Entertainment (Page 110)

തിരുവനന്തപുരം: നടി അപര്‍ണ ബാലമുരളിക്കെതിരെ നികുതി വെട്ടിച്ചതിന് നോട്ടീസ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്ക്കാമെന്ന് അപര്‍ണ അറിയിച്ചതായാണ് വിവരം. 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഈയടുത്താണ് അപര്‍ണ ബാലമുരളിക്ക് ലഭിച്ചത്. ‘ഇനി ഉത്തരം’ ആണ് അപര്‍ണയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ത്രില്ലര്‍ ഇന്‍വസ്റ്റിഗേഷന്‍ ജോണറില്‍ ഉള്‍പ്പെട്ട ചിത്രം ഒക്ടോബര്‍ ഏഴിനായിരുന്നു റിലീസ് ചെയ്തത്.

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ പ്രസ്താവനനയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എന്നാല്‍, ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം അടക്കമുള്ളവര്‍ രംഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തില്‍ വിശദീകരണവുമായി നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബാല ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ രേഖകളും ഉണ്ണി പുറത്തുവിട്ടിരുന്നു. ഇവ ഫേസ്ബുക്കിലും നടന്‍ പങ്കുവച്ചു. ഈ പോസ്റ്റിന് താഴെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധനേടുന്നത്.

‘പൊളിച്ചു dear…Keep it up…ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം…എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്…നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു.. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear’, എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കുറിച്ചത്. പിന്നാലെ സന്തോഷിന്റെ പ്രതികരണം ശരി വച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്നും 2 ലക്ഷം രൂപയാണ് നല്‍കിയതെന്നും ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് ഞാനാണ്. സൗഹൃദത്തിന്റെ പേരില്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നല്‍കി. അവസാനം അഭിനയിച്ച ചിത്രത്തില്‍ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്‌മെന്റ് നല്‍കിയതിനു ശേഷം അദ്ദേഹം വലിയ ഡിമാന്‍ഡ് മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കല്‍ സാധ്യമല്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

നടന്‍ അക്ഷയ് കുമാര്‍ ഛത്രപതി ശിവജിയുടെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. വീഡിയോയില്‍ അക്ഷയ് കുമാറിന്റെ തലയ്ക്ക് മുകളില്‍ കാണുന്ന ഇലക്ട്രിക് ബള്‍ബുകള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.

1630 മുതല്‍ 1680 വരെയുള്ള കാലഘട്ടത്തില്‍ ഛത്രപതി ശിവജി മഹാരാജ് ഭരിക്കുമ്‌ബോള്‍ ഇലക്ട്രിക് ബള്‍ബുകള്‍ കണ്ടുപിടിച്ചിരുന്നോ എന്നാണ് ട്രോളന്മാരുടെ ചോദ്യം. ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ പ്രഖ്യാപന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശിവജിയുടെ ഗെറ്റപ്പിലെത്തുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

സാമ്രാട്ട് പൃഥ്വിരാജി’ന് ശേഷം അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കര്‍ ആണ്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയാണിത്.

ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിന്നല്‍ മുരളി’ക്കാണ് പുരസ്‌കാരം. മത്സരിച്ച 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസിലും പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

‘2022ലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമയുടെ ഭാഗമാകാനും ഈ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതില്‍ അതിലേറെ അഭിമാനമുണ്ട്’- ബേസില്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമായ മിന്നല്‍ മുരളിക്ക് ഇന്ത്യയൊട്ടാകെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി അംഗീകാരങ്ങള്‍ ചിത്രത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, സഞ്ജു സാംസണ്‍, സൈജു കുറുപ്പ്, സിജു വില്‍സണ്‍ തുടങ്ങി നിരവധി പേരാണ് ബേസിലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.

സംവിധായകനാവാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യന്‍ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നെറ്റ്ഫ്‌ളിക്‌സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂര്‍ത്തിയായതായും ആര്യന്‍ അറിയിച്ചു.

