നടന്‍ റിസബാവ അന്തരിച്ചു ! ഓര്‍മ്മയായത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് വില്ലന്‍

കൊച്ചി: നടന്‍ റിസബാവ (55) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ. പശുപതി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് റിസബാവ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വില്ലനായും, സഹനടനായും തിളങ്ങി.

1966 സെപ്തംബര്‍ 26ന് കൊച്ചിയിലെ തോപ്പുംപടിയിലാണ് റിസബാവ ജനിച്ചത്. നാടകത്തില്‍ നിന്നായിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം.

ഇന്‍ ഹരിഹര്‍നഗര്‍ എന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രം ജോണ്‍ ഹോനായിയായാണ് ഇന്നും റിസബാവ അറിയപ്പെടുന്നത്. ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി c/o ജോര്‍ജ്ജുകുട്ടി, ചമ്ബക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്ബുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിഗുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.