ഇന്ധന വിലവര്‍ധനവില്‍ പ്രധാനമന്ത്രിയെ പരിഹസിച്ചു കാര്‍ട്ടൂണ്‍ പങ്കുവെച്ച മുരളി ഗോപിക്ക് നേരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ച നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിക്ക് നേരെ സൈബര്‍ ആക്രമണം. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചതിനാണ് താരത്തിനെതിരെ കൂട്ട സൈബര്‍ ആക്രമണം നടന്നത്.

കാര്‍ട്ടൂണിസ്റ്റ് ദിനേശ് കുക്കുജഡ്ക വരച്ച കാര്‍ട്ടൂണാണ് മുരളി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബൈക്ക് തലകീഴായി വച്ച് ചക്രങ്ങള്‍ ചര്‍ക്കയാക്കി കറക്കുന്ന മോദിയും അത് കണ്ട് കണ്ണ് തള്ളിയ ഗാന്ധിയുമാണ് കാര്‍ട്ടൂണിന്റെ ഇതിവൃത്തം.

3,000ത്തിലധികം പേര്‍ ഇതിനകം ഷെയര്‍ ചെയ്ത പോസ്റ്റിന് കീഴെ കമന്റുകളുടെ പ്രവാഹമാണ്. നാര്‍ക്കോട്ടിക് ജിഹാദ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും, താരം താലിബാനിയാണെന്നും സിനിമ വിജയിപ്പിക്കില്ലെന്നുമടക്കമുള്ള ഭീഷണിയുമുണ്ട്.