Entertainment (Page 207)

യുവതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം ഭ്രമം റിലീസ് ചെയ്തു. പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഭ്രമം.

ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ജിസിസിയിലും, യുഎഇ തീയറ്ററുകളിലും ഇന്ന് റിലീസ് ആയി.

നാളെ റിലീസ് ആകുമെന്ന് അറിയിച്ച ചിത്രമാണ് ഇപ്പോള്‍ ആമസോണില്‍ റിലീസ് ആയിരിക്കുന്നത്. ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം ‘അന്ധാധുനി’ന്റെ റീമേക്ക് ആണ് ഈ ചിത്രം.

രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എ പി ഇന്റര്‍നാഷണല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മംത മോഹന്‍ദാസ്, രാശി ഖന്ന, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

yesudaasan

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ആഴ്ചകൾക്ക് മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അന്ത്യം. സംഭവിച്ചത്.

1938 ജൂൺ 12ന് മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ കുന്നേൽ ചക്കാലേത്ത് ജോൺ മത്തായിയുടെയും മറിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്നു. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു.

വനിതയിലെ ‘മിസ്സിസ് നായർ’മലയാളി വായനക്കാർക്ക് സമ്മാനിച്ചതും യേശുദാസനാണ്. പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ഴ തുടങ്ങിയവയായിരുന്നു അദേഹത്തിന്റെ പ്രധാന കൃതികൾ. 1992-ൽ എ ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ എന്ന ചിത്രത്തിന് തിരക്കഥ എഴുതി.

ഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രിയ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യം അവസാനമായി സിനിമയ്ക്കു വേണ്ടി ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന സിനിമയ്ക്കു വേണ്ടി ആലപിച്ച ‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ ഉടന്‍ തന്നെ സൂപ്പര്‍ ഹിറ്റുമായി. വിവേകിന്റെ വരികള്‍ക്ക് ഡി. ഇമ്മനാണ് സംഗീതം.

എസ്പിബിയുടെ നിരവധി ഹിറ്റ് ഗാനങ്ങളില്‍ രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. മുത്തു, അണ്ണാമലൈ, ദളപതി തുടങ്ങി അവസാനം പുറത്തിറങ്ങിയ ദര്‍ബാറിലും എസ്പിബി രജനീകാന്തിന് വേണ്ടി പാടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25 നായിരുന്നു എസ്പിബി കോവിഡ് ബാധിച്ചുളള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അന്തരിച്ചത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന അണ്ണാത്തെ ശിവയാണ് സംവിധാനം ചെയ്യുന്നത്. നയന്‍ താര, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. മീന, ഖുഷ്ബു, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജാക്കി ഷ്റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളായി എത്തുന്നത്. പളനിസ്വാമിയാണ് ഛായാഗ്രഹകന്‍. നവംബര്‍ നാലിന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിലെ അനിശ്ചിതത്വം മാറ്റാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നേരത്തെ അനുവദിച്ച 50 ശതമാനം വൈദ്യുതി ചാര്‍ജ് ഇളവ് നിലനിര്‍ത്താന്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നും, തീയറ്റര്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു

മാത്രമല്ല, വിനോദ നികുതിയിലടക്കം ഇളവ് നല്‍കിയില്ലെങ്കില്‍ തീയറ്റര്‍ തുറക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിയിലായ തീയറ്ററുകള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണം. കാണികള്‍ക്ക് രണ്ട് ഡോസ് വാക്സിനെടുക്കണമെന്നത് പ്രായോഗികമല്ലെന്നും, വകുപ്പ് മന്ത്രിയുടെ ഉറപ്പല്ല, മുഖ്യമന്ത്രിയുടെ ഉറപ്പാണ് വേണ്ടതെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.

കൊവിഡിനിടയില്‍ തന്നെ ജനുവരിയില്‍ തീയറ്ററുകള്‍ തുറന്നിരുന്നു. അന്ന് വൈദ്യുതിയിലും വിനോദ നികുതിയിലും സര്‍ക്കാര്‍ നല്‍കിയ ഇളവ് തുടരണമെന്നതാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആദ്യ റിലീസുകള്‍ ഏതെന്നു തീരുമാനമായിട്ടില്ല. ആദ്യ ആഴ്ചയില്‍ ഏതൊക്കെ സിനിമകള്‍ എത്തുമെന്ന് ഇപ്പോള്‍ പറയാറാനാവില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു.

50% പ്രേക്ഷകര്‍ക്കു മാത്രമാണു പ്രവേശനമെന്നതിനാല്‍ ബിഗ്ബജറ്റ് ചിത്രങ്ങളായ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’, ‘ആറാട്ട്’, ‘തുറമുഖം’ എന്നിവ ഈ ഘട്ടത്തില്‍ റിലീസിനുണ്ടാകില്ല.

മാത്രമല്ല, മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ’ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. പല മുന്‍നിര താരങ്ങളുടെയും ചിത്രങ്ങള്‍ ഒടിടി വഴി റിലീസ് ചെയ്തതിനാല്‍ തിയറ്റര്‍ റിലീസ് കാക്കുന്ന മറ്റു പ്രധാന ചിത്രങ്ങളുമില്ല.

