ആനക്കൊമ്ബ് കേസ്: മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ എന്ന് ഹൈക്കോടതി

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ആനക്കൊമ്ബ് കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന സര്‍ക്കാര്‍ വാദത്തിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്ബാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അതേസമയം, മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. മോഹന്‍ലാലിന്റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെയെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടാനയുടെ കൊമ്ബാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ കോടതിയെ അറിയിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും മോഹന്‍ലാല്‍ വാദിച്ചു. ആനക്കൊമ്ബ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്ബുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്ബ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.