Entertainment (Page 164)

തിരുവനന്തപുരം: വ്യത്യസ്ത പ്രതികരണവുമായി മുന്നേറുകയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് അഭിപ്രായപ്പെടുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

ഫേസ്ബുക്ക് പോസ്റ്റ്:

‘ഞാന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദര്‍ശന്‍ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാന്‍ മരക്കാര്‍ കണ്ടത്. 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട് . ഒരുസിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം . ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ്. ചെറിയ ബഡ്ജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ,’ ജൂഡ് ആന്റണി കുറിച്ചു.

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ വ്യത്യസ്ത അഭിപ്രയങ്ങളുമായി മുന്നേറുകയാണ്. സിനിമ കണ്ട അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ എം എ നിഷാദ് ഇപ്പോള്‍.മരക്കാര്‍ ചരിത്ര സിനിമയല്ല. തന്റെ ചിന്തകളില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ടെന്നും സിനിമയെ വിമര്‍ശിക്കുന്നവര്‍ അതുകൂടി കണക്കിലെടുക്കണമെന്നും നിഷാദ് പറയുന്നു. ഒരുപാടുപേരുടെ പ്രയത്‌നഫലമായ കലാസൃഷ്ടിയെ ഇകഴ്ത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം, മമ്മൂട്ടി-സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ മുന്‍പ് പ്രഖ്യാപിച്ച ‘കുഞ്ഞാലിമരക്കാര്‍’ ക്ക് ഇനിയും സാധ്യതകളുണ്ടെന്നും
എം എ നിഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

‘മരക്കാര്‍ കണ്ടു, മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും ഛായാഗ്രഹകന്‍ തിരുവും സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റേതു കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.

ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്‌നഫലമായ, അന്നമായ കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറ്റവും അത്യാവശ്യമാണ്, ഈ കാലഘട്ടത്തില്‍. കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. I repeat നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്’.

രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ആക്ഷന്‍ ചിത്രം ‘സൂര്യവന്‍ശി’ക്ക് ഒടിടിയിലെത്തി. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഹിന്ദി കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം കാണാം. ഇന്നലെ രാത്രിയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്.

ഭീകരവിരുദ്ധ സേനാ തലവന്‍ ‘വീര്‍ സൂര്യവന്‍ശി’യാണ് ചിത്രത്തിലെ നായക കഥാപാത്രം. ‘സിംബ’ യിലെ ‘സംഗ്രാം സിംബ ബലിറാവു’ ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി എന്നിവരാണ് മറ്റു താരങ്ങള്‍. 2020 മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.

നവംബര്‍ 5ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. രണ്ട് ദിവസം കൊണ്ട് 50 കോടി നേടിയ ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടിയും സ്വന്തമാക്കിയിരുന്നു. 10 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 150 കോടി നേടിയ ചിത്രം 17 ദിവസത്തില്‍ 175 കോടിയും ബോക്‌സോഫീസില്‍ നേടി.

അച്ഛന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായിട്ടാണ് കല്യാണി അഭിനയിക്കുന്നത്. അതിന്റെ അനുഭവങ്ങളും സന്തോഷവും പങ്കു വെക്കുകയാണ് ഇപ്പോള്‍ കല്യാണി പ്രയദര്‍ശന്‍. ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് കല്യാണിയുടെ പ്രതികരണം.

അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. എന്നാല്‍, അച്ഛനെ സംബന്ധിച്ച് ഞാന്‍, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല. അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷര്‍ താങ്ങാന്‍ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്ന് കല്യാണിയുടെ പ്രതികരണം.

മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റില്‍ നല്‍കിയില്ല എങ്കിലും അച്ഛനും വളരെ അധികം നേര്‍വസ് ആയിരുന്നു. അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന്‍ സര്‍ ആരും കാണാതെ പ്രാര്‍ത്ഥിക്കുന്നത് കണ്ടത്. അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയില്‍ അത് പെട്ടത്’. സത്യത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സമ്മര്‍ദ്ദവും പേടിയും ഉണ്ടായിരുന്നു, കല്യാണി പറയുന്നു.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘ഞാന്‍ ബിസിനസുകാരന്‍ തന്നെയാണ്, 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും’ എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. ഡേര്‍ട്ടി ബിസിനസ്മാന്‍ എന്ന് പറയുന്നതിലും മോശമായ കാര്യമൊന്നുമില്ലെന്ന് പറയുകയാണ് താരം ഇപ്പോള്‍.

ഡേര്‍ട്ടി എന്നു പറയുന്നത് ഏത് രീതിയിലാണ് അവര് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ. നത്തിംഗ് ഈസ് ബാഡ് എന്നാണ്. അങ്ങനെ ഡേര്‍ട്ടി എന്നൊന്നുമില്ല. ഒരു ബിസിനസ് ചെയ്യുന്നത് മോശമാണെന്ന് പ്രഖ്യാപിക്കാന്‍ പാടില്ല- മോഹന്‍ലാല്‍ പറയുന്നു.

