നിമിഷ പ്രിയയുടെ മോചനം; ചർച്ചകൾക്കായി അമ്മ ശനിയാഴ്ച്ച യെമനിലേക്ക്

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി യെമനിലേക്ക് പോകാൻ അമ്മ പ്രേമകുമാരി. ശനിയാഴ്ചയാണ് പ്രേമകുമാരി യെമനിലേക്ക് തിരിക്കുന്നത്. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും പ്രേമകുമാരിക്ക് ഒപ്പം യമനിലേക്ക് പോകും.

ശനിയാഴ്ച കൊച്ചിയിൽ നിന്ന് മുംബൈ വഴിയാണ് ഇവർ യെമനിലേക്ക് പോകുന്നത്. യെമനിലെ എഡെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് മുംബൈയിൽ നിന്ന് ഇവർ ആദ്യമെത്തുന്നത്. അവിടെ നിന്ന് കരമാർഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ഇരുവരും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ചേക്കുമെന്നാണ് വിവരം. നിലവിൽ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. യമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സഹചര്യത്തിൽ സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്.

അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് നിമിഷ പ്രിയയയുടെ അമ്മയ്ക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ കേസ് നടത്തുകയും, വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നത്. നിമിഷപ്രിയയുടെ കുടുംബം യെമൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ തനുജ് ശങ്കർ അമ്മ പ്രേമകുമാരിക്ക് കൈമാറിയ കത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.