Entertainment (Page 109)

തിരുവനന്തപുരം: രണ്ടാമത് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു.

മികച്ച ചിത്രം, മികച്ച ജനപ്രീതി നേടിയ ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഒടിടി ചിത്രം തുടങ്ങിയവയാണ് വിഭാഗങ്ങള്‍. വ്യക്തിഗത അവാര്‍ഡുകളും ഇതിനോടൊപ്പംഉണ്ടാകും. ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രവും ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത ചെയ്ത ചിത്രങ്ങളും അവാര്‍ഡിനായി പരിഗണിക്കും.

അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995004390, 9995130085 എന്നീ ഫോണ്‍ നമ്ബരുകളിലോ [email protected] എന്ന ഇ- മെയിലില്‍ വിലാസത്തിലോ ബന്ധപ്പെടുക. സത്യജിത് റേ ഫിലിം അവാര്‍ഡിന്റെ ലോഗോ പ്രകാശനം പ്രശസ്ഥ നടന്‍ റഹ്മാന്‍ ചെന്നൈയില്‍ നിര്‍വ്വഹിച്ചു.

കണ്ണൂര്‍: ഡിസംബര്‍ 19 മുതല്‍ 21 വരെ ചലച്ചിത്ര അക്കാദമി തളിപ്പറമ്ബില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഡിസംബര്‍ 15 മുതല്‍.

പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. iffk.in എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താന്‍ കഴിയും . ഓഫ് ലൈന്‍ രജിസ്ട്രേഷന് തളിപ്പറമ്ബ് ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള സംഘാടക സമിതി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

മൊട്ടമ്മല്‍ മാള്‍, ക്ളാസിക് തിയേറ്റര്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, എക്സിബിഷന്‍, സെമിനാര്‍ എന്നിവയും ഉണ്ടാകും . പുനലൂര്‍ രാജന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി മാങ്ങാട് രത്നാകരന്‍ ക്യുറേറ്റ് ചെയ്ത ‘അനര്‍ഘനിമിഷം’ എന്ന ഫോട്ടോ പ്രദര്‍ശനമാണ് സംഘടിപ്പിക്കുന്നത്.

ഷാരൂഖ് ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. അഞ്ച് വര്‍ഷത്തിന് ശേഷം കിംങ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ അഭിനയിച്ച ചിത്രത്തിവെ ബേഷരം എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ചിത്രത്തിനെതിരെ സംഘ് പരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് ബഹിഷ്‌ക്കരണാഹ്വാനം ഉയരുകയാണ്.

കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക പാട്ടില്‍ ധരിച്ചിരിക്കുന്നത്. ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരായ ബഹിഷ്‌ക്കരണാഹ്വാനം. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുമുള്ള ആക്ടര്‍ ഐ.എസ്. ഏജന്റിന്റെ പേരില്‍ സിനിമ നിര്‍മിച്ച് ഇന്ത്യയില്‍ നിന്നും പണമുണ്ടാക്കുന്നു. ആ പണം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു. അതുകൊണ്ട് പത്താന്‍ സിനിമയെ പിന്തുണക്കാതിരിക്കുക എന്നാണ് മറ്റൊന്ന്.

‘പത്താന്‍’ എന്ന പേരിനെ ചൊല്ലിയും വിമര്‍ശനം ഉയരുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ജനുവരി 25 ന് ചിത്രം തിയേറ്ററിലെത്തും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ തിയേറ്ററുകളിലെത്തും

