ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ‘മിഷന്‍ കൊങ്കണ്‍’ അണിയറയില്‍ !

ടിയനു ശേഷം മോഹന്‍ലാലും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമൊരുക്കുന്ന ‘മിഷന്‍ കൊങ്കണ്‍’ എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരള പ്രൊഡ്യൂസേഴ്സ് എന്ന ഫേ്സ്ബുക്ക് പേജിലാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ഹോളിവുഡ് ടെക്നീഷ്യന്‍മാരുടെ നേതൃത്വത്തിലാവും ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം.

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഹിന്ദിയില്‍ അഭിനയിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിലാണ് മോഹന്‍ലാല്‍ അവസാനമായി ബോളിവുഡില്‍ അഭിനയിച്ചത്.