Career (Page 158)

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ ബി.എസ്സി നഴ്സിംഗ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് മാർച്ച് 30 ന് നടത്തും.

എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും എൻ.ഒ.സി രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2560363,64 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിലെ 2022- 2023 വർഷത്തെ എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിലേയ്ക്കായുളള എഴുത്തു പരീക്ഷ 2022 ഏപ്രിൽ മൂന്നിന് നടക്കും. രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാതല പരീക്ഷ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷ നടക്കുക.

പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി, സർക്കാർ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും, ആനുകാലിക സംഭവങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള യോഗ്യരായ അപേക്ഷകർ അവരവർക്ക് തപാൽ മാർഗ്ഗം ലഭ്യമായിട്ടുളള അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുളള നിബന്ധനകൾ പാലിച്ച് പരീക്ഷകേന്ദ്രങ്ങളിൽ 45 മിനിട്ട് മുൻപായി അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.

ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായ അപേക്ഷകർ അപേക്ഷ സമർപ്പിച്ചിട്ടുളള ജില്ല പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ്‌ ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സെയ്‌ലേഴ്‌സ്‌ ഫോർ സീനിയർ സെക്കൻഡറി റിക്രൂട്‌സ് (എസ്എസ്ആർ) ഓഗസ്റ്റ് 2022 ബാച്ചുകളിലേക്ക് ഉടൻ വിജ്ഞാപനമാകും. 2500 ഒഴിവുകളാണുള്ളത്. മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

സീനിയർ സെക്കൻഡറി റിക്രൂട്‌സ് (എസ്എസ്ആർ) തസ്തികയിൽ 2000 ഒഴിവുകളാണുള്ളത്. മാത്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷ നൽകാം. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

ആർട്ടിഫൈസർ അപ്രന്റിസ് (എഎ)യിൽ 500 ഒഴിവുകളാണുള്ളത് 60% മാർക്കോടെ മാത്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

പ്രായ പരിധി: 2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവർ.

ശാരീരിക യോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും: ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന തുടങ്ങിയവ ഉണ്ടാകും. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ ഓട്ടം, 20 സ്‌ക്വാറ്റ്‌സ്, 10 പുഷ് അപ്‌സ് എന്നീ ഇനങ്ങളുണ്ടാകും. പരിശീലനവും നിയമനവും: 2022 ഓഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും. എഎ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ എഎ വിഭാഗത്തിൽ 20 വർഷവും എസ്എസ്ആർ വിഭാഗത്തിൽ 15 വർഷവും പ്രാഥമിക നിയമനം ലഭിക്കും.

പരിശീലന സമയത്ത് സ്‌റ്റൈപൻഡായി 14,600 രൂപ ലഭിക്കും. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്‌കെയിലിൽ നിയമനം ലഭിക്കും. പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. വിശദ വിവരങ്ങൾക്കായി www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷ സമർപ്പിക്കാം. മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട് അവസാന തീയതി. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻറെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് നിയമനം. വിശദവിവരങ്ങൾക്കായി http://nish.ac.in/others/career എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കേൾവിയിലും സംസാരത്തിലും വിഷമതകൾ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമഗ്രവും വിവിധോദ്ദേശ്യപരവുമായ സ്ഥാപനമാണ് നിഷ്. കൗൺസിലിംഗ് രക്ഷകർത്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശം നൽകൽ, കേൾവിത്തകരാറുളള വിദ്യാർത്ഥികൾക്കുവേണ്ടി ബിരുദകോഴ്‌സുകൾ, തൊഴിലധിഷ്ഠിത റീഹാബിലിറ്റേഷൻ കോഴ്‌സുകൾ എന്നിവ ഉൾക്കൊണ്ട അക്കാദമിക് പഠനവിഭാഗം, ക്യാമ്പുകളും ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ, ഡിസെബിലിറ്റി മേഖലയിൽ ഗവേഷണം, സെമിനാറുകൾ, ശില്പശാലകൾ, സി.ആർ.ഇ. പ്രോഗ്രാമുകൾ തുടങ്ങിയ പ്രവർത്തനങ്ങളും നിഷ് നടത്തുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ഒന്നാം ഘട്ടം വേഗത്തിൽ പൂർത്തിയാക്കാനായി 1500 സർവയർമാരെയും 3200 ഹെൽപർമാരെയും കരാർ അടിസ്ഥാനത്തിൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതിന് സർവേ ഡയറക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ജില്ലാ അടിസ്ഥാനത്തിലാണ് നിയമിക്കുക. ജില്ലാ കളക്ടർ ആയിരിക്കും നിയമനാധികാരി.