ജനുവരിയില്‍ നടക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനല്‍ സോങ് എന്നീ രണ്ട് വിഭാഗങ്ങളിലാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഗംഗുബായ് , കാന്താര, ചെല്ലോ ഷോ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ എന്‍ട്രികളില്‍ നിന്നും ആര്‍.ആര്‍.ആര്‍ മാത്രമാണ് ആദ്യ അഞ്ച് നോമിനേഷനുകളില്‍ ഇടം നേടിയത്. 2023 ജനുവരി 10 ന് ലോസ് ഏഞ്ചല്‍സിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുക. ചിത്രം നോമിഷേനില്‍ ഇടം നേടിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലുടെ സന്തോഷം അറിയിച്ച് ആലിയഭട്ട് രംഗത്തു വന്നിരുന്നു. നിരവധി ആളുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമയേയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ചത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍(രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ബോളിവുഡിലെ ദക്ഷിണേന്ത്യന്‍ അനുകരണം അതിന്റെ തകര്‍ച്ചയില്‍ എത്തിയതെങ്ങനെയെന്ന് വിശദീകരിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മറാത്തി സിനിമയെ സൈറാത്ത് എന്ന സിനിമയുടെ വിജയം എങ്ങനെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ ഇത്രയധികം പണം സമ്ബാദിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞപ്പോള്‍, അവര്‍ ഇതുവരെ എടുത്തിരുന്ന സിനിമയുടെ രീതികള്‍ മാറ്റാന്‍ തുടങ്ങി. പിന്നീട് അവര്‍ സൈറാത്ത് അനുകരിക്കാന്‍ തുടങ്ങി. ഇത് മറാത്തി സിനിമയില്‍ പ്രതിസന്ധിയായി. പുതിയ പാന്‍-ഇന്ത്യ ട്രെന്‍ഡിലെ സാഹചര്യവും സമാനമാണ്. പാന്‍-ഇന്ത്യയില്‍, ഇപ്പോള്‍ സംഭവിക്കുന്നത് എല്ലാവരും ഒരു പാന്‍-ഇന്ത്യ സിനിമ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്. വിജയം 5-10% ആയിരിക്കും. കാന്താര, പുഷ്പ തുടങ്ങിയ സിനിമകള്‍ ഹിറ്റായതോടെ അത് അനുകരിക്കാന്‍ ശ്രമിക്കുമ്‌ബോള്‍ അത് പരാജയം ആയി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനുരാഗ് പറയുന്നതനുസരിച്ച്, കാന്താര, പുഷ്പ ദി റൈസ്, സൈറാത്ത് തുടങ്ങിയ ചിത്രങ്ങള്‍ സ്വന്തം കഥകള്‍ മുന്നോട്ട് കൊണ്ടുവരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ കെജിഎഫ് 2 പോലുള്ള സിനിമകളും അതിന്റെ വന്‍ വിജയവും അനുകരിക്കാന്‍ ശ്രമിക്കുന്ന ആരും മികച്ച ഫലം നല്‍കില്ല. ബോളിവുഡ് അതിന് പിന്നാലെ ഓടി വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നു. പുഷ്പ, കെജിഎഫ്, കെജിഎഫ് 2, കാന്താര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സിനിമകളുടെ സ്വാധീനവുമായി പൊരുത്തപ്പെടുന്നെങ്കില്‍ ബോളിവുഡിനും അവരുടെ തിരക്കഥകള്‍ക്കായി പ്രാദേശിക കഥകളുടെ വികാരങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കി വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി ‘കാക്കിപ്പട’ സിനിമ ടീം. ചിത്രം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഖത്തറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ട്-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ‘കാക്കിപ്പട’യുടെ ക്രിസ്മസ് റിലീസ് പ്രഖ്യാപന ഫ്‌ലെക്‌സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ഷെബി ചൗഘട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പൂര്‍ണമായും ത്രില്ലര്‍ മൂഡിലാണ് കാക്കിപ്പട ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. പൊലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും, ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറഞ്ഞുപോവുകയാണ് സിനിമ. കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരമാണ് സിനിമയുടെ പ്രമേയം. കേസ് അന്വേഷണമായാലും കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥാസന്ദര്‍ഭങ്ങളായാലും പ്രേക്ഷകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നു.

തിരുവനന്തപുരം: ഐഎഫ്എഫ്കെയില്‍ ഡെലിഗേറ്റുകളും വോളണ്ടിയര്‍മാരും തമ്മില്‍ സംഘര്‍ഷം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നതാണ് ആക്ഷേപം. തുടര്‍ന്ന് മുദ്രവാക്യം വിളിച്ച് ഡെലിഗേറ്റുകള്‍ തീയേറ്ററിന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റി. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ സംഘര്‍ഷം നടന്നിരുന്നു. സീറ്റ് ലഭിക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന ബുക്കിംഗ് വഴിയാണ് സിനിമയ്ക്ക് റിസര്‍വേഷന്‍ നടക്കുന്നത്. എന്നാല്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മോശമാണെന്നും നിരവധി പേര്‍ക്ക് ദുരനുഭവമാണ് ഉണ്ടാകുന്നതെന്നും വിമര്‍ശനമുണ്ട്. റിസര്‍വേഷന്‍ വഴിയാണ് എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ലഭിക്കുന്നത് എന്നിരിക്കെ നിരവധിയാളുകള്‍ക്ക് അല്ലാതെയും സിനിമ കാണാന്‍ അവസരം കിട്ടുന്നുണ്ടെന്നാണ് ആക്ഷേപം.

27-ാമത് ഐഎഫ്എഫ്‌കെ നാലാം ദിവസമായ ഇന്ന് ഒരു ഹൊറര്‍ സിനിമയുടെ അര്‍ദ്ധരാത്രി പ്രദര്‍ശനമാണ് ഹൈലൈറ്റുകളില്‍ ഒന്ന്. ഇന്തോനേഷ്യന്‍ ഹൊറര്‍ സിനിമ എസ് ആറ്റന്‍സ് സ്ലേവ്‌സ് 2: കമ്മ്യൂണിയന്‍ നിശാഗന്ധി ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ അര്‍ദ്ധരാത്രി പ്രദര്‍ശിപ്പിക്കും. ജോക്കോ അന്‍വര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം മേളയുടെ മുന്‍ പതിപ്പിലെ ജനപ്രിയ മിഡ്നൈറ്റ് സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഒമ്ബത് സിനിമകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം 3.30ന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശനം നടത്തും. അമില്‍ ശിവ്ജിയുടെ ടഗ് ഓഫ് വാര്‍, ബ്രസീലിയന്‍ ചിത്രം കോര്‍ഡിയലി യുവേഴ്സ്, കിം ക്യൂ ബുയിയുടെ മെമ്മറിലാന്‍ഡ്, മണിപ്പൂരി ചിത്രം ഔര്‍ ഹോം എന്നിവയുള്‍പ്പെടെ ഈ വിഭാഗത്തില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ കൂടി പകല്‍ സമയത്ത് പ്രദര്‍ശിപ്പിക്കും.