എന്നാല്‍, നവംബര്‍ 4നു ഏതാനും തമിഴ് സിനിമകള്‍ എത്തും. രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’,’മാനാട്’ (ചിമ്പു) ,’എനിമി’ (വിശാല്‍) എന്നിവയാണു ദീപാവലി റിലീസിനുള്ളത്. രോഹിത് ഷെട്ടി-അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവന്‍ശി’യും റിലീസ് ചെയ്യും.

തിയറ്ററുകള്‍ തുറക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും ഔദ്യോഗിക കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ പ്രതികരിച്ചു. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ അതിനുശേഷം പ്രഖ്യാപിക്കുമെന്നു ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു.

തിയറ്ററുകള്‍ തുറക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണെന്നു തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് സംസ്ഥാന ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് മണര്‍കാട് പറഞ്ഞു. ക്രിസ്മസിനായിരിക്കും ബിഗ് ബജറ്റ് റിലീസുകള്‍ എന്നാണു സൂചന.

ബാഹുബലി2 ന്റെ വന്‍വിജയത്തിനു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 7ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.

2018 നവംബര്‍ 19നാണ് രാജമൗലി ‘ആര്‍ആര്‍ആറി’ന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. ‘രൗദ്രം രണം രുധിരം’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്.

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്.

തിയറ്റര്‍ റിലീസിനു ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യും. സീ5, നെറ്റ്ഫ്‌ളിക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്‌ളിക്‌സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തും.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

ഹൈദരാബാദ്: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഇന്നലെയാണ് താരദമ്പതികളായ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വേര്‍പിരിയുകയാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം ജീവനാംശമായി നടിയ്ക്ക് നല്‍കാനൊരുങ്ങിയത്. എന്നാല്‍ ഈ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് സാമന്ത ഇപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ‘വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സാമന്ത ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് വന്ന വ്യക്തിയാണ്, മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ല. ആത്മാഭിമാനം വളരെ വലുതാണെന്നും നടി വ്യക്തമാക്കി. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്.

മുബൈ: ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണയുമായി നടന്‍ സുനില്‍ ഷെട്ടി. ബോളിവുഡില്‍ എന്ത് സംഭവിച്ചാലും മാധ്യമങ്ങള്‍ പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കുകയാണെന്നും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും സുനില്‍ ഷെട്ടി ആവശ്യപ്പെട്ടു.

ഒരു റെയ്ഡ് എവിടെ നടന്നാലും അതിനെ തുടര്‍ന്ന് ആളുകള്‍ പിടിക്കപ്പെടും. ഇവിടെ അത്തരത്തില്‍ ഒരു പരിശോധന നടന്നതിന് പിന്നാലെ ഈ കുട്ടി കസ്റ്റഡിയിലായി. ഇതോടെ അവന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും കേസില്‍ പങ്കാളിയാണെന്നും നാം വിധിയെഴുതി. കേസ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണമെന്നും സുനില്‍ ഷെട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

മാത്രമല്ല, സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുന്‍പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും സുനില്‍ ഷെട്ടി വ്യക്തമാക്കി.

ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ മിന്നല്‍ റെയ്ഡ് നടത്തിയത്. ഷാരൂഖാന്റെ മകന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായ്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

ആള്‍ക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതമെന്നും, രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് വ്യക്തമാക്കി. തീയേറ്ററുകള്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളില്‍ മാത്രമേ പ്രദര്‍ശനം അനുവദിക്കാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുന്നതില്‍ അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ഇത് സംബന്ധിച്ച് എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും സഖറിയാസ് അറിയിച്ചു.

മുംബൈ: മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി. നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ നടത്തിയ മിന്നല്‍ റെയ്ഡില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയിലായി. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടികൂടി.

ഇന്നലെ അര്‍ധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. കപ്പല്‍ പുറംകടലിലെത്തി നിര്‍ത്തിയിട്ടപ്പോഴാണ് റെയ്ഡ് ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.

ഒക്ടോബര്‍ രണ്ടിന് പുറപ്പെടുന്ന കപ്പല്‍ ഒക്ടോബര്‍ നാലിനാണ് മുംബൈയില്‍ തിരിച്ചെത്താന്‍ പദ്ധതിയിട്ടിരുന്നത്. അറുപതിനായിരം മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നല്‍കിയാണ് കപ്പലിലെ യാത്ര. 800 മുതല്‍ 1000 പേര്‍ വരെ റെയ്ഡ് സമയത്ത് കപ്പലില്‍ ഉണ്ടായിരുന്നു. ആര്യന്‍ ഖാന്‍ അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ഷാറുഖ് ഖാന്റെ മകന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ശ്രീദേവിയുടെ മകള്‍ ഖുഷഇ കപൂറുമൊത്തമാണ് ആദ്യ ചിത്രം എന്ന തരത്തിലായിരുന്ന പ്രചാരണം. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് വാര്‍ത്തകള്‍ ഒന്നും പുറത്ത് വന്നില്ല.