നെറ്റ്ഫ്‌ളിക്‌സ് റിലീസിന് മുന്‍പ് ‘മിന്നല്‍ മുരളി’ തിയേറ്ററില്‍; ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശനത്തിന്‌

മുംബൈ: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്റെ തിയേറ്റര്‍ എക്സ്പീരിയന്‍സ് നഷ്ടമായതിന്റെ വിഷമത്തിലാണ് ആരാധകര്‍. എന്നാല്‍, തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ ചിത്രം കാണാനുള്ള അവസരം പ്രേക്ഷകരുടെ മുമ്പിലേക്ക് തുറന്നു വന്നിരിക്കുകയാണ്. മുംബൈയില്‍ വെച്ച് നടക്കുന്ന ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് ഫിലിം ഫെസ്റ്റിവലിലാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിനെത്തുന്നത്.

ഡിസംബര്‍ 16 നാണ് മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്. ചലച്ചിത്ര താരവും നിര്‍മാതാവുമായ പ്രിയങ്ക ചോപ്രയാണ് മാമി ഫിലിം ഫെസ്റ്റിവലിന്റെ പുതിയ ചെയര്‍പേഴ്സണ്‍. സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.