മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധം; വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്യസമര പ്രസ്ഥാനം ശക്തിപ്പെടുത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതിൽ എല്ലാ മതവിഭാഗങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരിൽ മുസ്ലിങ്ങളുമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ ഒരുപങ്കും വഹിക്കാതെ ബ്രിട്ടീഷുകാരുടേതിനു സമാനമായ താൽപ്പര്യമാണ് തങ്ങളുടേതുമെന്ന് പ്രഖ്യാപിച്ചവരാണ് ആർഎസ്എസെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആ സംസ്‌കാരം ഉൾക്കൊള്ളുന്ന മോദിയെപ്പോലുള്ളവർക്കു മാത്രമേ ഇത്തരം വർഗീയജൽപ്പനം നടത്താനാകൂ. ജനാധിപത്യത്തിന്റെ മൂല്യമുയർത്താൻ ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണരണം. നിരവധി വർഗീയ കലാപങ്ങൾക്കാണ് സംഘപരിവാർ നേതൃത്വം നൽകിയത്. ഗുജറാത്തിൽ ലക്ഷ്യമിട്ടത് വംശഹത്യയായിരുന്നു. മണിപ്പുരിൽ ക്രിസ്ത്യാനികൾക്കു നേരെ നടന്നതും വംശഹത്യയാണ്. ക്രിസ്ത്യാനികൾക്കു നേരെയുള്ള അതിക്രമങ്ങൾ രേഖപ്പെടുത്തേണ്ടെന്നു തീരുമാനിച്ചാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിൽ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന് പറയുന്നത്. പല സംസ്ഥാനങ്ങളിലും സംഘപരിവാർ നടത്തുന്ന ന്യൂനപക്ഷവേട്ടയ്ക്ക് കൂട്ടുനിൽക്കുകയാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നയാൾക്കു മുസ്ലിങ്ങൾ നുഴഞ്ഞുകയറ്റകാരാണെന്ന് എങ്ങനെയാണു പറയാൻ കഴിയുക. രാജ്യത്തെ സന്തതികൾ എങ്ങനെയാണു നുഴഞ്ഞുകയറ്റക്കാരാകുക. ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണിത്. നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം എങ്ങനെയാണു പ്രധാനമന്ത്രിക്ക് ഉണ്ടാകുന്നത്. മോദിയുടെ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.