രാജീവ് ചന്ദ്രശേഖറിന്റെ പരാതി; ശശി തരൂരിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂരിനെതിരെ കേസ്. മതസംഘടനകൾക്ക് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുവെന്ന ശശി തരൂരിന്റെ ആരോപണത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തീരദേശമേഖലകളിൽ വോട്ടിന് പണം നൽകുന്നുവെന്ന തരത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂർ നേരത്തെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വികസനം സംസാരിക്കുമ്പോൾ വ്യക്തിപരമായി ആക്രമിച്ച് ശ്രദ്ധതിരിക്കാനുള്ള ഹീനശ്രമമാണ് നടക്കുന്നതെന്നായിരുന്നു ഈ ആരോപണങ്ങളോട് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.

പൊതുജീവിതത്തിൽ സംശുദ്ധി സൂക്ഷിച്ചുപോരുന്നുണ്ട്. കഴിഞ്ഞ 18 വർഷങ്ങളായി അങ്ങനെയാണ്. ബിസിനസും ചെയ്യുന്നുണ്ട്. കാശുകൊടുത്ത് വോട്ട് വാങ്ങാൻ ശ്രമിച്ചുവെന്നാണ് ശശിതരൂരിന്റെ ആരോപണം. ഇലക്ഷൻ കമ്മിഷന് നോട്ടീസ് കൊടുത്തപ്പോൾ അങ്ങനെ പറഞ്ഞില്ലെന്നാണ് മറുപടി. അതങ്ങനെ വിടില്ല. ഇന്നലെ കോടതിയിൽ കേസ് ഫയൽ ചെയ്തു. സ്വത്ത് വിവരം മുഴുവൻ കൊടുത്തില്ലെന്നാണ് മറ്റൊരു ആരോപണം. ഇലക്ഷൻ കമ്മിഷനിൽ സത്യവാങ്മൂലം തെറ്റായി നൽകാൻ മാത്രം വിഡ്ഢിയാണോ താനെന്നും അദ്ദേഹം ചോദിച്ചിരുന്നു.