സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആദ്യ റിലീസുകള്‍ ഏതെന്നു തീരുമാനമായിട്ടില്ല. ആദ്യ ആഴ്ചയില്‍ ഏതൊക്കെ സിനിമകള്‍ എത്തുമെന്ന് ഇപ്പോള്‍ പറയാറാനാവില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു.
50% പ്രേക്ഷകര്‍ക്കു മാത്രമാണു പ്രവേശനമെന്നതിനാല്‍ ബിഗ്ബജറ്റ് ചിത്രങ്ങളായ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’, ‘ആറാട്ട്’, ‘തുറമുഖം’ എന്നിവ ഈ ഘട്ടത്തില്‍ റിലീസിനുണ്ടാകില്ല.
മാത്രമല്ല, മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ’ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. പല മുന്‍നിര താരങ്ങളുടെയും ചിത്രങ്ങള്‍ ഒടിടി വഴി റിലീസ് ചെയ്തതിനാല്‍ തിയറ്റര്‍ റിലീസ് കാക്കുന്ന മറ്റു പ്രധാന ചിത്രങ്ങളുമില്ല.
എന്നാല്‍, നവംബര്‍ 4നു ഏതാനും തമിഴ് സിനിമകള്‍ എത്തും. രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’,’മാനാട്’ (ചിമ്പു) ,’എനിമി’ (വിശാല്‍) എന്നിവയാണു ദീപാവലി റിലീസിനുള്ളത്. രോഹിത് ഷെട്ടി-അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവന്‍ശി’യും റിലീസ് ചെയ്യും.
തിയറ്ററുകള്‍ തുറക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും ഔദ്യോഗിക കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ പ്രതികരിച്ചു. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ അതിനുശേഷം പ്രഖ്യാപിക്കുമെന്നു ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു.
തിയറ്ററുകള്‍ തുറക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണെന്നു തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് സംസ്ഥാന ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് മണര്‍കാട് പറഞ്ഞു. ക്രിസ്മസിനായിരിക്കും ബിഗ് ബജറ്റ് റിലീസുകള്‍ എന്നാണു സൂചന.

