‘അച്ഛനെന്ന നിലയില്‍ ഞാനൊരു മഹാപാപിയാണ്; മകന്റെ അഭിനയ കാര്യങ്ങളില്‍ ഇടപെടാതിരുന്നതില്‍ ദുഖമുണ്ട്’: സുരേഷ് ഗോപി

മകന്‍ ഗോകുല്‍ സുരേഷിന്റെ അഭിനയ കാര്യങ്ങളില്‍ താന്‍ ഇടപെടാതിരുന്നതില്‍ ദുഖമുണ്ടെന്ന് നടന്‍ സുരേഷ് ഗോപി. മക്കള്‍ അവരുടെ വഴിക്ക് മുന്നോട്ട് പോകട്ടെ എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും, എന്നാല്‍, മകന്റെ പ്രകടനം തിയേറ്ററില്‍ കണ്ടപ്പോള്‍ ഡബ്ബിംഗ് തിയേറ്ററില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു അച്ഛന്‍ എന്ന നിലയില്‍ വലിയൊരു മഹാപാപിയാണെന്ന് ആ സമയത്ത് തോന്നിയെന്നും താരം വെളിപ്പെടുത്തുന്നു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

‘എന്റെ മകന്‍ വന്നതും, ഇന്ന് നടന്നു നീങ്ങുന്നതും, നാളെ ഒരു ഓട്ടക്കാരനാകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതുമൊന്നും ഞാന്‍ കാണുന്നില്ല. ഒരു മില്ലി മീറ്ററിന്റെ ഫ്രാക്ഷന്‍ പോലും അവനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അവനൊരു നിര്‍ദേശം പോലും കൊടുക്കുന്നില്ല. ഇരയാണ് അവന്റെ ഒരു സിനിമ എന്ന നിലയില്‍ ആദ്യമായി തിയേറ്ററില്‍ പോയി കാണുന്നത്. അതും എന്റെ ഭാര്യ നിര്‍ബന്ധിച്ചതുകൊണ്ട്. അവന്റെ മനസിനെ വല്ലാതെ അത് ബാധിക്കുന്നുണ്ടാകണം എന്നു പറഞ്ഞതു കൊണ്ട് തിയേറ്ററില്‍ പോയി കണ്ടു.

പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരിടത്താണ് ഒരു അച്ഛന്‍ എന്ന നിലയില്‍ വലിയൊരു മഹാപാപിയാണെന്ന് തോന്നല്‍ എനിക്കുണ്ടായത്. കുഞ്ഞിന്റെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. ചാന്‍സ് വാങ്ങികൊടുക്കുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ അല്ല, ഇന്നുവരെ ഞാനത് ആര്‍ക്കും ചെയ്തിട്ടുമില്ല. അവന്റെ ക്രിയേറ്റീവ് എബിലിറ്റി വളര്‍ത്തുന്നതിന് വേണ്ടി എനിക്ക് പ്രാപ്യമായ ഒരു എക്സ്പീരിയന്‍സുണ്ട്. അതിന്റെ ഒരംശം ഞാന്‍ നല്‍കണ്ടേ? ഞാനല്ലേ അവന് എല്ലാം നല്‍കിയത്. സിനിമയിലെ ഒരു സീനില്‍ അവന്‍ ഡബ്ബ് ചെയ്ത സമയത്ത്, ഡബ്ബിംഗ് തിയേറ്ററില്‍ ഞാനുണ്ടായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിപ്പോയി. ഒന്നുകൂടി എന്റെ കുഞ്ഞിനെ എനിക്ക് നന്നാക്കാമായിരുന്നു.’