മുസ്ലിം സംവരണം; രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് യാഥാർത്ഥ്യമെന്ന് പ്രധാനമന്ത്രി

കോട്ട: രാജസ്ഥാനിൽ മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം വിവാദമായതിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ താൻ പറഞ്ഞത് യഥാർത്ഥ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നു. വിഭജനം എക്കാലത്തും കോൺഗ്രസിന്റെ അജണ്ടയാണ്. കോൺഗ്രസായിരുന്നു ഇപ്പോൾ രാജ്യം ഭരിച്ചിരുന്നതെങ്കിൽ തീവ്രവാദം തഴച്ചു വളരുമായിരുന്നു. കശ്മീരിൽ കല്ലേറ് തുടരുമായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ ഹനുമാൻ ചാലീസ ചൊല്ലിയതിന് പാവപ്പെട്ട കടക്കാരനെ മർദ്ദിച്ചവശനാക്കി. രാമക്ഷേത്രം യാഥാർത്ഥ്യമാകാതിരിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു. രാമനവമി ആഘോഷങ്ങൾക്ക് പലയിടങ്ങളിലും തടസം ഉണ്ടാക്കാൻ നോക്കി. രാജസ്ഥാനിൽ രാമനവമി ഘോഷയാത്ര തടസപ്പെടുത്തി. ഹനുമാൻ ചാലീസ ചൊല്ലാനും, രാമനവമി ആഘോഷിക്കാനുമുള്ള സ്വാതന്ത്ര്യം മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജസ്ഥാനിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കോൺഗ്രസിനെയും, ഇന്ത്യ സഖ്യത്തെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. സത്യമാണ് താൻ പറഞ്ഞത്. യഥാർത്ഥ്യമാണ് പറഞ്ഞത്. കോൺഗ്രസിന്റെ ഹിഡൻ അജണ്ടയാണ് പുറത്ത് വിട്ടത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് തട്ടിയെടുക്കുക തന്നെ ചെയ്യും. പാവങ്ങളുടെ സമ്പത്തിന്റെ എക്‌സ് റേയെടുക്കുമെന്നും പലവ്യഞ്ജന പെട്ടിയിൽ പോലും കൈയിട്ട് വാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.