ലോകത്തെ ഏറ്റവും അപകടകാരിയായ ഗുഹ; കിതും ഗുഹയ്‌ക്കെതിരെ മുന്നറിയിപ്പുമായി ശാസ്ത്രലോകം

കെനിയയിലെ എൽഗോൺ നാഷണൽ പാർക്കിലെ കിതും ഗുഹയ്‌ക്കെതിരെ മുന്നറിയിപ്പുമായി ശാസ്ത്രലോകം. ലോകത്തെ ഏറ്റവും അപകടകാരിയായ ഗുഹ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഗുഹ അടുത്ത മഹാമാരിക്ക് കാരണമായി മാറിയേക്കാമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

കിതും ഗുഹയെ കണക്കാക്കുന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ചില വൈറസുകളുടെ ഉത്ഭവ കേന്ദ്രമായാണ്. എബോള, മാർബർഗ് വൈറസുകൾ ഇവിടെ നിന്നാണ് ആരംഭിച്ചതെന്ന് കരുതുന്നുവെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. മാർബർഗ് വൈറസിനെതിരെയാണ് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ) അടക്കം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർബർഗിന് പകർച്ചവ്യാധി സാദ്ധ്യതയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ വിശദമാക്കി.

മാർബർഗിന്റെ മരണ നിരക്ക് 88 ശതമാനം വരെയാണ്. എബോളയുമായി ഇതിന് ഏറെ സാമ്യമുണ്ട്. മദ്ധ്യ ആഫ്രിക്കയിൽ വ്യാപകമായി കണ്ടുവരുന്ന പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഇവ വഴി മനുഷ്യർക്കിടയിൽ രോഗവ്യാപനം സംഭവിക്കുന്നു. മാർബർഗിന് നിലവിൽ വാക്‌സിനോ പ്രത്യേക മരുന്നോ ഇല്ല.

1980ൽ കിതും ഗുഹയിൽ അന്വേഷണത്തിനെത്തിയ ഒരു ഫ്രഞ്ച് എൻജിനിയർ മാർബർഗ് ബാധിച്ച് മരിച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ഒരു ഡാനിഷ് ബാലനും രോഗത്തിന് ഇരയായി മരണമടഞ്ഞു.ആന, പോത്ത്, പുള്ളിപ്പുലികൾ തുടങ്ങി മേഖലയിലെ വന്യജീവികൾ ഈ ഗുഹയിലെ നിത്യസന്ദർശകരാണ്. 600 അടി താഴ്ചയുള്ള ഈ ഗുഹയിലെ വൈറസ് വാഹകരായ വവ്വാലുകളിൽ നിന്ന് രോഗം വന്യജീവികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പടരാമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.