനത്തിലാണ് ഈ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ – അരവിന്ദ് സ്വാമിക്ക് സന്തോഷ പൂര്‍വ്വകമായ സുരക്ഷിതമായൊരു ജന്മദിനം നേരുന്നു, താങ്കളോടൊപ്പം അഭിനയിക്കാനായത് വലിയൊരു അംഗീകാരമാണ്. നമ്മുടെ സിനിമയുടെ ഷൂട്ട് തുടരാന്‍ ഞാന്‍ ഏറെ ആവേശത്തിലുമാണ്. ഒപ്പം അഭിനയിക്കുന്ന ഒരു നടന്‍ എന്നതിലുപരി എനിക്കൊരു സുഹൃത്തും സഹോദരനും മാര്‍ഗ്ഗദര്‍ശിയുമൊക്കെയാണ് താങ്കള്‍. നമ്മുടെ സിനിമ മലയാളത്തില്‍ ‘ഒറ്റ്’, തമിഴില്‍ ‘രണ്ടഗം’ ആയി എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. താങ്കളുടെ മഹത്തായ സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ താങ്കളോടൊപ്പം സിനിമ ചെയ്യുവാനുമാകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ, കുഞ്ചാക്കോ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.

ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലും മംഗലാപുരത്തിലുമായി ചിത്രീകരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് തീവണ്ടി സിനിമ സംവിധാനം ചെയ്ത ടി.പി ഫെല്ലിനിയാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയാവുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിക്കിടെ പലതവണ റിലീസ് തീയതി മാറ്റിയശേഷമാണ് ചിത്രം ഓണം റിലീസായി ഓഗസ്റ്റ് പന്ത്രണ്ടിന് പുറത്തിറങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്‌നേഹത്തോടെ, നിറഞ്ഞ മനസോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസായി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ധനുഷ് ചിത്രം ജഗമേ തന്തിരത്തിന് ആശംസകളുമായി മാര്‍വല്‍ സിനിമകളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ്. ട്വിറ്ററില്‍ സൂപ്പര്‍ ഡാ തമ്പിയെന്ന കുറിപ്പിനൊപ്പം ചിത്രത്തിന്റെ ട്രെയിലറും പങ്ക് വച്ചിട്ടുണ്ട്. തങ്ങളുടെ പുതിയ ചിത്രമായ ദ ഗ്രേ മാനില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധനുഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ സന്തോഷമുണ്ടെന്നും സംവിധായകര്‍ തങ്ങളുടെ ട്വീറ്റിലൂടെ പറയുന്നുണ്ട്. മലയാളി നടനായ ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റയാന്‍ ഗോസ്ലിങ്ങ്, ക്രിസ് ഇവാന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദ ഗ്രേ മാനില്‍ ധനുഷ് ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം.