Entertainment (Page 165)

നവാഗതനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ‘മഡ്ഡി’ തിയേറ്ററുകളില്‍. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ‘കോസ്റ്റ്‌ലി മോഡിഫൈഡ്’ 4×4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

പികെ7 പ്രൊഡക്ഷന്റെ ബാനറില്‍ പ്രേമ കൃഷ്ണ ദാസ് ആണ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം. എഡിറ്റിംഗ് സാന്‍ ലോകേഷ്, സംഗീതം, പശ്ചാത്തലസംഗീതം, സൗണ്ട് ഡിസൈന്‍ രവി ബസ്‌റൂര്‍, ഛായാഗ്രഹണം കെ ജി രതീഷ്, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, മഡ് റേസ് കൊറിയോഗ്രഫി ഡോ പ്രഗഭല്‍, ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റേത് തന്നെയാണ്.

യുവാന്‍ കൃഷ്ണ, റിഥാന്‍ കൃഷ്ണ, അമിത് ശിവദാസ്, രണ്‍ജി പണിക്കര്‍, അനുഷ സുരേഷ്, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ നിന്ന് മാറി നിന്ന കാലത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ സുരേഷ് ഗോപി. രണ്ടാംഭാവത്തിന്റെ പരാജയം എന്നെ തളര്‍ത്തി, അതിന് ശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുന്നത്. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞ് രണ്‍ജിപണിക്കരെ വിളിച്ചിട്ട് നമുക്കൊരു സിനിമ ചെയ്യണം. വീണ്ടും എന്റെ ഫ്ളക്സ് വരണമെന്നൊക്കെ പറഞ്ഞു. രണ്‍ജി ഒരാഴ്ച കഴിഞ്ഞ് വിളിച്ചിട്ട് പറഞ്ഞു, സിനിമയൊക്കെ ചെയ്യാം പക്ഷെ നീ പഴയതുപോലെ തെറി പറയണം, സിഗരറ്റും വലിക്കണം. അങ്ങനെയുണ്ടെങ്കില്‍ ചെയ്യാം. അങ്ങനെയായിരുന്നു ഭരത്ചന്ദ്രന്‍ ഐപിഎസ് സംഭവിച്ചത്.

വരനെ ആവശ്യമുണ്ട് എന്ന കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു, പക്ഷെ ആ ചിത്രം താമസിക്കാന്‍ കാരണം ശോഭന ഡേറ്റ് നല്‍കാന്‍ ഒരു വര്‍ഷമെടുത്തു. സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ വീട്ടില്‍ വന്ന ഒരു സന്ദര്‍ശകന്‍ പറഞ്ഞ കാര്യം കേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്ന് വരെ തീരുമാനിച്ചിരുന്നു. ബുക്ക് ചെയ്ത വിമാന ടിക്കറ്റും അന്ന് കാന്‍സല്‍ ചെയ്യുകയായിരുന്നു.

സര്‍ വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ലെന്ന് പിന്നീട് അനൂപ് പറയുകയായിരുന്നു. ഇത് മുടങ്ങിയാല്‍ അതിന്റെ പാപം ഞാന്‍ സാറിന്റെ മുകളിലില്‍ ഇടും. സാര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്റെ ഡേറ്റും വേണ്ടെന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയ്ക്ക് പോവുകയായിരുന്നു. അങ്ങനെയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പൂര്‍ത്തിയാക്കുന്നത്. സുരേഷ് ഗോപി വ്യക്തമാക്കി.

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. രണ്ടാം വട്ടമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തുന്നത്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. .വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനെയും ശ്വേത മേനോനെയും, ജോയന്റ് സെക്രട്ടറിയായി ജയസൂര്യയെയും തിരഞ്ഞെടുത്തു.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. അതേസമയം, 21 വര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്ന പ്രത്യേക ഇടവേള ബാബുവിനുണ്ട്.

മുംബൈ: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്റെ തിയേറ്റര്‍ എക്സ്പീരിയന്‍സ് നഷ്ടമായതിന്റെ വിഷമത്തിലാണ് ആരാധകര്‍. എന്നാല്‍, തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ ചിത്രം കാണാനുള്ള അവസരം പ്രേക്ഷകരുടെ മുമ്പിലേക്ക് തുറന്നു വന്നിരിക്കുകയാണ്. മുംബൈയില്‍ വെച്ച് നടക്കുന്ന ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് ഫിലിം ഫെസ്റ്റിവലിലാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിനെത്തുന്നത്.

ഡിസംബര്‍ 16 നാണ് മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്. ചലച്ചിത്ര താരവും നിര്‍മാതാവുമായ പ്രിയങ്ക ചോപ്രയാണ് മാമി ഫിലിം ഫെസ്റ്റിവലിന്റെ പുതിയ ചെയര്‍പേഴ്സണ്‍. സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബര്‍ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നിവിടങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്ററില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ആന്റണി രാജു, വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘ബെയ്‌റൂട്ട് ഐ ഓഫ് ദ് സ്റ്റോം പ്രദര്‍ശിപ്പിക്കും.

കൊവിഡ് കാലത്തെ അതിജീവനം പ്രമേയമാക്കിയ പത്ത് പ്രത്യേക ചിത്രങ്ങള്‍ ഉള്‍പ്പടെ 220 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷന്‍, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ സോണിയ ഫിലിന്റോ ഒരുക്കിയ ബ്രഡ് ആന്‍ഡ് ബിലോങിങ്, സുവദ്രോ ചൗധരിയുടെ ക്ലോസ് ടു ബോര്‍ഡര്‍ ,ആസാമീസ് ചിത്രം ഡെയ്സ് ഓഫ് സമ്മര്‍ ,കീമത് ചുക്കാത്തി സിന്ദഗി,ബാണി സിങ്ങിന്റെ ലോങ്ങിങ്,അജയ് ബ്രാറിന്റെ ദി ഹിഡന്‍ വാര്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ കുംഭ, മേക്കിങ് ഓഫ് മോസസ്, ഹരിപ്രിയ, എ പഫ് എന്നിവ ഉള്‍പ്പടെ 25 ചിത്രങ്ങളാണ് മേളയിലെത്തുക. അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തില്‍ 15 ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. ഒരു തുടക്കത്തിന്റെ കഥ എന്ന മലയാളം ചിത്രം ഉള്‍പ്പടെ നാലു അനിമേഷന്‍ ചിത്രങ്ങളും മൂന്നു മ്യൂസിക്കല്‍ വീഡിയോകളും മേളയിലുണ്ട്. പ്രമുഖ ക്യുറേറ്ററായ റഷീദ് ഇറാനി, സംവിധായിക സുമിത്ര ഭവേ എന്നിവരോടുള്ള ആദരസൂചകമായി ഇഫ് മെമ്മറീസ് സെര്‍വ്‌സ് മീ റൈറ്റ് , എ പാരലല്‍ ജേര്‍ണി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തില്‍ ക്യാമ്പസ് വിഭാഗ മത്സരവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചി: ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മധുരം’ ഡിസംബര്‍ 24 ന് സോണി ലൈവില്‍ റിലീസ് ചെയ്യും.

രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു ജൂണ്‍. ചിത്രത്തില്‍ രജിഷയുടെ അച്ഛനായി എത്തിയത് ജോജുവായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ജൂണ്‍.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജുവും സിജോ വടക്കനും ചേര്‍ന്നാണ് ഇപ്പോള്‍ ‘മധുരം’ നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രണയ കഥയാണ് പറയുന്നത്. പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

എല്ലാ സിനിമയും ആരാധകരെ മുന്നില്‍ക്കണ്ട് എടുക്കാനാവില്ലെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നുവെങ്കില്‍ മരക്കാറിന് ദേശീയ അവാര്‍ഡ് ലഭിക്കുമായിരുന്നില്ല. ഒടിടി പ്ലേയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് മരക്കാറിന്റെ വ്യത്യസ്ത പ്രതികരണങ്ങളെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.

”ആളുകളുടെ പ്രതീക്ഷകളെ നമുക്ക് ഒരിക്കലും അളക്കാനാവില്ല. ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രമാണ് മരക്കാര്‍. അതൊരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നുവെങ്കില്‍ അവാര്‍ഡുകള്‍ ലഭിക്കുമായിരുന്നില്ല. ഇവിടെ ചിത്രത്തിന്റെ മേക്കിംഗ്, തിരക്കഥ, അത് പകരുന്ന വൈകാരികത ഒക്കെയാണ് ശ്രദ്ധിക്കേണ്ടത്. നമ്മള്‍ ഒരു കഥ പറയുകയാണ്. ചിത്രം ആസ്വദിച്ചെന്ന് ഒരുപാടുപേര്‍ പറഞ്ഞു. ആരാധകരും അത് മനസിലാക്കണം. എല്ലാ ചിത്രങ്ങളും നമുക്ക് ആരാധകര്‍ക്കായി ഒരുക്കാനാവില്ല.

സമ്മര്‍സോള്‍ട്ടോ വില്ലന്മാരെ അടിച്ചുപറത്തലോ ഒന്നും മരക്കാരെക്കൊണ്ട് ചെയ്യിക്കാനാവില്ല. അങ്ങിനെയെങ്കില്‍ ആ കഥാപാത്രസ്വഭാവം മാറും. അത്തരം സംഘട്ടനരംഗങ്ങള്‍ മറ്റു സിനിമകളില്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ പ്രതീക്ഷ എന്നത് സിനിമയുടെ സ്വഭാവത്തെ ആസ്പദമാക്കിയാവണം. ആരാധകരെ സംബന്ധിച്ച് എല്ലാ സിനിമയും ഒരു പ്രത്യേക രീതിയില്‍ വേണമെന്നാണ്. അതിനെ മറികടക്കേണ്ട ബാധ്യത നമ്മുടേതാണ്. ഒരു ചെറിയ ഗ്രൂപ്പിനെ മുന്നില്‍ക്കണ്ടു മാത്രം സിനിമയെടുക്കുന്നത് നിലവില്‍ ബുദ്ധിമുട്ടാണ്”, മോഹന്‍ലാല്‍ പറയുന്നു.

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആര്‍ആര്‍ആര്‍ പിരീഡ് ഡ്രാമ ജനുവരി 7 ന് പുറത്തിറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള മിക്ക പ്രധാന വിപണികളിലും റെക്കോര്‍ഡ് റിലീസിന് സാക്ഷ്യം വഹിക്കുമെന്ന് നിര്‍മ്മാതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു.

യുഎസിലെ 999 മള്‍ട്ടിപ്ലക്സുകളില്‍ ചിത്രം എത്തിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. യുഎസിലെ റിലീസ് വലിപ്പം ഒരു ഇന്ത്യന്‍ സിനിമക്ക് എക്കാലത്തെയും വിസ്തൃതമായിരിക്കും. ചിത്രം 890 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് അവസാനിപ്പിച്ചതായും പറയപ്പെടുന്നു. ഇത് ഒരു പുതിയ റെക്കോര്‍ഡാണ് സൃഷ്ടിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിനെ മറികടക്കാന്‍ മറ്റൊരു സിനിമയും ഉണ്ടാവാന്‍ സാധ്യതയില്ല.

ഡിസംബര്‍ 9 ന് ഒരു ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് ഇവന്റിനായി ഒരുങ്ങുകയാണ്. ആര്‍ആര്‍ആര്‍ ടീം ഇന്ത്യയിലെ ഒരു പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയുമായി സഹകരിച്ച് ഒന്നിലധികം പ്രചാരണങ്ങളും നടത്തിയിട്ടുണ്ട്.