അതേസമയം, മരക്കാറിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. എങ്കിലും ചിത്രത്തെ ഡീഗ്രേഡ് ചെയ്തു കൊണ്ടുള്ള കമന്റുകളും പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍നിന്നും മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയതിനെതിരെ പരാതിയുമായി പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ രംഗത്ത്. സേതുപതിയെ നായകനാക്കി എം. മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ് ഇളയരാജ പരാതിയുമായെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്‍, അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂനിയനില്‍ പരാതി നല്‍കിയിരിക്കുന്നത്.

തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം. ഇത് അപമാനമാനകരമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ആവേശമായി മാറിയ ‘മരക്കാര്‍’ ന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ ഒരു യൂട്യൂബ് ചാനലായ തമിള്‍ എംവിയില്‍ പ്രത്യക്ഷപ്പെട്ടത്.

തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹന്‍ലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതുപോലെ പ്രചരിപ്പിക്കുകയാണ്.

ക്ലൈമാക്സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തിനെതിരേ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെയെത്തിച്ച സിനിമയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം പ്രീ ബുക്കിങ്ങിലൂടെ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി ചരിത്രം സൃഷ്ടിച്ചിരുന്നു.

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ അജിത്ത്. വലിയ സിനിമാ താരമായിരുന്നിട്ടും തന്റെ എളിമ കൊണ്ട് തനതായ വ്യക്തിത്വം നേടിയെടുത്ത വ്യക്തിയാണ് അദ്ദേഹം. തന്റെ സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന അജിത്തിന് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ എന്നും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭ്യര്‍ത്ഥനയുമായാണ് അജിത് എത്തിയിരിക്കുന്നത്.

തലൈവര്‍ രജനികാന്ത്, ഇളയദളപതി വിജയ്, നടിപ്പിന്‍ നായകന്‍ സൂര്യ, എന്നിവര്‍ക്കൊപ്പമാണ് തല അജിത്തിന്റെയും പേര് എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍ തലയെന്ന അഭിസംബോധന ഇനി വേണ്ടെന്ന നിലപാടിലാണ് താരം ഇപ്പോള്‍. അദ്ദേഹത്തിന്റെ പബ്‌ളിസിസ്റ്റായ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്നെ അജിത്തെന്നോ, അജിത്ത് കുമാര്‍ എന്നോ, എകെ എന്നോ വിളിക്കണമെന്നാണ് താരം ആരാധകരോടും മാധ്യമങ്ങളോടുമായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

എ.ആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദീന എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയമാണ് അജിത്തിന് തലയെന്ന വിശേഷണം നല്‍കിയത്. നടന്‍ എന്നതിന് പുറമെയുള്ള താരത്തിന്റെ വ്യക്തിത്വവും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാലിപ്പോള്‍ താരത്തിന്റെ അഭ്യര്‍ത്ഥന സംബന്ധിച്ച് വിവിധ പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നുണ്ടാകുന്നത്.

അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിച്ച ഫാന്‍സ് ഷോകളില്‍ ‘മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’ സിനിമ കാണാന്‍ ആവേശവുമായി ആരാധകരുടെ വന്‍ തിരക്ക്. തിയേറ്ററുകളില്‍ ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയും കാണികള്‍ ഷോ തുടങ്ങുന്നതിനും മുന്‍പ് തന്നെ തങ്ങളുടെ സീറ്റുറപ്പിച്ചു.

2020 മാര്‍ച്ച് മാസം റിലീസ് ചെയ്യാനൊരുങ്ങിയ ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പല തവണ മാറ്റിവച്ചിരുന്നു. തിയേറ്ററുകളില്‍ അനുവദിച്ച മുഴുവന്‍ സീറ്റ് കപ്പാസിറ്റിയിലും ഫാന്‍സ് ഷോകള്‍ ഇന്നലെ നടന്നിട്ടുണ്ട്. സിനിമ പ്രീ-ബുക്കിംഗ് ഇനത്തില്‍ തന്നെ മുടക്കു മുതലായ 100 കോടി രൂപ നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ചിത്രം നിര്‍മ്മിച്ചത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

‘ബിസ്‌ക്കറ്റ് കിംഗ്’ എന്നറിയപ്പെട്ടിരുന്ന രാജന്‍ പിള്ളയുടെ ജീവിതം പൃത്വിരാജിന്റെ സംവിധാനത്തില്‍ ഹിന്ദിയില്‍ വെബ് സീരീസ് ആകുന്നു. പൃഥ്വിരാജ് തന്നെയാണ് രാജന്‍ പിള്ളയായി അഭിനയിക്കുന്നതും.

മലയാളിയായ രാജന്‍ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട രാജന്‍ പിള്ള ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണ മടഞ്ഞു. തുടര്‍ന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയില്‍ പരിഷ്‌കരണത്തിന് വഴിവെച്ചു. രാജന്‍ പിള്ളയുടെ സംഭവ ബഹുലമായ ജീവിതമാണ് സീരീസിന്റെ പ്രമേയം.

യൂദ്‌ലി ഫിലിംസ് ആണ് രാജന്‍ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായിട്ടാണ് ഒരു സീരീസ് സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.