കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിലെ അനിശ്ചിതത്വം മാറ്റാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നേരത്തെ അനുവദിച്ച 50 ശതമാനം വൈദ്യുതി ചാര്‍ജ് ഇളവ് നിലനിര്‍ത്താന്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നും, തീയറ്റര്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു
മാത്രമല്ല, വിനോദ നികുതിയിലടക്കം ഇളവ് നല്‍കിയില്ലെങ്കില്‍ തീയറ്റര്‍ തുറക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിയിലായ തീയറ്ററുകള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണം. കാണികള്‍ക്ക് രണ്ട് ഡോസ് വാക്സിനെടുക്കണമെന്നത് പ്രായോഗികമല്ലെന്നും, വകുപ്പ് മന്ത്രിയുടെ ഉറപ്പല്ല, മുഖ്യമന്ത്രിയുടെ ഉറപ്പാണ് വേണ്ടതെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.
കൊവിഡിനിടയില്‍ തന്നെ ജനുവരിയില്‍ തീയറ്ററുകള്‍ തുറന്നിരുന്നു. അന്ന് വൈദ്യുതിയിലും വിനോദ നികുതിയിലും സര്‍ക്കാര്‍ നല്‍കിയ ഇളവ് തുടരണമെന്നതാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

