മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസെടുത്തത് സർക്കാരിന്റെ ബോധപൂർവമായ നീക്കം; സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരായ വ്യക്തിഹത്യയിൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസെടുത്തതിനെതിരെ പ്രതികരണവുമായി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാരിന്റെ ബോധപൂർവമായ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരാജയം മണക്കുന്നതുകൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ പേരാമ്പ്ര സ്വദേശി ഷഫീഖ് വലിയ കോടിക്കെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നേരത്തെയും രണ്ടു പേർ അറസ്റ്റിലായിരുന്നു.

കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ് (26), മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കെ എം മിൻഹാജിനെതിരെ വടകരയിലും മട്ടന്നൂരും കേസെടുത്തു. സൽമാൻ വാളൂർ എന്നയാൾക്കെതിരെ പേരാമ്പ്ര പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.