വെറ്ററിനറി സർവകലാശാലാ വിസിയുടെ സസ്പെൻഷൻ; ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ (വി.സി) സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ എസ് സിദ്ധാർഥിന്റെ മരണത്തെ തുടർന്നാണ് വൈസ് ചാൻസലർ ഡോ എം ആർ ശശീന്ദ്രനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്‌പെൻഡ് ചെയ്തത്.

ഗവർണറുടെ സസ്‌പെൻഷൻ ഉത്തരവ് നിയമപരമായി ചോദ്യം ചെയ്യില്ലെന്ന് ശശീന്ദ്രനാഥ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് അദ്ദേഹം ഗവർണറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഈ ഹർജിയാണ് വാദത്തിനുശേഷം തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. വിസിയെ സസ്‌പെൻഡ് ചെയ്യാനുള്ള ഗവർണർക്കുള്ള അധികാരപരിധി ചോദ്യം ചെയ്തായിരുന്നു ഹർജി. ഹർജിയിൽ സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി വിശദമായ വാദങ്ങൾക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ഗവർണർ ഇപ്പോൾ വെസ് ചാൻസലറുടെ ചുമതല ഡോ കെ എസ് അനിലിനാണ്.