ആവശ്യമില്ലാത്ത വിവാദങ്ങള്‍ വേണ്ട; ഈശോയ്ക്ക് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍ !

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ഈശോ സിനിമയ്ക്ക് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍. സിനിമ പ്രഖ്യാപിക്കും മുന്‍പ് തന്നെ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈശോ സിനിമയുടെ പേരിന് അനുമതി തേടി നിര്‍മ്മാതാവ് നല്‍കിയ അപേക്ഷ ഫിലിം ചേംബര്‍ തള്ളിയത്.

ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടില്ലെന്നും ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

നിര്‍മ്മാതാവ് അംഗത്വം പുതുക്കിയില്ലെന്നതടക്കമുള്ള സാങ്കേതിക കാരണങ്ങളും ചേംബര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സിനിമയുടെ പേരുമായി ബന്ധപ്പെട്ടുള്ള വിവാദമടക്കം പരിഗണിക്കുകയോ പ്രതികരിക്കുകയോ വേണ്ടെന്നും ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

നേരത്തെ, ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദൈവത്തിന്റെ പേര് നല്‍കി എന്ന കാരണത്താല്‍ സിനിമ നിരോധിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.