തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ച; കമ്മീഷണറെ സ്ഥലംമാറ്റും

തൃശ്ശൂർ: തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയിൽ കമ്മീഷണർക്കും എസ്പിയ്ക്കുമെതിരെ നടപടി. തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റാനാണ് തീരുമാനം. പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം അലങ്കോലമായതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടുള്ള അടിയന്തര നടപടി സ്വീകരിക്കുന്നത്.

അങ്കിതിന് പുറമേ, അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

അതേസമയം, തൃശൂർ പൂരത്തിലെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തൃശൂർ പൂരസമയത്ത് ഉണ്ടായ പ്രതിസന്ധിയിൽ പോലീസിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്ന് പറഞ്ഞ് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുടകൊണ്ടുവന്നവരെയും പോലീസ് തടഞ്ഞുവെന്നാണ് വിവരം. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്ന് കമ്മീഷണർ പറയുന്നു.