കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും ; പി.സി ജോര്‍ജ്

കോട്ടയം: കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ അമ്പതിനായിരം വോട്ട് നേടി ജയിക്കുമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി സി വ്യക്തമാക്കി. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേ​ഹം പറഞ്ഞു.‘പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാൻ വിചാരിക്കണം. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അതിനു സാധിക്കില്ലെന്നും അദ്ദേ​ഹം പറഞ്ഞു.

ഉദാരമതികളായ ഹൈന്ദവ ജനതയുടെ സദ്മനോഭാവം ഒന്നുകൊണ്ടു മാത്രമാണ് രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ജീവിച്ചതും, വളര്‍ന്നതും. എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ചിലര്‍ ഭാരതത്തെ സ്‌നേഹിക്കുന്നതിന് പകരം രാജ്യത്തെ ശിഥിലീകരിക്കാനാണ് ശ്രമിക്കുന്നത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരക്കാരാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തനിക്കെതിരെ തിരിഞ്ഞത്. ഇക്കൂട്ടരെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിന് വലിയ പിന്തുണയാണ് വിവിധ മേഖലകളില്‍ നിന്ന് പിന്നീട് ലഭിച്ചതെന്നും അദ്ദേഹം വിശദമാക്കി.