കനത്ത വെയിലും ചൂടും; സ്വിഫ്റ്റ് ബസുകളിൽ കർട്ടൻ ഘടിപ്പിക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകളിൽ കർട്ടൻ ഘടിപ്പിക്കാൻ ആരംഭിച്ച് കെഎസ്ആർടിസി. ആദ്യ ഘട്ടത്തിൽ 75 ബസുകളിലാണ് കർട്ടനുകൾ സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റുകളാണുള്ളത്. ശേഷിക്കുന്നവയിലും ഉടൻ കർട്ടനുകൾ ഘടിപ്പിക്കും. പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിൽ കർട്ടൻ പിടിപ്പിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. പച്ച, നീല, മഞ്ഞ നിറങ്ങളിലുള്ള തുണികളാണ് ഉപയോഗിക്കുന്നത്. സ്വിഫ്റ്റ് ബസുകളുടെ വശങ്ങളിൽ വലിയ ചില്ലുകളായതിനാൽ പകൽസമയങ്ങളിൽ ശക്തമായ വെയിലേറ്റ് യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബസിൽ കർട്ടൻ ഇട്ടിരുന്നു. ഇതു വിജയകരമാണെന്നു കണ്ടതിനെത്തുടർന്നാണ് കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്നത്. പുതിയ ബസ് ബോഡി കോഡ് പ്രകാരം ബസുകളുടെ വശങ്ങളിൽ ഷട്ടർ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. അതിനാൽ പുതിയ ബസുകളെല്ലാം ഗ്ലാസ് ഘടിപ്പിച്ചാണ് വരുന്നത്. സ്വകാര്യ ബസുകാർ കർട്ടനിട്ടാണ് ഇതിനു പരിഹാരം കാണുന്നത്. ഇതേ രീതിയാണ് കെഎസ്ആർടിസിയും പിന്തുടരാൻ തീരുമാനിച്ചിരിക്കുന്നത്.

കടുത്ത വെയിലും ചൂടും കണക്കിലെടുത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ കർട്ടൻ ഘടിപ്പിക്കാൻ തീരുമാനിച്ചത്. രണ്ടാഴ്ച മുൻപാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഷട്ടറിനുപകരം സ്വിഫ്റ്റ് ബസുകളിൽ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. പകൽസമയത്ത് ഇവയിലൂടെ ശക്തമായ വെയിലാണ് ബസിനുള്ളിലേക്ക് വീഴുന്നത്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.