എസ്. എസ്. എൽ. സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. മൂന്നു മാസത്തെ ചെയിൻ സർവേ, സർവേ ടെസ്റ്റ് ലോവർ സർട്ടിഫിക്കറ്റ്, സർവേയർ ട്രേഡിൽ ഐ. ടി. ഐ സർട്ടിഫിക്കറ്റ്, എം. ജി. ടി. ഇ/ കെ. ജി. ടി. ഇ, ഡിപ്ളോമ ഇൻ സിവിൽ എൻജിനിയറിങ്, ഡിപ്ളോമ ഇൻ ക്വാണ്ടിറ്റി സർവേയിംഗ് ആന്റ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് സർട്ടിഫിക്കറ്റ്, മോഡേൺ സർവേ കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയിലൊരു യോഗ്യതയും സർവേയർക്ക് ഉണ്ടായിരിക്കണം. സർക്കാർ, അർദ്ധ സർക്കാർ സേവനത്തിലുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. നിയമിക്കപ്പെടുന്നവരുടെ ഭാഗത്തു നിന്ന് വീഴ്ച ബോധ്യപ്പെട്ടാൽ കരാർ റദ്ദാക്കും.

തിരുവനന്തപുരം: യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ (എഴുത്തു പരീക്ഷ) എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

അഭിമുഖ പരിശീലനത്തിന്റെ ഭാഗമായി ഐ.ഐ.എം അധ്യാപകർ നടത്തുന്ന വ്യക്തിത്വവികസന ക്ലാസുകളും ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ഉദ്യോഗസ്ഥർ നയിക്കുന്ന മോക്ക് ഇന്റർവ്യൂവും ഉണ്ടാവും. യു.പി.എസ്.സി നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്ന മലയാളി ഉദ്യോഗാർഥികൾക്ക് ഡൽഹി കേരള ഹൗസിൽ സൗജന്യ താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയും ഉള്ള വിമാന യാത്ര എന്നിവ സൗജന്യമായിരിക്കും. പരിശീലന പരിപാടി മാർച്ച് 30 ന് ആരംഭിക്കും.

പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2313065, 2311654, 8281098863, 8281098862, 8281098861, ഇ-മെയിൽ: directorccek@gmail.com, വെബ്സൈറ്റ്: kscsa.org.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജനറൽ സർജറിയിൽ ഏഴിന് രാവിലെ 11നും ജനറൽ മെഡിസിനിൽ ഉച്ചയ്ക്ക് രണ്ടിനും അനസ്തേഷ്യോളജിയിൽ എട്ടിന് 11 മണിക്കും റേഡിയോഡയഗ്‌നോസിസിൽ 11 ന് രാവിലെ 11 മണിക്കും ഡെർമറ്റോളജി ആൻഡ് വെനറോളജിയിൽ 12 ന് 11 മണിക്കും ഓർത്തോപീഡിക്സ് വിഭാഗത്തിൽ 12 ന് ഉച്ചയ്ക്ക് രണ്ടു മണിക്കും ഇന്റർവ്യൂ നടത്തും. അതാത് വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി. രജിസ്ട്രേഷനും വേണം.

പ്രതിമാസ വേതനം 70,000 രൂപ. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

തിരുവനന്തപുരം: വനിതകൾക്ക് അവധിക്കാല കോഴ്‌സുകൾ. കൈമനം ഗവ. വനിതാ പോളിടെക്നിക് കോളജിൽ നടത്തുന്ന അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിലെ അവധിക്കാല കോഴ്സുകളായ തയ്യൽ, എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് എന്നിവയിൽ പ്രവേശനത്തിന് യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സുകൾക്ക് പ്രായപരിധിയില്ല. അപേക്ഷകൾ 31 വരെ സ്വീകരിക്കും. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും പോളിടെക്നിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് സെക്ഷനുമായോ 9633323022 എന്ന നമ്പറിലോ ബന്ധപ്പെടണം.

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കായി 2021-22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 30 ന് രാവിലെ 11 മുതൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും. തിരുവനന്തപുരം സർക്കാർ നഴ്‌സിംഗ് കോളേജിൽ ഒഴിവുണ്ടായ എസ്.സി വിഭാഗം ആൺകുട്ടികളുടെ ഒരു ഒഴിവും അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള എല്ലാ പട്ടികജാതി വിഭാഗം ആൺകുട്ടികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ടെത്തണം. വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in.

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സെലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി സൗജന്യ വിമൻ ഡെലിവറി എക്സിക്യൂട്ടീവ് പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 40 ദിവസമാണ് പരിശീലനം.

എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-45നും മദ്ധ്യേയായിരിക്കണമെന്നാണ് നിർദ്ദേശം. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329539, 2339178. അപേക്ഷ ഏപ്രിൽ 11 നകം ലഭിക്കണം.