‘എഴുത്ത് കഴിഞ്ഞു. ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു’, എന്നാണ് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘കാണാന്‍ കാത്തിരിക്കുന്നു’, എന്ന് ഗൗരി ഖാനും കുറിച്ചു. ഷാരൂഖും മകന് ആശംസകള്‍ നേര്‍ന്നു. റെഡ് ചില്ലിസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാനാണ് സീരീസ് നിര്‍മ്മിക്കുന്നത്. സീരീസിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും ഫിലിം മേക്കിങില്‍ പഠനം പൂര്‍ത്തിയാക്കിയ ആര്യന്‍, കരണ്‍ ജോഹറിന്റെ ‘തഖ്തി’നായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷാരുഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം ‘പത്താന്റെ’ സെറ്റിലും ആര്യനെ കണ്ടിരുന്നു. ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ ആര്യന്‍ സഹായിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വര്‍ഷം ഇന്ത്യന്‍ ആരാധകര്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിള്‍. ബോളിവുഡ് സിനിമയായ ‘ബ്രഹ്മാസ്ത്ര’ക്ക് വേണ്ടിയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത്. ആദ്യ അഞ്ചില്‍ ബ്രഹ്മാസ്ത്രക്ക് പുറമെ മൂന്നാം സ്ഥാനവും ബോളിവുഡിനാണ്.

രണ്ട്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ തെന്നിന്ത്യന്‍ സിനിമകളാണുള്‌ളത്. ആഗോള തലത്തില്‍ പ്രേക്ഷകര്‍ തിരഞ്ഞ സിനിമകളുടെ പട്ടികയിലും രണ്ട് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഇന്ത്യയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ബ്രഹ്മാസ്ത്രയ്ക്കും കെജിഎഫ്ഫിനും ആറും എട്ടും സ്ഥാനങ്ങളാണ് പട്ടികയില്‍. ലോകത്താകമാനം കൂടുതല്‍ ആളുകള്‍ കാണാന്‍ ആഗ്രഹിച്ച ചിത്രം ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ ആണ്.

അതേസമയം, കൂടുതല്‍ ആളുകള്‍ തിരഞ്ഞ അഭിനേതാവ് ജോണി ഡെപ്പ് ആണ്, ആംബര്‍ ഹേര്‍ഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഓസ്‌കാര്‍ വേദിയിലെ തല്ല് വിവാദത്തെ തുടര്‍ന്ന് വില്‍ സ്മിത്ത് രണ്ടാം സ്ഥനത്താണ് പട്ടികയില്‍. ബ്രഹ്മാസ്ത്ര, കെജിഎഫ്, ദി കാശ്മീര്‍ ഫയല്‍സ്, ആര്‍ആര്‍ആര്‍, കാന്താര എന്നീ ചിത്രങ്ങളാണ് ആദ്യ അഞ്ചില്‍ ഇടം നേടിയ ഇന്ത്യന്‍ ചിത്രങ്ങള്‍. ലോകമെമ്ബാടുമുള്ള ആളുകള്‍ തിരഞ്ഞതില്‍ ഇന്ത്യന്‍ ഗാനങ്ങളുമുണ്ട്. ആദിത്യ എയുടെ ഇന്‍ഡി-പോപ്പ് നമ്ബര്‍ ‘ചാന്ദ് ബാലിയാന്‍’, തമിഴ് സൂപ്പര്‍ഹിറ്റ് ‘പുഷ്പ: ദി റൈസ്’ലെ ‘ശ്രീവല്ലി’ എന്നിവയാണ് ആരാധകര്‍ ഏറെ തിരഞ്ഞ പാട്ടുകള്‍.