ജോണി ബെസ്റ്റിന്റെ ലൈവ് മ്യൂസിക്കോടെ ഫൂളിഷ് വൈവ്‌സ് എന്ന നിശ്ശബ്ദ സിനിമ ടാഗോര്‍ തിയേറ്ററില്‍ വൈകിട്ട് ആറിന് പ്രദര്‍ശിപ്പിക്കും. നാലാം ദിവസം 3.15ന് നിള തിയേറ്ററില്‍ തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ആദ്യ ഫീച്ചര്‍ ചിത്രമായ ചാമരം പ്രദര്‍ശിപ്പിച്ച് ആദരിക്കും. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ ചിത്രമായ സ്വയംവരം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാഭവന്‍ തിയേറ്ററില്‍ വൈകിട്ട് 6 മണിക്ക് പ്രദര്‍ശിപ്പിക്കും. ജി.അരവിന്ദന്റെ തമ്ബിന്റെ പുനഃസ്ഥാപിച്ച പതിപ്പ് 6.15ന് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 19(1)(എ), വേട്ടപ്പട്ടികളും ഒറ്റക്കാരും ധബരിക്കുരുവിയും ഉള്‍പ്പെടെ ഏഴ് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ജെയിംസ് കാമറൂണിന്റെ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ആദ്യദിനം ഏകദേശം 2 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കുകയും ഇന്ത്യയില്‍ 7 കോടി രൂപ നേടുകയും ചെയ്തു. ഈ വര്‍ഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അഡ്വാന്‍സ് ബുക്കിങ്ങില്‍ ഒന്നായി കാത്തിരിക്കുന്ന ചിത്രം അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം, കെജിഎഫ് 2, ബാഹുബലി 2 എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കണക്കാക്കപ്പെടുന്നു. മൂന്ന് ദേശീയ ശൃംഖലകളുമൊത്ത് ഉദ്ഘാടന ദിവസം, ചിത്രം 1.20 ലക്ഷം രൂപ അഡ്വാന്‍സ് നേടി.

അവതാര്‍ 2 ന്റെ മുന്‍കൂര്‍ ബുക്കിംഗ് 2022-ലെ ഏറ്റവും വലിയ ബുക്കിംഗുകളില്‍ ഒന്നാണ്. കൂടാതെ ബ്രഹ്മാസ്ത്ര, ഡോക്ടര്‍ സ്ട്രേഞ്ച്: മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ് ഉള്‍പ്പെടെയുള്ള മറ്റ് റിലീസുകളോടും മത്സരിക്കും. ആദ്യ വാരാന്ത്യത്തില്‍ തന്നെ 4.10 ലക്ഷം ടിക്കറ്റുകള്‍ വിറ്റു, ആദ്യ വാരാന്ത്യത്തില്‍ തന്നെ 16 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വേഗതയില്‍ ഇത് ഇന്ത്യയില്‍ 50 കോടി എളുപ്പത്തില്‍ മറികടക്കും. മൂന്ന് ദേശീയ ശൃംഖലകളിലായി, സ്‌പൈഡര്‍മാന്‍: നോ വേ ഹോം ഏകദേശം 5 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചപ്പോള്‍, ഡോക്ടര്‍ സ്ട്രേഞ്ച്: മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ് ഏകദേശം 3.80 ലക്ഷം ടിക്കറ്റുകളാണ് ഉദ്ഘാടന ദിവസം വിറ്റഴിച്ചത്.

ഹൈദരാബാദ്: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത റിഷഭ് ഷെട്ടി ചിത്രം കാന്താര കണ്ട സൂപ്പര്‍ സംവിധായകന്‍ എസ്.എസ്‌ രാജമൗലിയുടെ അഭിപ്രായമാണ് ഇപ്പോള്‍ വൈറലാവുന്നത്.

”വലിയ ബജറ്റുകള്‍ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാന്‍ കഴിയും. പ്രേക്ഷകര്‍ എന്ന നിലയില്‍ ഇത് ആവേശകരമായ കാര്യമാണ്, പക്ഷേ സിനിമ സംവിധായകന്‍ എന്ന നിലയില്‍, നമ്മള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്’- രാജമൗലി പറഞ്ഞു.

കന്താര കന്നഡയിലും ഹിന്ദിയിലും യഥാക്രമം സെപ്റ്റംബര്‍ 30-നും ഒക്ടോബര്‍ 14-നുമാണ് റിലീസ് ചെയ്തത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന് കീഴില്‍ വിജയ് കിരഗന്ദൂരും ചലുവെ ഗൗഡയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ റിഷഭ് ഷെട്ടി, സപ്തമി ഗൗഡ, കിഷോര്‍ കുമാര്‍ ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.