മകന്‍ ഗോകുല്‍ സുരേഷിന്റെ അഭിനയ കാര്യങ്ങളില്‍ താന്‍ ഇടപെടാതിരുന്നതില്‍ ദുഖമുണ്ടെന്ന് നടന്‍ സുരേഷ് ഗോപി. മക്കള്‍ അവരുടെ വഴിക്ക് മുന്നോട്ട് പോകട്ടെ എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും, എന്നാല്‍, മകന്റെ പ്രകടനം തിയേറ്ററില്‍ കണ്ടപ്പോള്‍ ഡബ്ബിംഗ് തിയേറ്ററില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു അച്ഛന്‍ എന്ന നിലയില്‍ വലിയൊരു മഹാപാപിയാണെന്ന് ആ സമയത്ത് തോന്നിയെന്നും താരം വെളിപ്പെടുത്തുന്നു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

‘എന്റെ മകന്‍ വന്നതും, ഇന്ന് നടന്നു നീങ്ങുന്നതും, നാളെ ഒരു ഓട്ടക്കാരനാകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതുമൊന്നും ഞാന്‍ കാണുന്നില്ല. ഒരു മില്ലി മീറ്ററിന്റെ ഫ്രാക്ഷന്‍ പോലും അവനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അവനൊരു നിര്‍ദേശം പോലും കൊടുക്കുന്നില്ല. ഇരയാണ് അവന്റെ ഒരു സിനിമ എന്ന നിലയില്‍ ആദ്യമായി തിയേറ്ററില്‍ പോയി കാണുന്നത്. അതും എന്റെ ഭാര്യ നിര്‍ബന്ധിച്ചതുകൊണ്ട്. അവന്റെ മനസിനെ വല്ലാതെ അത് ബാധിക്കുന്നുണ്ടാകണം എന്നു പറഞ്ഞതു കൊണ്ട് തിയേറ്ററില്‍ പോയി കണ്ടു.

പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരിടത്താണ് ഒരു അച്ഛന്‍ എന്ന നിലയില്‍ വലിയൊരു മഹാപാപിയാണെന്ന് തോന്നല്‍ എനിക്കുണ്ടായത്. കുഞ്ഞിന്റെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. ചാന്‍സ് വാങ്ങികൊടുക്കുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ അല്ല, ഇന്നുവരെ ഞാനത് ആര്‍ക്കും ചെയ്തിട്ടുമില്ല. അവന്റെ ക്രിയേറ്റീവ് എബിലിറ്റി വളര്‍ത്തുന്നതിന് വേണ്ടി എനിക്ക് പ്രാപ്യമായ ഒരു എക്സ്പീരിയന്‍സുണ്ട്. അതിന്റെ ഒരംശം ഞാന്‍ നല്‍കണ്ടേ? ഞാനല്ലേ അവന് എല്ലാം നല്‍കിയത്. സിനിമയിലെ ഒരു സീനില്‍ അവന്‍ ഡബ്ബ് ചെയ്ത സമയത്ത്, ഡബ്ബിംഗ് തിയേറ്ററില്‍ ഞാനുണ്ടായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിപ്പോയി. ഒന്നുകൂടി എന്റെ കുഞ്ഞിനെ എനിക്ക് നന്നാക്കാമായിരുന്നു.’

മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍’ കണ്ടതിനെ കുറിച്ച് അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ സ്വന്തം ‘ബാലാമണി’ നവ്യാ നായര്‍. ചിത്രത്തെ കുറിച്ച് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടാണ് തിയേറ്ററില്‍ പോയതെന്നും എന്നാല്‍, സിനിമ വളരെയധികം ആസ്വദിച്ചുവെന്നും താരം പറയുന്നു.

‘ഇന്നലെ മരക്കാര്‍ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടാണ് സിനിമ കാണാന്‍ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാന്‍ സിനിമ ആസ്വദിച്ചു. ഞാന്‍ ഒരു നിരൂപകയൊന്നും അല്ല, മരക്കാര്‍ കണ്ടതിന് ശേഷം എന്റെ സന്തോഷം അറിയിക്കുന്നുവെന്ന് മാത്രം. മലയാളം സിനിമാ ഇന്‍ഡസ്ട്രി ഇത്രത്തോളം എത്തിയതില്‍ ഞാന്‍ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സിനിമ തന്നതിന് നന്ദി’, എന്നാണ് നവ്യ കുറിച്ചത്.

ഡിസംബര്‍ 2ന് രാത്രി 12 മണിക്ക് പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.