27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള നാളെ തുടങ്ങും. 12,000 ത്തിലധികം സിനിമ പ്രേമികളെ വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 9,600 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2,500 സീറ്റുകള്‍ ഉള്ള നിശാഗന്ധി ഓപ്പണ്‍ തിയേറ്റര്‍ ആണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. മേളയുടെ ഉദ്ഘാടന – സമാപന ചടങ്ങുകള്‍ നിശാഗന്ധിയില്‍ ആണ് നടക്കുക. മിഡ്നൈറ്റ് സ്‌ക്രീനിങ് ചിത്രമായ ‘സാത്താന്‍സ് സ്ലേവ്‌സ്’ ഉള്‍പ്പടെ പ്രധാന ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ക്രിസ്റ്റി ഡിജിറ്റല്‍ ഒരുക്കുന്ന 4കെ സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയില്‍ ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 9 ന് ആരംഭിക്കുന്ന മേള 16ന് അവസാനിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, സമകാലിക ചലച്ചിത്രകാരന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ, മാസ്റ്റേഴ്സിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളും ഉള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ തമിഴ് റോക്ക് ബാന്‍ഡ് ജാനു, പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ സംഗീതസന്ധ്യകളാകും നടക്കുക. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദി ഡിറക്‌റ്റേഴ്‌സ് , ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും.

പൃഥ്വിരാജ്, ആസിഫ് അലി ചിത്രം കാപ്പ, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദം, ബിജു മേനോനും ഗുരുസോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ, ആന്റണി വര്‍ഗീസിന്റെ ഓ മേരി ലൈല, നിരഞ്ജ് മണിയന്‍പിള്ളയും ശരത് അപ്പാനിയും അഭിനയിക്കുന്ന കാക്കിപ്പട എന്നിവയാണ് ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഡിസംബര്‍ 22ന് റിലീസ് ചെയ്യും. അപര്‍ണ ബാലമുരളി ആണ് നായിക. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ 23ന് റിലീസ് ചെയ്യും. ദിവ്യപ്രഭയും ശാന്തി പ്രിയയുമാണ് നായികമാര്‍. ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്നറായ ആനന്ദം പരമാനന്ദം 23ന് ആണ് റിലീസ്. അനഘ നാരായണന്‍ ആണ് നായിക. നവാഗതനായ കെ.എസ്. അഭിഷേക് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല കാമ്ബസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന കാക്കിപ്പട തെളിവെടുപ്പിന് കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടിവരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്

വിശാലിന്റെ തമിഴ് ചിത്രം ലാത്തി 22ന് ക്രിസ്മസ് റിലീസിനായി തിയേറ്ററില്‍ എത്തും. അതേസമയം രാജീവ് രവി – നിവിന്‍ പോളി ചിത്രം തുറമുഖം ക്രിസ് മസിന് എത്തില്ലെന്നാണ് വിവരം, വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന വെടിക്കെട്ട് ഡിസംബര്‍ 28ന് റിലീസ് ചെയ്യും. സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് 30ന് തിയേറ്ററില്‍ എത്തും. ഇര്‍ഷാദ് നായകനായ ഒമര്‍ ലുലു ചിത്രം നല്ല സമയം 30ന് റിലീസ് ചെയ്യും.

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് സാംസ്‌കാരിക വകുപ്പ് പുറത്തിറക്കി. സാമൂഹ്യപരിവര്‍ത്തനത്തിന് കലയെ ഉപയോഗിച്ച പ്രതിഭയാണ് മല്ലികയെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. കലാരംഗത്തെ പ്രമുഖരായ വ്യക്തികളെ ചാന്‍സലര്‍ പദവിയിലേയ്ക്ക് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് പത്മഭൂഷണ്‍ ജേതാവായ മല്ലിക സാരാഭായ്. കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയായ മല്ലിക നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലും കഴിവ് തെളിച്ച പ്രതിഭയാണ്.

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ആനക്കൊമ്ബ് കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന സര്‍ക്കാര്‍ വാദത്തിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്ബാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അതേസമയം, മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. മോഹന്‍ലാലിന്റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെയെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടാനയുടെ കൊമ്ബാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ കോടതിയെ അറിയിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും മോഹന്‍ലാല്‍ വാദിച്ചു. ആനക്കൊമ്ബ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്ബുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്ബ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.