ഇന്ത്യൻ നേവിയിൽ സെയ്‌ലർ; 2500 ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ്‌ ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സെയ്‌ലേഴ്‌സ്‌ ഫോർ സീനിയർ സെക്കൻഡറി റിക്രൂട്‌സ് (എസ്എസ്ആർ) ഓഗസ്റ്റ് 2022 ബാച്ചുകളിലേക്ക് ഉടൻ വിജ്ഞാപനമാകും. 2500 ഒഴിവുകളാണുള്ളത്. മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

സീനിയർ സെക്കൻഡറി റിക്രൂട്‌സ് (എസ്എസ്ആർ) തസ്തികയിൽ 2000 ഒഴിവുകളാണുള്ളത്. മാത്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷ നൽകാം. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

ആർട്ടിഫൈസർ അപ്രന്റിസ് (എഎ)യിൽ 500 ഒഴിവുകളാണുള്ളത് 60% മാർക്കോടെ മാത്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

പ്രായ പരിധി: 2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവർ.

ശാരീരിക യോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും: ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന തുടങ്ങിയവ ഉണ്ടാകും. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ ഓട്ടം, 20 സ്‌ക്വാറ്റ്‌സ്, 10 പുഷ് അപ്‌സ് എന്നീ ഇനങ്ങളുണ്ടാകും. പരിശീലനവും നിയമനവും: 2022 ഓഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും. എഎ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ എഎ വിഭാഗത്തിൽ 20 വർഷവും എസ്എസ്ആർ വിഭാഗത്തിൽ 15 വർഷവും പ്രാഥമിക നിയമനം ലഭിക്കും.

പരിശീലന സമയത്ത് സ്‌റ്റൈപൻഡായി 14,600 രൂപ ലഭിക്കും. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്‌കെയിലിൽ നിയമനം ലഭിക്കും. പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. വിശദ വിവരങ്ങൾക്കായി www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.