ജി ശക്തിധരന്റെ ആരോപണം ഗുരുതരം; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

കോട്ടയം: മാസപ്പടി വാങ്ങിയ കമ്പനിയിൽ നിന്നുതന്നെയാണ് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി രാജീവ് കൈതോലപായയിൽ പണം കടത്തിയതെന്ന ജി ശക്തിധരന്റെ ആരോപണം ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി നൽകിയ കമ്പനി തന്നെയാണ് അന്നും മുഖ്യമന്ത്രിക്ക് പണം നൽകിയതെന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാത്യുകുഴൽനാടനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനി തട്ടിപ്പിൽ എന്താണ് കേസെടുക്കാത്തതെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം ഷാജിക്കെതിരേയും കുഴൽനാടനെതിരേയും സുധാകരനെതിരേ പോലും കേസെടുക്കുമ്പോൾ സതീശൻ എന്തുകൊണ്ടാണ് വ്യത്യസ്തനാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് മാത്രമായിട്ട് എന്താണ് ഇത്ര ആനുകൂല്യമെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

വിദേശത്തേക്ക് പോയി ചാരിറ്റി പ്രവർത്തനത്തിനായി പണം കൊണ്ടുവന്ന് ദുരുപയോഗം ചെയ്തുവെന്നതാണ് സതീശനെതിരായ കേസ്, അതെന്താണ് അന്വേഷിക്കാത്തത്. മാത്യു കുഴൽനാടന്റെ കേസ് അന്വേഷിക്കുന്നതിന് മുമ്പ് സതീശനെ എന്താണ് ചോദ്യംചെയ്യാത്തത്. തനിക്കെതിരായ കേസിൽ എത്ര തവണയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ചോദ്യംചെയ്തത്. എത്ര തെളിവെടുപ്പുകളാണ് തന്റെ പേരിൽ നടത്തിയത്. എല്ലാ ദിവസവും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുപോയി. ശബ്ദം പരിശോധിച്ചു. കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. എന്താണ് സതീശനോട് മാത്രം ഇത്ര ആനുകൂല്യമെന്നും, അദ്ദേഹം ചോദിച്ചു.

സതീശൻ ഹരിശ്ചന്ദ്രനാണെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും പറഞ്ഞാൽ പിന്നെ ഞങ്ങൾ ഈ ചോദ്യം ചോദിക്കില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ, സതീശനെതിരെ ഒരു അന്വേഷണവും നടത്താത്തത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ മുതൽ പിണറായി ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറാവണം. പണം കടത്തിയത് മന്ത്രിസഭയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവതരമാണ്. മന്ത്രിക്കെതിരെ ശക്തിധരൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം ഞെട്ടിക്കുന്നതാണ്. സാക്ഷി തന്നെ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്. പണം കൈമാറ്റത്തെ പറ്റിയുള്ള ആരോപണം അന്വേഷിക്കാതെ മാറിനിൽക്കാൻ പോലീസിന് സാധിക്കില്ല. സംസ്ഥാനത്ത് ഭരണനിർവഹണം കൃത്യമായി നടക്കുന്നില്ലെന്നത് ഉറപ്പായിരിക്കുന്നു. പണം വാങ്ങിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വാങ്ങിയില്ലെങ്കിൽ ശക്തിധരനെതിരെ നിയമനടപടി സ്വീകരിക്കണം. ആരോപണം ഉയർന്നിരിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നുതന്നെയാണ്. സിപിഎമ്മിനെ അവഗണിച്ച് രക്ഷപ്പെടുകയെന്ന തന്ത്രം ഇനി നടക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പരിസ്ഥിതി സംബന്ധമായ വ്യവസായം സുഗമമായി നടത്തിക്കൊണ്ടുപോകാനാണ് പണം നൽകിയതെന്ന് ശശിധരൻ കർത്തതന്നെ ആദായനികുതി വകുപ്പിനോട് വ്യക്തമാക്കിയിട്ടുണ്ട്. വീണാ വിജയനും മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയെന്നുള്ളത് രേഖയാണ്. പണം കൊടുത്തയാൾ അത് ആദായനികുതി വകുപ്പിനോട് സമ്മതിച്ചതാണ്. അതേയാളോട് 2.35 കോടി രൂപ മുഖ്യമന്ത്രി വാങ്ങിയെന്നതും മന്ത്രി രാജീവാണ് അതിന് ഇടനിലക്കാരനായതെന്നതും അന്വേഷിക്കാതിരിക്കുന്നത് എങ്ങനെയാണ്? കേന്ദ്ര ഏജൻസികൾ അന്വേഷിക്കാനെത്തുമ്പോൾ ഇരവാദം ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.